തിരുവനന്തപുരം: കൃഷിവകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന വെയര്‍ഹൗസിങ് കോര്പ്പറേഷന് എംഡിയുടെ നിയമനം വിവാദത്തില്‍. വേണ്ടത്ര യോഗ്യതകളില്ലാതെയുള്ള നിയമനത്തെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് എതിര്‍ത്തതോടെയാണ് വിവാദമായത്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംഡിമാരെ നിയമിക്കുന്ന കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷന് ആന്‍ഡ് റിക്രൂട്ട്മെന്റ്) ബോര്‍ഡ് മുഖേനയല്ലാതെ സിപിഐ സംസ്ഥാന നേതാവിന്റെ നിര്‍ദേശപ്രകാരമായിരുന്നു എംഡിയായി നിയമനമെന്നാണ് ആക്ഷേപം.
റിട്ട ഡിവൈഎസ്പിയായിരുന്ന അനില്ദാസിനെയാണ് കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും എംഡിയായും ഒരു വര്‍ഷകാലയളവിലേക്ക് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ എതിര്‍പ്പ് വകവയ്ക്കാതെ നിയമിച്ചത്. നിയമനത്തിന സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം വേണമെന്ന നിയമം നിലനില്‍ക്കെയാണ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാന സര്‍ക്കാരിന്റെ നിയമനം.
വെയര്‍ഹൗസിങ് കോര്പ്പറേഷന് ആക്ട് 1962 അനുസരിച്ച് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെയും സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെയും ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ അടങ്ങുന്ന സമിതിയാണ് സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത്. ആക്ടനുസരിച്ച് കോര്‍പ്പറേഷന്റെ എംഡി നിയമനത്തിന് സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെയും സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷന്റെയും ഡയറക്ടര്‍ ബോര്‍ഡംഗങ്ങളുടെ അനുമതി വേണം. എന്നാല്‍ അനില്‍ദാസിനെ നിയമിക്കുന്നതിനെതിരെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പ്പറേഷന് നിലപാടെടുത്തു.
വെയര്‍ഹൗസിങ് മേഖലയിലോ ലോജിസ്റ്റിക്സ് മേഖലയിലോ ഒരു പരിചയവുമില്ലാത്ത ഒരാളെ ഈ ചുമതലയേല്‍പ്പിക്കുന്നത് അഭികാമ്യമല്ലെന്നും പൊതുവേ നഷ്ടത്തിലോടുന്ന സ്ഥാപനം കൂടുതല്‍ നഷ്ടത്തിലാവാനേ ഇത്തരം നിയമനം വഴിവെയ്ക്കൂവെന്നും സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പ്പറേഷന് കൃഷിവകുപ്പിന് വിയോജനകുറിപ്പെഴുതി.
നിയമപ്രകാരം സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനും സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പ്പറേഷനും തമ്മില്‍ ഏതെങ്കിലും വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാവുകയാണെങ്കില് വിഷയം പരിശോധിച്ച് നടപടിയെടുക്കേണ്ടത് കൃഷി വകുപ്പാണ്. ഇക്കാര്യം നിയമാവലിയില്‍ വ്യക്തമായിരിക്കെയാണ് വിയോജനക്കുറിപ്പ് മുഖവിലയ്ക്കെടുക്കാതെ സര്‍ക്കാര്‍ അനില്‍ദാസിന്റെ നിയമനവുമായി മുന്നോട്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: