Categories: Kerala

കനാൽ വെള്ളം തുറന്ന് വിടുന്നില്ല; പെല്ലറ്റ് തോക്കുമായെത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും മിനി സിവിൽ സ്റ്റേഷനിൽ പൂട്ടിയിട്ടു

കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്.

Published by

തിരുവനന്തപുരം : കനാൽ വെള്ളം തുറന്ന് വിടാത്തതിൽ പ്രതിഷേധിച്ച് വെങ്ങാനൂർ മിനി സിവിൽ സ്റ്റേഷനിൽ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കി ഗേറ്റ് പുറത്തു നിന്ന് പൂട്ടി. പെല്ലറ്റ് തോക്കുമായെത്തിയ അമരിവിള സ്വദേശി മുരുകൻ എന്ന യുവാവാണ് വെള്ളം കിട്ടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ചത്. 

രാവിലെ 11 മണിയോടെയാണ് സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സമീപത്തെ കല്ലിയൂർ പഞ്ചായത്ത് വരെ കനാൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ രണ്ടു വർഷമായി വെങ്ങാനൂർ പഞ്ചായത്തിൽ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.  

കനാൽ വെള്ളം രണ്ടുവർഷമായി ലഭിക്കാത്തതിനാൽ കർഷകർ ഉൾപ്പടെ ബുദ്ധിമുട്ടിലാണെന്നും മുരുകൻ പറയുന്നു. ഓഫീസിന് മുന്നിൽ എത്തിയ യുവാവ് ഗേറ്റ് ഹെൽമെറ്റ് ലോക്ക് ഉപയോഗിച്ച് പൂട്ടി. ഇതോടെ മണിക്കൂറോളം ജീവനക്കാരും  ഓഫീസിൽ എത്തിയവരും ഭീതിയിലായി. സംഭവം അറിഞ്ഞ ഉടനെ പോലീസ് സ്ഥലത്ത് എത്തി. ഇയാളുടെ അരയിൽ നിന്ന് എയർ ഗൺ പിടിച്ചെടുത്തു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക