മലപ്പുറം: വനിതകള്‍ക്ക് പുരുഷന്മാരുടെ സഹായമില്ലാതെ ഹജ്ജ് തീര്‍ഥയാത്രയ്‌ക്കു പോകാന്‍ മോദി സര്‍ക്കാര്‍ സജ്ജമാക്കിയ സംവിധാനത്തില്‍ കേരളത്തില്‍നിന്നുള്ള ആദ്യ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നു. വനിതകള്‍ നയിക്കുന്ന, വനിതകള്‍ മാത്രം ജീവനക്കാരുള്ള വിമാനമാണിത്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന മറ്റൊരു സംഭവമായി ഇത്.
രാജ്യത്തിന്റെ നന്മയ്‌ക്കും സുരക്ഷയ്‌ക്കും വേണ്ടിയും ഹജ്ജ് വേളയില്‍ പ്രാര്‍ഥിക്കണമെന്ന് തീര്‍ഥാടകരോട് കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോണ്‍ ബര്‍ല ഉദ്ഘാടന വേളയില്‍ അഭ്യര്‍ത്ഥിച്ചു. സ്ത്രീ ശാക്തീകരണ രംഗത്തെ രാജ്യത്തെ മികച്ച കാല്‍വയ്‌പ്പാണ് വനിതാ തീര്‍ഥാടകരെ മാത്രം വഹിച്ചുള്ള ഈ യാത്രയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.
എയര്‍ ഇന്ത്യയുടെ വിമാനമാണ് വനിതാ തീര്‍ഥാടകരെയും വഹിച്ച് ഇന്നലെ വൈകിട്ട് 6.45ന് പുറപ്പെട്ടത്. 145 വനിതാ തീര്‍ഥാടകരാണ് സംഘത്തിലുള്ളത്. പൈലറ്റായ മെഹ്‌റ കനിക, കോ പൈലറ്റ് ഗരിമ പാസ്സി, കാബിന്‍ ക്രൂമാരായ എം.ബി. ബിജിത, ദര്‍പണ റാണ, സുഷമ ശര്‍മ്മ, സുഭംഗി ബിശ്വാസ് തുടങ്ങി ഈ വിമാനത്തിലെ എല്ലാ ജീവനക്കാരും വനിതകളാണ്. കൂടാതെ വനിതാ തീര്‍ഥാടകരെ സ്വീകരിച്ചതും വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡിലിങ് ജോലികള്‍ നിര്‍വഹിച്ചതും വനിതാ ജീവനക്കാരായിരുന്നു.
സംസ്ഥാനത്തു നിന്ന് ആകെ 16 വിമാനങ്ങളാണ് വനിതാ തീര്‍ഥാടകരുമായി മാത്രം ഹജ്ജിനായി യാത്ര തിരിക്കുന്നത്. കരിപ്പൂരില്‍നിന്ന് 12, കണ്ണൂരില്‍ നിന്ന് മൂന്ന്, കൊച്ചിയില്‍ നിന്ന് ഒന്ന് വിമാനങ്ങളാണ് വനിതകള്‍ക്കു മാതമായി ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയും വിമാനങ്ങള്‍ വനിതാ തീര്‍ഥാടകര്‍ക്ക് മാത്രമായി ഹജ്ജ് സര്‍വീസ് നടത്തുന്നത്.
വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ എം.പി അബ്ദുസ്സമദ് സമാദാനി.എം.പി, ടി.വി. ഇബ്രാഹിം എംഎല്‍എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി. ഫാത്തിമ സുഹറാബി, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ മുഹമ്മദ് യാക്കൂബ് ഷേഖ, കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: