Categories: Editorial

രാഹുലിന്റെ വിക്രിയകള്‍ കോണ്‍ഗ്രസ്സില്‍ മതി

ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കശ്മീരില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അവിടെ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്താനായിരുന്നു ശ്രമം. അതിന് ഒരു കള്ളക്കഥ മെനയുകയായിരുന്നു. അന്വേഷണം നടന്നാല്‍ അത് പുറത്താവും. ഇതാണ് പ്രശ്‌നം. ഇതുകൊണ്ടാണ് പോലീസിനോട് സഹകരിക്കാതിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്കും ഇതറിയാം. അതുകൊണ്ട് നേതാവിനെ വിട്ടുകൊടുക്കാതിരിക്കുകയാണ്.

ശ്മീര്‍ യുവതികള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന വെളിപ്പെടുത്തല്‍ നടത്തിയ പാര്‍ട്ടി നേതാവും വയനാട് എംപിയുമായ രാഹുലിനോട് ദല്‍ഹി പോലീസ് വിശദീകരണം തേടിയതില്‍ കോണ്‍ഗ്രസ്സ് ഉണ്ടാക്കുന്ന കോലാഹലം അംഗീകരിക്കാനാവില്ല. പൊതുവായ പ്രസ്താവന നടത്തുകയായിരുന്നു രാഹുലെന്നും, അതിന്റെ പേരില്‍ ഇപ്രകാരം കേസെടുക്കാന്‍ തുടങ്ങിയാല്‍ അത് എവിടെച്ചെന്ന് അവസാനിക്കുമെന്നുമൊക്കെയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ചോദിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം നേതാവിനെ രക്ഷിക്കാനുള്ള ശ്രമമാണിത്. വെറുമൊരു പ്രസ്താവന നടത്തുകയായിരുന്നില്ല രാഹുല്‍. ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയപ്പോള്‍ അവിടെ നടത്തിയ ഒരു പ്രസംഗമാണ് കേസിനാധാരം. കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും, അതില്‍പ്പെടുന്ന രണ്ടുപേര്‍ തന്നെ സന്ദര്‍ശിച്ച് അവരുടെ ദുഃസ്ഥിതി വിവരിച്ചുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. അപമാനം സഹിക്കേണ്ടിവരുമെന്നതിനാല്‍ തങ്ങളുടെ പേരുകള്‍ പുറത്തുപറയരുതെന്ന് ഈ പെണ്‍കുട്ടികള്‍ രാഹുലിനോട് പറഞ്ഞുവത്രേ. വെറുമൊരു അഭിപ്രായമായിട്ടല്ല, നടന്ന ഒരു സംഭവമായാണ് രാഹുല്‍ ഇത് പറഞ്ഞത്. ഒരു ക്രിമിനല്‍ കുറ്റം നടന്നിരിക്കുന്നുവെന്നര്‍ത്ഥം.  ഇതേ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കേണ്ടത് ആവശ്യമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളില്‍നിന്ന് മറച്ചുപിടിക്കുന്നതും കുറ്റകരമാണ്. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും വിവരങ്ങള്‍ കൈമാറാത്തതിനാലാണ് പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

നെഹ്‌റു കുടുംബത്തിന്റെ അനന്തരാവകാശി ആയതിനാല്‍ തങ്ങളുടെ നേതാവ് നിയമത്തിനതീതനാണെന്ന മനോഭാവം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്. കോണ്‍ഗ്രസ്സിനുള്ളില്‍ കാലങ്ങളായി ഇതാണ് നടക്കുന്നത്. എന്തു തോന്ന്യാസം ചെയ്യാനും രാഹുലിന് അധികാരമുണ്ട്. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും എഐസിസിയും പ്രവര്‍ത്തകസമിതിയുമൊക്കെ ഇതിന് വിടുപണി ചെയ്യും. സ്വന്തം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് വലിച്ചുകീറാനും, തോന്നുമ്പോഴൊക്കെ വിദേശങ്ങളില്‍ അജ്ഞാതവാസം നടത്താനും മറ്റുമുള്ള അധികാരാവകാശങ്ങള്‍ രാഹുലിന് കല്‍പ്പിച്ചു നല്‍കിയിരിക്കുകയാണ്. ആരെങ്കിലും ഇതൊക്കെ ചോദ്യം ചെയ്താല്‍ അവര്‍ പാര്‍ട്ടിക്ക് പുറത്താവും. രാജ്യത്തെ നിയമങ്ങളുടെ കാര്യത്തിലും ഇങ്ങനെ വേണമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയ്‌ക്കകത്തും പുറത്തും രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലിന്റെ വിവേചനാധികാരങ്ങളില്‍പ്പെടുന്ന കാര്യമാണെന്ന് ഇവര്‍ കരുതുന്നു. എന്നാല്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായ ഭരണസംവിധാനത്തിനോ ജനങ്ങള്‍ക്കോ ഇത് അംഗീകരിക്കാന്‍ കഴിയില്ലല്ലോ. ബ്രിട്ടനില്‍ ചെന്ന് ഇന്ത്യയ്‌ക്ക് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും, പാര്‍ലമെന്റില്‍ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിനും രാഹുല്‍ വിമര്‍ശിക്കപ്പെടുന്നതും നടപടികള്‍ നേരിടുന്നതും ഇതുകൊണ്ടാണ്. ബഹളമുണ്ടാക്കിയാല്‍ ഈ നടപടികളില്‍നിന്ന് പാര്‍ലമെന്റിനെ നയിക്കുന്നവര്‍ പിന്മാറുമെന്നത് കോണ്‍ഗ്രസ്സ് നേതാക്കളുടെ തെറ്റിദ്ധാരണ മാത്രമാണ്. രാജ്യത്തുള്ളത് കോണ്‍ഗ്രസ്സിന്റെ ഭരണമല്ല,  പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമല്ല. അതിനാല്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന ധാരണ വേണ്ടെന്ന് രാഹുലിനെ ഉപദേശിക്കാനുള്ള  ബാധ്യത കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്.

കള്ളക്കഥകളും പച്ചനുണകളും പ്രചരിപ്പിക്കുകയെന്നത് രാഹുലിന്റെ ശൈലിയാണ്. കോണ്‍ഗ്രസ് ഇതിനെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മാധ്യമശ്രദ്ധ നേടാന്‍ കഴിയുമെന്നതിനാലാണ് ഇത്. സ്വന്തം കഴിവു തെളിയിച്ച് രാഹുലിന് ഇതിനാവില്ലെന്ന് എല്ലാ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അറിയാം. ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി കശ്മീരില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അവിടെ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്താനായിരുന്നു ശ്രമം. അതിന് ഒരു കള്ളക്കഥ മെനയുകയായിരുന്നു. പറഞ്ഞത് ശുദ്ധനുണയാണെന്ന് രാഹുലിന് നന്നായി അറിയാമല്ലോ. അന്വേഷണം നടന്നാല്‍ അത് പുറത്താവും. ഇതാണ് പ്രശ്‌നം. ഇതുകൊണ്ടാണ് പോലീസിനോട് സഹകരിക്കാതിരിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ക്കും ഇതറിയാം. അതുകൊണ്ട് നേതാവിനെ വിട്ടുകൊടുക്കാതിരിക്കുകയാണ്. കൊട്ടിഘോഷിച്ച് നടത്തിയ ഭാരത് ജോഡോ യാത്ര ജനങ്ങളില്‍ യാതൊരു  ചലനവുമുണ്ടാക്കിയില്ല. ഇതിനുശേഷം നടന്ന റായ്പൂര്‍ പ്ലീനം ഒരു പ്രതീക്ഷയും നല്‍കുന്നതായിരുന്നില്ല. ത്രിപുര, നാഗാലാന്റ്, മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയം പാര്‍ട്ടി ജനങ്ങളില്‍ പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുന്നതിന്റെ തെളിവാണ്. പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങളൊക്കെ ഉന്നയിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനൊപ്പം ചേരാന്‍ മറ്റു പാര്‍ട്ടികള്‍ തയ്യാറല്ല. പരാജയം കൂടപ്പിറപ്പായ ഒരു പാര്‍ട്ടിക്ക് സ്വന്തം ചെലവില്‍ നേട്ടമുണ്ടാക്കിക്കൊടുക്കേണ്ടതില്ല എന്നാണ് പ്രതിപക്ഷത്തെ ബഹുഭൂരിപക്ഷം പാര്‍ട്ടികളും കരുതുന്നത്. ഇനിയും പക്വതയാര്‍ജിച്ചിട്ടില്ലാത്ത  രാഹുലിന് ഇതൊന്നും മനസ്സിലാവുന്നില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക