യാഗത്തിനുപയോഗിക്കുന്ന അഗ്നി അവിടെ തന്നെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഘര്‍ഷണത്തിലൂടെയാണ് ഇതു സാധിക്കുന്നത്. അരണി എന്ന ചെറു ഉപകരണമാണ് ഇതിനുപയോഗിക്കുന്നത്.
അരണി കടയല്‍
അരയാലിന്റെ ഒരു ചെറുപലക. അതില്‍ ഒരു ചെറു കുഴി. ഇതാണ് അധരാരണി. അധ: എന്നാല്‍ താഴെ. അരണിയുടെ താഴെ ഭാഗമാണിത്. അരയാലിന്റെ തന്നെ മറ്റൊരു കഷ്ണം അറ്റം ഗോളാകൃതിയിലാക്കി അധരാരണിയുടെ കുഴിയില്‍ ഇറങ്ങിയിരിക്കത്തക്കവണ്ണം തയ്യറാക്കും. ഇതാണ് ഉത്തരാരണി. അരണിയുടെ മേല്‍ഭാഗം. ഉത്തരാരണി ഒരു പുളിങ്കൊമ്പുകൊണ്ട് നീളം കൂട്ടും. ഈ പുളിത്തണ്ടിന്റെ മേലറ്റത്ത് ലോഹമുന ഘടിപ്പിച്ചിരിക്കും. ഈ അററം ചിരട്ട ചേര്‍ത്ത് പിടിച്ച് പുളിങ്കൊമ്പിന് കയറു ചുറ്റി തൈരു കടയുന്നതു പോലെ വലിക്കും. അരണി ഇത്തരത്തില്‍ ശക്തിയായി കടയുമ്പോള്‍ അധരാരണിയിലെ കുഴിയില്‍ പുകയും തീയും പ്രത്യക്ഷപ്പെടും. അത് ചകരിക്കുച്ച് പോലുള്ള എളുപ്പം തീപിടിക്കുന്ന വസ്തുക്കളുപയോഗിച്ചു വര്‍ദ്ധിപ്പിക്കും. യാഗത്തിനിടയില്‍ ഇത്തരത്തില്‍ പലതവണ തീയുണ്ടാക്കും. അരയാലിന്റെ തടി അരണിക്ക് ഇത്തരത്തില്‍ ഉപയോഗപ്പെടുമെന്ന വൈദിക കാല ഗവേഷണത്തിനു നമസ്കാരം.
പ്രവര്‍ഗ്യം
യജ്ഞപുരുഷന്റെ ശിരസ്സാണ് പ്രവര്‍ഗ്യം എന്നു പറയും. ‘ശിരോ വാ ഏതദ് യജ്ഞസ്യ യത് പ്രവര്‍ഗ്യഃ. യജ്ഞം വിഷ്ണുവാണ്. പ്രവര്‍ഗ്യം വിഷ്ണുവിന്റെ ശിരസ്സാണ്. ഒരിക്കല്‍ വിഷ്ണുവിന്റെ തല വേര്‍പെട്ടു പോയെന്നും അത് ദേവലോകത്തെ ഇരട്ട വൈദ്യന്മാരായ അശ്വിനീ ദേവതകള്‍ അവരുടെ വൈദ്യസാമര്‍ഥ്യത്താല്‍ പുതിയ ശിരസ്സുണ്ടാക്കി ഘടപ്പിച്ചു എന്നും കഥയുണ്ട്. ഏതായാലും വളരെ പ്രധാനപ്പെട്ട, ഏറ്റവും നയനമനോഹരവും ആകര്‍ഷകവുമായ ഒരു ചടങ്ങാണ് യാഗത്തിന്റെ രണ്ട്, മൂന്ന്, നാല് ദിവസങ്ങളില്‍ രാവിലേയും വൈകുന്നേരവും നടക്കുന്ന പ്രവര്‍ഗ്യം.
പ്രവര്‍ഗം എന്ന വാക്കിന് നല്ല തുടക്കം എന്നും പ്രത്യേകതരം പാത്രം എന്നും പ്രധാനപ്പെട്ടത് എന്നും അര്‍ഥമുണ്ട്. അവ മൂന്നും ഇവിടെ അനുയോജ്യവുമാണ്. ഉരിക്കാത്ത തേങ്ങയുടെ അത്രയും ഉള്‍വലിപ്പമുള്ള മണ് കുടുക്ക, അതിന് കൈ കൊണ്ട് പിടിക്കാവുന്ന രീതില്‍ താഴോട്ടു നീട്ട്. ഇതാണ് പ്രവര്‍ഗ്യത്തിന്റെ പാത്രം. മഹാവീരം എന്നാണ് ഈ പാത്രത്തിനു പേര്. വീരയോദ്ധാവ്, ഇടിമിന്നല്‍ എന്നൊക്കെ ഇതിന് അനുയോജ്യമായ അര്‍ഥമുണ്ട്. ഈ പാത്രത്തിന്റെ അടിഭാഗം (നീട്ട് ) മണ്ണില്‍ കുഴിച്ചിടും. അതിന്റെ ചുറ്റുപാടും തീയിടും.
പാത്രത്തില്‍ മുക്കാല്‍ ഭാഗം നെയ്യ് ഒഴിക്കും. തീ വീശിക്കത്തിച്ചു കൊണ്ടിരിക്കും. അതിന്റെ ചുറ്റും വലം വെച്ചു കൊണ്ട് ഋത്വിക്കുകള്‍ വേദം ഘോഷിച്ചു കൊണ്ടിരിക്കും. അത്രയും സമയം കൊണ്ട് മണ്‍കലം ചുട്ടുപഴുക്കും. അതിലെ നെയ്യ് വാതകമാവാന്‍ തുടങ്ങും. ജ്വാല വരും. അപ്പോള്‍ അധ്വര്യു എന്ന ഋത്വിക് യജമാനനു വേണ്ടി യാഗശാലയില്‍ കെട്ടിയിട്ടിട്ടുള്ള പശുവിനെ അവിടെ നിന്നു തന്നെ കറന്ന് അതില്‍ നിന്ന് ഒരു സ്പൂണ്‍ പാല് ഈ കത്തുന്ന നെയ്യിലേക്കു പകരും. കൈ നീട്ടിപ്പിടിച്ചായിരിക്കും ഒഴിക്കുക. വരാന്‍ പോകുന്ന സംഭവത്തേക്കുറിച്ച് അദ്ദേഹത്തിനറിയാം.
നെയ്യും പാലും ചേര്‍ന്ന ഈ മിശ്രിതത്തിന് ഘര്‍മ്മ എന്നു പേരുണ്ട്. ഘര്‍മമെന്നാല്‍ ചൂട്. അത് അതി പ്രകാശത്തോടെ ജ്വലിക്കും. ക്രമത്തില്‍ മേലോട്ടു പൊങ്ങും, വലുപ്പവും കൂടും. അത് ഭയാനകമായ ഒരു തേജോഗോളമായി ഉരുണ്ടുയരും. അത് മേല്പുരയില് നിറയും. പെട്രോള്‍ ടാങ്ക് പൊട്ടി തീ പിടിച്ചാലുണ്ടാകുന്ന ജ്വാല നാം യൂട്യൂബില്‍ കണ്ടിട്ടുണ്ട്. അതു തന്നെ ഈ കാഴ്ച. മേല്പുരയ്ക്കു തീ പിടിക്കാതിരിക്കാന്‍ പച്ചത്തൂപ്പ് മുളയില്‍ കോര്‍ത്ത് മേലെ വട്ടം പിടിക്കും. അല്പസമയമേ ഉള്ളൂ എങ്കിലും അത് നമ്മിലും ചുറ്റുപാടിലും പ്രകൃതിയിലും ഒരു കിടിലവും അതോടൊപ്പം ശുദ്ധിയും വരുത്തും. ഇതിന് 1500 ഡിഗ്രി വരെ ചൂടുണ്ടാവുമെന്നു പറയുന്നു. ചുറ്റുപാടുമുള്ള രോഗാണുക്കളെ നശിപ്പിക്കുമെന്നും പറയുന്നു.
പിന്നീട് പ്രതിപ്രസ്ഥാതന്‍ എന്ന ഋത്വിക്ക് യജമാന പത്നിയെ പ്രതിനിധാനം ചെയ്ത് ആടിനെ കറന്ന് പാല് മഹാവീരത്തില്‍ പകരും. അങ്ങനെ രണ്ടാമതൊരു അഗ്നിഗോളം കൂടി ഉയരും. പ്രവര്‍ഗ്യം കഴിഞ്ഞു.
ഇത് ഗര്‍ഭിണികള്‍ കാണരുത് എന്ന് നിയമമുണ്ട്. യജമാന പത്നിയും കാണില്ല. ഇതിനു മുമ്പും (പൂര്‍വ ശാന്തി) ശേഷവും (ഉത്തര ശാന്തി) ശാന്തി മന്ത്രങ്ങള്‍ ചൊല്ലും.
മനുഷ്യന്റെ തലച്ചോറ് വേണ്ട രീതിയില്‍ പാകപ്പെടുത്തിയാല്‍ അത്യപൂര്‍വവും അത്ഭുതകരവുമായ ആശയങ്ങള്‍ അതില്‍ നിന്ന് രൂപപ്പെടും എന്ന ഒരു സന്ദേശം ഇതില്‍ ഉള്‍ക്കൊള്ളുന്നില്ലേ ?
ഉപസത്ത്
പ്രവര്‍ഗ്യത്തേതുടര്‍ന്ന് ഉപസത്ത് എന്ന ഇഷ്ടി അഥവാ ഹോമം നടക്കും. അഗ്നി, സോമന്, വിഷ്ണു എന്നീ ദേവതകള്‍ക്കുള്ള ആജ്യാഹുതിയാണ് (നെയ് ഹോമം) ഉപസത്ത്. പ്രവര്‍ഗ്യം തലയാണെങ്കില്‍ ഉപസത് കഴുത്താണ് ഗ്രീവാ ഉപസദഃ.
മൂന്നു ദിവസത്തെ (2,3,4 ദിവസങ്ങള്‍) പ്രവര്‍ഗ്യോപസത്തുകള്‍ കഴിഞ്ഞാല്‍ ഇവയുടെ ഉപകരണങ്ങളൊക്കെ ഉദ്വസിച്ച് മഹാവേദിയുടെ അറ്റത്തു സ്ഥാപിക്കണം. ഒരു മനുഷ്യന് കിടക്കുന്ന ആകൃതിയിലാണ് അവിടെ ഇവ നിരത്തി വെക്കുക. തലയുടെ സ്ഥാനത്ത് മഹാവീരപ്പാത്രം ഉണ്ടാകും. ഘര്‍മോദ്വാസന എന്നാണ് ഈ ക്രിയയ്ക്ക് പേര്.
പ്രവര്‍ഗ്യവും ഉപസത്തും നടക്കുന്ന ഈ മൂന്നു ദിനങ്ങള്‍ക്ക് ഉപസദ്ദിനങ്ങള്‍ എന്നാണ് പേരു തന്നെ.
സോമയാഗത്തിന്റെ യാഗശാല മൂന്നു പുരകളാണ്. ഏറ്റവും പടിഞ്ഞാറുള്ളത് പ്രാചീന വംശം എന്നറിയപ്പെടും. അതിന്റെ പടിഞ്ഞാറേ അറ്റം നാലു ഭാഗവും മറച്ചു കെട്ടിയ പത്നീ ശാലയാണ്. യജമാനരുടെ ശൗചാലയവും അതിനുള്ളില്‍ തന്നെ. അവര്‍ ആറു ദിവസവും യാഗശാലയില്‍ തന്നെ പാലു മാത്രം ഭക്ഷിച്ചു കൊണ്ട് വസിക്കും.
ഇതേ പുരയില്‍ ബാക്കിയുള്ള വിശാലമായ സ്ഥലത്ത് മൂന്നു കുണ്ഡങ്ങള്. ആദ്യത്തെ നാലു ദിവസത്തേയും അഗ്നി കാര്യങ്ങള്‍ (പ്രവര്‍ഗ്യമടക്കം) ഇവിടെയാണ് നടക്കുക. ഈ പുരയ്ക്ക് കിഴക്കായി ഉള്ള ശാലയിലാണ് സദസ്സ് അഥവാ വേദസദസ്സ് വേദഘോഷം നടക്കുന്ന സ്ഥലം. അതിനും കിഴക്കുള്ള പുരയില്‍ പടിഞ്ഞാറു ഭാഗത്ത് സോമലത ഇടിച്ചു പിഴിഞ്ഞു ചാറെടുക്കുന്ന ഹവിര്‍ധാനം എന്ന തറയും കിഴക്കുഭാഗത്ത് ദശപദം എന്ന അഗ്നിസ്ഥാനവും ഉണ്ട്. യജമാനന്റെ കാലില്‍ 10 അടി സമചതുരമാണ് ദശപദം.
നാലാം ദിവസം മാത്രമാണ് പടിഞ്ഞാറെ ശാലയിലെ കിഴക്കേ അഗ്നിയില്‍ നിന്ന് ദശപദത്തിലേക്ക് അഗ്നി പകരുന്നത്. ഇതിന് അഗ്നി പ്രണയനം എന്നു പേര്. സോമരസം ഈ അഗ്നിയിലാണ് ഹോമിക്കുക.
‘സോമോസ്മാകം ബ്രാഹ്മണാനാം രാജാ’ സോമലതയാണ് ഞങ്ങളുടെ രാജാവ് എന്നാണ് ഋത്വിക്കുകള്‍ മന്ത്രത്തിലൂടെ പറയുന്നത്. അത് കിട്ടാനുള്ള കാരണക്കാരന്‍ യജമാനനായതിനാല്‍ അദ്ദേഹവും രാജാവു തന്നെ. അത് പിഴിയാനുള്ള വെള്ളം കൊണ്ടുവരുന്നതു പോലും മന്ത്രഘോഷങ്ങളോടെയാണ്. അത് ഇടിച്ചു പിഴിയുന്നതിന് സുത്യമെന്നാണ് പേര്. അതുകൊണ്ട് സോമയാഗത്തെ സുത്യയാഗമെന്നും വിളിക്കും.
ആദ്യത്തേ സോമസമര്‍പ്പണം കഴിഞ്ഞാല്‍ വേദമന്ത്രങ്ങളുടെ ഘോഷമാണ്. പിന്നീട് ക്രമത്തില്‍ സോമാഹുതി കഴിച്ച് അതിന്റെ ശേഷിപ്പ് ഋത്വിക്കുകളും കഴിച്ചാല്‍ പ്രധാന ചടങ്ങു കഴിഞ്ഞു.
പിന്നെ സമാപനച്ചടങ്ങുകളാണ്. പല ഹോമങ്ങളിലൂടെയും കടന്ന് സഖ്യ വിസര്‍ഗം (മുമ്പ് ചെയ്ത സൗഹൃദ പ്രതിജ്ഞ മതിയാക്കി) ചെയ്ത് പ്രായശ്ചിത്തങ്ങളെല്ലാം ചെയ്താല്‍ നദിയിലോ തടാകത്തിലോ അവഭൃഥസ്നാനം ചെയ്ത് തിരിച്ചു വന്ന് യജമാനന് യാഗാഗ്നിയെ അരണിയിലേക്കാവാഹിച്ച് പുറത്തുകടക്കും.
പുറത്തു വെച്ച് പൂര്‍ണാ ഹുതിയും കഴിഞ്ഞ് സ്വഭവനത്തിലേക്കു തിരിക്കും. പരികര്‍മികള്‍ യാഗശാലയ്ക്ക് തീയിടും. പ്രകൃതിക്കു സമര്‍പ്പിക്കും.
മറ്റൊരു വിധത്തിലും (പ്രത്യക്ഷം, അനുമാനം മുതലായ പ്രമാണങ്ങളിലൂടെയൊന്നും) അറിയാന്‍ കഴിയാത്ത സത്യങ്ങളെ വിളിച്ചു പറയുക എന്നതാണ് വേദത്തിന്റെ പ്രത്യേകത. വേദം പറയുന്നത് ഈ ലോകം യജ്ഞത്തിലാണ് നിലനില്‍ക്കുന്നത് എന്നാണ്. ‘സഹയജ്ഞാഃ പ്രജാഃ സൃഷ്ട്വാ’ മനുഷ്യന് യജ്ഞത്തോടെയാണ് ജനിച്ചത് എന്ന് ഭഗവദ് ഗീത പറയുന്നു. ഈ യജ്ഞം കൊണ്ട് എല്ലാ ആഗ്രഹങ്ങളും നേടാം. യാഗം ചെയ്യുന്നവര്‍ക്കും അതിനെ സഹായിക്കുന്നവര്‍ക്കും മാത്രമല്ല ലോകത്തിനു മുഴുവന്‍ നന്മ വിതയ്ക്കുന്നതാണ് യാഗം. ഭൂമിയെ സ്വര്‍ഗമാക്കാന്‍ ഇതു സഹായിക്കുമെന്ന് വേദം സാക്ഷ്യപ്പെടുത്തുന്നു.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: