അഡ്വ. ചാർളി പോൾ (8075789768)
കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി നെടുകെ പിളരുകയോ ഇല്ലെന്ന ബാലാവകാശകമ്മീഷന്റെ അഭിപ്രായം വ്യത്യസ്തമായ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടുന്നതിനും ലേലം വിളിച്ച് പിറ്റിഎ ഫണ്ടില്‍ മുതല്‍ക്കൂട്ടാമെന്നുമുള്ള 2010ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് നിലവിലുള്ളത്. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് തിടുക്കപ്പെട്ട് നടപ്പാക്കാനിടയില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ അനുവദിച്ചാലുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അധ്യാപകര്‍ക്കുള്ള ആശങ്കയും ഇതിനോടകം സ്‌കൂള്‍ അധികൃതര്‍ പങ്കുവച്ചിട്ടുണ്ട്. കമ്മീഷന്‍ വേണ്ടത്ര പഠനം നടത്തിയിട്ടാണോ ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് സംശയമുണ്ട്. കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ചെയ്യില്ല. പക്ഷെ, നിരവധി പ്രശ്‌നങ്ങള്‍ ഫോണിന്റെ ദുരുപയോഗം മൂലം സംഭവിക്കാന്‍ ഇടയുണ്ട്.
സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സിലേഴ്‌സിനോട് ചോദിച്ചാല്‍ ‘ഫോണ്‍ അഡിക്ഷന്‍’വിദ്യാലയങ്ങള്‍ നേരിടുന്ന പ്രധാനപ്രശ്‌നമാണെന്നവര്‍ പറയും. ലഹരിപോലെ തന്നെ മൊബൈല്‍ ഫോണ്‍ അഡിക്ഷനും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അടിമത്വം വന്നാല്‍ ഉറക്കം നഷ്ടപ്പെടും. ഭക്ഷണവിരക്തി, അമിതദേഷ്യം, തലവേദന, സങ്കടം, ശ്രദ്ധക്കുറവ്, നെഞ്ചിടിപ്പ് കൂടുക, സമയബോധം നഷ്ടപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തലപൊക്കും. സ്വന്തം മുറിയിലേക്ക് കുട്ടികള്‍ ഉള്‍വലിയും. ഉറക്കം, ഭക്ഷണക്രമം എന്നിവ താളംതെറ്റും. മറ്റു കാര്യങ്ങളിലൊന്നും സന്തോഷം കണ്ടെത്താനാവാതെ വരും.
മൊബൈല്‍ ഫോണ്‍ 2 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മസ്തിഷ്‌കത്തിലെ ഇടതുവലതു അര്‍ദ്ധഗോളങ്ങള്‍ തമ്മിലുള്ള ഏകോപനം നഷ്ടപ്പെടും. ഇടത് അര്‍ദ്ധഗോളം ഓര്‍മശക്തി, യുക്തിചിന്ത, ഭാഷാസ്വാധീനം, ഗണിതപാടവം എന്നിവയെ നിയന്ത്രിക്കുന്നു. വലത് അര്‍ദ്ധഗോളം കലാപരമായ കഴിവുകള്‍, സൗന്ദര്യാസ്വാദനം, മനുഷ്യത്വം, നന്മ തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കുന്നു. ഇവ തമ്മില്‍ ഏകോപനമില്ലെങ്കില്‍ സമയബോധം നഷ്ടപ്പെടും. രാത്രി പകല്‍ വ്യത്യാസമനുഭവമാകില്ല. ദൈനംദിനകാര്യങ്ങള്‍ താളംതെറ്റും. ഭക്ഷണക്രമം ശ്രദ്ധയില്‍ വരില്ല. രാത്രി ഉറക്കം കുറയുമ്പോള്‍ പിറ്റേന്ന് പകല്‍ മുഴുവന്‍ മന്ദത അനുഭവപ്പെടും. പകല്‍ ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ്, ഉന്മേഷക്കുറവ്, വിശപ്പിലായ്മ എന്നിവ പ്രകടമാകും. അമിതദേഷ്യം, എടുത്തുചാട്ടം തുടങ്ങിയ പെരുമാറ്റപ്രശ്‌നങ്ങളും ഉണ്ടാകും. വീണ്ടും ഫോണ്‍ ഉപയോഗം തുടര്‍ന്നാല്‍ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും നീങ്ങാനിടയുണ്ട്. അമിത ഓണ്‍ലൈന്‍ ഗെയിം ശീലമാക്കിയവരില്‍ അക്രമസ്വഭാവം, സാധനങ്ങള്‍ നശിപ്പിക്കല്‍ എന്നിവയും കണ്ടുവരുന്നുണ്ട്. മൊബൈല്‍ ഫോണ്‍ അശ്ലീലവീഡിയോസ് ഷെയര്‍ ചെയ്യപ്പെടുന്നതിനും കാണുന്നതിനും ഇടയാക്കുകയും അത് ലൈംഗിക അരാജകത്വത്തിലേക്ക് വഴി തുറക്കുകയും ചെയ്യാം.
വിദ്യ അഭ്യസിപ്പിക്കുക എന്ന അധ്യാപകദൗത്യം ഫലപ്രദമായി നിറവേറ്റാന്‍ കുട്ടികളുടെ സാമൂഹ്യ മാധ്യമ ആസക്തി തടസ്സമായി മാറും. സാമൂഹിക മാധ്യമ ആസക്തി ഉത്കണ്ഠ, വിഷാദം എന്നിവ ഉള്‍പ്പെടെ നിരവധി മാസിക പ്രശ്‌നങ്ങള്‍ക്കിടവരുത്തുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍ സമയം കഴിയുംവരെ സ്വിച്ച് ഓഫാക്കി സൂക്ഷിക്കണമെന്ന ബാലാവകാശകമ്മീഷന്‍ നിര്‍ദേശവും കുട്ടികള്‍ക്കിടയില്‍ സാധ്യമാകാനിടയില്ല. കുട്ടിക്കാലത്ത് നിന്ന് യൗവനത്തിലേക്കുള്ള കാലഘട്ടം (കൗമാരം) പരിവര്‍ത്തനത്തിന്റെതാണ്. ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങള്‍ കാരണം കൗമാരക്കാര്‍ പലതരം പ്രലേഭനങ്ങള്‍ക്കും വിധേയരാകും. നിയന്ത്രണമില്ലാത്ത എടുത്തുചാടിയുള്ള പെരുമാറ്റം, ചെയ്യരുതെന്ന് നിര്‍ദേശിക്കപ്പെടുന്ന കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം, എന്തും പരീക്ഷിച്ചറിയാനുള്ള ആഗ്രഹം എന്നിവ കൗമാരസവിശേഷതക ളാണ്. ലൈംഗിക ജിജ്ഞാസയും ഈകാലഘട്ടത്തില്‍ കൂടുതലാണ്. അതുകൊണ്ട് ഫോണ്‍ ദുരുപയോഗിക്കാന്‍ സാധ്യതയുണ്ട്.
പലയിടത്തും വിദ്യാര്‍ത്ഥികളെ ലഹരിവാഹകരായി ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്. ദേഹ-ബാഗ് പരിശോധനകള്‍ വിലക്കിയാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ദേഹ-ബാഗ് പരിശോധനകള്‍ എയര്‍പോര്‍ട്ട്, പ്രധാന ഹോട്ടലുകള്‍, മാളുകള്‍, സിനിമാ തീയറ്ററുകള്‍ എന്നിവിടങ്ങളിലൊക്കെ ഉള്ളതാണ്. കുട്ടികളെ സദാസമയവും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിശ്വാസമില്ലാത്തവിധം നിരീക്ഷണത്തിന് വിധേയമാക്കാതെ, അവരുടെ അന്തസിനെയും ആത്മാഭിമാനത്തെയും ഹനിക്കാതെ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. ബാഗ്, ലഞ്ച്‌ബോക്‌സ്, വസ്ത്രങ്ങള്‍ എന്നിവയില്‍ ഒരു കണ്ണുള്ളത് നല്ലതുതന്നെ. കൗമാരകാലഘട്ടത്തില്‍ കുട്ടികള്‍ വഴിമാറാതിരിക്കാന്‍ അധ്യാപകരുടെയും മാതാപിതാക്കളുടെയും ശ്രദ്ധ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: