കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍ മുദ്രാവാക്യത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ സരസ് അജീവിക മേളയുടെ അവകാശം അടിച്ചുമാറ്റി പിണറായി സര്‍ക്കാര്‍.
ദീന്‍ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷന്, ഗ്രാമ വികസനമന്ത്രാലയവും ആണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ സരസ് മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീ മിഷനാണ് നടത്തിപ്പ് ചുമതല.
കുടുംബശ്രീയില്‍ ഉള്‍പ്പെട്ട ഗ്രാമീണ വനിതാ അംഗങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അവരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്‍ക്കുന്നതിനും ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളും രാജ്യം കൈവരിച്ച നേട്ടങ്ങളും മേളയില്‍ ഉയര്‍ത്തി കാണിക്കുന്നു. എന്നാല്‍, കേരളത്തില്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായാണ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ മാത്രമാണ് മേളയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയിരിക്കുന്ന പരസ്യങ്ങളിലുള്ളത്.
കേരളത്തില്‍ ഈ വര്‍ഷത്തെ സരസ് മേള ഏപ്രില്‍ 27ന് കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ചു. മെയ് ഏഴുവരെയാണ് മേള. മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ആണ്.
28 സംസ്ഥാനങ്ങള്‍, എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംരംഭകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിന്റെ വിവിധ രുചി വൈവിധ്യങ്ങള്‍ നേരിട്ട് ഒരു കുടക്കീഴില് അനുഭവിച്ചറിയാന്‍ ഇന്ത്യ ഫുഡ് കോര്‍ട്ട് എന്ന പേരില്‍ ഭക്ഷ്യ മേളയും സംഘടിപ്പിച്ചിട്ടുണ്ട്. 275 വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളും മേളയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: