ജീവിതവും, നാടകവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞതായിരുന്നു അന്തരിച്ച പ്രഗത്ഭ നടനും, സംവിധായകനും, സംഘാടകനുമായിരുന്ന വിക്രമന്‍ നായരുടെ ജീവിതം. എഴുപതുകളിലൊക്കെ ഏതുചെറുപ്പക്കാരനും കൊതിച്ചിരുന്ന അപൂര്‍വ്വമായി മാത്രം കിട്ടിയിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം അരങ്ങിന്റെ വെളിച്ചത്തില്‍ വേഷം കെട്ടി ആടാനിറങ്ങിതിരിച്ചത് എന്ന ഒറ്റക്കാര്യം മതി അദ്ദേഹത്തിന്റെ അഭിനയാസക്തി, നാടക പ്രണയം എത്രഅഗാധവും നൈസര്‍ഗ്ഗികവുമായിരുന്നു എന്നു മനസ്സിലാക്കാന്‍.
പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാടിനടുത്തുള്ള പൊറ്റശ്ശേരി ഗ്രാമത്തിലായിരുന്നു ജനനവും ബാല്യ കാലവും. 1921ലെ മാപ്പിളലഹളയുടെ ക്രൂരതകളനുഭവിച്ചതായിരുന്നുവത്രെ അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം. ആ കുടുംബത്തില്‍ നിന്ന് മരണഭയം മൂത്ത് മതം മാറിപ്പോയ ഒരുവലിയമ്മായിയെ കൂട്ടിക്കാലത്ത് അമ്മ അദ്ദേഹത്തിന് കാട്ടിക്കൊടുത്തിരുന്നു. തൊഴുത്തിനരികിലെ ചായിപ്പില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പഴയ അലമാരയില്‍ കൃഷ്ണന്റെ ഫോട്ടോ വെച്ച് രഹസ്യമായി അരാധിച്ചിരുന്ന ആ ആമിനുമ്മ അമ്മായിയെ കണ്ട ഓര്‍മ്മ തന്റെ ഉള്ളിലെന്നും അണയാതിരിക്കുന്നു എന്നും അദ്ദേഹം ഒരഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരെപ്പറ്റി ഒരു നാടകമെഴുതണമെന്നും അദ്ദേഹത്തിന് മോഹമുണ്ടായിരുന്നു. ആ സ്വപ്‌നം ബാക്കിയാക്കിയാണദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞത്.
അച്ഛന്റെ മരണശേഷം കോഴിക്കോടെത്തിയ വിക്രമന്‍ നായര്‍, ബാബുക്കയുടെയും, കെടിയുടേയും ലഹരിപടര്‍ന്ന അന്നത്തെ കോഴിക്കോടന്‍ സാംസ്‌കാരിക ലോകത്തില്‍ ലയിച്ചുചേര്‍ന്നു. സെന്റ്‌ജോസഫിലെ പഠനം അദ്ദേഹത്തിലെ നടനു വളരാന്‍ സഹായകമായി. ഗുരുവായൂരപ്പന്‍ കോളേജിലെ പഠനകാലത്ത് സര്‍വ്വകലാശാലയിലെ നല്ല നടനായി. പറഞ്ഞുകളിക്കുന്ന കോഴിക്കോടന്‍ നിമിഷനാടകങ്ങളിലംഗമായി. രാജാതിയ്യറ്റേഴ്‌സില്‍ നടനായി. കെടിയുടേയും, വിത്സണ്‍ സാമുവലിന്റേയും കൂടെ സംഗമം തിയ്യറ്റേഴ്‌സിന്റെ പിറവിക്കു കാരണമായി. കെടിയുടെ ‘സ’കാരനാടകങ്ങളിലെ സ്ഥിരം നായകനായി. സാക്ഷാല്‍ക്കാരം എന്ന നാടകത്തിലെ 144 വയസ്സുള്ള വൃദ്ധനായി മലയാള മനസ്സിലദ്ദേഹം നിറഞ്ഞാടി. അത്ഭുതാദരങ്ങളോടെ കേരളം ആ മഹാനടന്റെ പകര്‍ന്നാട്ടം കണ്ടാസ്വദിച്ചു. പിന്നെ സ്റ്റേജിന്ത്യ എന്ന സ്വന്തം നാടക സംഘം തുടങ്ങി. ഒരേസമയം നടനും, സംവിധായകനും സംഘാടകനുമെന്ന നിലയില്‍ അതിസാഹസികമായ നാടക യജ്ഞത്തിലേര്‍പ്പെട്ടു. പി.എം.താജിനെ രംഗത്തുകൊണ്ടുവന്നു. നാടകങ്ങളിലൂടെ ലക്ഷങ്ങള്‍ കൊയ്‌തെടുത്തു. ഉപഹാരങ്ങള്‍ കൊണ്ടകം നിറഞ്ഞു. പിന്നെ എല്ലാം നഷ്ടപ്പെടുത്തി വീണ്ടും ആ ബൊഹീമിയന്‍ കലാകാരനായി. കഠിനാധ്വാനത്തിലൂടെ എല്ലാം വീണ്ടെടുത്തെങ്കിലും അവസാനകാലത്ത് സീരിയല്‍ സിനിമാ നടനായി. അങ്ങനെയങ്ങനെ അഭിനയത്തിന്റെ മാസ്മരികതയില്‍ ലയിച്ച സര്‍ഗ്ഗാത്മക ജീവിതം ബാക്കിയാക്കി അദ്ദേഹം മടങ്ങി. ആദരാഞ്ജലികള്‍… ഒരുപിടി ഓര്‍മ്മകളായ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: