മലയാളസാഹിത്യലോകത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന ബഹുമുഖപ്രതിഭയായിരുന്നു മാടമ്പ് കുഞ്ഞുകുട്ടന്‍. വിശേഷണം മനുഷ്യനെ അവനല്ലാതാക്കുന്നുവെന്ന ഹെമിംഗ്‌വെയുടെ വാക്കുകള്‍, അങ്ങയെ എങ്ങനെ വിശേഷിപ്പിക്കുന്നതായിരിക്കും ഇഷ്ടം എന്ന് ചോദിക്കുമ്പോഴെല്ലാം നിസ്സംശയം പറയാറുള്ള മാടമ്പ് ഒരുതരത്തിലുള്ള വിശേഷണങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാറില്ലെങ്കിലും മാടമ്പിലെ പ്രതിഭയെ നോക്കിക്കാണുന്ന ഒരാള്‍ക്ക് നിസ്സംശയം ബഹുമുഖപ്രതിഭയെന്ന് വിളിക്കാം.
ഭ്രഷ്ട്, അവിഘ്‌നമസ്തു, അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, നിഷാദം, ആര്യാവര്‍ത്തം, പാതാളം, എന്തരോ മഹാനുഭാവുലു, അമൃതസ്യപുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ എണ്ണംപറഞ്ഞ നോവലുകള്‍ മലയാളഗദ്യസാഹിത്യത്തിന് സംഭാവന ചെയ്തുകൊണ്ടാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ ഇഹലോകവാസം അവസാനിപ്പിച്ചത്. 1983ല്‍ മഹാപ്രസ്ഥാനം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സാമൂഹ്യനവോത്ഥാനത്തിന്റെ അഗ്നി ഏതുകാലഘട്ടത്തിനും യോജിച്ചവിധത്തില്‍ മനുഷ്യരുള്ളേടത്തോളം ജ്വലിപ്പിച്ചുനിര്‍ത്തുന്ന കൃതിയാണ് ഭ്രഷ്ട്. എന്തുകൊണ്ടോ മലയാളസാഹിത്യലോകം ഇനിയും വേണ്ടവിധം ചര്‍ച്ചചെയ്തില്ലെങ്കിലും ഇനിയുമെത്രവര്‍ഷം കഴിഞ്ഞാലും കാലപ്പഴക്കം വരാത്ത പ്രമേയസൂക്ഷ്മത ഭ്രഷ്ടില്‍ ദര്‍ശിക്കാന്‍ കഴിയും. താത്രിക്കുട്ടിമാരുടെ സ്മാര്‍ത്തവിചാരങ്ങള്‍ ആധുനികസമൂഹത്തിലും രാഷ്‌ട്രീയസാമൂഹ്യകോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഭാവിയിലുമത് തുടരുമെന്നത് സംശയമില്ല. മാടമ്പ്തന്നെ ഒരഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
‘അമൃതസ്യപുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം എന്ന നോവല്‍ത്രയങ്ങളിലൂടെ ശ്രീരാമകൃഷ്ണദര്‍ശനം ആഖ്യാനം ചെയ്യുക മാത്രമല്ല മാടമ്പ് ചെയ്യുന്നത്. ഭാരതീയ ആദ്ധ്യാത്മികദര്‍ശനത്തിന്റെ വിശ്വഗുരുഭാവമാണതിലൂടെ ദൃശ്യമാകുന്നത്. ബംഗാളി ബ്രാഹ്മണനായ ഗദാധരന്‍ എന്ന ശ്രീരാമകൃഷ്ണപരമഹംസന്‍ മാടമ്പിന്റെ കൃതിയിലേക്കെത്തുമ്പോള്‍ നമ്മുടെ നാട്ടിന്‍പുറത്തെ ഏതോ ദരിദ്രയില്ലത്തെ ഗദായിയെന്ന ബാലനാകുന്നു. സകലമാന പ്രാരബ്ധങ്ങളിലൂടെയും നടന്ന് വിശ്വത്തിലെ സമഗ്രദര്‍ശനങ്ങളും തന്നിലൂടെ ആവിഷ്‌കരിച്ച് ഗുരുഭാവം കൈവരിക്കുന്നു. ഇത്രയും അനുഭൂതിദായകമായൊരു കൃതി മലയാളത്തിലുണ്ടായിട്ടില്ലെന്ന് നിസ്സംശയം പറയാം. വിശ്വകവി ടാഗോറിന്റെ, ബംഗാളി ഭാഷയിലെഴുതിയ ഗീതാഞ്ജലിയെന്ന ഗീതകങ്ങള്‍ ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നില്ലായെങ്കില്‍ അത് നോബേല്‍ പുരസ്‌കൃതമാവുന്നതിന് പകരം സാധാരണ ബംഗാളി ഭക്തിഗീതകങ്ങള്‍ മാത്രമായി അവശേഷിച്ചേനെയെന്ന് പറയാറുണ്ട്. തനിമയൊട്ടും ചോര്‍ന്നുപോകാതെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നെങ്കില്‍ അമൃതസ്യപുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം എന്ന നോവല്‍ത്രയം വിശ്വസാഹിത്യത്തിന്റെ ഉന്നതിയില്‍ പ്രതിഷ്ഠിക്കപ്പെട്ടേനെ. വേണ്ടവിധം സാഹിത്യലോകം ഗൗനിക്കുന്നില്ലെന്ന് ഇന്ന് പരിഭവം പറയാമെങ്കിലും ഭാവിയില്‍ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല.
സാഹിത്യത്തെപ്പോലെ മാടമ്പിലെ പ്രതിഭയുടെ മിന്നലൊളി ദൃശ്യമാകുന്ന മറ്റൊരു സര്‍ഗ്ഗാത്മകമേഖല ചലച്ചിത്രലോകത്താണ്. മകള്‍ക്ക്, ഗൗരീശങ്കരം, സഫലം കരുണം, ദേശാടനം എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ മാടമ്പിനെ കരുണത്തിന്റെ തിരക്കഥയക്ക് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയചലച്ചിത്രപുരസ്‌കാരം നല്‍കി രാഷ്‌ട്രം ആദരിക്കുകയുണ്ടായി. തിരക്കഥയിലും നടനത്തിലും ഒരേപോലെ തിളങ്ങുകയും നിസ്വനായി സ്വന്തം കടമ നിര്‍വ്വഹിച്ച്, ചെറുചിരിയോടെ മാറിനില്‍ക്കുകയുമായിരുന്നു ആ പ്രതിഭ. താരപ്പകിട്ടിന്റെ ജാടകള്‍ തൊട്ടുതീണ്ടാത്ത, ഒറ്റമുണ്ടുടുത്ത് തോളിലൊരു തോര്‍ത്തുമുണ്ടിട്ട് നെറ്റിയിലൊരു ഭസ്മക്കുറിയുമായി നിറഞ്ഞുചിരിച്ചുനിന്നു മാടമ്പ്. ദേശീയപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചപ്പോഴും ഇതൊന്നും എന്നെ സ്പര്‍ശിക്കുന്നില്ലെന്ന ഭാവം. യഥാര്‍ത്ഥ പ്രതിഭയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ഉള്ളിലുള്ളൊരാള്‍ക്ക് മാത്രമേ ഇത്രയും നിസ്വനാകാന്‍ കഴിയൂ.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്‌കൃതാധ്യയനവും അദ്ധ്യാപനവും നിര്‍വ്വഹിച്ച മാടമ്പ് കൊടുങ്ങല്ലൂര്‍ കളരിയുടെ പിന്‍മുറക്കാരനായി സംസ്‌കൃതത്തിന്റെ വ്യാകരണശുദ്ധി മലയാളത്തിന്റെ ഭാഷാശുദ്ധിയില്‍ ലയിപ്പിച്ച് സാഹിത്യരചനയില്‍ അതേവരെയില്ലാത്തൊരു ശൈലീവിന്യാസം രൂപം കൊടുത്തു. ഭാഷാനിയമങ്ങളുടെ വാളുംകൊണ്ട് അതിനെ ഖണ്ഡിക്കാന്‍ ചെന്നാല്‍ സ്വയം മുറിവേല്‍ക്കുകയേയുള്ളൂവെന്ന് സ്വയംബോധ്യമുള്ളതുകൊണ്ടാവണം എം. കൃഷ്ണന്‍നായരെപ്പോലുള്ള വിമര്‍ശകര്‍പോലും അതില്‍ കൈവെക്കാന്‍ ധൈര്യപ്പെടാതെപോയത്. മലയാളത്തിലെ മറ്റ് എഴുത്തുകാരെപ്പോലെ നിലനില്‍പ്പിനായി തരാതരം സ്വന്തം പാരമ്പര്യത്തെ തള്ളിപ്പറയാനും അദ്ദേഹം തയ്യാറായിരുന്നില്ല. ദേശീയതയോടുചേര്‍ന്ന സ്വന്തം കാഴ്ചപ്പാടുകള്‍ ഉറക്കെപ്പറയാനും മടികാണിച്ചിരുന്നില്ല. തപസ്യ കലാസാഹിത്യവേദിയുടെ അമരക്കാരനായി മലയാളസാഹിത്യസാംസ്‌കാരികലോകത്തെ ദേശീയതയുടെ പാതയിലൂടെ കൈപിടിച്ചുനടത്തുന്നതിനിടയിലാണ് ആ മഹാപ്രതിഭ വിശ്വചൈതന്യത്തില്‍ ലയിച്ചത്.
പ്രകൃതിയുമായി ഇണങ്ങിജീവിച്ച എഴുത്തുകാരനായിരുന്നു മാടമ്പ്. തനിക്ക് സമകാലികരായിരുന്നവര്‍ ദന്തഗോപുരങ്ങളില്‍ രചനാസങ്കേതങ്ങള്‍ തേടിയപ്പോള്‍ കിരാലൂര്‍ ഗ്രാമത്തിന്റെ ശീതളഛായയില്‍ രചനാതലം കണ്ടെത്തുകയായിരുന്നു മാടമ്പ്. വീട്ടുതൊടിയിലെ മുള്ളുമരത്തെ കാമുകിയായി പ്രഖ്യാപിച്ച മാടമ്പ് ‘നിരുപാധികമാം സ്‌നേഹം ബലമായ് വരും ക്രമാല്‍’ എന്ന അക്കിത്തത്തിന്റെ കവിവചനത്തെ പ്രകൃതിസ്‌നേഹത്തിനാല്‍ സാക്ഷാത്കരിക്കുകയായിരുന്നു. നിരുപാധികമായ പ്രണയത്തോടെ താന്‍ അടുത്തുചെല്ലുമ്പോള്‍ മുള്ളുമരം മൂര്‍ച്ചയുള്ള മുള്ളുകള്‍ ഉള്ളിലേക്ക് വലിച്ച് പരിരംഭണസന്നദ്ധയായി നിന്നുതരാറുണ്ടെന്ന് പറയുമ്പോള്‍ കവിവചനത്തിലെ നിരുപാധികമായ സ്‌നേഹത്തിന്റെ ബലത്തെയല്ലാതെ മറ്റെന്താണ് അര്‍ത്ഥമാക്കുന്നത്? വീട്ടില്‍ വന്ന നാടോടിയില്‍നിന്നും കുരങ്ങനെയും സിനിമാലൊക്കേഷനില്‍ നിന്ന് കഴുതയെയും പാമ്പിനെയും സ്വന്തമാക്കി വളര്‍ത്തിയ മാടമ്പിലെ കുസൃതി നമ്മള്‍ തമാശയായി കണ്ടപ്പോള്‍ അതിനുപിന്നിലെ സര്‍വ്വജീവജാലങ്ങളിലുമുള്ള ചൈതന്യമേകമാണെന്ന ഗുരുഭാവത്തിലെ ദര്‍ശനം മറന്നുപോയി.
ആനക്കാരനായും ആനചികിത്സകനായും പൂരപ്രേമിയായുമൊക്കെ മാടമ്പിനെ പറയുമ്പോള്‍ സഹ്യന്റെ മക്കളുടെ കണ്ണീര്‍ കാണാന്‍ കണ്ണുണ്ടായിരുന്ന മാതംഗശാസ്ത്രകാരനായിരുന്നു മാടമ്പെന്നതും മനസ്സിലാക്കണം. വന്യമൃഗമായ ആനയ്‌ക്ക് നാട്ടാചാരങ്ങളുടെ ചട്ടംപഠിപ്പിച്ച് ചങ്ങയ്‌ക്കിട്ടുനിര്‍ത്തുന്നതിനോട് മനസ്സുകൊണ്ട് യോജിക്കാന്‍ സാധിക്കാതിരുന്ന ആനപ്രേമിയായിരുന്നു അദ്ദേഹം. തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സിന്റെ മാതംഗലീല, പാലാപ്രയമഹര്‍ഷിയുടെ ഹസ്ത്യായുര്‍വ്വേദം എന്നിവയുടെ പ്രകാശത്തില്‍ രചിച്ച ആ… ആ.. ആന – ആനക്കഥകള്‍ എന്ന കൃതി ഇതിന് സാക്ഷ്യമാണ്. സര്‍ഗ്ഗാത്മകതയുടെ സര്‍വ്വമേഖലകളിലും വ്യാപരിച്ച മാടമ്പിനെ ഏതെങ്കിലും ഒന്നുമാത്രമായി കാണുന്നത് കുരുടന്‍ ആനയെക്കണ്ടതുപോലെ അപൂര്‍ണമാകുകയേയുളളൂ. മലയാളത്തില്‍ നിന്നും വിശ്വദീപ്തിചൊരിയുംവിധത്തില്‍ മാടമ്പിനെ ലോകം വായിക്കുന്ന നാള്‍വരും എന്ന ശുഭാപ്തിവിശ്വാസത്തോടെ ആ ചരണാംബുജങ്ങളില്‍ പ്രണമിക്കുന്നു.
(തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: