ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതും ഊര്‍ജ ആവശ്യകത ക്രമാനുഗതമായി വര്‍ദ്ധിച്ചുവരുന്നതുമായ പ്രമുഖ സമ്പദ്വ്യവസ്ഥയെന്ന നിലയില്‍, 2020-2040 കാലയളവിലെ ആഗോള ഊര്‍ജ ആവശ്യകതയുടെ വളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക് ഏകദേശം 25% ആയിരിക്കുമെന്നാണ് ബിപി എനര്‍ജി ഔട്ട്ലുക്കും ഐഇഎയും പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമുക്ക് ആവശ്യമായ ഊര്‍ജത്തിന്റെ സുഗമമായ ലഭ്യതയും പ്രാപ്യതയും താങ്ങാവുന്ന വിലയും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, ഊര്‍ജം തേടിയുള്ള ഇന്ത്യയുടെ അസാധാരണമായ സഞ്ചാരങ്ങള്‍ (‘സുയി ജനറിസ്’) നമ്മുടെ ഊര്‍ജ നയത്തെ മുന്നോട്ട് നയിച്ചു. ഇന്ന് ഈ നയങ്ങള്‍ പ്രായോഗികവും സംതുലിതവുമാണെന്ന് ലോകം അംഗീകരിച്ചിരിക്കുന്നു.
എങ്ങനെയാണ് ഇന്ത്യക്ക് ഇത് സാധിച്ചത്?
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎസ്, കാനഡ, സ്പെയിന്, യുകെ എന്നീ രാജ്യങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 35-40% വര്‍ദ്ധിച്ചപ്പോള്‍, അസംസ്കൃത എണ്ണ ആവശ്യകതയുടെ 85%-ത്തില്‍ അധികവും പ്രകൃതി വാതകത്തിന്റെ 55% വും ഇറക്കുമതി ചെയ്തിട്ടും, ഇന്ത്യയില്‍ ഡീസല്‍ വില യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കുറയുകയായിരുന്നു. നമ്മുടെ അയല്‍ രാജ്യങ്ങളില്‍ എണ്ണ ശേഖരം തീര്‍ന്നതോടെ പവര്‍കട്ട് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ വേണ്ടിവന്നപ്പോള്‍, വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തങ്ങളിലും പോലും ഇന്ത്യയില്‍ ഒരിടത്തും ഇന്ധന ക്ഷാമം ഉണ്ടായില്ല.
നമ്മുടെ പൗരന്മാര്ക്ക് ഊര്‍ജ്ജ നീതി ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനമാണ് ഇത് സാധ്യമാക്കിയത്. കേന്ദ്രവും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിലും വാറ്റ് നിരക്കുകളിലും രണ്ടു തവണ വന്‍തോതിലുള്ള കുറവ് വരുത്തി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വന്‍തോതിലുള്ള വിലവര്‍ദ്ധന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ പൗരന്മാരോട് എന്നും പ്രതിബദ്ധത പുലര്‍ത്തുന്ന പൊതുമേഖലാ എണ്ണക്കമ്പനികള്‍ വലിയ നഷ്ടം സഹിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ഗാര്‍ഹിക വാതകത്തിന്റെ വിതരണം വെട്ടിക്കുറച്ച്, നഗര വിതരണ ശൃംഖലയിലേക്കുള്ള സബ്സിഡിയോടു കൂടിയ എപിഎം വാതകം ഗണ്യമായി വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കളുടെ ചെലവില്‍ ശുദ്ധീകരണ ശാലകളും നിര്‍മ്മാതാക്കളും അമിത ലാഭം കൊയ്യുന്നതു തടയാന്‍ പെട്രോള്‍, ഡീസല്‍, എടിഎഫ് എന്നിവയ്ക്ക് കയറ്റുമതി സെസും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിന്ഡ്ഫാള് ടാക്സും ചുമത്തി.
വര്‍ഷങ്ങളുടെ ശ്രമഫലമായി, ഇന്ത്യയിപ്പോള്‍ സ്വന്തം അസംസ്കൃത എണ്ണ വിതരണ ശൃംഖല 27 രാജ്യങ്ങളില്‍ നിന്ന് 39 രാജ്യങ്ങളിലേക്ക് വിപുലീകരിച്ചിരിക്കുന്നു. അസംസ്കൃത എണ്ണയുടെ സ്ഥിരതയാര്‍ന്ന വിതരണം ഉറപ്പാക്കാന്‍ അമേരിക്കയും (അമേരിക്കയുമായുള്ള ഊര്‍ജ വ്യാപാരം കഴിഞ്ഞ 4 വര്‍ഷത്തിനിടെ 13 മടങ്ങ് വര്‍ദ്ധിച്ചു) റഷ്യയും പോലുള്ള രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യം എന്ന നിലയില്‍, തന്ത്രപ്രധാന വിപണിയെന്ന ആനുകൂല്യമുള്ള ഇന്ത്യ, ഉപഭോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞ ഊര്‍ജം ഉറപ്പാക്കാനും ആഗോള പെട്രോളിയം വിപണികളില്‍ സ്വാധീനം ചെലുത്താനും ഈ അനുകൂല്യത്തെ വിനിയോഗിച്ചു.
ചില രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങള്‍ സംഭരിക്കാനാരംഭിച്ചത് യഥാര്‍ത്ഥത്തില്‍ ആഗോള ആവശ്യകതയും വിതരണവും പ്രതിദിനം ഏകദേശം 98-100 ദശലക്ഷം ബാരല്‍ എന്ന നിലയില്‍ സന്തുലിതമാക്കി. അതുവഴി ആഗോള മൂല്യ ശൃംഖലയെ നിയന്ത്രിച്ച് എണ്ണ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. ഇങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ആഗോള എണ്ണ വില ബാരലിന് 300 ഡോളര്‍ വരെ ഉയരുമായിരുന്നു!
പരമ്പരാഗത ഇന്ധന പര്യവേക്ഷണവും ഊര്‍ജ പരിവര്‍ത്തനവും ലക്ഷ്യമിട്ട് നാം പ്രവര്‍ത്തിക്കുന്നു. ഇന്ത്യ, 2023 ലെ ലൈസന്‍സിംഗ് വൈല്‍ഡ്കാര്‍ഡ് ആയിരിക്കുമെന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ വുഡ് മക്കെന്സിയിയുടെ പ്രഖ്യാപനം, ആകര്‍ഷകമായ പര്യവേക്ഷണ, വികസന, ഉത്പാദന ലക്ഷ്യസ്ഥാനമാകുന്നതിനുള്ള നമ്മുടെ പരിഷ്കാരങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയാണ്. 2025 ഓടെ, പര്യവേക്ഷണ പരിധിയിലുള്ള ഭൂപ്രദേശം 8% (0.25 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍) ല്‍ നിന്ന് 15% (0.5 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍) ആയി ഉയര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖലയിലെ നിരോധിത/നിയന്ത്രിത മേഖലകള്‍ 99% കുറച്ചു കൊണ്ട് ഏകദേശം ഒരു ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പര്യവേക്ഷണത്തിനായി വിട്ടുനല്‍കി.
എന്നാല്‍, ഗ്ലാസ്ഗോയില്‍ മോദി പ്രഖ്യാപിച്ച, 2070-ഓടെ പൂജ്യം ബഹിര്‍ഗമനമെന്ന ലക്ഷ്യത്തിലും 2030 അവസാനത്തോടെ ബഹിര്‍ഗമനം ഒരു ബില്യണ്‍ ടണ്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തിലും ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. കാലാവസ്ഥാ വ്യതിയാന പ്രതിബദ്ധതകളിലും രാജ്യം ഉറച്ചുനില്‍ക്കുന്നു. ജീവിത നിലവാരം ഉയരുന്നതിനും ദ്രുതഗതിയിലുള്ള നഗരവത്ക്കരണത്തിനും അനുസൃതമായി പെട്രോകെമിക്കല്‍ ഉത്പാദനവും ഇന്ത്യ അതിവേഗം വിപുലീകരിക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ ആഗോള കയറ്റുമതി രാജ്യമായ ഇന്ത്യയുടെ ശുദ്ധീകരണ ശേഷി അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് പിന്നിലായി നാലാമതാണ്. 2040-ഓടെ ഈ ശേഷി 450 എംഎംടി ആയി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ വര്‍ഷം കണ്ട അന്താരാഷ്ട്ര എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളില്‍ ഇന്ധന വില സ്ഥിരത ഉറപ്പാക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ് ശുദ്ധീകരണ ശേഷി വിപുലീകരണം.
2030 ആകുമ്പോഴേക്കും വാതക വിഹിതം നിലവിലെ 6.3% ല്‍ നിന്ന് 15% ആയി വര്‍ധിപ്പിച്ച് വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇന്ത്യ 9.5 കോടിയിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക വാതക ഇന്ധനമെത്തിച്ചു. പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷനുകള്‍ 2014ലെ 22.28 ലക്ഷത്തില്‍ നിന്ന് 2023-ല്‍ ഒരു കോടിയില്‍ അധികമായി. ഇന്ത്യയിലെ ദ്രവീകൃത പ്രകൃതി വാതക സ്റ്റേഷനുകളുടെ എണ്ണം 2014-ലെ 938-ല്‍ നിന്ന് 2023-ല്‍ 4900 ആയി. ഗ്യാസ് പൈപ്പ്ലൈന് ശൃംഖലയുടെ നീളം 2014 ലെ 14,700 കിലോമീറ്ററില്‍ നിന്ന് 2023ല്‍ 22,000 കിലോമീറ്ററായി ഉയര്‍ന്നു. അടുത്തിടെ സമാപിച്ച 2023 ലെ ഇന്ത്യ എനര്‍ജി വീക്കില്‍, ഇ20 അഥവാ 20% എത്തനോള്‍ കലര്‍ന്ന പെട്രോള്‍, പ്രധാന മന്ത്രി അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യ ജൈവ ഇന്ധന വിപ്ലവത്തില്‍ വലിയ മുന്നേറ്റം നടത്തി. ഇത് 15 നഗരങ്ങളില്‍ വ്യാപിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: