നൂറ്റമ്പത് വര്‍ഷം മുന്നില്‍ കണ്ട് നിര്‍മ്മിച്ചതാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച പാര്‍ലമെന്റ് മന്ദിരം മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഇത്ര ചുരുങ്ങിയ കാലത്തിനുള്ളില്‍ ആധുനികമായ എല്ലാ സംവിധാനങ്ങളുമായി പാര്‍ലമെന്റിന് പുതിയ മന്ദിരം ഉയരുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെ മികവിന്റെ മറ്റൊരുദാഹരണം കൂടിയായി ഇതു മാറുകയാണ്. കഴിഞ്ഞ രണ്ടര വര്‍ഷം എല്ലാ ആഴ്ചയും ടാറ്റ പ്രോജക്ട്സ് ലിമിറ്റഡുമായി പ്രധാനമന്ത്രി നേരിട്ട് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. സ്വതന്ത്ര ഇന്ത്യയിലെ തന്ത്രപ്രധാന നിര്‍മ്മാണ പദ്ധതി തന്നെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഓരോ ഘട്ടത്തിലും, ഓരോ ചെറിയ കാര്യങ്ങളിലും പ്രധാനമന്ത്രി നേരിട്ട് പരിശോധനകള്‍ നടത്തി. ഒടുവില്‍ 30 മാസം കൊണ്ട് പണി പൂര്‍ത്തിയായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ ഉയരുമ്പോള്‍ രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനിക്കാം.
കൊല്‍ക്കത്തയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റിയതിന് പിന്നാലെ 1921ല്‍ നിര്‍മ്മാണം ആരംഭിച്ച് അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതാണ് നിലവിലെ പാര്‍ലമെന്റ്. 1927 ജനുവരി 18നായിരുന്നു അന്ന് കൗണ്‍സില്‍ ഹൗസ് എന്നറിയപ്പെട്ടിരുന്ന പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം. ഒരു നൂറ്റാണ്ട് അടുക്കുന്ന കെട്ടിടത്തിന്റെ ബലക്ഷയം മുന്‍നിര്‍ത്തി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ടതും രണ്ടാം യുപിഎ ഭരണകാലത്ത് സ്പീക്കര്‍ മീരാകുമാര്‍ അധ്യക്ഷയായ സമിതിയാണ്. എന്നാല്‍ തുടര്‍ച്ചയായ അഴിമതികളില്‍ പെട്ട് പ്രതിസന്ധിയിലായ രണ്ടാം യുപിഎ സര്‍ക്കാരിന് ഒരിക്കലും പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മാണമെന്ന ആശയവുമായി മുന്നോട്ട് പോകാനായില്ല. രണ്ടാം മോദി സര്‍ക്കാരാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയെന്ന് തന്നെ നമുക്കിതിനെ വിശേഷിപ്പിക്കാം.
പുതിയ മന്ദിരത്തില്‍ ലോക്സഭാ ഹാളില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാവും. രാജ്യസഭാ ചേംബറില്‍ 384 അംഗങ്ങള്‍ക്കും പങ്കെടുക്കാം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ 1,280 അംഗങ്ങള്‍ക്ക് ലോക്സഭാ ചേംബറില്‍ ഇരിക്കാനുമാകും. നിലവിലെ പാര്‍ലമെന്റിന്റെ ശേഷിയേക്കാള്‍ 150 ശതമാനം അധികമാണിത്. 64,500 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് നാലു നിലകളിലായി പുതിയ കെട്ടിടം. പഴയ പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,500 ചതുരശ്ര മീറ്റര്‍ അധികം പ്രദേശത്താണ് ത്രികോണാകൃതിയില്‍ പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ആകെ ചെലവ് 970 കോടി രൂപ. പഴയ പാര്‍ലമെന്റ് മന്ദിരത്തെ സന്ദര്‍ശക മ്യൂസിയമെന്ന നിലയിലേക്ക് പരിഷ്ക്കരിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരമായാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനിയും ധീരദേശാഭിമാനിയുമായ വിനായക ദാമോദര വീര സവര്‍ക്കറുടെ 140-ാം ജന്മവാര്ഷികത്തിലാണ് പ്രധാനമന്ത്രി മോദി പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. എന്നാല്‍ രാജ്യത്തെന്തു നല്ലതു നടന്നാലും അസ്വസ്ഥമാകുന്ന പതിവ് കോണ്‍ഗ്രസ് ഇത്തവണയും തെറ്റിച്ചില്ല. പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തെ രാഷ്ട്രീയ വിവാദമാക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. പാര്‍ലമെന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യരുതെന്നാണ് അവരുടെ ഒരാവശ്യം. രാഷ്ട്രപതിയെക്കൊണ്ട് ചടങ്ങ് നിര്‍വഹിപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പ്രധാനമന്ത്രി അല്ല പ്രസിഡന്റ് വേണം ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി വിവാദം ആരംഭിച്ചിട്ടുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നതിനെ തന്നെ എതിര്‍ത്തതാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ഇപ്പോഴാവട്ടെ, പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ ബിജെപിക്ക് രാഷ്ട്രീയ മൈലേജിന് വേണ്ടിയാണ് ഉദ്ഘാടനമെന്ന് ആരോപിക്കുകയും ചെയ്യുന്നു. എന്തു ചെയ്താലും കുറ്റം കണ്ടെത്തുക എന്ന ഏക പണിയാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കോണ്‍ഗ്രസ് ഈ രാജ്യത്ത് ചെയ്യുന്നത്.
മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രോജക്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ആക്ഷേപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോദി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു മാത്രമല്ല കോണ്‍ഗ്രസിന്റെ പ്രശ്നം. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷ വേളയില്‍, സവര്‍ക്കര്‍ ജയന്തി ദിനത്തിലാണ് ഉദ്ഘാടനം എന്നതും കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നു. അടുത്തിടെ ഉണ്ടായ സവര്‍ക്കര്‍ വിവാദങ്ങളില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്, കര്‍ണ്ണാടക തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വീണ്ടും ന്യൂനപക്ഷ പ്രീണനത്തിന്റെ ഭാഗമായി സവര്‍ക്കര്‍ അധിക്ഷേപം ആരംഭിക്കുകയാണെന്ന് വ്യക്തം. വരും ദിവസങ്ങളില്‍ മോദി-സവര്‍ക്കര്‍ അധിക്ഷേപം ശക്തിപ്പെടുക തന്നെ ചെയ്യുമെന്നുറപ്പാണ്.
എന്നാല്‍ ഉറച്ച തീരുമാനങ്ങളും നിലപാടുകളുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാരിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിഷേധാത്മക നിലപാടുകളെ ഏതു വിധേന കൈകാര്യം ചെയ്യണമെന്നതില്‍ വ്യക്തതക്കുറവില്ല താനും. 2003ല്‍ വീരസവര്‍ക്കറുടെ പ്രതിമ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെതിരെയും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം പങ്കെടുത്ത ചടങ്ങ് ബഹിഷ്ക്കരിച്ച കോണ്‍ഗ്രസ്, കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 2004ല്‍ അധികാരത്തിലെത്തിയ ഉടന്‍ ആന്റമാന് നിക്കോബാര്‍ ദ്വീപിലെ സെല്ലുലാര്‍ ജയിലില്‍ സവര്‍ക്കര്‍ ഏകാന്ത കഠിന തടവ് അനുഭവിച്ച സെല്ലില്‍ സ്ഥാപിച്ച ഫലകം തകര്‍ത്തായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. എന്നാല്‍ സവര്‍ക്കറെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന രാഹുല്‍ഗാന്ധിക്ക് മഹാരാഷ്ട്രയിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ ശക്തമായ താക്കീത് നല്കിയതും രാഹുല്‍ അവരോട് ഖേദം പ്രകടിപ്പിച്ചതും വര്‍ത്തമാനകാല സംഭവങ്ങളാണ്. പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തെ വിവാദമാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി അവരുടെ സവര്‍ക്കര്‍ വിരോധം പ്രകടിപ്പിക്കുമ്പോള്‍ നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമായി കേന്ദ്രസര്‍ക്കാരും മുന്നോട്ട് തന്നെയാണ്. പാര്‍ലമെന്റ് സമര്‍പ്പണ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പ്രസംഗവും ഈ ദിശയില്‍ തന്നെയാവുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: