സാഹിത്യത്തിന് എക്കാലത്തും പ്രധാന പ്രേരണാസ്രോതസ്സാണ് പ്രകൃതി. ആദികാവ്യങ്ങളും വേദോപനിഷത്തുക്കളും ആരണ്യകങ്ങളും ഇതിഹാസപുരാണങ്ങളുമെല്ലാം പിറവിയെടുത്തത് പ്രകൃതിയുമായുള്ള കവികുലത്തിന്റെ സമ്പര്‍ക്കത്തിലൂടെയാണ്. മലയാള സാഹിത്യത്തിലും പ്രാചീനകാലത്തും ആധുനികകാലത്തും പ്രകൃതി കവിതയ്ക്കും ജീവിതത്തിനും സാമൂഹ്യാഭ്യുന്നതിക്കും പ്രധാന പ്രേരണയാണ്. പ്രകൃതിക്ക് ഹാനികരമാകുന്നതെല്ലാം കവിതയ്ക്കും ഹാനികരമാണെന്ന് നമ്മുടെ കവികള്‍ തിരിച്ചറിഞ്ഞിരുന്നു. ചങ്ങമ്പുഴയുടെ രമണനെയും കാവ്യനര്ത്തകിയെയും മനസ്വിനിയെയുമെല്ലാം പ്രചോദിപ്പിച്ചത് പ്രകൃതീശ്വരിയുടെ ആത്മസൗന്ദര്യമാണെന്ന് തര്‍ക്കമില്ലാത്ത വസ്തുതയാണ്.
കവിതയുടെ കൈവിരലുകള്‍ ഇളകുമ്പോള്‍ കിളിപാറും മരതകമലനിരകള് ദര്‍ശിക്കുന്ന കവിയെ തളിരും മലരും തരുപ്പടര്‍പ്പും തണലും തണുവണിപ്പുല്‍പ്പരപ്പും കളംകളംപെയ്തങ്ങുമിങ്ങും ഇളകിപ്പറക്കുന്ന പക്ഷികളുമെല്ലാം ആനന്ദത്തിലാറാടിക്കുന്നത് മലയാളിക്ക് സുപരിചിതമാണ്. ജ്ഞാനപീഠ ജേതാവായ ഒഎന്‍വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം പ്രകൃതിയുടെമേല്‍ മനുഷ്യന് നടത്തുന്ന ക്രൂരമായ അധിനിവേശത്തോടുള്ള പ്രതിഷേധം കൂടിയാണല്ലോ. സൈലന്റ് വാലിയിലും ആറന്മുളയിലും പ്രകൃതിക്കെതിരായ ഭരണകൂട അധിനിവേശങ്ങളുണ്ടായപ്പോള്‍ കവയിത്രി സുഗതകുമാരി ടീച്ചറുടെ നേതൃത്വത്തില്‍ സമരമുഖം തുറക്കുകയുണ്ടായി. നിരവധി കവികള്‍ പ്രകൃതിയെ വാഴ്ത്തിപ്പാടിയപ്പോഴെല്ലാം അതിനുനേരെയുള്ള മനുഷ്യന്റെ കടന്നുകയറ്റത്തെ ശക്തിയുക്തം പ്രതിരോധിക്കുകയും ചെയ്തുവന്നു. കാസര്‍ഗോഡ് എന്മകജെ ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ശബ്ദമുയര്‍ത്തുന്ന അംബികാസുതന്‍ മാങ്ങാടിനെപ്പോലുള്ള എഴുത്തുകാരും പ്രകൃതിസംരക്ഷണപ്രവര്ത്തനങ്ങളുമായി മുന്‍നിരയിലുണ്ട്.
പക്ഷെ പ്രകൃതിയെ സ്നേഹിക്കുന്ന കവികളെയും കവിതകളെയും എഴുത്തുകാരെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും വിചാരണചെയ്യുകയും ശിക്ഷിക്കാനാക്രോശിക്കുകയും ചെയ്യുകയാണ് ഇടതുപക്ഷബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍. ഇലകള്‍ തമ്മില്‍ തൊടാതെ മനുഷ്യര്‍ അകറ്റിനടുന്ന മരങ്ങളുടെ വേരുകള്‍ ഭൂമിക്കടിയില്‍ കെട്ടിപ്പിടിക്കുന്നുവെന്ന് എഴുതിയ പ്രശസ്തകവി വീരാന്‍കുട്ടിയുടെ മണ്‍വീറ് എന്ന കവിതാപുസ്തകത്തെ കത്തിക്കുകയും സാമൂഹ്യമാധ്യമത്തില്‍ പ്രൊഫൈല്‍ ചിത്രമാക്കി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് പ്രമുഖ ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനയുടെ ജില്ലാപ്രസിഡണ്ടാണ്. മരങ്ങള്‍ നശിപ്പിക്കുന്നതിലും കുന്നിടിക്കുന്നതിലും മനുഷ്യന് കുറ്റബോധം തോന്നേണ്ടതുണ്ടെന്ന് കവി പറഞ്ഞതാണ് ഇടതുബുദ്ധിജീവികളെ ചൊടിപ്പിച്ചത്.
സുഗതകുമാരി ടീച്ചറെയുള്പ്പെടെയുള്ളവരെ മരക്കവികളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നു ഇവര്‍. സൈലന്റ് വാലിയില്‍ കവയിത്രിയോടൊപ്പം കൈകോര്‍ത്ത ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ക്കും ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. കവിത മാത്രം ചുട്ടെരിച്ചാല്‍ പോര, കവിയെത്തന്നെ ചുട്ടെരിക്കണമെന്ന് ആക്രോശിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. എന്തുചെയ്യാം പ്രകൃതിയെക്കുറിച്ച് എന്തെങ്കിലും മിണ്ടിപ്പോയാല്‍ കവിയുടെ പുരയിടത്തെക്കുറിച്ചാരായാനും പുരയുണ്ടാക്കാനുപയോഗിച്ച കല്ലിനെയും മണ്ണിനെയും മാന്തിയെടുക്കാനുമാണ് ഇക്കൂട്ടരുടെ താത്പര്യം. കെ റെയില്‍ പദ്ധതി നടപ്പിലായാല്‍ പ്രകൃതിക്കുണ്ടായേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെട്ട കവി മാധവന് പുറച്ചേരിക്കെതിരെ സമൂഹമാധ്യമത്തില്‍ ആക്രോശങ്ങളുണ്ടായിട്ട് അധികകാലമായിട്ടില്ല.
ഒരു കാലഘട്ടത്തില്‍ പ്രകൃതിസംരക്ഷകരുടെ വേഷമണിഞ്ഞ്, മാര്‍ക്സിന്റെ പ്രകൃതിസൂക്തങ്ങളെ മുദ്രാവാക്യമാക്കി വിളിച്ചുപറഞ്ഞിരുന്നവരാണിപ്പോള് അണിഞ്ഞിരുന്ന ആട്ടിന്തോല് മാറ്റിവെച്ച് ചന്നായ്സ്വരൂപങ്ങള് പുറത്തുകാട്ടുന്നത്. കേരളം അനുഭവിച്ച മഹാപ്രളയമെന്ന പ്രകൃതിദുരന്തത്തെ രാഷ്ട്രീയായുധമാക്കി വോട്ടുരാഷ്ട്രീയം കളിച്ചിരുന്നവര് പ്രളയദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മനുഷ്യരെ നോക്കി പരിഹസിക്കുകയാണ്. കുന്നിടിച്ച് നിരത്തിയും നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തിയും പ്രളയത്തെ വിളിച്ചുവരുത്താന്‍ ശ്രമിക്കുമ്പോള്‍ എതിരെയുയരുന്ന നേര്‍ത്ത ശബ്ദങ്ങളെപ്പോലും രാഷ്ട്രീയ മുഷ്ടികൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. മണ്ണ് മാഫിയയുടെയും മണല്‍ മാഫിയയുടെയും ക്വാറി മാഫിയയുടെയും ദല്ലാളുകളായി ഇവര്‍ മാറുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനും പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാനും പ്രത്യക്ഷ സമരത്തിനിറങ്ങിയ അനൂപ് എന്ന അനുഷ്ഠാന തെയ്യംകലാകാരനെ കോഴിക്കോട് കൈവേലിയില്‍ കല്ലെറിഞ്ഞ് കൊല്ലുന്നതിനും നേതൃത്വം നല്‍കിയത് ഇവര്തന്നെയായിരുന്നുവെന്നത് പ്രകൃതിക്കുവേണ്ടി നിലവിളിക്കുന്ന കവികളെ ഭയപ്പെടുത്തുന്നു.
കേരളത്തിലെ നാല്പത്തിനാല് നദികളും മഴക്കാലം വിടുന്നതോടെ വറ്റിവരളുന്ന കാഴ്ച നമ്മള് കാണുന്നതാണ്. അനുനിമിഷമെന്നോണം വ്യതിയാനം സംഭവിക്കുന്ന കാലാവസ്ഥാപ്രതിഭാസങ്ങള്‍ ആഗോളതാപനത്തിന്റെ ഫലമാണെന്ന് പറയാമെങ്കിലും അതിന് നമ്മുടെ കൊച്ചുകേരളവും നല്കുന്ന സംഭാവനകള്‍ ചെറുതല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്‍സൂണ്‍ മഴലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായിട്ടുപോലും കേരളത്തില്‍ മണ്‍സൂണ്‍ വിടുമ്പോഴേക്കും എന്തുകൊണ്ട് വരള്‍ച്ച ബാധിക്കുന്നുവെന്നത് വലിയൊരു സമസ്യയൊന്നുമല്ല. നാല്പത്തിനാല് നദികളുടെയും വൃഷ്ടിപ്രദേശങ്ങളിലെ കാടുകള്‍ വെട്ടിനശിപ്പിക്കുകയും പകരം തോട്ടകൃഷികള്‍ വ്യാപകമാക്കുകയും ചെയ്തതിന്റെ ഫലമാണ് നമ്മളിന്ന് അനുഭവിക്കുന്നത്.
പ്രകൃതിയുമായി മല്ലിട്ട് അതിജീവനം നടത്തുന്ന മനുഷ്യര്‍ പാര്‍പ്പിടത്തിനായും ഉപജീവനത്തിനായുമുള്ള, ചെറിയതോതില്‍ നടത്തുന്ന കൃഷിയെ മറയാക്കിയാണ് വന്‍കിട വനം കൈയേറ്റങ്ങളും പ്രകൃതിനാശവും ന്യായീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തിലെ ആശങ്കകളെയും ഇവര്‍ ചൂഷണം ചെയ്യുന്നു. വനം കയ്യേറുകയും വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ വനത്തെ ആശ്രയിച്ചുജീവിക്കുന്ന ആദിവാസിജനതയെ അവിടങ്ങളില്‍ നിന്നും കുടിയിറക്കാനും അവരുടെ സ്വാഭാവികജീവിതത്തിന് ഒട്ടും യോജ്യമല്ലാത്ത പരിതസ്ഥിതികളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുമുള്ള കുടില പദ്ധതികളാണിവയ്ക്ക് പിന്നിലെന്ന് സംശയമില്ല. പശ്ചിമഘട്ടത്തിലെ പാറകള്‍ പൊട്ടിച്ച് ചുരംവഴി ഇടനാട്ടിലേക്കിറക്കി നീര്‍ത്തടങ്ങള്‍ നികത്തിയാലേ വികസനമാകൂവെന്ന് ഇവര്‍ വാദിക്കുന്നു.
ലോകത്തിലെതന്നെ അപൂര്‍വ്വമായ സസ്യലതാദികളും ജീവകളും വളരുന്ന അതിലോല പരിസ്ഥിതിമേഖലകളുള്പ്പെടുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവിക്ക് അത്യാവശ്യമാണെന്നറിഞ്ഞിട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ മടികാണിക്കുന്നവര്‍ പരിസ്ഥിതിവാദികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്.
കവികളെ മരക്കവികള് എന്ന് വിളിച്ച് അധിക്ഷേപിച്ചും പ്രകൃതിക്ക് വേണ്ടിയുയരുന്ന നേര്‍ത്ത ശബ്ദങ്ങളെപ്പോലും ഇല്ലാതാക്കികളയുന്ന ഭീഷണികളുയര്‍ത്തിയും കവിതകള്‍ ചുട്ടെരിച്ചും അക്ഷരങ്ങളെ ക്ഷൗരം ചെയ്തും പ്രകൃതിധ്വംസനം നടത്തുന്നവരറിയുന്നില്ല, മലയും ആഴിയും ചേരുന്ന നമ്മുടെ മലയാളനാടിന്റെ വേരറുക്കുകയാണിവരെന്ന്. അല്ലെങ്കില്‍ എന്തിനെയും വിറ്റുതിന്നുന്ന അതിഭൗതികവാദത്തിന്റെ വക്താക്കളായി സ്വാര്‍ത്ഥലാഭം കൊയ്ത് മൂന്നുകോടിയില്‍പ്പരം മനുഷ്യരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കാന്‍ മണ്ണിനെ മുറുക്കെപ്പിടിക്കുന്ന മണ്‍വീറ് പോലുള്ള കവിതകളെ ചുട്ടെരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണിവര്‍. ഇവരോട് ഒന്നേ പറയാനുള്ളൂ.
പരാക്രമം കവിതകളോടല്ല വേണ്ടൂ
തവാന്തകന്‍ ഭൂമിതലേ ജനിച്ചൂ.
അത് ഏതുനിമിഷവും രൗദ്രഭാവമണിയാവുന്ന പ്രകൃതിയാണ്.
(ഫോണ്‍: 8907308779)
പ്രതികരിക്കാൻ ഇവിടെ എഴുതുക: