റോം: ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ബെര്‍ലുസ്‌കോണി. 86 വയസ്സായിരുന്നു. ശത കോടീശ്വരനായ ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ ശൃംഖല മീഡിയാസെറ്റ് ആണ് മരണം സ്ഥിരീകരിച്ചത്. രാഷ്‌ട്രീയത്തിലുപരി അഴിമതി, ലൈംഗികാരോപണം, നികുതി വെട്ടിപ്പ് തുടങ്ങിയ വിവാദങ്ങളിലൂടെയും ലോക ശ്രദ്ധയാര്‍ജിച്ചിരുന്ന നേതാവായിരുന്നു അദ്ദേഹം.
1994 ല്‍ ആദ്യമായി അധികാരത്തിലേറി. അതിനു ശേഷം 2011 വരെയുള്ള കാലയളവില്‍ നാലു തവണ പ്രധാനമന്ത്രി പദത്തിലേറി. 1986 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ എസി മിലാന്‍ ഫുട്‌ബോള്‍ ക്ലബും ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു.ലുക്കീമിയ ചികിത്സയ്‌ക്കു വേണ്ടി ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മിലാനിലെ സാന്‍ റഫേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു പുറമേ ഹൃദ്രോഗം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയും ബെര്‍ലുസ്‌കോണിയെ അലട്ടിയിരുന്നു. 2020ല്‍ രണ്ടു തവണ കൊവിഡ് ബാധിതനുമായി.
അഴിമതിയിലും മറ്റുമായി നിരവധി കേസുകള്‍ ഇദ്ദേഹത്തിനെതിരേ ഉണ്ടായിരുന്നുവെങ്കിലും യാതൊന്നും നില നിന്നില്ല. സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് കേസില്‍ മാത്രമാണ് ബെര്‍ലുസ്‌കോണി ശിക്ഷിക്കപ്പെട്ടത്. പക്ഷേ പ്രായം പരിഗണിച്ച് അദ്ദേഹത്തെ ജയില്‍ വാസത്തില്‍ നിന്നൊഴിവാക്കി. പകരം നിര്‍ബന്ധിത സാമൂഹ്യ സേവനമാണ് ശിക്ഷയായി വിധിച്ചിരുന്നത്. 1936 ല്‍ മിലാനില്‍ ജനിച്ച ബെര്‍ലുസ്‌കോണി മാധ്യമ ശൃംഖലയിലൂടെയാണ് പ്രശസ്തിയിലേക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: