ഭിന്ദ്രന്‍വാലയേയും ഖാലിസ്ഥാന്‍ ഭീകരവാദത്തേയും കത്തിയെരിഞ്ഞ പഞ്ചാബിലെയും ദല്‍ഹിയിലെയും തെരുവുകളെയുമെല്ലാം രാജ്യം മറന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ തീവ്രസിഖ് സമൂഹങ്ങള്‍ ‘ഖാലിസ്ഥാന്‍ സ്വപ്നം’ ഇപ്പോഴും താലോലിച്ചുകൊണ്ടേയിരിക്കുന്നു. കാനഡയിലും ബ്രിട്ടണിലും കുടിയേറി സുരക്ഷിത കേന്ദ്രങ്ങളിലിരുന്നുകൊണ്ട് ചില തീവ്ര സിഖ് വിഭാഗങ്ങള്‍ പണമിറക്കി ഖാലിസ്ഥാന്‍ സ്വപ്‌നത്തെ ആളിക്കത്തിക്കുന്നു. ആഴ്ചകള്‍ക്കു മുമ്പുമാത്രം പഞ്ചാബിലെത്തി തീവ്ര സിഖ് സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കുന്ന ചിലര്‍ ഖാലിസ്ഥാന്‍ വാദമുയര്‍ത്തി പഞ്ചാബിലെ തെരുവുകളിലേക്ക് വീണ്ടും അക്രമവുമായി ഇറങ്ങുന്നു. കെപിഎസ് ഗില്ലും ഇന്ത്യന്‍ സൈന്യവും ഒരിക്കല്‍ അവസാനിപ്പിച്ച അക്രമികളുടെ അഴിഞ്ഞാട്ടം പുനരാരംഭിക്കുന്നതിനുള്ള നീക്കങ്ങളാണ് പഞ്ചാബില്‍ നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ആപ്പ് സര്‍ക്കാരും ഖാലിസ്ഥാന്‍ ഭീകരവാദത്തിന് മുന്നില്‍ മൗനം പാലിക്കുമ്പോള്‍ രാജ്യസുരക്ഷയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്ന സംഭവ വികാസങ്ങളാണ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ അരങ്ങേറുന്നത്.
‘പഞ്ചാബിന്റെ അവകാശികള്‍’ ആയുധമെടുക്കുമ്പോള്‍
2021ലെ ചെങ്കോട്ട ആക്രമണക്കേസിലെ മുഖ്യപ്രതിയായ ഖാലിസ്ഥാനി വാദിയും നടനുമായ ദീപ് സിദ്ദു രൂപീകരിച്ച സംഘടനയാണ് വാരിസ് പഞ്ചാബ് ദേ. പഞ്ചാബിന്റെ അവകാശികള്‍ എന്നാണ് വാക്കിന്റെ അര്‍ത്ഥം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് പഞ്ചാബിലുണ്ടായ ഒരു വാഹനാപകടത്തില്‍ ദീപ് സിദ്ദു കൊല്ലപ്പെട്ടിരുന്നു. ഈ തക്കം മുതലാക്കി അമൃത്പാല്‍സിങ് എന്ന ഖാലിസ്ഥാനിവാദി വാരിസ് പഞ്ചാബ് ദേയുടെ നേതൃത്വം കൈക്കലാക്കി. ദുബായില്‍ വര്‍ക്ക്ഷോപ്പ് നടത്തിയിരുന്ന അമൃത്പാല്‍സിങ് എങ്ങനെയാണ് വാരിസ് പഞ്ചാബ് ദേയുടെ നേതൃത്വത്തിലെത്തിയതെന്നത് ഇന്നും അജ്ഞാതമാണ്. കേവലം മാസങ്ങള്‍ കൊണ്ട് ലക്ഷണമൊത്തെ വിഘടനവാദ സംഘടനയായി അയാള്‍ വാരിസ് പഞ്ചാബ് ദേയെ മാറ്റി. കഴിഞ്ഞ വ്യാഴാഴ്ച അമൃത് സറിലെ അജ്നല പോലീസ് സ്റ്റേഷന്‍ ആക്രമണത്തോടെയാണ് വാരിസ് പഞ്ചാബ് ദേയും അമൃത് പാല്‍സിങും ദേശീയ ശ്രദ്ധയിലേക്ക് എത്തിയിരിക്കുന്നത്. അമൃത് പാല്‍സിങിന്റെ വലംകയ്യായ ലവ്പ്രീത് സിങിന്റെ മോചനം ആവശ്യപ്പെട്ട് നൂറുകണക്കിന് ആയുധ ധാരികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും പോലീസുകാരെ ആയുധങ്ങളുപയോഗിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വിഘടനവാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അമൃത് സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ലവ്പ്രീത് സിങിനെ പഞ്ചാബ് പോലീസിനും സംസ്ഥാന സര്‍ക്കാരിനും പിറ്റേദിവസം മോചിപ്പിക്കേണ്ടിവന്നു.
ലവ്പ്രീതിന്റെ മോചനം ഉറപ്പാക്കുംവരെ വാരിസ് പഞ്ചാബ് ദേയുടെ അക്രമി സംഘം വലിയ തോതില്‍ അക്രമണങ്ങള്‍ നടത്തി. സിഖ് പുണ്യഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് കൈകളിലേന്തിയായിരുന്നു ഇവരുടെ ആക്രമണം. പോലീസ് നടപടിയെടുത്താല്‍ പുണ്യഗ്രന്ഥത്തെ ആക്രമിച്ചു എന്ന തരത്തില്‍ വലിയ പ്രചാരണം നടത്താനും പഞ്ചാബിലെങ്ങും ആക്രമണങ്ങള്‍ അഴിച്ചുവിടാനുമായിരുന്നു പദ്ധതിയെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പ്രസ്താവിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടി ജയിലിലടച്ച പ്രതിക്കായി അമൃത്പാല്‍സിങും സംഘവും നടത്തിയ ആക്രമണങ്ങളില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കാന്‍ പോലും പഞ്ചാബ് പോലീസ് തയ്യാറാവുന്നില്ല. രണ്ടാം ഭിന്ദ്രന്‍വാലയെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തെത്തിയ അമൃത്പാല്‍സിങ് ഭിന്ദ്രന്‍വാല ധരിച്ചിരുന്ന വേഷവിധാനങ്ങളോടെയും ആയുധധാരികളെ ചുറ്റും അണിനിരത്തിയുമാണ് നടക്കുന്നത്. 29 വയസ്സു മാത്രം പ്രായമുള്ള അമൃത്പാല്‍സിങിന് കാനഡയിലും യുകെയിലുമുള്ള തീവ്ര ഖാലിസ്ഥാനി അനുകൂല സംഘടനകള്‍ വഴി പണവും പിന്തുണയും വന്‍തോതില്‍ എത്തുന്നുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്നാല്‍ ശക്തമായ നടപടികള്‍ക്ക് പഞ്ചാബ് പോലീസും സംസ്ഥാന സര്‍ക്കാരും തടസ്സം നില്‍ക്കുന്നത് പഞ്ചാബിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ജില്ലാ പോലീസ് മേധാവിമാരുടെ യോഗത്തിലും അമൃത്പാല്‍സിങിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഘടനവാദ നീക്കങ്ങളെപ്പറ്റി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുഗ്രന്ഥ സാഹിബ് ഉയര്‍ത്തിക്കാട്ടി മറുകയ്യില്‍ വാളുകളും ആയുധങ്ങളുമായി പോലീസിനെ അക്രമിച്ച അമൃത്പാല്‍സിങിന്റെ സംഘത്തെ കഠിനമായ രീതിയില്‍ തന്നെ നേരിടണമെന്ന നിര്‍ദ്ദേശമാണ് പോലീസിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
ദീപ് സിദ്ദുവിന്റെ സംഘടനയെ അമൃത്പാല്‍സിങ് തട്ടിയെടുത്തതായാണ് ദീപ് സിദ്ദുവിന്റെ സഹോദരന്‍, ലുധിയാനയില്‍ അഭിഭാഷകനായ അഡ്വ. മന്‍പ്രീത് സിങിന്റെ ആരോപണം. ദീപ് സിദ്ദു ഒരിക്കലും വിഘടനവാദി ആയിരുന്നില്ല. പ്രത്യേക സിഖ് രാജ്യത്തിനായി യുദ്ധം ചെയ്യുകയെന്ന അമൃതപാല്‍സിങിന്റെ ലക്ഷ്യമായിരുന്നില്ല ദീപ് സിദ്ദു മുന്നോട്ട് വെച്ചതെന്നും അമൃത്പാല്‍സിങിന് ദീപ് സിദ്ദുവമായി യാതൊരു ബന്ധവുമില്ലെന്നും അഡ്വ. മന്‍പ്രീത് സിങ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ദീപ് സിദ്ദുവിന്റെ അനുയായികളെ ഖാലിസ്ഥാന്‍ വാദമുയര്‍ത്തി ആവേശമുണ്ടാക്കി തനിക്കൊപ്പം നിര്‍ത്താന്‍ അമൃത്പാല്‍സിങിന് സാധിക്കുന്നുണ്ട്. ഖാലിസ്ഥാന്‍ സ്വപ്നം താലോലിക്കുന്ന സമാന മനസ്‌ക്കരായ സിഖുകാരെയും ഇയാള്‍ ഒപ്പം കൂട്ടുന്നു. തെരുവുകളിലേക്ക് അക്രമങ്ങള്‍ വ്യാപിക്കുകയാണെങ്കില്‍ നാല്‍പ്പതു കൊല്ലങ്ങള്‍ക്കിപ്പുറം പഞ്ചാബ് വീണ്ടും സംഘര്‍ഷ കലുഷിതമാകുമെന്നുറപ്പാണ്.
പിടി മുറുക്കി കേന്ദ്ര ഏജന്‍സികള്‍
കഴിഞ്ഞ അഞ്ചുമാസമായി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റഡാറിലാണ് അമൃത്പാല്‍സിങും വാരിസ് പഞ്ചാബ് ദേയും. അമൃത്പാല്‍സിങിന്റെ ഒരു ഡസനോളം വിദ്വേഷ പ്രസംഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദ നീക്കങ്ങള്‍, അനുയായികളിലേക്ക് ആയുധങ്ങളെത്തിക്കാനുള്ള നീക്കങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ദേശീയതയ്‌ക്കെതിരായ അമൃത്പാലിന്റെ പ്രവര്‍ത്തനങ്ങളും പ്രസംഗങ്ങളും ജര്‍ണ്ണൈല്‍ സിങ് ഭിന്ദ്രന്‍വാലയെ വേഷത്തിലടക്കം അനുകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളും കേന്ദ്രഏജന്‍സികളുടെ ജാഗ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദല്‍ഹി കേന്ദ്രീകരിച്ച് നടന്ന കര്‍ഷക സമരത്തിനായി ദുബായില്‍ നിന്ന് താടിയും കുറ്റിമുടിയുമായി എത്തി സമരമുഖത്ത് അണിനിരന്ന അമൃത്പാല്‍സിങിന്റെ ചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. സമരശേഷം ഇയാള്‍ ദുബായിലേക്ക് തിരിച്ചു പോയിരുന്നു. ദീപ് സിദ്ദുവിന്റെ മരണ ശേഷമാണ് അമൃത്പാല്‍സിങ് മടങ്ങിയെത്തിയത്.
കഴിഞ്ഞ മാസങ്ങളില്‍ പഞ്ചാബില്‍ പലയിടത്തും ഖാലിസ്ഥാനി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ സജീവമായിട്ടുണ്ട്. ഇവര്‍ക്ക് ആയുധങ്ങളെത്തിക്കുന്നതിനായി പാക്കിസ്ഥാനില്‍ നിന്നുള്ള സഹായങ്ങളും എത്തുന്നുണ്ട്. നിരവധി ഡ്രോണുകളാണ് ബിഎസ്എഫ് പഞ്ചാബ് അതിര്‍ത്തിയില്‍ കഴിഞ്ഞ മാസങ്ങളില്‍ വെടിവെച്ചിട്ടത്. ഭിന്ദ്രന്‍വാലയുടെ തുടക്കവും ഇത്തരത്തിലുള്ള സഹായങ്ങളിലൂടെയായിരുന്നുവെന്നും അതിനാല്‍ തന്നെ അതിവേഗത്തില്‍ അമൃത്പാല്‍സിങിന്റെ നീക്കങ്ങളെ അമര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന നിലപാടാണ് കേന്ദ്രഏജന്‍സികള്‍ക്കുള്ളത്. കേന്ദ്രആഭ്യന്തരമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും പഞ്ചാബിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കൂടുതല്‍ കര്‍ശന നടപടികള്‍ അതിവേഗത്തില്‍ ഉണ്ടാവാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: