മാടമ്പ് എന്‍.ജി. കാവാലം
പാര്‍വതീ ദേവി ഒരിക്കല്‍ തന്റെ ദിവ്യശക്തി കൊണ്ട് ഒരു ബാലനെ സൃഷ്ടിച്ച് ദിവ്യായുധവും നല്കി തന്റെ സ്‌നാനഗൃഹത്തിന്റെ വാതില്ക്കല്‍ കാവല്‍ നിര്‍ത്തി. ആരെയും അകത്തേക്കു വിടരുതെന്ന് കര്‍ശന താക്കീതും നല്കി.
ഭഗവാന്‍ ശ്രീപരമേശ്വരന്‍ അവിടെയെത്തി. ബാലന്‍ തടഞ്ഞു. ഇരുവരും ആദ്യമായി കാണുകയാണ്. മുന്‍ പരിചയമൊന്നുമില്ല. വാക്കേറ്റമായി. അത് കൈയേറ്റത്തിലെത്തി. കുട്ടിയുടെ അവിവേകം ഭഗവാന് സഹിച്ചില്ല. ക്ഷിപ്രകോപിയായ ഭഗവാന്‍ കുട്ടിയുടെ തല നുള്ളി എറിഞ്ഞു. സ്‌നാനം കഴിഞ്ഞെത്തിയ ദേവി തലയില്ലാതെ വീണു കിടക്കുന്ന കുട്ടിയെ കണ്ട് വിലപിച്ചു. ദേവിയുടെ ദുഃഖത്തില്‍ മനസ്സലിഞ്ഞ് ക്ഷിപ്രപ്രസാദികൂടിയായ ഭഗവാന്‍ കുട്ടിയെ ആനത്തല വച്ചു ജീവിപ്പിച്ചു. വരദാനം നല്കി അനുഗ്രഹിച്ചു. അപ്പോഴാണ് തന്റെ പ്രിയതമയുടെ പ്രിയപുത്രനാണ് ഈ കുട്ടിയെന്ന് ഭഗവാനും തന്റെ അമ്മയുടെ പ്രിയതമനാണ് ഭഗവാന്‍ എന്ന് കുട്ടിയും മനസ്സിലാക്കുന്നത്.
വ്യക്തിയേയും വ്യക്തി മഹത്വത്തേയും അറിഞ്ഞ് മാനിക്കണം. സ്ഥാനമാനങ്ങള്‍ അറിഞ്ഞ് ആദരിക്കണം. ബഹുമാനിക്കണം. അമ്മയുടെ ആജ്ഞ പാലിക്കുക പുത്രധര്‍മമാണെങ്കിലും ഇവിടെ കുട്ടി ധാര്‍ഷ്ട്യവും അവിവേകവും കാട്ടി. അത് നാശത്തിനിടയാക്കി. എത്ര ഉന്നതരായാലും ധാര്‍ഷ്ട്യവും അവിവേകവും നിറഞ്ഞ വാക്‌പോരുകള്‍ ഖേദകരമാണ്. നിയമത്തിന്റെ മുന്നില്‍ നിന്ന് പരസ്പരം പഴി പറഞ്ഞ് ചെളിവാരി എറിയാതെ സമവായത്തിലെത്തിയാല്‍ ഏതു പ്രശ്‌നങ്ങളും നിസ്സാരമായി പരിഹരിക്കാം. ആരും വിട്ടുവീഴ്ചയ്‌ക്കും സമവായത്തിനും തയ്യാറായില്ലെങ്കില്‍ ഏതു പ്രശ്‌നങ്ങളും ഗുരുതരമാകും.
വൈകുണ്ഠത്തില്‍ വച്ച് ഒരു വിശ്രമവേളയില്‍ ഭഗവാന്‍ മഹാവിഷ്ണു, ലക്ഷ്മീദേവിയെ നോക്കി അകാരണമായി മന്ദഹസിച്ചു. പലതവണ. ഇത് ദേവിക്ക് രസിച്ചില്ല. കോപാവേശത്താല്‍, ഭഗവാന്റെ തല തെറിച്ചു പോകട്ടെ എന്നു ശപിച്ചു. അതു സംഭവിച്ചു. ദേവന്മാര്‍ കുതിരയുടെ തല വച്ച് ഭഗവാനെ പുനര്‍ജീവിപ്പിച്ചു ഹയഗ്രീവനാക്കി. ലോകകണ്ടകനായ ഹയഗ്രീവാസുരനെ കൊല്ലുവാന്‍ ഭഗവാന്‍ ഹയഗ്രീവന്‍ തന്നെ വേണ്ടിവന്നു. യാത്രാവേളകളിലും മറ്റും സ്ത്രീകളെ നോക്കി അകാരണമായി ചിരിക്കുന്നവരെയും അപമര്യാദയോടെ പെരുമാറുന്നവരെയും സ്ത്രീകള്‍ തന്നെ നേരിടണം. സ്ത്രീകള്‍ ഓര്‍ക്കണം, നിങ്ങള്‍ അബലകളല്ല. സാക്ഷാല്‍ പരാശക്തിയുടെ അംശാവതാരങ്ങളാണ്. നിങ്ങളില്‍ അപാരമായ ശക്തി വിശേഷം ഒളിഞ്ഞു കിടക്കുന്നു. അതു വേണ്ടവണ്ണം വിനിയോഗിക്കാന്‍ ശ്രമിക്കുക. പഠിക്കുക.
പരമേശ്വര പുത്രിയായ ദേവി ഭദ്രകാളിയുടെ കൈയില്‍ ഒരു തല ഉയര്‍ത്തി തൂക്കിപ്പിടിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കണ്ടിരിക്കും. ധാരാളം സ്ത്രീകളെ ദ്രോഹിച്ച ദാരികാസുരന്റെ തലയാണത്. അച്ഛന്റെ (ശ്രീപരമേശ്വരന്‍) ആജ്ഞയാലാണ് ദേവി അസുരനെ കൊന്ന് തല വെട്ടിയെടുത്തത്. സ്ത്രീകളെ ദ്രോഹിക്കുന്നവര്‍ക്ക് ഒരു പാഠമാവാന്‍ അസുരന്റെ തല കൈയില്‍ തന്നെ സൂക്ഷിക്കാനാണ് ഭഗവാന്‍, ഭദ്രകാളിയോടു പറഞ്ഞത്. സ്ത്രീകളെ വഞ്ചിച്ച് നിഷ്‌ക്കരുണം കൊല്ലുന്ന ഇക്കാലത്തും ഇത്തരം നരാധമന്മാരെ കൊല്ലാന്‍ ഭദ്രകാളിമാര്‍ ഉണ്ടാവണം. ഉണ്ടാവാതിരിക്കില്ല. പതിനാറായിരം സുന്ദരിമാരെ തടങ്കലിലാക്കി ദ്രോഹിച്ച നരകാസുരനെ വധിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണനുണ്ടായി. ആ സ്ത്രീകളെയെല്ലാം ഭഗവാന്‍ സംരക്ഷിച്ചു. സാധുക്കളായ സ്ത്രീകളുടെ രക്ഷകനായി ഒരു ശക്തി ഉണ്ടാവാതിരിക്കില്ല. ഇന്നല്ലെങ്കില്‍ നാളെയത് ഉണ്ടാകും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: