ഗാന്ധിനഗര്‍ (കോട്ടയം): കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുമതി നല്കിയ കോഴ്‌സുകള്‍ ഈ വര്‍ഷവും ആരോഗ്യസര്‍വകലാശാല തുടങ്ങിയിട്ടില്ല. മെഡിക്കല്‍ ഇമേജിങ് ടെക്നോളജി, മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്നോളജി, ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകള്‍ക്കാണ് അനുമതി ലഭിച്ചിരുന്നത്. 2023ല്‍ പുതിയ അഡ്മിഷന്‍ നടക്കുമ്പോള്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നായിരുന്നു ആരോഗ്യ സര്‍വകലാശാല പറഞ്ഞിരുന്നത്. പക്ഷെ ഒന്നുമുണ്ടായില്ല. അതിനാല്‍ പ്ലസ്ടു ഫലം വന്നശേഷം ഈ കോഴ്‌സുകള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. സ്വകാര്യ മെഡിക്കല്‍ കോളജുകളും ഈ കോഴ്‌സുകള്‍ക്ക് അനുമതി തേടി. കേരളത്തില്‍ മാത്രമാണ് ഈ ബിരുദകോഴ്‌സുകള്‍ ഇല്ലാത്തത്. ഇതേ വിഷയത്തില്‍ പിജി കോഴ്‌സുകള്‍ നടക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് സൗകര്യമില്ലെന്ന നിലപാടായിരുന്നു ആരോഗ്യ സര്‍വകലാശാല സ്വീകരിച്ചത്.
റേഡിയോ ഡയഗ്‌നോസിസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് (ഐഎസ്ആര്‍റ്റി) സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. കേരളത്തിലുള്ള ഡിപ്ലോമ കോഴ്‌സുകള്‍ വിദേശജോലിക്ക് മതിയാകാതെ വന്നതോടെ ഓരോ വര്‍ഷവും ഇതേ കോഴ്‌സുകള്‍ക്ക് ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളാണ് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.
കോഴ്‌സ് തുടങ്ങിയില്ല; പക്ഷേ പ്രോസ്‌പെക്ടസിലുണ്ട്
പിന്നില്‍ സ്വകാര്യ ലോബി
ഈ വര്‍ഷത്തെ പ്രോസ്‌പെക്ടസില്‍ കോഴ്‌സുകളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ കോഴ്‌സ് ഉള്ളതായി പറയുന്നില്ല. അതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനും കഴിയില്ല. മറ്റു സംസ്ഥാനങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കുന്ന ചില സ്വകാര്യ ലോബികളാണ് കോഴ്‌സ് തുടങ്ങുന്നതിന് തടസ്സമെന്നാണ് ആരോപണം.
സൗകര്യം അറിയിച്ചത് കോട്ടയം മാത്രം
കോഴ്‌സുകള്‍ തുടങ്ങാന്‍ ആവശ്യമായ സൗകര്യങ്ങള്‍ അതാത് കോളജുകളില്‍ ഉണ്ടെന്നുള്ള കത്ത് കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍ നല്കിയിരുന്നു. എന്നാല്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് കത്തൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് അനുമതി നല്‍കാതിരുന്നതെന്നും ആരോഗ്യ സര്‍വകലാശാല (തൃശൂര്‍) പ്രോ. വൈസ് ചാന്‍സലര്‍ ഡോ. സി.പി. വിജയന്‍ പറയുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കേണ്ട കാലാവധി ജൂണ്‍ അവസാനം വരെ നീട്ടിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: