കമ്പം: അരിക്കൊമ്പന് കാട്ടില്‍ അരി എത്തിച്ച് നല്കിയതായി കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. ആന പൂര്‍ണ ആരോഗ്യവാനാണെന്നും തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും എംഎല്‍എ പറഞ്ഞു.
കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്കിയത്. സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതുകൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും തുമ്പിക്കൈയിലേതെന്നും എംഎല്‍എ പറഞ്ഞു.
അതേ സമയം അരിക്കൊമ്പന്‍ ദൗത്യം തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി പറഞ്ഞു. അരിക്കൊമ്പന്‍ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണെന്നും അദ്ദേഹം കുമിളിയില്‍ പറഞ്ഞു. അതിനെ പ്രകോപിപിച്ചാലെ ഉപദ്രവകാരിയായി മാറുകയുള്ളൂ. രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം കാട്ടാനയെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി അറിയിച്ചു. അരിക്കൊമ്പന്‍ വനത്തിന് പുറത്തേക്കിറങ്ങാതെ മയക്കുവെടി വയ്‌ക്കേണ്ടെന്നാണ് തീരുമാനം. ആന മേഘമല ഭാഗത്തേക്ക് തന്നെ സഞ്ചരിക്കുന്നതായാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.
അരിക്കൊമ്പന്‍ ഷണ്മുഖ നദി അണക്കെട്ടിലേക്ക് സഞ്ചരിക്കുകയാണ്. നാലുദിവസമായി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. വ്യാഴാഴ്ച രാത്രി വനത്തിനുള്ളിലെ തോട്ടത്തില്‍ നിന്ന് വാഴ പറിച്ച് തിന്നിരുന്നു. മയക്കുവെടിവയ്‌ക്കാന്‍ അവസരം കൊടുക്കാതെ വനമേഖലയിലൂടെ തന്നെ സഞ്ചരിക്കുകയാണ് അരിക്കൊമ്പന്‍.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ ചുരുളിപ്പെട്ടി മുതല്‍ ചിന്നമനൂര്‍ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
അതേ സമയം വന്യമൃഗങ്ങള്‍ക്ക് ആഹാരം നല്കുന്നത് വന്യജീവി നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം കാര്യം സര്‍ക്കാര്‍ തന്നെ ചെയ്യുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ആഹാരം വനത്തില്‍ ലഭിച്ചാല്‍ ആന അവിടെ തന്നെ തുടരാന്‍ കാരണമാകും. ഇതിനൊപ്പം മറ്റ് ജീവികളും ഇത് ആഹാരമാക്കാനും പിന്നീട് ഇവയും നാട്ടിലേക്ക് ഇറങ്ങാനും ഇടയുണ്ടെന്നുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: