തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ ബിസിസിഐയ്ക്ക് അതൃപ്തി. അന്താരാഷ്ട്ര മത്സരങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം കേരളത്തില്‍ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തരാണെന്ന് കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്‍) വൃത്തങ്ങള്‍ പറഞ്ഞു.
ടിക്കറ്റിന്റെ വിനോദ നികുതി തിരുവനന്തപുരം കോര്‍പറേഷന്‍ അഞ്ച് ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതുവഴി നല്ലൊരു വരുമാനം നേടാമെന്ന കോര്‍പറേഷന്റെ കണക്കുകൂട്ടലും പൊളിഞ്ഞു. ക്രിക്കറ്റ് കാണുകയായിരുന്നില്ല, ക്രിക്കറ്റ് ഹര്‍ത്താലായിരുന്നു ജനങ്ങള്‍ ആചരിച്ചതെന്ന് വരെ വിമര്‍ശനമുണ്ടായി. 40000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ ശനിയാഴ്ച വരെ 6000 ടിക്കറ്റുകളാണ് വിറ്റുപോയത്. വിനോദനികുതി കുത്തനെകൂട്ടിയ വിവാദത്തെ തുടര്‍ന്ന് ടിക്കറ്റ് വില്‍പ്പന കുത്തനെ ഇടിഞ്ഞതിന്റെ ആശങ്ക ബിസിസിഐ. കേരള ക്രിക്കറ്റ് അസോസിയേഷനുമായി പങ്കുവെച്ചിരുന്നു.
ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലഭ്യമാക്കാന്‍ കെസിഎ ശ്രമിക്കുന്നുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന് ഈ അന്താരാഷ്‌ട്ര മത്സരം അനുവദിക്കുമോ എന്ന ആശങ്ക കെസിഎയ്‌ക്കുണ്ട്. അമിത് ഷായുടെ മകന്‍ ജയ് ഷാ ആണ് ബിസിസിഐ സെക്രട്ടറി.
വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും ഇത്തവണ നികുതി വര്‍ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നാണ് കായികമന്ത്രി വി. അബ്ദുറഹിമാന്‍ ന്യായീകരിച്ചത്.
അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. പക്ഷെ 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ ആയിരം രൂപയുടെ ടിക്കറ്റിന് 1445 രൂപയാകും.ഏകദിന ക്രിക്കറ്റിന് ഭാവിയുണ്ടോ എന്ന് ഒഴിഞ്ഞ കാര്യവട്ടത്തെ സ്റ്റേഡിയം കണ്ട് യുവരാജ് സിങ്ങ് ട്വിറ്ററില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: