കേരളത്തിന്റെ ദേശീയവും സാംസ്‌കാരികവും സാമൂഹ്യവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയില്‍ സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ഭാസ്‌കര്‍ജി എന്ന എ.വി.ഭാസ്‌കരന്‍. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രഭാവവും പ്രത്യേകതയും വൈവിദ്ധ്യമാര്‍ന്നതാണ്. ഏറ്റെടുത്ത ഉത്തരവാദിത്വം നിഷ്ഠാപൂര്‍വ്വമായി അനുവര്‍ത്തിക്കുന്നതില്‍ കാണിക്കുന്ന കണിശം മറ്റുള്ളവരില്‍ എന്തു പ്രതികരണം ഉണ്ടാക്കുമെന്ന് അദ്ദേഹം ചിന്തിക്കാറില്ല എന്നത് പ്രധാനപ്പെട്ട ഒരു പ്രത്യേകത തന്നെ. ആരോടായാലും പറയാനുള്ളത് തുറന്നു പറയുന്നതില്‍ ഒരു സങ്കോചവും ഇല്ലാത്ത വ്യക്തിത്വം. ഇതു രണ്ടുമാകുമ്പോള്‍ ആ മനുഷ്യന് ഒരുപാട് ശത്രുക്കള്‍ വളര്‍ന്നുവന്നിട്ടുണ്ടാകും എന്ന് കരുതുന്നവര്‍ക്കും തെറ്റുപറ്റി. അങ്ങനെ ഒരു വ്യക്തിക്കും ശത്രുതയില്ലാത്ത വ്യക്തിത്വത്തിനുടമയാണ് ഭാസ്‌കര്‍ജി. അനിഷ്ടസംഭവങ്ങളോട് സ്ഥലകാലപരിമിതി കണക്കിലെടുക്കാതെ പ്രതികരിക്കാന്‍ ഒരു മടിയുമില്ലാത്ത വ്യക്തിത്വവുമായിരുന്നു. ഭസ്‌കര്‍ജിയുടെ പിതാവ് കണിശക്കാരനും ശുണ്ഠിക്കാരനുമായ അറയ്‌ക്കപ്പറമ്പില്‍ വാസുദേവഷേണായി തികഞ്ഞ സൂര്യോപാസകനായിരുന്നു. ഞായറാഴ്ചകളില്‍ സൂര്യ ഉപാസനയില്‍ അദ്ദേഹം മുഴുകുക പതിവായിരുന്നു. അച്ഛന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഭാസ്‌കര്‍ജിയായിരുന്നു.
എറണാകുളം ടിഡി ആര്‍എസ്എസ് ശാഖയില്‍ സ്വയംസേവകനായി 46 മുതല്‍ ഭാസ്‌കര്‍ജി സംഘജീവിതം തുടങ്ങി. ടിഡി അമ്പലത്തിനോട് ചേര്‍ന്നുള്ള ദേവസ്വം കെട്ടിടത്തില്‍ നടന്നിരുന്ന ഹിന്ദി ക്ലാസില്‍ ചേരുമ്പോള്‍ മറ്റ് പലരുമുണ്ടായിരുന്നു. സമാധിസ്ഥനായ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ (പൂര്‍വ്വാശ്രമകാലം) അതിലുണ്ടായിരുന്നു. അദ്ദേഹവും സംഘശാഖയില്‍ വരും. കൊച്ചിയിലെ ബാലചന്ദ്രപണ്ഡിറ്റ് ആണ് ഇടയ്‌ക്കിടക്ക് നിന്നുപോകുന്ന ശാഖ പുനരാരംഭിക്കാന്‍ പ്രേരണ കൊടുക്കാറ്. ഇവരുടെ ഇടയില്‍ മുതിര്‍ന്ന, റായ് ഷേണായ് ആണ് സംഘപ്രവര്‍ത്തനത്തില്‍ പ്രാദേശികമായുള്ള സീനിയറും മുന്‍ഗാമിയും. പിന്നെ, ഓടുകാരന്‍ വെങ്കിടേഷ് ഷേണായ്, ഹരിയേട്ടന്റെ ജ്യേഷ്ഠന്‍ പുരുഷോത്തമ ഷേണായ്, ഹരിയേട്ടന്‍ തുടങ്ങിയവരെല്ലാം ഒരേ കാലത്ത് ശാഖയില്‍ വന്നവരായിരുന്നു. പിന്നീടാണ് ഭാസ്‌കര്‍റാവു ബോംബെയില്‍നിന്ന് പ്രചാരകനായി വരുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവസ്വാധീനവും, ജന്മനാല്‍ രാഷ്‌ട്രകാര്യത്തില്‍ താല്പര്യമുണ്ടായിരുന്നതും, ഹിന്ദിപഠനവും തന്നേക്കാള്‍ മുമ്പ് പ്രചാരകനായ ഹരിയേട്ടന്റെ സുഹൃദ്ബന്ധവും പ്രചാരകനാകാന്‍ പ്രേരണയായി എന്ന് ഭാസ്‌കര്‍ജി പറയാറുണ്ട്. 1948 ലെ സംഘനിരോധനവും സത്യഗ്രഹത്തില്‍ പങ്കെടുത്തതും ജയില്‍വാസവുമെല്ലാം മായാത്ത ഓര്‍മ്മകളായിരുന്നു. ബല്‍ഗാമിലാണ് ആദ്യസംഘശിക്ഷാവര്‍ഗിനു പോകുന്നത്. ആ വര്‍ഗ്ഗ് കഴിഞ്ഞാണ് ഭാസ്‌കര്‍റാവുജി പ്രചാരകനായി വരുന്നത്. തനിക്കും പ്രചാരകനാവണമെന്ന ആഗ്രഹം പലതവണ പ്രകടിപ്പിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി.
എറണാകുളം ആല്‍ബര്‍ട്‌സ് സ്‌കൂളിലും കോളേജിലുമായി ഭാസ്‌കര്‍ജി പഠനം പൂര്‍ത്തിയാക്കി. സുവോളജി ബിരുദധാരിയാണ്. ചെന്നൈയില്‍ ഒരു കോളജില്‍ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലാബില്‍ ജോലി ചെയ്തു കുറച്ചുകാലം. ഇക്കാലത്ത് സംഘപ്രചാരകനാകാനുള്ള വ്യഗ്രത കൂടിവന്നു. വിവരം ഇടയ്‌ക്ക് ഭാസ്‌കര്‍റാവുവിനെ അറിയിക്കും. തമിഴ്‌നാടും കേരളവും ചേര്‍ന്ന മേഖലയുടെ കാര്യവാഹ് അണ്ണാജി തിരുനെല്‍വേലിയില്‍ പ്രശസ്തനായ വക്കീലാണ്. അണ്ണാജിയോട് തന്റെ ആഗ്രഹം അറിയിച്ചു. അണ്ണാജിയില്‍നിന്നും ആദ്യം ഉണ്ടായത് അനുകൂലമറുപടിയായിരുന്നില്ല. ഞാനേ പ്രചാരകനല്ല, പിന്നെങ്ങനെ നിന്നെ ഞാന്‍ പ്രചാരകനാക്കും. എന്നായിരുന്നു അണ്ണാജിയുടെ മറുപടി. അതിന് കാരണങ്ങളില്ലാതില്ല. ഗാന്ധിവധത്തിന്റെ പേരും പറഞ്ഞ് സംഘത്തെ നിരോധിച്ചതിനുശേഷം ഉണ്ടായ സംഘടനാപരമായ ആഘാതം വളരെ വലുതായിരുന്നു. പൊതുസമൂഹം സംഘത്തെ ഗാന്ധിഘാതകര്‍ എന്നു പഴിപറയാന്‍ തുടങ്ങി. ബഹുജനപിന്തുണ വളരെ കുറഞ്ഞു. നിലവിലുള്ള പ്രചാരകന്മാരെ നിലനിര്‍ത്താന്‍പോലും സാധിക്കാത്തവിധം സാമ്പത്തികബുദ്ധിമുട്ട്. ഭാസ്‌കര്‍റാവുവിന് ജീവിക്കാന്‍ അത്യാവശ്യ ചെലവിനുവേണ്ടി അയച്ചിരുന്നത് തുച്ഛമായ തുകയായിരുന്നു. ചെന്നൈയില്‍ ജോലി നോക്കിയ സമയത്ത് ഭാസ്‌കര്‍ജിക്ക് ലഭിച്ചിരുന്ന ശമ്പളം 80 രൂപ. അതില്‍നിന്ന് 20 രൂപ ഭാസ്‌കര്‍റാവുവിന് അയക്കും. അതായിരുന്നു അന്ന് പ്രചാരകന്മാരുടെ അവസ്ഥ. അവരില്‍ ഒരാള്‍കൂടി ചേര്‍ന്നാല്‍ അവരെ പോറ്റുന്ന കാര്യം ചിന്തനീയം തന്നെയായിരുന്നു. ആ പശ്ചാത്തലത്തിലാണ് അണ്ണാജി അങ്ങനെ പറഞ്ഞത്. ഏതായാലും ”നീ ഭാസ്‌കര്‍റാവുവുമൊന്നിച്ചല്ലേ പോകുന്നത്. പാക്കലാം”. അങ്ങനെ പ്രചാരകനായി. 1950ല്‍. കോട്ടയത്ത് വാഴൂര്‍ സ്‌കൂളില്‍ അദ്ധ്യാപകവൃത്തിയും സംഘപ്രചാരകപ്രവര്‍ത്തനവും ഒരുമിച്ച്. കോട്ടയം ജില്ലയില്‍ പല ഭാഗങ്ങളിലും ശാഖകള്‍ തുടങ്ങാന്‍ സാധിച്ചു. 55-56 കാലത്ത് പ്രചാരകനായി വന്ന എസ്. സേതുമാധവന്‍ (സേതുവേട്ടന്‍) കോട്ടയം ഭാഗത്ത് ഭാസ്‌കര്‍ജിയുടെ കൂടെ ആയിരുന്നു. ളാക്കാട്ടൂര്‍, പാമ്പാടി, ചെങ്ങനാശ്ശേരി, വാഴൂര്‍ ഇവിടെയൊക്കെ തുടങ്ങിയ ശാഖകള്‍ ഇന്നും സചേതനമായി പ്രവര്‍ത്തിക്കുന്നു.
മലബാര്‍ ഭാഗത്ത് പ്രചാരകനായിരിക്കെ അവിടെ പട്ടാമ്പിയില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റു. വിഭാഗ് സംവിധാനം വന്നപ്പോള്‍ മുതല്‍ പാലക്കാട് (പാലക്കാട് – തൃശ്ശൂര്‍) വിഭാഗ് പ്രചാരകനായി പ്രവര്‍ത്തിച്ചുപോന്നു. ദീര്‍ഘകാലം ആ ഭാഗത്തുതന്നെയായിരുന്നു. 1975 ലെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്, സത്യഗ്രഹസമരവും, സംഘനിരോധനം പിന്‍വലിക്കലും വരെ പാലക്കാട് തന്നെ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാലും അടിയന്തിരാവസ്ഥയിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍, കോഴിക്കോട് കേന്ദ്രമായും പ്രവര്‍ത്തിച്ചു. അടിയന്തിരാവസ്ഥയില്‍ സംഘടനാപ്രവര്‍ത്തനം ഒളിവില്‍ നടത്തുമ്പോള്‍ കൃഷ്ണന്‍നമ്പൂതിരി എന്ന പേരിലാണറിയപ്പെട്ടത്.
ഭാരതീയ വിദ്യാനികേതന്‍
കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്കുണ്ടായ സ്ഥാപനങ്ങളില്‍ പ്രൗഢഗംഭീരമായ സ്ഥാനം അലങ്കരിക്കുന്നതാണ്, ഭാരതീയവിദ്യാനികേതന്റെ കേരളത്തിലെ ആസ്ഥാനമായ വ്യാസവിദ്യാപീഠവും വിദ്യാനികേതന്‍ കേന്ദ്രകാര്യാലയവും. കല്ലേക്കാട് ഗ്രാമത്തില്‍, വിസ്തൃതമായ 26 ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടായത് എന്തുകൊണ്ടും എടുത്തുപറയേണ്ട ഒരു സംരംഭമാണ്. പൂജ്യത്തില്‍നിന്ന് ആരംഭിച്ച്, ഏതാണ്ട് 20-25 വര്‍ഷം ആകുമ്പോള്‍, നാനൂറിലേറെ വിദ്യാലയങ്ങളും, അയ്യായിരത്തോളം അദ്ധ്യാപികാദ്ധ്യാപികമാരും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളും ഉള്ള വലിയൊരു പ്രസ്ഥാനമായി, അതിന്റെ നിലവിലുള്ള സംവിധാനത്തിന്റെ മുക്കും മൂലയും തന്റെ സൂക്ഷ്മദൃഷ്ടിയില്‍ക്കൂടി അവലോകനം ചെയ്ത് വളര്‍ത്തിയെടുത്ത പങ്ക് മാത്രം മതിയാകും ഭാസ്‌കര്‍ജിയെ, ഒരു അപൂര്‍വ്വ വ്യക്തിത്വമായി കാണാന്‍. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് നേരിട്ടുള്ള ചുമതല ഒഴിഞ്ഞതിനുശേഷം അദ്ദേഹം വിദ്യാനികേതന്റെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. മരണശയ്യയില്‍ പോലും വിദ്യാനികേതന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. നേരില്‍ ചുമതലക്കാരനല്ലെങ്കില്‍ക്കൂടി വിദ്യാനികേതന്റെ പ്രവര്‍ത്തകവൃന്ദം, അദ്ദേഹത്തിന്റെ വാക്കിനപ്പുറം പോകാറില്ല. വിദ്യാനികേതന്, ഇത്ര സ്ഥായിയായ വളര്‍ച്ച ഉണ്ടാക്കുന്നതിലദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം സ്തുത്യര്‍ഹമാണ്. വിദ്യാനികേതന്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന സമാജികപരിവര്‍ത്തനത്തിന് അദ്ദേഹം ആരംഭകാലത്തു കണ്ടെത്തിയ വ്യക്തിത്വങ്ങള്‍ വളരെ പ്രഗത്ഭരും പണ്ഡിതരും ആയിരുന്നു. ഡോ. ശങ്കരന്‍ നായര്‍, ഡോ. എ. സുകുമാരന്‍ നായര്‍, ഡോ. എന്‍.ഐ. നാരായണന്‍, ഡോ. സി. ആര്‍. ആര്‍. വര്‍മ്മ, പ്രൊഫ. എം. കെ. ഗോവിന്ദന്‍, പ്രൊഫ. സുമംഗലാദേവി, അനന്തരാമന്‍ മാസ്റ്റര്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭമതികളെ വിദ്യാനികേതന്റെ സാരഥികളാക്കി അത്യുജ്ജ്വലമായ ചിത്രമാണ് വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്തത്.
2015 നവംബര്‍ ആദ്യം വിവിധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചകാരണം ഭാസ്‌കര്‍ജിയെ പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ എറണാകുളത്ത് അമൃതയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ദീര്‍ഘനാള്‍ വേണ്ടതായ പരിചരണത്തിനായി എറണാകുളം സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2016 ഒക്‌ടോബര്‍ 20ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക