കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്‌നയുടെ സ്‌പേസ്പാര്‍ക്കിലെ നിയമനം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ എം. ശിവശങ്കറിന്റെ പ്രത്യേക താത്പ്പര്യത്തിന്റെ പുറത്താണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൂടാതെ സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റുകളുടേയും അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം കടുപ്പിച്ചിരിക്കുന്നത്.
സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെ മൊഴി ഇഡി എടുത്തു. കണ്‍സള്‍ട്ടന്റായാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേഴ്‌സിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്‌ഐടിഐഎല്ലിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതി. ഇവിടെ ഓപ്പറേഷന്‍സ് മാനേജരായിട്ടായിരുന്നു സ്വപ്ന സുരേഷിന്റെ നിയമനം. 2019 ഒക്ടോബര്‍ മുതല്‍ പ്രതിമാസം 1,12,000 രൂപ വീതമാണ് സ്വപ്‌നയ്‌ക്ക് ലഭിച്ചിരുന്നത്.
അന്നത്തെ കെഎസ്‌ഐടിഐല്‍ എംഡി ജയശങ്കര്‍ പ്രസാദുമായി ഒരു തവണ കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയെ ഈ തസ്തികയിലേക്ക് നിയമിച്ചത്. എന്നാല്‍ സ്വപ്‌ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ ജീവനക്കാരിയാണ്. ഉത്തരവാദിത്തം പിഡബ്‌ള്യുസിക്കും റിക്രൂട്ടിംഗ് ഏജന്‍സിയെന്ന് പ്രചരിപ്പിച്ച വിഷന്‍ടെക്കിനും മാത്രമാണെന്നുമാണ് സര്‍ക്കാര്‍ സ്വര്‍ണ്ണക്കടത്ത് വിവാദം ഉയര്‍ന്നതോടെ പ്രതികരിച്ചത്. അതേസമയം സ്വപ്‌ന പുറത്തുവിട്ട വാട്‌സ്ആപ്പ് ചാറ്റുകളില്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന്റെ നിയമനം നടത്തിയതെന്നാണ് സൂചിപ്പിക്കുന്നത്. ഇത് കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: