Categories: Article

വികലാംഗര്‍’ എന്നതിന് പകരം ‘ദിവ്യാംഗര്‍’: വിപ്ലവകരമായ സമീപനത്തിന്റെ തുടക്കം: ‘മന്‍ കി ബാത്തിന്റെ’ ശക്തി: സഞ്ജന ഗോയല്‍

എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും ലഭ്യമാകുന്നതുമായ സംവിധാനത്തിലേക്ക് ഇന്ത്യയുടെ യാത്രയെ രൂപപ്പെടുത്തുന്നു

Published by

സഞ്ജന ഗോയല്‍

പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മസ്‌കുലര്‍ ഡിസ്‌ട്രോഫി

-->

2015ല്‍ ‘മന്‍ കി  ബാത്ത്’ ശ്രോതാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അതുല്യമായ നിര്‍ദ്ദേശം നല്‍കി  ‘ശരീരഘടനയുടെ കാര്യത്തിലെ പരിമിതി കൊണ്ടോ അല്ലെങ്കില്‍ ഏതെങ്കിലും അവയവം ശരിയായി പ്രവര്‍ത്തിക്കാത്തത് കൊണ്ടോ നാം ആളുകളെ വികലാംഗരെന്നു വിളിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ അവരുമായി ഇടപഴകുമ്പോള്‍,…നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത വ്യത്യസ്തമായ ചില ശക്തികള്‍ ദൈവം അവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന നാം മനസ്സിലാക്കുന്നു. അവര്‍ പ്രവര്‍ത്തിക്കുന്നത് കാണുമ്പോഴാണ് അവരുടെ കഴിവ് നമുക്ക് മനസ്സിലാകുന്നത്. അതിനാല്‍, നമ്മുടെ രാജ്യത്ത് ‘വികലാംഗര്‍’ എന്നതിന് പകരം ‘ദിവ്യാംഗര്‍’ എന്ന പദം ഉപയോഗിച്ചു കൂടെ എന്നു ഞാന്‍ ചിന്തിച്ചു.’

ഭിന്നശേഷി മേഖലയെ സംബന്ധിച്ചിടത്തോളം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവേശനക്ഷമത ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള വിപ്ലവകരമായ സമീപനത്തിന്റെ തുടക്കമായിരുന്നു ഇത്. ഇതാണ് പ്രധാനമന്ത്രി തിരിച്ചറിഞ്ഞതും സ്വായത്തമാക്കിയതുമായ ഈ മാധ്യമത്തിന്റെ ശക്തി എന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും.

മൂന്ന് പതിറ്റാണ്ടിലേറെയായി ഈ മേഖലയുമായുള്ള എന്റെ ബന്ധം കൊണ്ടും ഞാന്‍ സ്വയം ചക്രക്കസേരയിലായതുകൊണ്ടും, ദിവ്യാംഗരുടെ കാര്യത്തില്‍ രാജ്യം ചില സമ്മര്‍ദപരമായ വെല്ലുവിളികള്‍ നേരിടുന്നതായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. ഉല്‍പ്പാദനക്ഷമത, വിദ്യാഭ്യാസം, പ്രവേശനക്ഷമത എന്നിവയാണ് ഏറ്റവും നിര്‍ണായകമായ മൂന്ന് വെല്ലുവിളികള്‍. എന്നിരുന്നാലും, കഴിഞ്ഞ ദശകത്തില്‍, നമ്മുടെ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ രാജ്യത്ത് ഒരു മാതൃകാപരമായ മാറ്റം കണ്ടു. ‘എല്ലാവര്ക്കും ഒപ്പം, എല്ലാവരുടെയും വികസനം’ എന്ന കാഴ്ചപ്പാടോടെ, 2015 ഡിസംബര്‍ 3ന് ‘ആക്‌സസിബിള്‍ ഇന്ത്യ’ പ്രചരണം ആരംഭിച്ചത്, ഭിന്നശേഷിയുള്ളവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പങ്കാളികളാകാന്‍ തുല്യ അവസരം നല്‍കുന്നതിനും സ്വതന്ത്രമായി ജീവിക്കുന്നതിനുമുള്ള ഒരു പ്രധാന നടപടിയാണ്.

എന്നാല്‍ ഈ ഗവണ്മെന്റ് നയത്തോടൊപ്പം, അത്തരം ആളുകളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തില്‍ ഒരു മാറ്റത്തിന് തുടക്കമിടേണ്ടതും ആവശ്യമാണ്. ഞാന്‍ അതിനെ ‘പെരുമാറ്റത്തിലെ മാറ്റത്തിന് വേണ്ടിയുള്ള ബഹുജന മുന്നേറ്റം’ എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു. ആ റേഡിയോ പ്രഭാഷണം കഴിഞ്ഞു ഏഴ് വര്‍ഷം പിന്നിടുമ്പോള്‍, ഭിന്നശേഷിക്കാരോടുള്ള ആളുകളുടെ മനോഭാവത്തില്‍ വന്ന മാറ്റം സമൂഹത്തില്‍ വളരെ പ്രകടമാണ്. ‘മന്‍ കി ബാത്ത്’ നമ്മുടെ പ്രധാനമന്ത്രിയെ ജനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. അവിടെ അദ്ദേഹം ഓരോ വിഷയത്തെക്കുറിച്ചും വിപുലമായി സംസാരിക്കുകയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അതത് മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം സൃഷ്ടിക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, വിദ്യാഭ്യാസം, കായികം എന്നിങ്ങനെ വിവിധ  മേഖലകളിലുടനീളമുള്ള ഭിന്നശേഷിക്കാരെ കുറിച്ചുള്ള പൊതു ധാരണ മാറ്റാന്‍ ഇത് സഹായിച്ചിട്ടുണ്ട്. ഇതിന് നിരവധി പാരാലിമ്പ്യന്മാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു.

ദിവ്യാ0ഗരെ സഹായിക്കുന്നത്തിനുള്ള നൂതനാശയങ്ങള്‍ ക്ഷണിക്കുന്നത് മുതല്‍ അവര്‍ക്ക് നിലവിലുള്ള സംരംഭങ്ങളെയും നയങ്ങളെയും കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നത് വരെ, ഈ സുപ്രധാന വിഷയത്തില്‍ വെളിച്ചം വീശാന്‍ പ്രധാനമന്ത്രി ‘മന്‍ കി ബാത്തിന്റെ’ വേദി പതിവായി ഉപയോഗിക്കുന്നു. രാജ്യത്ത് നടക്കുന്ന നൂതനവും പ്രചോദനാത്മകവുമായ സംരംഭങ്ങളില്‍ ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തന്റെ റേഡിയോ പ്രസംഗത്തില്‍ കൊണ്ടുവരുന്നു. 2022 നവംബര്‍ 27ന് സംപ്രേഷണം ചെയ്ത മന്‍ കി ബാത്തിന്റെ 95ാം എപ്പിസോഡില്‍ പരാമര്‍ശിച്ച, ശരീര പേശികളുടെ അളവ് ക്രമാതീതമായി നഷ്ടപ്പെടുന്ന പാരമ്പര്യരോഗമായ മസ്‌കുലാര്‍ ഡിസ്‌ട്രോഫിയുടെ ഉദാഹരണം എടുക്കുക. ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെങ്കിലും, ഭിന്ന ശേഷിയുള്ളവരുടെ ജീവിതത്തിലും അവകാശങ്ങളിലുമുള്ള പുതു താല്‍പ്പര്യമാണ് വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്നത്.

2023 ഏപ്രില്‍ 30ന് ഈ പരിവര്‍ത്തനാത്മക ‘മന്‍ കി ബാത്ത്’ പരിപാടി 100 മത് പതിപ്പ് എന്ന സുപ്രധാന നാഴികക്കല്ലില്‍ എത്തുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ഒരു പ്രധാന മാധ്യമമായി വരും കാലങ്ങളില്‍ പോലും ഈ വേദി മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ദിവ്യാംഗര്‍ക്കുള്ള പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ‘യൂണിവേഴ്‌സല്‍ ഡിസൈന്‍’, ജോലിസ്ഥലത്ത് ദിവ്യാംഗര്‍ക്കായി യുക്തിസഹമായ സ്ഥല സൗകര്യം, അസിസ്റ്റീവ് ടച്ച് (എടി) മേഖലയില്‍ ആവശ്യകത വര്‍ധിച്ചതോടെ അതിലേക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും നൂതനാശയം ഉള്ളവര്‍ക്കും ഗണ്യമായ വിപണി അവസരം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് കൂടുതല്‍ അവബോധം ആവശ്യമായ ചില പ്രധാന വിഷയങ്ങള്‍.

‘ഒരു ഭൂമി  ഒരു കുടുംബം  ഒരു ഭാവി’ എന്ന പ്രമേയവുമായി ഇന്ത്യയുടെ ഏ20 അധ്യക്ഷതയില്‍, വളര്‍ച്ചയ്‌ക്കും വികസനത്തിനുമുള്ള ചര്‍ച്ചകളില്‍ ഭിന്നശേഷി വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുന്നു.  ഇന്ത്യ അതിന്റെ സ്വാതന്ത്ര്യ ശതാബ്ദിയോട് അടുക്കുമ്പോള്‍ ഉന്നമിടുന്ന ഒരു മഹത്തായ ലക്ഷ്യം സമഗ്രതയും പ്രവേശന ക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയെ ഒരു ആഗോള നേതാവായി ഇത് ഉയര്‍ത്തും. ഇതിനായി, എല്ലാ മാസവും 11ാം തീയതി ‘ഭിന്നശേഷിയുള്ളവരുടെ പ്രത്യേക ദിനം’ ആയി നിശ്ചയിച്ചു കൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കാമ്പയിന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത്, ധീരതയുടെയും സംരംഭങ്ങളുടെയും കഥകള്‍ പങ്കുവെച്ചുകൊണ്ട് ഭിന്നശേഷിയുള്ളവരെ അനുസ്മരിക്കാനും ആഘോഷിക്കാനും പിന്തുണയ്‌ക്കാനുമുള്ള അവസരമാണ് ഈ ദിനം. ഈ ആശയത്തിന് തുടക്കമിടാന്‍ ‘മന്‍ കി ബാത്’ നേക്കാള്‍ മികച്ച വേദിയില്ല. പ്രതീകാത്മക തീയതിയായി 11 തിരഞ്ഞെടുക്കുന്നത് ചെറിയ പരിശ്രമങ്ങള്‍ സംയോജിപ്പിക്കുമ്പോള്‍ മികച്ച ഫലങ്ങള്‍ നല്‍കുമെന്ന ആശയത്തെ സൂചിപ്പിക്കുന്നു. ഭിന്നശേഷി അവകാശങ്ങളും ഉള്‍പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓരോ സംഭാവനയും വിലപ്പെട്ടതാണ്, അത് അംഗീകരിക്കപ്പെടേണ്ടതാണ്.

‘മന്‍ കി ബാത്തിന്റെ’ വരാനിരിക്കുന്ന നൂറാം എപ്പിസോഡിനായി ഞാന്‍ കാത്തിരിക്കുകയാണ്, കൂടാതെ ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങളില്‍ നമ്മുടെ പ്രധാനമന്ത്രിയുടെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍ കേള്‍ക്കാനും ഞാന്‍ കാത്തിരിക്കുകയാണ്.  ‘നമുക്കെല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും’ എന്ന മനോഭാവം വളര്‍ത്തിയെടുക്കുന്ന ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍, ‘അമൃത് കാലത്തി ‘ലേയ്‌ക്ക് നടക്കുമ്പോള്‍, പ്രധാനമന്ത്രി മുന്നോട്ട് വെച്ച ‘പഞ്ചപ്രാണ്‍’ നിറവേറ്റിക്കൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ആവേശം രാജ്യം മുഴുവന്‍ നിറയുന്ന  തരത്തില്‍ ‘മന്‍ കി ബാത്തിലൂടെ’ ചര്‍ച്ച ചെയ്യപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക