ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും അംഗീകൃത മത സംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന് നിര്‍ദേശങ്ങള്‍ തേടി. ഇന്നു മുതല്‍ 30 ദിവസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. കമ്മിഷന് മെംബര്‍ സെക്രട്ടറിയുടെ ഇ മെയില്‍ ഐഡിയിലേക്കാണ് ഇവ അയയ്ക്കേണ്ടത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് നടപടി.
2016 ഒക്ടോബര്‍ ഏഴിനും 2018 മാര്‍ച്ച് 19, 27 തീയതികളിലും ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ച് 21-ാം നിയമ കമ്മിഷന് നിര്‍ദേശങ്ങള്‍ തേടിയിരുന്നതാണ്. ആയിരക്കണക്കിനു നിര്‍ദേശങ്ങള്‍ കമ്മിഷനു ലഭിച്ചിരുന്നു. കുടുംബ നിയമത്തിലെ പരിഷ്കരണങ്ങള്‍ എന്ന പേരില്‍ 2018 ആഗസ്ത് 31ന് കമ്മിഷന് ഇതു പ്രസിദ്ധീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
കുടുംബ നിയമങ്ങള്‍ സംബന്ധിച്ച് നിരവധി കോടതി വിധികള്‍ തുടര്‍ച്ചയായുണ്ടായ പശ്ചാത്തലത്തിലാണ് 22-ാം നിയമ കമ്മിഷന് വീണ്ടും നടപടികളുമായി നീങ്ങുന്നത്.
രാജ്യത്ത് ഏകീകൃത സിവില്‍ നിയമങ്ങള്‍ നടപ്പാക്കുകയെന്നത് ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്തമായ സ്വത്ത്, വിവാഹ നിയമങ്ങളുള്ളത് ദേശീയ ഐക്യത്തിനെതിരാണെന്ന നിലപാടും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. വിവിധ കേസുകളിലെ വിധികളില്‍ സുപ്രീം കോടതിയടക്കം രാജ്യത്തെ കോടതികള്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: