കല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധസെഞ്വറി കെ.എല്‍. രാഹുലിന്റെ പേരിലായിരുന്നു. 2018 ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ രാഹുല്‍ 14 പന്തുകളില്‍നിന്ന് അര്‍ധ സെഞ്ചറി തികച്ചതായിരുന്നു ആ റെക്കോര്‍ഡ്. 13 പന്തില്‍ 50 തികച്ച് രാജസ്ഥാന് റോയല്‍സിന്റെ യശസ്വി ജയ്സ്വാള്‍ ആ റെക്കോര്‍ഡ് പഴങ്കഥയാക്കി. 47 പന്തില്‍ 98 റണ്‍സെടുത്ത് രാജസ്ഥാനെ വിജയത്തിലെത്തിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ യുവതാരം രാഹുലിന്റെ റെക്കോര്‍ഡ് മാത്രമല്ല ഇന്ത്യന്‍ ടിമിലെ സ്ഥാനവും തെറിപ്പിക്കുമോ എന്ന ചോദ്യമാണുയരുന്നത്.
പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച ഫോമില്‍ കളിക്കുന്ന യശസ്വി ജയ്സ്വാളിനെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ എടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. പരുക്കേറ്റ കെ.എല്‍. രാഹുലിനു പകരം യശസ്വിയെ ടീമിലെടുക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോഗന് അഭിപ്രായപ്പെടുന്നത്. അതിനുള്ള മികവ് യശസ്വിക്കുണ്ടെന്നും അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറായി മാറുമെന്നും വോഗന് ട്വിറ്ററില്‍ കുറിച്ചു.
യശസ്വിയുടെയും നായകന് സഞ്ജു സാംസണിന്റെയും(48) ബാറ്റിങ് മികവില്‍ ആതിഥേയര്‍ നിശ്ചയിച്ച 150 റണ്‍സ് ലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.1 ഓവറില്‍ത്തന്നെ എത്തി രാജസ്ഥാന്. ജയത്തോടെ 12 പോയന്റുമായി ടീം മൂന്നാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് സാധ്യത സജീവമാക്കി.
യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും രംഗത്തെത്തി. യശസ്വി ഒരു പ്രതിഭയാണെന്നും ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണു കൊല്‍ക്കത്തയില്‍ കണ്ടതെന്നും കോലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.തൊപ്പിയൂരി സല്യൂട്ട് ചെയ്യുന്ന ഒരു വിഡിയോ ദൃശ്യമാണ് യശസ്വിയെ മെന്‍ഷന്‍ ചെയ്ത് കെ.എല്‍. രാഹുല്‍ ട്വീറ്റ് ചെയ്തത്. യശസ്വി ജയ്സ്വാള്‍ ഒരു സ്പെഷല്‍ പ്ലേയറാണെന്ന് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവും ട്വീറ്റ് ചെയ്തു.
‘ഇന്നൊരു സുഖമുള്ള അനുഭവമായിരുന്നു. ഞാന്‍ ആഗ്രഹിച്ചതെല്ലാം സംഭവിക്കുന്നത് പോലെയല്ല, ഞാന്‍ അതിനായി നന്നായി തയാറെടുക്കുന്നു, എന്നില്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നതാണ്. ഫലം കിട്ടുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ടീമിനെ വജയത്തിലെത്തിക്കുക എന്നത് വലിയ വികാരമായിരുന്നു, മത്സരം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, മത്സരം വിജയിക്കുക എന്നതു തന്നെയാണ് എന്റെ ലക്ഷ്യം’ -മത്സരശേഷം യശസ്വി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: