എവിടെയൊക്കെയോ, ആരെന്നറിയാതെ, എഴുതിവന്ന തിരക്കഥയാണീ പ്രപഞ്ചം എന്ന് ഓരോ സംഭവത്തിന് ശേഷവും യാത്രയില്‍ അവശേഷിച്ചവനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കാലം നിര്‍വികാരമായി കടന്നുപോകുന്നു. ഇത്ര നേരത്തേ അപ്രത്യക്ഷമാകേണ്ടതില്ലായിരുന്നു എന്ന് ചിലരുടെ കാര്യത്തില്‍ ചിന്തിച്ചുപോവുകയും ചെയ്യും. ഇവ രണ്ടും ചേര്‍ന്ന വികാരമാണ് തോട്ടത്തില്‍ രാധാകൃഷ്ണന് എന്ന ന്യായാധിപനെപ്പറ്റി അദ്ദേഹത്തിന്റെ വേര്‍പാടില്‍ ആര്‍ക്കും തോന്നുക.
അടിത്തൂണ് പറ്റിയതിനുശേഷവും ഇനിയുമെന്തെങ്കിലും കിടച്ചാലോ എന്നന്വേഷിച്ച് എങ്ങുമെങ്ങും തൊടാതെ നടക്കുന്ന ഒരു രീതി അദ്ദേഹത്തിനുണ്ടായിരുന്നില്ല. ജീവിതത്തിലുടനീളം ഒരേ ശാന്തഭാവം. അതൊരുപക്ഷെ കുടുംബപരമായി തന്നെ ലഭ്യമായ അനുഗ്രഹമായിരിക്കാം. അതേസമയം എന്നും സന്തതസഹചാരിത്വം അനിവാര്യമാക്കിയ സായിഭക്തിയും അതിന് കാരണമായേക്കാം. അമ്മ, വിശ്വഹിന്ദുപരിഷത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ ഏറെക്കാലം ഉണ്ടായിരുന്നതും പല മുതിര്‍ന്ന സംഘപ്രവര്‍ത്തകരുമായി ഉണ്ടായിരുന്ന സമ്പര്‍ക്കവും എല്ലാം തികഞ്ഞ ഒരു രാഷ്ട്രഭക്തനാക്കി അദ്ദേഹത്തെ നിലനിര്‍ത്തി എന്നുപറയാം.
80 കളുടെ അവസാനം, അഭിഭാഷകവൃത്തിയുടെ വേദി ഹൈക്കോടതിയും താമസം എറണാകുളത്തുമാക്കിയകാലം മുതലേ, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ സേതുമാധവന് (സേതുവട്ടന്‍) ഇദ്ദേഹത്തെക്കുറിച്ച് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു. ‘അദ്ദേഹത്തെ നിങ്ങള്‍ രാഷ്ട്രധര്‍മ്മപരിഷത്തി(ട്രസ്റ്റ്) ല്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.’എന്ന്. ഏറെ നാളുകള്‍ കഴിഞ്ഞിട്ടാണ്, ഈ ലേഖകനും, അന്ന് രാഷ്ട്ര ധര്‍മ്മ പരിഷത് സെക്രട്ടറിയായിരുന്ന സ്വര്‍ഗീയ മോഹന്‍ജിയുമൊരുമിച്ച് പലതവണ വീട്ടില്‍ പോകാറുണ്ടായിരുന്നു. അന്നൊക്കെ സംഘബന്ധത്തിലുള്ള അഭിമാനവും, ഒപ്പം സായിബാബയുമായുള്ള അടുപ്പവും അനുഭവങ്ങളും പറയാറുണ്ട്. ഒരുപക്ഷെ, ഈ രണ്ടുബന്ധങ്ങള്‍ എന്റെ വ്യക്തിത്വത്തില്‍ ഉണ്ടാക്കിയ അടയാളങ്ങളായിരിക്കാം, തന്നെ ന്യായാധിപ സ്ഥാനത്തേക്ക് പരിഗണിച്ചത് എന്ന് പിന്നീടദ്ദേഹം പറയാറുണ്ടായിരുന്നതും ഓര്‍ത്തുപോവുകയാണ്.
രാഷ്ട്ര ധര്‍മ്മ പരിഷത്തിന്റെ അക്കാലത്തെ പ്രധാന പ്രോജക്ട് എന്നുപറയാവുന്നത് സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളാണ്. പരീക്ഷണങ്ങളും പരാജയങ്ങളും അനുഭവത്തിലൂടെ വിജയത്തിന്റെ പടികളായി മാറിതുടങ്ങുന്ന കാലം. രണ്ടായിരാമാണ്ടോടെ ട്രസ്റ്റിന്റെ ചെയര്‍മാനായി തോട്ടത്തില്‍ വന്നതും വലിയൊരു വഴിത്തിരിവായി. ട്രസ്റ്റ് പ്രര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായി തന്നെ അദ്ദേഹം അന്വേഷിക്കും. പ്രത്യേകിച്ച് വിദ്യാലയത്തെ സംബന്ധിച്ചും കൈകാര്യം ചെയ്യുന്ന ഫാക്കല്‍റ്റി, മാനേജ്മെന്റ് എന്നിവയെക്കുറിച്ചുമൊക്കെ കൃത്യമായ കാഴ്ചപ്പാട്. സായി സമ്പര്‍ക്കത്തിലൂടെ, സംഘപ്രസ്ഥാനങ്ങളിലൂടെ ലഭ്യമായ സംസ്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഭാരതീയവിദ്യാനികേതന്റെ കാഴ്ചപ്പാടുകളുമായി ലയിച്ചുചേരുന്നതായിരുന്നു. അധ്യാപകര്‍ക്കായി നടക്കാറുള്ള പ്രശിക്ഷണ യോഗങ്ങളില്‍ ആ കാഴ്ചപ്പാടുകള്‍ പുതിയ അറിവുകളായി അവര്‍ക്ക് ബോധ്യപ്പെടാറുണ്ടായിരുന്നു. അഞ്ചോ ആറോ വര്‍ഷം ആ നേതൃത്വം ഉണ്ടായിരുന്നു. ജഡ്ജിയായി നിയമിതനാകുന്നതുവരെ. പക്ഷേ, ഔദ്യോഗികമായ ആ ഉയര്‍ച്ച ഒരുവിധത്തിലും സംഘബന്ധമുള്ള സംഘടനകളുമായി അദ്ദേഹത്തെ ‘താല്ക്കാലികദൂരം’ പോലും പുലര്‍ത്താന്‍ സ്വാധീനം ചെലുത്തിയില്ല. സംഘപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയോടെയാണ് പെരുമാറിയത്.
2005ല്‍ ആണെന്നു തോന്നുന്നു, ആലുവായിലെ ഗീതാഭവന്‍ ട്രസ്റ്റിന് കീഴിലുള്ള വിദ്യാധിരാജാ വിദ്യാഭവന് സ്കൂളില്‍ നടത്തപ്പെടുന്ന ‘ഗീതാജ്ഞാനയജ്ഞ’ത്തിന് ഉദ്ഘാടകനായി തോട്ടത്തിലിനെ ക്ഷണിക്കാന്‍ നിശ്ചയിച്ചു. ക്ഷണിക്കേണ്ട ഉത്തരവാദിത്തം മാനേജരെന്ന നിലയ്ക്കും വ്യക്തിപരമായി പരിചയമുണ്ടെന്ന നിലയ്ക്കും എന്നിലായി. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ആവശ്യം പറഞ്ഞു. അതിനായി നേരില്‍ കണ്ട് ക്ഷണിക്കാനായി ഒരു അപ്പോയ്മെന്റ് വേണം. അതാണാവശ്യം. ”അപ്പുച്ചേട്ടന് എന്താണ് വേണ്ടത്? എന്നാണ് പരിപാടി, ഞാന്‍ ഡയറി നോക്കട്ടെ. ഒഴിവുണ്ട്. ഞാന്‍ വരാം. അതിന് ക്ഷണിക്കാനായി വരേണ്ടതില്ല. അല്ലാതെ വേണമെങ്കില്‍, വന്നോളൂ. സന്തോഷം.” ഇതായിരുന്നു ആ ബന്ധത്തിലെ ലാളിത്യം. കഴിഞ്ഞവര്‍ഷം ശങ്കരജയന്തിക്ക് കാലടിയില്‍ മുഖ്യ അതിഥിയായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പങ്കെടുത്ത അവസരത്തില്‍, ഞങ്ങള്‍ ഒന്നിച്ച് ഏറെനേരം ചെലവിട്ടു. ഗവര്‍ണറുടെ പരിപാടിയില്‍ ഔപചാരികമായി പാലിക്കേണ്ട കാര്യങ്ങളെപ്പറ്റി നമ്മുടെ സംഘാടകര്‍ക്കറിയാമോ എന്നദ്ദേഹം എന്നോട് തിരക്കി. പിന്നെ, വിശ്വംപാപ്പാജി (വി.കെ.വിശ്വനാഥന്) യോട് കാര്യങ്ങള്‍ വിശദീകരിച്ച് പറയുമ്പോള്‍, അദ്ദേഹം പുലര്‍ത്തിപ്പോന്ന സൂക്ഷ്മത നമുക്ക് കാണാന്‍ കഴിയും. ഇക്കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതൊന്നും അദ്ദേഹത്തിന്റെ കാര്യമല്ല. പക്ഷേ, ആ യോഗനടപടികളില്‍ തനിക്കും ഒരു കര്‍ത്തവ്യമുണ്ടെന്നബോധം അദ്ദേഹത്തില്‍ എന്നുമുണ്ടായിരുന്നു.
ക്ഷേത്രസംരക്ഷണ സമിതിയുടെ സനാതന ധര്‍മപാഠശാല അധ്യാപകര്‍ക്കായി നടത്തിയ പരിശീലനശിബിരത്തിലെ, സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങില്‍ മുഖ്യ അതിഥിയായി തോട്ടത്തില്‍ രാധാകൃഷ്ണന് ഭാസ്കരീയത്തില്‍ പങ്കെടുക്കവെ ചെയ്ത പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ”നാം അധ്യാപകര്‍ എന്ന നിലയില്‍, പാഠശാലയുടെ സിലബസ് പഠിപ്പിക്കാന്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. ആ പാഠ്യവിഷയങ്ങളുടെ ആചരണീയരും കൂടി ആകാന്‍ കഴിയണം. എങ്കിലേ സംസ്കാരം പകര്ന്നുനല്കാന് കഴിയൂ.” അതായിരുന്നു ആ പ്രസംഗത്തിന്റെ രത്നച്ചുരുക്കം.
ക്ഷേത്രസംരക്ഷണ സമിതിയുടെ 56-ാമത് സംസ്ഥാന സമ്മേളനം ആലുവായില്‍ നടന്ന അവസരത്തില്‍ ചെയ്ത മുഖ്യപ്രഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു. ഭാസ്കരീയം എന്ന സ്ഥാപനത്തെക്കുറിച്ചും സരസ്വതീവിദ്യാനികേതനെക്കുറിച്ചും വലിയ അഭിമാനമായിരുന്നു അദ്ദേഹത്തിന്. നമുക്കറിയാത്ത പല സവിശേഷതകളും, ഒരു ന്യായാധിപനെന്നനിലയ്ക്ക് ഉണ്ടായിരുന്നതിനെക്കുറിച്ച് ഇതിനകം പലതും നമ്മള് പത്രമാധ്യമങ്ങളില്‍ കൂടി അറിഞ്ഞുകാണും. ഛത്തിസ്ഗഡിലേയും, കൊല്‍ക്കത്തയിലേയും, ആന്ധ്രയിലേയും കോടതി തമാശകള്‍, ധാരാളം കേള്‍ക്കാന്‍ ഈ ലേഖകനും കഴിഞ്ഞിട്ടുണ്ട്. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റശൈലി.
ശാന്തത പരമാവധി സൂക്ഷിക്കുന്ന വ്യക്തിത്വമാണെങ്കിലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതം ആ വ്യക്തിത്വത്തിന്റെ പ്രത്യേകത തന്നെ ആയിരുന്നു എന്ന കാര്യവും പ്രത്യേകം പറയേണ്ടതില്ല. ഏതായാലും കേരളത്തിനു മാത്രമല്ല, ഭാരതത്തിന്, സംസ്കാരസമ്പന്നമായ ചിന്തയും മേധയും പുലര്‍ത്തി പോന്ന ഒരു വ്യക്തിത്വത്തിന്റെ വേര്‍പാട്, വലിയ നഷ്ടം തന്നെയാണ്. അയ്യപ്പകര്‍മ്മ സമിതി, ക്ഷേത്രസംരക്ഷണ സമിതി, പ്രകൃതിയുമായി ബന്ധപ്പെട്ട പല മേഖലകള്‍, മാനുഷികബന്ധങ്ങള്‍ക്ക് സ്ഥായീഭാവം ഉറപ്പാക്കാനുള്ള നീതിബോധ മേഖലകള്‍, തുടങ്ങി എല്ലായിടത്തും അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിക്കുന്നത് വലിയ ശൂന്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: