ന്യൂദല്‍ഹി: പ്രതിരോധ സഹകരണം ശക്തമാക്കാനും ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടാനും ഇന്ത്യയും മാലദ്വീപും തീരുമാനിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ ദീദിയും തമ്മിലുള്ള ചര്‍ച്ചയില്‍ സുപ്രധാന കാരറുകളില്‍ ഒപ്പിട്ടു. മാലദ്വീപിന്റെ ക്ഷണ പ്രകാരം കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് മാലദ്വീപില്‍ എത്തിയത്.
പ്രാദേശികവും ആഗോളവുമായ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ തീരുമാനിച്ചു. സംയുക്ത അഭ്യാസങ്ങളും സൈനിക ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധ സഹകരണത്തില്‍ കൈവരിച്ച പുരോഗതി മന്ത്രിമാര്‍ സ്വാഗതം ചെയ്തു.
ഭീകരത നേരിടല്‍, ദുരന്തനിവാരണം, സൈബര്‍ സുരക്ഷ, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതിരോധ വ്യാപാരം, ശേഷി വര്‍ധിപ്പിക്കല്‍, സംയുക്ത അഭ്യാസം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ സഹകരണത്തിനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ ഇരുമന്ത്രിമാരും തീരുമാനിച്ചു. രാജ്നാഥ് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ സന്ദര്‍ശിച്ചു. വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദുമായും കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: