Categories: Article

സ്ത്രീ സുരക്ഷ: പ്രതീക്ഷയും വെല്ലുവിളികളും

1977-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു. 1975 ലാണ് ഐക്യരാഷ്ട്രസഭ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും യുഎന്‍ വനിതാദിനം ആചരിച്ചു വരുന്നു. ഈ ദിനം സ്ത്രീകളുടെ നേട്ടങ്ങളെ ബഹുമാനിക്കുവാനും ലിംഗ സമത്വവും ലിംഗ നീതിയും പ്രോത്സാഹിപ്പിക്കുവാനും കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്ക്കുവാന്‍ ആവശ്യമായ ബോധവത്കരണം നടത്താനും സഹായിക്കുന്നു. ലിംഗാധിഷ്ഠിതമായ അക്രമത്തെ ചെറുക്കാനും വേതനത്തിലെ അസമത്വം,

ഡോ. പി കെ രാജഗോപാല്‍

നാം വീണ്ടുമൊരു വനിതാദിനം കൂടി ആചരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശമനമില്ലാത്ത കാലഘട്ടത്തില്‍ ഈ ദിനാചാരണത്തിന് ഏറെ പ്രസക്തിയുണ്ട്. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു എന്നത്  വിരോധാഭാസം തന്നെയാണ്. നിയമം പാലിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തന്നെ സ്ത്രീകള്‍ക്കു ഭീഷണിയായി മാറുന്നു എന്നത് ഏറെ ആശങ്ക ഉളവാക്കുന്നു.

1977-ല്‍ യുഎന്‍ ജനറല്‍ അസംബ്ലി സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മാര്‍ച്ച് 8 അന്താരാഷ്‌ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചു. 1975 ലാണ് ഐക്യരാഷ്‌ട്രസഭ ആദ്യമായി അന്താരാഷ്‌ട്ര വനിതാ ദിനം ആചരിച്ചത്. അതിനുശേഷം എല്ലാ വര്‍ഷവും യുഎന്‍ വനിതാദിനം ആചരിച്ചു വരുന്നു. ഈ ദിനം സ്ത്രീകളുടെ നേട്ടങ്ങളെ ബഹുമാനിക്കുവാനും ലിംഗ സമത്വവും ലിംഗ നീതിയും പ്രോത്സാഹിപ്പിക്കുവാനും കൂടാതെ സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണയ്‌ക്കുവാന്‍ ആവശ്യമായ ബോധവത്കരണം നടത്താനും സഹായിക്കുന്നു. ലിംഗാധിഷ്ഠിതമായ അക്രമത്തെ ചെറുക്കാനും വേതനത്തിലെ അസമത്വം, ആരോഗ്യപരിരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനുമുള്ള ലഭ്യതക്കുറവ്, രാഷ്‌ട്രീയത്തിലും നേതൃത്വപരമായ സ്ഥാനങ്ങളിലും സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ ദിനം ഉപയോഗിക്കാം.

നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ വിവിധ മേഖലയിലുള്ള മുന്നേറ്റവും അവരെ സ്വയംപര്യാപ്തരാക്കാന്‍ കഴിയുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതും അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ എടുത്തു പറയേണ്ട ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ജോലിസ്ഥലത്തെ ഉപദ്രവത്തില്‍ നിന്നും വിവേചനത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്ന നിയമനിര്‍മ്മാണം സ്ഥാപിക്കപ്പെട്ടു. മുമ്പെന്നത്തേക്കാളും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുകയും ഉയര്‍ന്ന വിദ്യാഭ്യാസം നേടുകയുമുണ്ടായതോടെ, വിദ്യാഭ്യാസത്തിലും ആരോഗ്യപരിരക്ഷയിലും സ്ത്രീകള്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ലിംഗഭേദം, നിറം, വംശീയത, ലൈംഗിക ആഭിമുഖ്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അക്രമം, മുന്‍വിധി എന്നിവ സമത്വത്തിലേക്കുള്ള പാതയില്‍ സ്ത്രീകള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗണ്യമായ പ്രതിബന്ധങ്ങളില്‍ ചിലതു മാത്രമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും രാഷ്‌ട്രീയവും സാമ്പത്തികവുമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണ്, അവരുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അവരുടെ കാഴ്ചപ്പാടുകള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു.

ലോകമെമ്പാടും നിരവധി സ്ത്രീകളും പെണ്‍കുട്ടികളും ഇപ്പോഴും ലിംഗ അടിസ്ഥാനത്തില്‍ വിവേചനം നേരിടുന്നു എന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. ഗാര്‍ഹികവും ലൈംഗികവുമായ അതിക്രമങ്ങള്‍, കുറഞ്ഞ വേതനം, വിദ്യാഭ്യാസത്തിനുള്ള ലഭ്യതക്കുറവ്, അപര്യാപ്തമായ ആരോഗ്യ സംരക്ഷണം എന്നിങ്ങനെ സ്ത്രീകളെയും പെണ്‍കുട്ടികളെയും ആനുപാതികമായി ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ലിംഗ അസമത്വം അടിവരയിടുന്നു. നിരവധി വര്‍ഷങ്ങളായി സ്ത്രീകളുടെ അവകാശ ലംഘനങ്ങള്‍ തടയുവാനും അസമത്വം പരിഹരിക്കുവാനും നിരവധി നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ലിംഗാധിഷ്ഠിത അക്രമത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും വ്യാപനത്തെ തടയേണ്ടത് അനിവാര്യമാണ്. ലോകമെമ്പാടുമുള്ള  പെണ്‍കുട്ടികള്‍  ഇപ്പോഴും കുട്ടികളായിരിക്കെ വിവാഹിതരാകുന്നു. അല്ലെങ്കില്‍ നിര്‍ബന്ധിത തൊഴിലിലേക്കും ലൈംഗിക അടിമത്തത്തിലേക്കും കടത്തപ്പെടുന്നു. അവര്‍ക്ക് വിദ്യാഭ്യാസത്തിലേക്കും രാഷ്‌ട്രീയ പങ്കാളിത്തത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെടുന്നു. മതത്തെ മറയാക്കി സ്ത്രീകളെ അടിമകളെ പോലെ കരുതുന്നത് ജനാധിപത്യ വിരുദ്ധമാണ്.

മുത്തലാഖിലെ സ്ത്രീ വിരുദ്ധത

മുത്തലാഖ്  എന്നാല്‍ ഒരു  പുരുഷന് തന്റെ ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം ചെയ്യാവുന്ന ഒരു രീതിയാണ്. വിവാഹമോചനത്തിന് പുരുഷന്‍ കാരണമൊന്നും പറയേണ്ടതില്ല, തലാഖ് ചൊല്ലുന്ന സമയത്ത് ഭാര്യ അവിടെ ഉണ്ടായിരിക്കേണ്ടതുമില്ല. മുത്തലാഖ് എന്ന ദുരാചാരം നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചതും മുസ്ലീം സമുദായത്തിലെ സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. സ്ത്രീധനം ആവശ്യപ്പെട്ട് നല്‍കാത്തതിന് ഭര്‍ത്താവിവില്‍നിന്നും  കുടുംബത്തില്‍ നിന്നും മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ അനുഭവിച്ച ഉത്തരാഖണ്ഡില്‍ നിന്നുള്ള ഒരു മുസ്ലിം സ്ത്രീക്ക് 14 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് കത്തിലൂടെ ഭര്‍ത്താവ് മുത്തലാഖ് തല്‍ക്ഷണം നല്‍കി. രണ്ട് കുട്ടികളുടെ സംരക്ഷണവും ഭര്‍ത്താവ് നിഷേധിച്ചു. ഇത് വിവേചനപരവും സ്ത്രീകളുടെ അന്തസ്സിനു വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി അവര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. മുത്തലാഖ് സമ്പ്രദായം പ്രത്യക്ഷത്തില്‍ ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി കണ്ടെത്തി. 2017 ഓഗസ്റ്റ് 22-ന് പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയില്‍, ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമായി ഉടനടി മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി സുപ്രീം കോടതി റദ്ദാക്കി. തലാഖ്-ഇ-ബിദ്ദത്ത് ഭരണഘടനാപരമായ ധാര്‍മികതയ്‌ക്കും സ്ത്രീകളുടെ അന്തസ്സിനും ലിംഗസമത്വത്തിന്റെ തത്വങ്ങള്‍ക്കും എതിരാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗനീതിക്ക് എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സുപ്രീം കോടതി വിധി ശരിവച്ചു. ഈ ആചാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധി ചരിത്രപരമാണ്.  

‘മുത്തലാഖ്’ തുടരുന്നവരെ ശിക്ഷിക്കാനും അത്തരം ആചാരത്തിന്റെ ഇരകള്‍ക്ക് നിയമപരമായ പരിഹാരങ്ങള്‍ നല്‍കാനും നിയമമില്ലാത്തതിനാല്‍, സുപ്രീം കോടതി വിധി ഫലപ്രദമായി നടപ്പാക്കാന്‍ നിയമം വേണമെന്ന ആവശ്യം ഉയര്‍ന്നു. നരേന്ദ്ര മോദി നയിക്കുന്ന സര്‍ക്കാരില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ലിംഗനീതിയും ലിംഗപരമായ അന്തസ്സും ലിംഗസമത്വവും നല്‍കാനുള്ള പരിഷ്‌കരണത്തിന് ഏറെ പിന്തുണ ലഭിച്ചു.  2019 ജൂലൈ 25-ന് ലോക്സഭ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) ബില്‍, 2019 പാസാക്കി, 2019 ജൂലൈ 30-ന് രാജ്യസഭയും അത് പാസാക്കി. ഇന്ത്യന്‍ രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം, മുസ്ലീം സ്ത്രീകള്‍ (വിവാഹത്തെക്കുറിച്ചുള്ള അവകാശങ്ങള്‍ സംരക്ഷിക്കല്‍) നിയമം, 2019  മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നു. ഇത് സ്ത്രീകളുടെ അവകാശ സംരക്ഷണ ചരിത്രത്തിലെ നാഴിക കല്ലായി മാറി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക