കോട്ടയം: ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശബരിമലയെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്ന വിശ്വാസികളുടെ ആക്ഷേപം ശരിവയ്‌ക്കുന്നതാണ് ഹേമചന്ദ്രന്റെ വെളിപ്പെടുത്തല്‍. കോടതി വിധി ഉപയോഗിച്ച് ശബരിമലയെ എങ്ങനെ തകര്‍ക്കാമെന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അന്ന് എന്തു നടന്നെന്നും എന്തുതരം ഗൂഢാലോചനയാണ് നടന്നതെന്നും ആരൊക്കെയാണ് അതില്‍ പങ്കാളികളായത് എന്നുമുള്ള കാര്യങ്ങള്‍ പുറത്തുവരണം. പുറത്തുവന്ന വിവരങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അഭിപ്രായം പറയാന്‍ തയാറായിട്ടില്ല. വെളിപ്പെടുത്തല്‍ അവഗണിക്കാന്‍ കഴിയുന്നതല്ല, ഗൗരവമുള്ളതാണ്. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശബരിമലയില്‍ അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് അക്കാലത്ത് ഏര്‍പ്പെടുത്തിയത്. നിലയ്‌ക്കല്‍ വരെ മാത്രമാണ് തീര്‍ഥാടകര്‍ക്ക് വാഹനത്തില്‍ എത്താന്‍ സാധിച്ചിരുന്നത്. എന്നാല്‍ മനീതി സംഘത്തിനും സ്ത്രീ പ്രവേശനത്തിന് ഗൂഢാലോചന നടത്തിയ സംഘങ്ങള്‍ക്കും പമ്പ വരെ എത്താന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു. ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സഹായം മനീതി സംഘത്തിന് ലഭിച്ചു.
പോലീസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഭക്തരെ മതഭ്രാന്തന്മാരാക്കി. ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്‍ നേരിട്ട് നടത്തിയ ഗൂഢാലോചനയാണ് ഉണ്ടായത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ബന്ധപൂര്‍വ്വമായ ശ്രമമുണ്ടായി. പോലീസും സര്‍ക്കാരും ഇങ്ങനെ ചെയ്തിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. ഭക്തര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ അതിന് തയാറായിട്ടില്ല.
സോളാര്‍ കേസ് സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ഒത്തുതീര്‍ത്തതാണ്. വി.ഡി. സതീശന്‍ ഒന്നാന്തരം തട്ടിപ്പാണ് നടത്തിയത്. എഐ ക്യാമറ, കെ ഫോണ്‍ അഴിമതികള്‍ ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച അന്വേഷണം.
മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ലഭിക്കില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് പ്രയോജനം. മുഖ്യമന്ത്രിക്ക് ചില ആള്‍ക്കാരെ കാണാനുള്ള യാത്രയാണിത്. അത് വരുംദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജനറല്‍ സെക്രട്ടറി എസ്. രതീഷ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: