ന്യൂദല്‍ഹി: 140 കോടി ഭാരതീയരുടെ അഭിലാഷങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് നല്കുന്ന ജനാധിപത്യത്തിന്റെ ക്ഷേത്രമാണിത്. ജനങ്ങള്‍ അമൃത് മഹോത്സവത്തിനായി നല്കിയ സമ്മാനം. സ്വാശ്രയഭാരതത്തിന്റെ ഉദയത്തിനും വികസിത രാഷ്ട്രത്തിലേക്കുള്ള പ്രയാണത്തിനും ഈ മന്ദിരം സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂര്‍ത്തമാണിതെന്നും പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രഥമ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
പുരാതനവും ആധുനികവുമായ സഹവര്‍ത്തിത്വത്തിന്റെ അടയാളമാണ് ഈ പുതിയ കെട്ടിടം. പുതിയ ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുകയും പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍ ലോകവും മുന്നോട്ടുപോകും, പ്രധാനമന്ത്രി പറഞ്ഞു.
നെടുനാളത്തെ വിദേശഭരണം നമ്മുടെ ആത്മാഭിമാനമാണ് കവര്‍ന്നെടുത്തത്. ഇന്ന് ഇന്ത്യ ആ കൊളോണിയല്‍ ചിന്താഗതിയെ ഉപേക്ഷിച്ചിരിക്കുന്നു. ചോളസാമ്രാജ്യത്തിന്റെ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. അത് കര്ത്തവ്യനിര്വഹണത്തിന്റെയും സേവനത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായിരുന്നു. പാര്‍ലമെന്റ് നടപടികള്‍ക്ക് ഇനി ചെങ്കോല്‍ സാക്ഷിയാകും. സഭാ നടപടികളില്‍ നമുക്കിത് പ്രചോദനമാകും.
അടിമത്തത്തെ വലിച്ചെറിഞ്ഞ ഇന്ത്യയുടെ യാത്ര അമൃതകാലത്തിലൂടെ മുന്നേറുകയാണ്. രാഷ്ട്രത്തിന് പുതിയ ദിശാബോധം പകരുന്ന കാലമാണിത്. എണ്ണമറ്റ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ കാലം. ആത്മവിശ്വാസഭരിതമാണ് നാട്. ഈ മന്ദിരത്തിന്റെ ഓരോ കണികയിലും ഏക ഭാരതം ശ്രേഷ്ഠ ഭാരതമെന്നതിന്റെ ചൈതന്യം നിറഞ്ഞിട്ടുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
അറുപതിനായിരത്തിലേറെ തൊഴിലാളികള്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയാണ് ഈ മന്ദിരം പടുത്തുയര്‍ത്തിയത്. അവരെ ആദരിക്കാന്‍ ഡിജിറ്റല്‍ ഗാലറി തയ്യാറാക്കിയിട്ടുണ്ട്. അവര്‍ പാര്‍ലമെന്റിനെ ഇത്രയും ഗംഭീരമാക്കിയപ്പോള്‍, തങ്ങളുടെ സമര്‍പ്പണത്താല്‍ അതിനെ അര്‍ത്ഥവത്താക്കേണ്ടത് പാര്‍ലമെന്റംഗങ്ങളുടെ ഉത്തരവാദിത്തമാണ്.
ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ മാതാവ് കൂടിയാണ്. ആഗോള ജനാധിപത്യത്തിന്റെ അടിത്തറയാണ് ഇന്ത്യ. ജനാധിപത്യമാണ് നമ്മുടെ പ്രചോദനം. ഭരണഘടനയാണ് പ്രമേയം. ഈ പ്രമേയത്തിന്റെ ഏറ്റവും വലിയ പ്രതിനിധി ഇന്ത്യന്‍ പാര്‍ലമെന്റാണെന്നും മോദി ചൂണ്ടിക്കാട്ടി.
വികസിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം മറ്റ് പല രാജ്യങ്ങളുടെയും ശക്തിയായി മാറും. പുതിയ മന്ദിരത്തിന്റെ ഓരോ കണികയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിക്കും. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഈ മന്ദിരത്തില്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കും. ദാരിദ്ര്യം തുടച്ചുനീക്കാനും രാജ്യത്തെ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും അത് ഉതകും, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ ചേംബറില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കര്‍ ഓം ബിര്‍ള അധ്യക്ഷനായി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവന്ഷ് നാരായണ്‍ സിങ് വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: