Categories: Varadyam

ഓര്‍മയിലൂടെ ഒരു ഓട്ടപ്രദക്ഷിണം

ഗോഡ്‌സേ കുടുംബത്തോട് സര്‍ക്കാരിനും കോണ്‍ഗ്രസ്സിനും ഗാന്ധി സ്മാരക നിധിക്കുമുണ്ടായിരുന്ന മനോഭാവം വ്യക്തമാക്കുന്ന ഒരു സംഭവം അതില്‍ പറയുന്നുണ്ട്. ഗോപാല്‍ ഗോഡ്‌സേ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്നപ്പോള്‍ ഭാര്യയ്ക്കു ജീവിതം ദുഃസഹമായി. വീടുവിട്ടകലെ പൂനാനഗരത്തില്‍ വീട്ടുജോലിക്കാരിയായി കഴിയവേ അവിടത്തെ കുഞ്ഞിനെ ഉറക്കാനായി അവര്‍ മൂളിയ ഇംഗ്ലീഷ് താരാട്ട് ഗൃഹനാഥനായ അഭിഭാഷകന്‍ കേള്‍ക്കാനിടയായി. വിസ്മയഭരിതനായ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ വിവരം പറഞ്ഞു. അദ്ദേഹം അവര്‍ക്ക് താമസസൗകര്യവും, തരക്കേടില്ലാത്ത ജോലിയും തരപ്പെടുത്തി. അവര്‍ മെല്ലെ മെല്ലെ ജീവിതം പച്ചപിടിപ്പിച്ചു. ഒരു വര്‍ക് ഷാപ്പ് ഉണ്ടാക്കി തരക്കേടില്ലാതെ കഴിഞ്ഞു.

Published by

ജനം ടിവിയുടെ പൊളിച്ചെഴുത്ത് എന്ന പരിപാടിയില്‍ അഡ്വ. ടി.ജി. മോഹന്‍ദാസ് മഹാത്മാന്ധിയുടെ അന്ത്യദിനങ്ങളില്‍ നാഥുറാം ഗോഡ്‌സേയും സംഘവും നടത്തിയ ഗൂഢാലോചന, കൊലപാതകം, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍, അതിനെ ചൊല്ലി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനെതിരെ നടത്തപ്പെട്ട ദുരുപദിഷ്ടമായ നടപടികള്‍ എന്നിവയെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയും കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംഭവം കഴിഞ്ഞ് 75 വര്‍ഷം ആയിട്ടും, അതിന്റെ പേര്‍ പറഞ്ഞ് സംഘത്തെ അധിക്ഷേപിക്കുന്ന പരിപാടി ഇന്നും തുടരുന്നുണ്ട്. അതു ചെയ്തവര്‍ കോടതിയില്‍ പോയി മാപ്പുപറഞ്ഞു. ‘തടികഴിച്ചി’ലാക്കുന്നുമുണ്ട്. ഭാരത് ജോഡോ തീര്‍ത്ഥ യാത്രയുമായി നടക്കുന്ന രാഹുല്‍ഗാന്ധി വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്‌ട്രയിലെ ഒരു ഗ്രാമത്തില്‍ തന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യോഗത്തില്‍ ചെയ്ത പ്രസംഗത്തിന്റെ പേരില്‍ ഈയിടെയാണ് സുപ്രീംകോടതിയില്‍ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്. കേരളത്തിലെ ദേശാഭിമാനി പത്രം 1956 ല്‍ ത്തന്നെ മാപ്പു പറഞ്ഞു പ്രസ്താവന പിന്‍വലിച്ച് അപ്പരിപാടി അവസാനിപ്പിച്ചു. പിന്നീട് വീരസാവര്‍ക്കറെയാണ് പിടികൂടിയത്. അതാരും കണക്കിലെടുക്കുന്നതുപോലുമില്ല എന്നുമാത്രം.

ഗാന്ധിഹത്യ നടന്ന് എഴുപതിലേറെ കൊല്ലമായ ഈയവസരത്തില്‍ ടിജിയുടെ ശ്രമം വളരെ വിജ്ഞാനപ്രദമായി തോന്നി. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഈ ലേഖകന്‍ ഓര്‍മയിലുണര്‍ന്ന ചില കാര്യങ്ങള്‍ പങ്കുവയ്‌ക്കുകയാണ്. ആ ദുരന്തവിവരം ഞങ്ങളുടെ കുഗ്രാമത്തിലെത്താന്‍ രണ്ടുദിവസമെടുത്തു. അവിടെ പത്രങ്ങള്‍ പിറ്റേന്നു മാത്രമേ കിട്ടുമായിരുന്നുള്ളൂ. പിറ്റേന്ന് ശനിയാഴ്ചയാകയാല്‍ പള്ളിക്കൂടമില്ലായിരുന്നു. ടൗണില്‍ പോയ ആരോ വന്ന് വിവരം അറിയിച്ചപ്പോള്‍ വിശ്വസിച്ചില്ല. തൊടുപുഴ ടൗണില്‍ റേഡിയോയുമുണ്ടായിരുന്നില്ല.

പിന്നീട് പത്രങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ ആളുകള്‍ കൂട്ടംകൂടി നിന്നു വായിച്ചുകേള്‍ക്കുകയായിരുന്നു. ‘പൗരധ്വനി’ എന്ന കോട്ടയം പത്രമാണ് ആദ്യമെത്തിയത്. കേസിന്റെ വിചാരണയുടെ ചുരുക്കം ദിവസേന അതില്‍ വരുമായിരുന്നു. അതു വായിച്ച് കേള്‍പ്പിക്കാന്‍ ഒരധ്യാപകന്‍ തയാറായി. നാഥുറാം ഗോഡ്‌സെയുടെ 96 പേജുള്ള പ്രസ്താവന കേട്ട് കോടതിയിലുണ്ടായിരുന്ന ന്യായാധിപനടക്കം വികാരഭരിതനായി കണ്ണീര്‍ വീഴ്‌ത്തിയെന്നു പത്രത്തിലുണ്ടായിരുന്നു. സാധാരണ വിധി വന്നു കഴിഞ്ഞാല്‍ അത് പൊതുരേഖയാണല്ലൊ. ഈ കേസില്‍ ഗോഡ്‌സേയുടെ പ്രസ്താവന പൊതുവികാരത്തെ ഇളക്കിമറിക്കുമെന്നു പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു.

എന്നാല്‍ വിധി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പൗരധ്വനി പത്രാധിപരായിരുന്ന പി.സി.കോരുത് ‘ഗാന്ധിവധകേസ്’ എന്ന പേരില്‍ ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. അതിലും ഗോഡ്‌സേയുടെ  പ്രസ്താവനയുടെ പൂര്‍ണരൂപം ഉണ്ടായില്ല. അതിന്റെ പ്രസിദ്ധീകരണം തടയപ്പെട്ടതായി പ്രസാധകന്‍ വ്യക്തമാക്കിയിരുന്നു. ഗാന്ധിവധക്കേസിനെ സംബന്ധിച്ചു ഭാരതത്തില്‍ തന്നെ ആദ്യമിറങ്ങിയ പുസ്തകം അതായിരുന്നുവത്രേ.

കേസില്‍ മനഃപൂര്‍വം പ്രതിയാക്കപ്പെട്ട് സ്വതന്ത്രഭാരത സര്‍ക്കാരിനാലും പീഡിതനായ വീര സാവര്‍ക്കറെ നിരപരാധിയെന്നു കണ്ട് കോടതി ആദര്‍ശപൂര്‍വം വിട്ടയയ്‌ക്കുകയായിരുന്നു.  

ആരോപണങ്ങളുടെയും അവഹേളനങ്ങളുടെയും തീച്ചൂളയില്‍ സംഘം കഴിയുന്ന കാലത്താണ് ഈ ലേഖകന് സ്വയംസേവകനാകാനവസരം ലഭിക്കുന്നത്. സംഘപ്രചാരകന്മാരില്‍ നിന്നും മറ്റും ലഭിച്ച വിവരങ്ങളാണ് ശരിയായ വസ്തുതകള്‍ അറിയാന്‍ അവസരമുണ്ടാക്കിയത്. മുതിര്‍ന്ന സ്വയംസേവകര്‍ പലരും 1948-49 കാലത്തെ സത്യഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍വാസമനുഭവിച്ചവരും, മര്‍ദ്ദനമേറ്റവരുമായിരുന്നു. അതിനിടെ ബെംഗളൂരുവില്‍നിന്ന് പ്രസിദ്ധീകരിച്ച ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന പുസ്തകം കണ്ടു. അതു വായിച്ചു. ശ്രീഗുരുജിയും കേന്ദ്രസര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളായിരുന്നു. അതില്‍ നിന്ന് സര്‍ക്കാര്‍ പെട്ടിരുന്ന ഗതികേടിനെപ്പറ്റി മനസ്സിലാക്കി.

രസകരമായ ഒരു സംഗതി കോട്ടയത്തെ പ്രമുഖ അഭിഭാഷകന്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ (ചലച്ചിത്ര സംവിധായകന്‍ ജി.അരവിന്ദന്റെ പിതാവ്) എഴുതിയ ‘കാന്തിയിന്‍ കതൈ’ എന്ന ഹാസ്യലേഖനം വായിച്ചു. തമിഴ് നിര്‍മാതാവ് ഗാന്ധിയുടെ സിനിമയെടുത്താല്‍ എങ്ങനെയായിരിക്കും എന്നതിന്റെ ഹാസ്യഭാവനയായിരുന്നു. ത്യാഗരാജ ഭാഗവതര്‍ ഗാന്ധിയായും, യമനായും  രാവണനായും മറ്റും അഭിനയിച്ചു വന്ന ആര്‍.ബാലസുബ്രഹ്‌മണ്യം ഗോഡ്‌സേയും, ടി.ആര്‍. രാജകുമാരി, എന്‍. എസ്. കൃഷ്ണന്‍, ടി.എ. മധുരം തുടങ്ങിയവര്‍ സഹായികളും മറ്റുമായ ഗാന്ധി സിനിമ കണ്ടതിന്റെ ഭാവന ഗംഭീരം. ഗാന്ധിയെ വെടിവച്ച വിവരം അറിഞ്ഞ കസ്തൂര്‍ബ, രാഗവിസ്താരപൂര്‍വം ഒരു കച്ചേരി തന്നെ നടത്തിയശേഷമാണ് മൃതദേഹത്തിനടുത്തു ചെന്നതത്രേ.

വര്‍ഷങ്ങള്‍ക്കുശേഷം പ്രചാരകനായി തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പ്രാന്ത പ്രചാരക് ദത്താജി ഡിഡോല്‍ക്കര്‍ ഗോഡ്‌സേയുടെ പ്രസ്താവനയുടെ ടൈപ്പ് ചെയ്ത കോപ്പി വായിക്കാന്‍ തന്നു. ലോകത്തെ നടുക്കിയ കൊലക്കേസുകളെപ്പറ്റി കാനഡയിലെ നിയമപ്രസിദ്ധീകരണശാലക്കാര്‍ പുറത്തിറക്കിയ പുസ്തകത്തില്‍നിന്ന് ലഭിച്ചതായിരുന്നു അത്.

ശിക്ഷാകാലം കഴിഞ്ഞ് നാഥുറാമിന്റെ അനുജന്‍ ഗോപാല്‍ വിനായക് ഗോഡ്‌സേ പുറത്തുവന്നപ്പോള്‍, താന്‍ തടവലില്‍ വച്ചു കുറിച്ചുവച്ച വിവരങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്തു. കമ്യൂണിസ്റ്റ് എംപി  വി.പി. നായര്‍ മുന്‍കയ്യെടുത്ത് പ്രസിദ്ധീകരിച്ചിരുന്ന കൊല്ലത്തെ കേരള ശബ്ദം വാരികയില്‍ അതു തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. വി.പി.നായരെ സര്‍ക്കാരിന് ഭയമായിരുന്നതിനാല്‍ അതുതടയപ്പെട്ടില്ല. വാരികയുടെ പ്രചാരം വര്‍ധിക്കാന്‍ അതു സഹായിച്ചു. പ്രകോപനപരമായ ഉള്ളടക്കങ്ങളായിരുന്നു കേരള ശബ്ദത്തിന്റെ ആകര്‍ഷണം.

ഗോഡ്‌സേ കുടുംബത്തോട് സര്‍ക്കാരിനും കോണ്‍ഗ്രസ്സിനും ഗാന്ധി സ്മാരക നിധിക്കുമുണ്ടായിരുന്ന മനോഭാവം വ്യക്തമാക്കുന്ന ഒരു സംഭവം അതില്‍ പറയുന്നുണ്ട്. ഗോപാല്‍ ഗോഡ്‌സേ ശിക്ഷിക്കപ്പെട്ടു ജയിലിലായിരുന്നപ്പോള്‍ ഭാര്യയ്‌ക്കു ജീവിതം ദുഃസഹമായി. വീടുവിട്ടകലെ പൂ

നാനഗരത്തില്‍ വീട്ടുജോലിക്കാരിയായി കഴിയവേ അവിടത്തെ കുഞ്ഞിനെ ഉറക്കാനായി അവര്‍ മൂളിയ ഇംഗ്ലീഷ് താരാട്ട് ഗൃഹനാഥനായ അഭിഭാഷകന്‍ കേള്‍ക്കാനിടയായി. വിസ്മയഭരിതനായ അദ്ദേഹത്തിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ വിവരം പറഞ്ഞു. അദ്ദേഹം അവര്‍ക്ക് താമസസൗകര്യവും, തരക്കേടില്ലാത്ത ജോലിയും തരപ്പെടുത്തി. അവര്‍ മെല്ലെ മെല്ലെ ജീവിതം പച്ചപിടിപ്പിച്ചു. ഒരു വര്‍ക് ഷാപ്പ് ഉണ്ടാക്കി  തരക്കേടില്ലാതെ കഴിഞ്ഞു. അങ്ങനെയിരിക്കെ ഗാന്ധി സ്മാരകനിധിയുടെ (അതോ സര്‍വോദയ സംഘത്തിന്റെയോ?) ആസ്ഥാനത്തിന് ഗേറ്റു നിര്‍മിക്കാന്‍ അവര്‍ ടെന്‍ഡര്‍ വിളിച്ചു. ശ്രീമതി ഗോഡ്‌സേയുടെ കമ്പനി അപേക്ഷ നല്‍കി. അവരോട്, അത് കൊടുക്കാനായി നല്ലൊരു തുക കമ്മീഷനായി ആവശ്യപ്പെട്ടു. അവരാകട്ടെ സൗജന്യമായിത്തന്നെ അതു നിര്‍മിച്ചുകൊടുക്കാം, നാഥുറാം വിനായക ഗോഡ്‌സേയുടെ ഓര്‍മയ്‌ക്കായി കുടുംബത്തിന്റെ സംഭാവന എന്ന് എഴുതിവെക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതവര്‍ സമ്മതിക്കുകയുമുണ്ടായി. സംഗതി കൊട്ടിഘോഷിക്കപ്പെട്ടപ്പോഴാണ് ഉന്നതതല നേതാക്കള്‍ക്ക് അതിലെ അപകടം തെളിഞ്ഞത്! കോണ്‍ഗ്രസ്സിന്റെയും ഗാന്ധിഭക്തന്മാരുടെയും ഭക്തി അവിടെവരെ ചെന്നെത്തിയെന്നര്‍ഥം.

നിയമവും കീഴ്‌വഴക്കവും അനുസരിച്ചു ജീവപര്യന്തം ശിക്ഷ ലഭിച്ച തടവുകാരന്‍ മോചിതനാകേണ്ട കാലാവധിയുടെ ആറുവര്‍ഷം കഴിഞ്ഞ് ബന്ധുക്കള്‍ നിരവധി പരാതികള്‍ കൊടുത്തശേഷമാണ് ഗോപാല്‍ ഗോഡ്‌സേ മോചിതനായത്. അദ്ദേഹം വീട്ടിലെത്തിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ സത്യനാരായണ പൂജയില്‍ പങ്കെടുത്തവര്‍ക്കെതിരെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുത്തിരുന്നു.

കേരളശബ്ദം പ്രസിദ്ധീകരിച്ച് മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷം ആ പുസ്തകം പയ്യന്നൂരിലെ ഒരു യുവാവ് പ്രസിദ്ധീകരിച്ചു. ഗാന്ധിഭക്തരും മാര്‍ക്‌സിസ്റ്റുകളും ബഹളംവച്ചു, അയാളുടെ വീടും പ്രസ്സും ആക്രമിച്ചു, ആ മനുഷ്യനു പോലീസ് സംരക്ഷണം തേടേണ്ടിവന്നു. അതിനിടെ ‘9 അവേഴ്‌സ് ടു രാമ’, ആറ്റന്‍ബറോയുടെ ‘ഗാന്ധി’ എന്നിവയടക്കം അരഡസന്‍ സിനിമകളെങ്കിലും പുറത്തിറങ്ങി. ‘മോരിലെ പുളി’ മാറിയില്ല എന്നാണവസ്ഥ.

അടിയന്തരാവസ്ഥക്കാലത്ത് തടവില്‍ കിടന്നവര്‍ക്ക് എത്തിച്ചുകൊടുത്ത പുസ്തകങ്ങളില്‍ വീരസാവര്‍ക്കറുടെ സിക്‌സ് ഗോള്‍ഡന്‍ എപോക്‌സ് ഇന്‍ ഇന്‍ഡ്യന്‍ ഹിസ്റ്ററി, ഗോപാല്‍ ഗോഡ്‌സേയുടെ ഗാന്ധിഹത്യ എന്തിന്? എന്നീ പുസ്തകങ്ങളും പെട്ടിരുന്നു. പൊളിച്ചെഴുത്തു കണ്ടുകഴിഞ്ഞപ്പോള്‍ മനസ്സില്‍ മറനീങ്ങിയെത്തിയ ചില കാര്യങ്ങള്‍ കുറിച്ചതാണീ പ്രകരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by