Categories: Kerala

ഇഡിക്ക് മുന്നില്‍ സി.എം.രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല; സഭ സമ്മേളനം തുടങ്ങുന്നതിനാല്‍ വലിയ ഔദ്യോഗിക ചുമതല; സഭയിലെത്തി; നിയമോപദേശത്തിന് ഇഡി

എന്നാല്‍, ഇത്തവണ കൂടുതല്‍ നോട്ടീസുകള്‍ക്ക് മുതിരാതെ, നിയമമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്രന്റെ അറസ്റ്റിലേക്ക് ഒരുപക്ഷേ കാര്യങ്ങള്‍ നീങ്ങിയേക്കാം.

Published by

തിരുവനന്തപുരം:  വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫഌറ്റ് സമുച്ചയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 4.50 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ ഹാജരാകില്ല. ഇന്നു നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ വലിയ ഔദ്യോഗികചുമതലകളുള്ളതിനാല്‍ ഇന്ന് ഹാജരാകാനാവില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.  

കൊച്ചിയിലെ ഓഫിസില്‍ ഇന്ന് രാവിലെ 10നു ഹാജരാകാനാണു രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരിക്കുന്നത്.  അതേസമയം, നിയമസഭാസേമ്മളനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ സ്റ്റാഫിനു ചോദ്യംചെയ്യലിനു ഹാജരാകാതിരിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഇ.ഡി. നിയമോപദേശം തേടിയേക്കും. 2020 ഡിസംബറില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരായിരുന്നില്ല. കോവിഡ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലാമതും നോട്ടീസ് ലഭിച്ചപ്പോഴാണു ഹാജരായത്.  എന്നാല്‍, ഇത്തവണ കൂടുതല്‍ നോട്ടീസുകള്‍ക്ക് മുതിരാതെ, നിയമമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ രവീന്ദ്രന്റെ അറസ്റ്റിലേക്ക് ഒരുപക്ഷേ കാര്യങ്ങള്‍ നീങ്ങിയേക്കാം.  

ലൈഫ് മിഷന്റെ മുന്‍ സിഇഒ യു.വി. ജോസിന്റെ മൊഴികളില്‍നിന്ന് ഇഡിക്ക് ഇതുസംബന്ധിച്ച തെളിവു ലഭിച്ചു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴ ആരുടെയൊക്കെ കരങ്ങളിലെത്തി എന്നതാണ് രവീന്ദ്രനില്‍നിന്ന് ഇ ഡി പ്രധാനമായി ചോദിച്ചറിയുക. ആറ് കോടി കോഴ വാങ്ങിയെന്ന് സ്വപ്‌ന സുരേഷും 4.50 കോടി കൊടുത്തെന്ന് സന്തോഷ് ഈപ്പനും മൊഴി നല്‍കിയിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപയാണ്. ഇത് കോഴയിലെ ശിവശങ്കറിന്റെ പങ്കാണെന്നു  സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിനും സന്ദീപ് നായര്‍ക്കും ചെറിയ തുക വീതം കൊടുത്തിട്ടുണ്ട്. സമ്മാനങ്ങള്‍ വാങ്ങി നല്‍കാനും ഏതാനും ലക്ഷങ്ങള്‍ ചെലവിട്ടിട്ടുണ്ട്. ബാക്കി പണം ആരുടെ കൈകളില്‍ എത്തിയെന്നറിയാനുള്ള ചോദ്യങ്ങളാവും രവീന്ദ്രനു നേരിടേണ്ടി വരിക. മുഖ്യമന്ത്രിയുടെ കുടുംബത്തിന് വലിയ നേട്ടം ഉണ്ടായിട്ടുണ്ട് എന്ന സ്വപ്‌നയുടെ വെളിപ്പെടുത്തലിലേക്ക് വെളിച്ചം വീശുന്ന തെളിവുകളിലേക്ക് ഇ ഡിയുടെ ചോദ്യം ചെയ്യല്‍ കടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക