വ്യവസ്ഥിതിയുടെ കേവലയുക്തികള്‍ പാടെ ഒഴിവാക്കി, തന്റെ മുന്നില്‍ നീണ്ടുവളഞ്ഞുകിടക്കുന്ന ചരിത്രത്തിന് എതിരെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഒരു കവി തനിയെ നില്‍ക്കുന്നു. എളുപ്പമല്ലാത്ത ദഹനപ്രക്രിയയ്‌ക്കിടയില്‍ തലചായ്ച്ച് കണ്ണടച്ച് ഉറക്കം നടിച്ചു കിടക്കുന്ന ചരിത്രത്തിനുനേരെ ആ കവി തന്റെ കയ്യിലുള്ള ധര്‍മ്മചക്രം ചുഴറ്റിയെറിയുന്നു. നെടുമയക്കത്തില്‍നിന്നും പൊടുന്നനെ ചരിത്രം കണ്ണുതുറക്കുന്നു, ഒന്ന് പുളയുന്നു. കേവല യുക്തികള്‍ക്കുപകരം താര്‍ക്കിക യുക്തികളുപയോഗിച്ച് ചരിത്രത്തെ പൊള്ളിച്ച ഈ കവി പക്ഷേ, സായുധനായ യോദ്ധാവായിരുന്നില്ല. അടവുകളൊക്കെയറിയാമായിരുന്നെങ്കിലും അതൊക്കെയുപേക്ഷിച്ച് സൗന്ദര്യത്തിന്റെയും തര്‍ക്കശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും ദൂരദര്‍ശിനിയുമായി ചരിത്രത്തെ സമീപിച്ച ഈ കവി കുമാരനാശാനാണ്. ചരിത്രത്തിനു നേരെ ആശാന്‍ ചുഴറ്റിയെറിഞ്ഞത് വീണപൂവ് മുതല്‍ കരുണവരെയുള്ള കൃതികള്‍ ഉള്‍ച്ചേര്‍ന്ന, മൂര്‍ച്ചയുള്ള കാവ്യചക്രമായിരുന്നു. ഈ ചക്രത്തില്‍നിന്ന് ചിതറിത്തെറിച്ച ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി തുടങ്ങിയ കാവ്യങ്ങള്‍ നമ്മുടെ ചരിത്രബോധത്തെ വല്ലാതെ പൊള്ളിച്ചു. വീണപൂവ്, നളിനി, ലീല തുടങ്ങിയ കൃതികളാവട്ടെ നമ്മുടെ സൗന്ദര്യബോധത്തിലാണ് വിള്ളലുണ്ടാക്കിയത്.
ചരിത്രത്തിന്റെ യുക്തിയില്ലായ്മയില്‍നിന്നാണ് ചരിത്രത്തെ പൊള്ളിക്കുന്ന കൃതികളുണ്ടാവുന്നത്. സമൂഹത്തിന് യുക്തിബോധം നഷ്ടപ്പെട്ടതുകൊണ്ടല്ല, അയുക്തിയാണ് യുക്തിയെന്ന് തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ചരിത്രം ഇങ്ങനെ വികലമായി മാറിയത്. രക്തശുദ്ധിയും കുലമഹിമയും കൊണ്ട് ഉയര്‍ത്തിനിര്‍ത്തിയ വര്‍ണ്ണവ്യവസ്ഥയ്‌ക്ക് യുക്തിയുടെ ബാഹ്യഘടന നല്‍കാന്‍ തന്ത്രശാലികളായ പൗരോഹിത്യത്തിന് എളുപ്പം സാധിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ കലര്‍പ്പില്ലാത്ത ശുദ്ധരക്തമെന്ന അഭിമാനം വിഡ്ഢിത്തത്തിന്റെ സീമന്തപുത്രനാണ്. ചരിത്രത്തെ പൂര്‍ണ്ണമായും തമസ്‌കരിച്ചുകൊണ്ടുമാത്രമേ ഇത്തരമൊരു അസംബന്ധത്തെ സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. ആശാന്‍ ഈ അസംബന്ധത്തെത്തന്നെ ആയുധമാക്കി പൗരോഹിത്യത്തിന്റെ മര്‍മ്മസ്ഥാനത്ത് പ്രയോഗിച്ചു. അന്നേവരെയുള്ള ചരിത്രത്തിന്, അത് നിര്‍മ്മിച്ചവര്‍ക്ക് ആ പ്രഹരം താങ്ങാനായില്ല. യുക്തിരഹിതമായ ചരിത്രത്തിനു നേരെ ആശാന്‍ പ്രയോഗിച്ച ഈ ആയുധമാവട്ടെ, ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് നിര്‍മ്മിച്ചവയായിരുന്നു. മതാത്മകമായ ധര്‍മ്മചിന്തയായിരുന്നു അതിന്റെ ആണിക്കല്ല്. പക്ഷേ, സുപ്രധാനമായ ഈ വസ്തുത എന്തുകൊണ്ടോ കുമാരനാശാനെ ആഘോഷിച്ചവര്‍ അവഗണിച്ചു. അവര്‍ ആശാനെ നവോത്ഥാനത്തിന്റെ, വിപ്ലവത്തിന്റെ, പുരോഗമനത്തിന്റെ മാത്രം കവിയായി വിലയിരുത്തി. എന്നാല്‍ അവയ്‌ക്കെല്ലാം പിന്നിലുണ്ടായിരുന്നത് ആശാന്റെ മതാത്മകമായ ധര്‍മ്മചിന്തയായിരുന്നു എന്ന പ്രത്യക്ഷയാഥാര്‍ത്ഥ്യം അവര്‍ ബോധപൂര്‍വ്വം ഒഴിവാക്കി. ഈ ധര്‍മ്മചിന്ത വാല്മീകി മഹര്‍ഷി മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍വരെ നീണ്ടുകിടക്കുന്ന കവിപരമ്പര കൈമാറിവന്ന ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്.
ലോകത്തിലെ പ്രാചീന സംസ്‌കാരങ്ങളെല്ലാം പല കാരണങ്ങള്‍കൊണ്ട് കാലക്രമേണ നാശോന്മുഖമായപ്പോള്‍ ഭാരതീയ സംസ്‌കാരം മാത്രം കുറ്റിയറ്റുപോകാതെ നിലനിന്നുപോരുന്നത്, സ്വയം നവീകരിക്കാനുള്ള അതിന്റെ അനന്ത സാധ്യതകള്‍ കൊണ്ടാണ്. അധര്‍മ്മംകൊണ്ട് പൊറുതിമുട്ടുമ്പോള്‍ അതില്ലാതാക്കാന്‍ ധര്‍മ്മം അവതരിക്കും എന്ന സങ്കല്പം ഈ സംസ്‌കാരത്തിന്റെ ആധാരശിലയാണ്. ഏത് സംസ്‌കാരത്തിന്റെയും പതാകവാഹകര്‍ അതത് സംസ്‌കാരത്തിന്റെ ഊര്‍ജ്ജം സ്വീകരിച്ച മഹാകവികളായിരിക്കുമല്ലോ. ഭാരതീയസംസ്‌കാരത്തിന്റെ പതാകയേന്തിയവര്‍ ഇതിഹാസകവികളായ വാല്മീകി മഹര്‍ഷിയും വേദവ്യാസനുമാണ്. ഭാരതത്തിലെ സാസ്‌കാരികാന്തരീഷം മലീമസമാവുമ്പോള്‍ ഓരോ കാലഘട്ടത്തിലും മഹാകവികള്‍ അവതാരപുരുഷന്‍മാരുടെ ധര്‍മ്മം ഏറ്റെടുക്കാറുണ്ട്. കാളിദാസനും ഭാസനും ഭവഭൂതിയും തുളസീദാസനും കമ്പരും എഴുത്തച്ഛനും അത്തരം ധര്‍മ്മങ്ങള്‍ ഏറ്റെടുത്തവരാണ്.
കുമാരനാശാന്റെ ചിന്തയെയും ഭാവനയെയും ഗാഢമായി സ്വാധീനിച്ച പ്രധാന ഘടകം ഭാരതീയമായ ധര്‍മ്മബോധമാണ്. ഹിന്ദുമതത്തിന്റെയും ബുദ്ധമതത്തിന്റെയും ധര്‍മ്മസങ്കല്പങ്ങളോട് ആശാന് ഒരുപോലെ പ്രതിപത്തിയുണ്ടായിരുന്നു. ഹിന്ദുമതത്തിന്റെ ഭാഗമായ സൗന്ദര്യബോധം ആശാന്റെ കാവ്യജീവിതത്തിന്റെ തുടക്കം മുതല്‍ സ്വാധീനം ചെലുത്തിയിരുന്നു. 1895 മുതല്‍ 1901 വരെയുള്ള കാലത്താണ് സാക്ഷാല്‍ ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ പരിഭാഷ ആശാന്‍ നടത്തുന്നത്. ഇതിനിടയില്‍ സുബ്രഹ്മണ്യശതകം, ശങ്കരശതകം, ശിവസ്‌തോത്രമാല തുടങ്ങിയ കൃതികളും ആശാന്‍ രചിക്കുന്നു. 1916 ല്‍ അദ്ദേഹം കുട്ടികള്‍ക്കായി ബാലരാമായണം എന്ന പേരില്‍ വാല്മീകിരാമായണം സംഗ്രഹിച്ച് പരിഭാഷപ്പെടുത്തി. 1914 മുതല്‍ 1919വരെയുള്ള കാലഘട്ടത്തിലാണ് ചിന്താവിഷ്ടയായ സീത രചിക്കുന്നത്. 1922 ല്‍ ദുരവസ്ഥയും. ഹിന്ദുമതസംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ ആശാന്‍ രചിച്ച ഈ കൃതികളില്‍ ചിന്താവിഷ്ടയായ സീത, ദുരവസ്ഥ എന്നിവയില്‍ ഹിന്ദുമതത്തിന്റ ശാപമായ വര്‍ണ്ണവ്യവസ്ഥയെയും പിതൃദായകക്രമത്തെയും ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. അതേസമയം സനാതനധര്‍മ്മത്തിന്റെ മഹിതപാരമ്പര്യത്തെ അറിഞ്ഞാദരിക്കുകയും ചെയ്യുന്നു. ദുരവസ്ഥയില്‍ ഈ പാരമ്പര്യത്തെ ഹിന്ദുധര്‍മ്മം എന്ന പേരുകൊണ്ടാണ് ആശാന്‍ സൂചിപ്പിക്കുന്നത്. വഴിപിഴച്ചുപോയ സനാതനധര്‍മ്മത്തെ സൂചിപ്പിക്കാന്‍ നമ്പൂരിമതം എന്ന വാക്കും ഉപയോഗിക്കുന്നു. അപ്പോള്‍ ആശാന് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ അന്തസത്തയോട് ബഹുമാനവും അതിന്റെ വഴിപിഴച്ച ജാതിവ്യവസ്ഥയോട് പുച്ഛവുമായിരുന്നു എന്നര്‍ത്ഥം.
തൊട്ടുകൂടായ്മ കൊടികുത്തിവാണ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്ന കുമാരനാശാന് ബുദ്ധമതത്തോട് പ്രത്യേക മമത തോന്നിയത് സ്വാഭാവികമാണ്. കാരണം ബുദ്ധമതം ജാതിവ്യവസ്ഥയെ അനുകൂലിക്കുന്നില്ല. 1903 മുതല്‍തന്നെ ആശാന്‍ എഡ്വിന്‍ ആനോള്‍ഡിന്റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരില്‍ പരിഭാഷപ്പെടുത്താന്‍ ആരംഭിച്ചിരുന്നു. ഒന്നും രണ്ടും കാണ്ഡങ്ങള്‍ 1915 ലും മൂന്നും നാലും കാണ്ഡങ്ങള്‍ 1917 ലും അഞ്ചാം കാണ്ഡം ആശാന്റെ മരണശേഷം 1929 ലുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ ബൗദ്ധസംസ്‌കാരം ആശാന്റെ വ്യക്തിജീവിതത്തിലും കാവ്യജീവിതത്തിലും തുടക്കം മുതല്‍ ഒടുക്കം വരെ കൂടെയുണ്ടായിരുന്നു എന്നര്‍ത്ഥം. ഇതിനിടയില്‍ ബൗദ്ധപശ്ചാത്തലത്തില്‍ 1922 ല്‍ ചണ്ഡാലഭിക്ഷുകിയും 1923 ല്‍ കരുണയും അദ്ദേഹം രചിച്ചു. സൗന്ദര്യലഹരിയില്‍ തുടങ്ങി കരുണയിലവസാനിക്കുന്ന ആശാന്റെ കാവ്യജീവിതത്തില്‍ ഹിന്ദുമതവും ബുദ്ധമതവും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരുന്നു എന്നത് ഒരു വസ്തുതയാണ്.
കുമാരനാശാന്റെ മതസങ്കല്‍പ്പങ്ങളെക്കുറിച്ച് അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ തര്‍ക്കമുണ്ടായിരുന്നു. ആശാന്‍ ഹിന്ദുമതവിമര്‍ശകനും ബുദ്ധമതപ്രചാരകനും ആണെന്ന് ആക്ഷേപമുണ്ടായപ്പോള്‍ അതിന് ആശാന്‍തന്നെ മറുപടി നല്‍കിയിട്ടുണ്ട്. മിതവാദി പത്രാധിപര്‍ക്ക് ആശാന്‍ അയച്ച സുദീര്‍ഘമായ കത്ത് അതിന് തെളിവാണ്. ജാതിവ്യവസ്ഥയുടെ ദുരിതങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ഈഴവര്‍ ഹിന്ദുമതംവിട്ട് ബുദ്ധമതം സ്വീകരിക്കണം എന്ന അഭിപ്രായം ഈഴവരായ ചില പ്രമാണിമാരില്‍നിന്ന് ഉണ്ടായ സമയത്താണ് കുമാരനാശാന്‍ ആ അഭിപ്രായത്തോടുള്ള വിയോജിപ്പ് അറിയിക്കുന്നത്. മതപരിവര്‍ത്തനമല്ല, മതപരിഷ്‌ക്കരണമാണ് വേണ്ടത് എന്ന അഭിപ്രായക്കാരനായിരുന്നു ആശാന്‍. കുമാരനാശാന്‍ തന്റെ കൃതികളില്‍ ജാതിവ്യവസ്ഥയുടെ പേരില്‍ ഹിന്ദുമതത്തെ വിമര്‍ശിക്കുകയും അതില്ലാത്ത കാരണത്താല്‍ ബുദ്ധമതത്തെ പുകഴ്‌ത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശാന്‍ മതപരിവര്‍ത്തനവിഷയത്തില്‍ സ്വീകരിച്ച അഭിപ്രായത്തില്‍ കാപട്യമുണ്ടെന്ന് ചിലര്‍ ആരോപണമുന്നയിച്ചു. ഈ ആരോപണത്തിനുള്ള മറുപടിയാണ് ആശാന്‍ മിതവാദി പത്രാധിപര്‍ക്ക് അയച്ച കത്തിലുളളത്. മതപരിവര്‍ത്തനരസവാദം എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ച ഈ കത്തില്‍ ഹിന്ദുമതത്തിനും ബുദ്ധമത്തിനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസത്തെയും സാമ്യത്തെയുംകുറിച്ചുള്ള ആശാന്റെ കാഴ്ചപ്പാട് എന്തെന്ന് മനസ്സിലാക്കാം.
മതപരിവര്‍ത്തനരസവാദത്തിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം- മതങ്ങളെല്ലാം മലയരുവികള്‍പോലെ ഉന്നതങ്ങളായ സ്ഥാനങ്ങളില്‍നിന്ന് പുറപ്പെടുന്നവയാണ്. അവയുടെ അതതുകാലത്തെ ശുദ്ധി അവ ഒഴുകുന്ന ദിക്കുകളുടെ ഗുണദോഷങ്ങളെ ആശ്രയിച്ചിരിപ്പാനേ വഴിയുള്ളൂ. ഹിന്ദുമതം ദൈവവിശ്വാസത്തില്‍ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ബുദ്ധന്‍ ഒരിക്കലും ദൈവത്തെ അംഗീകരിച്ചിരുന്നില്ല. ബുദ്ധമതം ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല. ബുദ്ധമതം ജാതിയില്‍ താഴ്ന്നവരെ ഉയര്‍ത്തിയിട്ടുമുണ്ട്. അതുപോലെതന്നെ വൈദികധര്‍മ്മവും ജാതിവ്യവസ്ഥയെ അംഗീകരിക്കുന്നില്ല. ശങ്കരന്‍, രാമാനുജന്‍, ശ്രീകൃഷ്ണചൈതന്യന്‍ മുതലായ ഹിന്ദുസംന്യാസിമാര്‍ പലവര്‍ഗ്ഗക്കാരെ ഉന്നമിപ്പിച്ചിട്ടുണ്ട്. ധര്‍മ്മം, മോക്ഷം എന്നീ അടിസ്ഥാന കാര്യങ്ങളില്‍ ബുദ്ധമതവും ഹിന്ദുമതവും യാതൊരു വ്യത്യാസവുമില്ല. പ്രവര്‍ത്തിപഥത്തില്‍ ഈ രണ്ടുമതങ്ങള്‍ക്കും ഒരുപോലെ പരിമിതികളുണ്ട്. അതിനാല്‍ ഒന്ന് ഉല്‍കൃഷ്ടം മറ്റൊന്ന് അപകൃഷ്ടം എന്ന് പറയാന്‍ കഴിയില്ല. അഹിംസയാണ് ബുദ്ധമതത്തിന്റെ മുഖമുദ്ര. എന്നാല്‍ അഹിംസ ഇന്ന് ഏറ്റവും അധികമായി അനുഷ്ഠിക്കുന്നത് ഹിന്ദുവൈദികന്മാരാണ്. കേവലം സസ്യഭുക്കായ ഒരു സമുദായം ഹിന്ദുക്കളിലല്ലാതെ കാണാന്‍ കഴിയില്ല. ബുദ്ധമതത്തില്‍ ജാതിവ്യവസ്ഥയെ അംഗീകരിച്ചിട്ടില്ലെങ്കിലും സമൂഹത്തിലെ ജാതിവ്യത്യാസത്തെ ഇല്ലാതാക്കാന്‍ ബുദ്ധമതം ഒന്നും ചെയ്തിട്ടില്ല. ബര്‍മ്മയൊഴിച്ച് ബുദ്ധമതം പ്രധാനമതമായ എല്ലാ രാജ്യങ്ങളിലും ജാതിവ്യവസ്ഥയുണ്ട്. ഹിന്ദുമതത്തില്‍ അനേകം അനാചാരങ്ങളുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രാകൃതമായ അനാചാരങ്ങള്‍ ബുദ്ധമതത്തിലുമുണ്ട്. മഹായാന ബുദ്ധമതത്തിലെ ജന്തുബലി, പ്രേതമൊഴിപ്പിക്കല്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. രാജാറാം മോഹന്‍ റോയ്, ടാഗോര്‍, വിവേകാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പോരാടിക്കൊണ്ട് ഹിന്ദുമതത്തിന്റെ യഥാര്‍ത്ഥ സത്ത ജനങ്ങളിലെത്തിച്ചവരാണ്. ഹിന്ദുമതത്തിലെ അനാചാരങ്ങളുടെ പേരില്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അവര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തില്ല. ആത്യന്തികമായി നോക്കിയാല്‍ സാംഖ്യം, വൈശേഷികം തുടങ്ങിയ പുരാതന ഹിന്ദുദര്‍ശനങ്ങളിലൊന്ന് മാത്രമാണ് ബുദ്ധമതം. ബുദ്ധമതവിശ്വാസിയും യൂറോപ്യനുമായ റോയിഡ് ഡേവിഡ് എന്ന പണ്ഡിതന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുമാരനാശാന്റെ മതസങ്കല്‍പ്പം ഈ മറുപടിയില്‍നിന്നും വ്യക്തമാണ്. ഹിന്ദു-ബുദ്ധമതങ്ങളെക്കുറിച്ച് എത്രമാത്രം ആഴത്തില്‍ ആശാന്‍ മനസ്സിലാക്കിയിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഈ രണ്ടു മതങ്ങള്‍ തമ്മിലുള്ള ബാഹ്യവ്യത്യാസങ്ങളേക്കാള്‍ പ്രധാനമായി ആശാന്‍ കണ്ടത് അവയ്‌ക്കിടയില്‍ അന്തര്‍ലീനമായി നില്‍ക്കുന്ന ധര്‍മ്മചിന്തകളെയാണ്. വീണപൂവിലും നളിനിയിലും ലീലയിലും പരോക്ഷമായി ഈ ധര്‍മ്മചിന്തയുണ്ട്. ചിന്താവിഷ്ടയായ സീതയിലും ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും കരുണയിലും പ്രത്യക്ഷമായി ഈ ധര്‍മ്മചിന്ത കാണാം. ഈ തിരിച്ചറിവില്‍നിന്നുകൊണ്ട് ആശാന്റെ ഈ വരികള്‍ ശ്രദ്ധിക്കുക-
ഹാ ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വെയ്‌ക്കുക പിന്നെ
യീശാജ്ഞപോലവരുമൊക്കെയുമോര്‍ക്ക പൂവേ
ചിരപുരാതനമായ സനാതനധര്‍മ്മത്തിന്റെ ആഴക്കാഴ്ചകളിലേക്കാണ് കവി വീണപൂവിനെ തൊട്ടുണര്‍ത്തുന്നത്. ഈ ദര്‍ശനത്തിന് കരുണയിലെത്തിച്ചേരുമ്പോള്‍ കൂടുതല്‍ വ്യക്തതയുണ്ടാവുന്നു. അവിടെ വീണുകിടക്കുന്നത് വാസവദത്തയാണ്. കരതലമുയര്‍ത്തി വാസവദത്തയുടെ ശിരസ്സില്‍വച്ച് ഉപഗുപ്തന്‍ പറയുന്നു-
ഭുക്തഭോഗയായ് സഹിച്ച പരിവേദനയാല്‍ പാപ-
മുക്തയായ്, സഹജേ, നീ മുക്തിപാത്രമായ്.
ശ്രദ്ധയാര്‍ന്നു വിദ്യയിനി ശ്രവിക്കുക പവിത്രയായ്
ബുദ്ധമാതാവെഴും പുണ്യലോകം പൂകുക
മരണത്തിന് തൊട്ടുമുമ്പ്, മോക്ഷത്തിന്റെ പടിവാതിലില്‍വച്ച് പൂവും വാസവദത്തയും ഒന്നായിത്തീരുന്നു. രണ്ടുപേരും ഒരു കാലത്ത് രാജ്ഞിയെപ്പോലെ വാണവരാണ്. പൂവ് അധികതുംഗപദത്തില്‍ രാജ്ഞികണക്കെ ശോഭിച്ചിരുന്നു. വാസവദത്തയാവട്ടെ കഞ്ജബാണന്‍തന്റെ പട്ടംകെട്ടിയ രാജ്ഞിപോലെയും. എങ്കിലും നശ്വരമായ ലൗകികജീവിതത്തിന്റെ രണ്ട് മുഖങ്ങളാണ് ഇവര്‍ക്കുള്ളത്.
കുമാരനാശാന്റെ പ്രതിഭ ഒരേസമയം നമ്മുടെ ചരിത്രബോധത്തെയും സൗന്ദര്യബോധത്തെയും അഗാധമായി സ്പര്‍ശിച്ചു. എഴുത്തച്ഛനുശേഷം കുമാരനാശാനെപ്പോലെ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തെ ഇത്രയും ഗാഢമായി സ്വാധീനിച്ച മറ്റ് കവികളില്ല. അതിനുകാരണം ഇതിഹാസകവികളില്‍നിന്നാരംഭിക്കുന്ന സനാതനധര്‍മ്മത്തിന്റെ കാവ്യചക്രം ആശാനെ അനുഗ്രഹിച്ചതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക