കണ്ണൂര്‍: ഒഡീഷയിലെ ബാലാസോര്‍ ജില്ലയിലുണ്ടായ ട്രെയിന്‍ അപകടം അത്യന്തം ദാരുണമായ സംഭവമാണെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് പ്രസ്താവനയില്‍ പറഞ്ഞു. അപകട കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. റെയില്‍വേ സേഫ്റ്റി കമ്മിഷണറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടാകും.
യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കൊറോമാണ്ഡല്‍ എക്‌സ്പ്രസ്, ചരക്ക് തീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. സംഭവശേഷം യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്തെത്തി പരമാവധി വേഗത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഏറ്റവും വേഗത്തില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കുന്നതിന് സമീപ ജില്ലകളില്‍ നിന്ന് ഡോക്ടര്‍മാരെയെത്തിച്ചു. അന്‍പതോളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പടെയുള്ള സംഘത്തെ പ്രത്യേക ട്രെയിനില്‍ സംഭവസ്ഥലത്തെത്തിച്ചു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതോടൊപ്പം ആവശ്യമായ വൈദ്യസഹായവും ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രദ്ധിച്ചത്. വളരെ പെട്ടെന്ന് തന്നെ റെയില്‍വേ മന്ത്രി സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകള്‍ പുനര്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്. ഏകദേശം അതിന്റെ 80 ശതമാനം പണി പൂര്‍ത്തീകരിച്ച് കഴിഞ്ഞു. സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളൊന്നും ഊര്‍ജ്ജിതമായി നടന്നിരുന്നില്ല. സിഗ്നല്‍ സിസ്റ്റം കുറ്റമറ്റതാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും സര്‍ക്കാര്‍ പ്രഖ്യപിച്ചിട്ടുണ്ട്.
രാജ്യം വിറങ്ങലിച്ച ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമ്പോള്‍ ചില കോണുകളില്‍ നിന്നെങ്കിലും രാഷ്‌ട്രീയമായ ആരോപണങ്ങളും നരേന്ദ്ര മോദിയോടുള്ള വിരോധവും തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത് മനുഷ്യത്വരഹിതമായ സമീപനമാണ്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതല്‍ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമായ നടപടി സ്വീകരിക്കും. യാത്രക്കാരുടെ സുരക്ഷയ്‌ക്ക് തന്നെയാണ് റെയില്‍വേ പ്രഥമ പരിഗണന നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: