കലോത്സവം അരങ്ങൊഴിഞ്ഞു. കലാപ്രതിഭകള്‍ക്കും മികച്ച സംഘാടനത്തിനും അഭിനന്ദനങ്ങള്‍. അരങ്ങൊഴിയുമ്പോള്‍ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ അണിയറയില്‍ നടത്തിയ ആസൂത്രിത ശ്രമങ്ങള്‍ കലോത്സവത്തിന്റെ തിളക്കത്തിന് മങ്ങലേല്പ്പിച്ചുവോ? ഭക്ഷണശാലയില്‍ സസ്യാഹാരം പഴയിടം വെച്ചു വിളമ്പിയതിന്റെ പേരില്‍ ഉണ്ടാക്കിയ വിവാദം ലക്ഷ്യമിട്ടതെന്ത്? കേരളത്തില്‍ വരാന്‍ പോകുന്ന നാളുകളില്‍ ഉണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീയ പിത്തലാട്ടത്തിന് വഴി മരുന്നിടുകയായിരുന്നില്ലേ? ഇതിന്റെ പേരില്‍ എന്തു നേടി? വിവാദമുണ്ടാക്കിയവര്‍ അണിയറയില്‍ സന്തോഷിക്കുന്നുണ്ടെങ്കിലും അരങ്ങില്‍ ഇതുണ്ടാക്കിയ മുറിവ് കലാകേരളത്തില്‍ പെട്ടെന്നൊന്നും ഉണങ്ങില്ല. വിവാദത്തിന് മറുപടിയായി, വിവാദമുണ്ടാക്കിയതിന്റെ പേരില്‍ അടുത്തവര്‍ഷം മാംസാഹാരം നല്‍കും എന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതിലൂടെ ഈ വിവാദമുണ്ടാക്കിയതിനു പിന്നില്‍ ഒരു ഭരണകൂട അജണ്ട ഉണ്ടായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അടുത്ത കലോത്സവത്തിന് ഭക്ഷണം നല്കാന് താനില്ല എന്ന പഴയിടത്തിന്റെ പ്രഖ്യാപനം കേരളം നേരിടുന്ന, അല്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്ന വലിയ വിപത്തിന്റെ വിളിച്ചറിയിക്കലാണ്. ഭക്ഷണം പാകം ചെയ്തശേഷം അടുക്കളയ്ക്ക് ഉറക്കമിളച്ച് കാവലരിക്കേണ്ടി വന്ന ഭീദിതമായ അവസ്ഥയിലായിരുന്നു താനെന്ന് പഴയിടം പറയുമ്പോള്‍ കേരളം ഏതവസ്ഥയിലാണെന്ന് വ്യക്തമാകും. പാകം ചെയ്ത ഭക്ഷണത്തില്‍ ആരെങ്കിലും കൃത്രിമം കാട്ടിയാല്‍?. പഴയിടത്തിന്റെ ഭയം അസ്ഥാനത്തല്ല. കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കുന്നവരുടെ ജാതി അന്വേഷിച്ചത് സിപിഎം സഹയാത്രികരാണ്. ആ വിവാദം ഒട്ടും യാദൃച്ഛികമല്ല. അതുതന്നെയാണ് ഭയപ്പെടുത്തുന്നതും.
ഇനി മറ്റൊരു ചോദ്യം? ഈ മേളയ്ക്ക് വരുന്ന കുട്ടികള്‍ക്കും ഒഫീഷ്യല്‍സിനും സംഘാടകര്‍ക്കും എന്തിന് ഇത്രയും സുഭിക്ഷമായ ഭക്ഷണം നല്‍കണം? ഭക്ഷ്യമേളയല്ല നടക്കുന്നത്. ആവശ്യത്തിന് ഭക്ഷണം, അധികം വിഭവങ്ങളില്ലാതെ എന്തുകൊണ്ട് വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു കൂടാ! അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ മത്സരാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുമായിരുന്നില്ലേ? ഇപ്പോള്‍ ഓരോ ദിവസവും പതിനഞ്ചായിരം മുതല്‍ ഇരുപതിനായിരം പേര് വരെ ഭക്ഷണം കഴിച്ചു എന്നാണ് കണക്ക്. അതില്‍ ഭക്ഷണം കഴിച്ച മത്സരാര്‍ത്ഥികള്‍ എത്രയുണ്ടാകും? ഒഫീഷ്യല്‍സ് എത്രയുണ്ടാകും? സംഘാടകര്‍ എത്രയുണ്ടാകും? താരതമ്യേന കുറവായിരിക്കും. ഭക്ഷണം കഴിച്ചു പോയവര്‍ ആരാണ്? നാട്ടുകാര്‍ക്കെല്ലാം ഭക്ഷണം നല്കാന് കരാറൊന്നുമില്ലല്ലോ? ഭക്ഷണം കഴിച്ചവരില്‍ നല്ലൊരു ശതമാനം നാട്ടുകാരാണ്. ഇങ്ങനെ ഒരു ഭക്ഷ്യ മേള വേണമോ? അധികൃതര്‍ ഗൗരവമായി ചര്‍ച്ച ചെയ്യുക തന്നെ വേണം.
കുട്ടികള്‍ ആഗ്രഹിക്കുന്നതെന്താണെന്ന്, ആ മനസ്സറിഞ്ഞ് സംഘാടകര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? സ്ക്കൂള്, സബ്ജില്ല, ജില്ലാ മത്സരങ്ങള്‍ കഴിഞ്ഞ് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത് എ-ഗ്രേഡ് നേടുന്ന കുട്ടികള്‍ പ്രതിഭകള്‍ തന്നെയാണ്. അവര്‍ക്ക് ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ ഭക്ഷണശാലയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചിയല്ല വേണ്ടത്. മറിച്ച് കലോത്സവത്തിന്റെ ഓര്‍മ്മച്ചെപ്പായി എ- ഗ്രേഡ് നേടിയ എല്ലാ കുട്ടികള്‍ക്കും ഒരു മനോഹരമായ സമ്മാനം(മൊമന്റോ)അല്ലേ നല്‍കേണ്ടത്. ഒന്നാം സ്ഥാനക്കാര്‍ക്ക് മാത്രം സമ്മാനം നല്കിയാല് പോരാ. ഇപ്പോള്‍ സ്ഥാന പ്രഖ്യാപനം ഇല്ല. അതുകൊണ്ട് എല്ലാവരും അര്‍ഹരാണ്. ഇതു പറയാന്‍ കുട്ടികളുടെ പക്ഷം നില്ക്കാന് അരുണന്‍മാര്‍ ഉണ്ടോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു. 2014ല്‍ ഇതേ കോഴിക്കോട്ട് നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് എ-ഗ്രേഡ് നേടിയ മുഴുവന്‍ പ്രതിഭകള്‍ക്കും സമ്മാനം നല്കിയ ഒരു ചരിത്രമുണ്ട് എന്നു കൂടി ഓര്‍മ്മിക്കുന്നു. അന്ന് നാഷണല്‍ ടീച്ചേഴ്സ് യൂണിയനാണ് ട്രോഫിക്കമ്മിറ്റിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നത്. ഇത്തവണയും കലോത്സവത്തില്‍ പങ്കെടുത്ത്, എ- ഗ്രേഡ് നേടിയ എല്ലാപേര്‍ക്കും സമ്മാനം നല്‍കാമായിരുന്നു. സ്ഥാനങ്ങള്‍ നിര്‍ത്തലാക്കിയതിലൂടെ ലക്ഷ്യമിട്ട, അനാവശ്യ മത്സരസ്വഭാവം ഇല്ലായ്മ ചെയ്യല്‍ കൂടുതല്‍ ലക്ഷ്യത്തിലേക്കെത്താന്‍ അതുപകരിക്കുമായിരുന്നു.
യക്ഷഗാന വേദിയില്‍ ദീപം തെളിക്കാന്‍ അനുമതി നല്‍കാതെ ആ കലാകാരന്മാര് കണ്ണീര് പൊഴിച്ചപ്പോള്‍ കലാകേരളത്തിന്റെ മനസ്സ് വേദനിച്ചു. അപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ല. പ്രതികരണ വിപ്ലവകാരികള്‍ സെലക്ടീവാകുന്നു എന്നതല്ലേ ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കലാകാരികളുടെ കലാപ്രകടനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ അവരെ ഒരുക്കുന്നവര്‍ പാലിക്കേണ്ട ചില മര്യാദകളില്ലേ. ഒന്നാം വേദിയില്‍ നടന്ന സംഘനൃത്തത്തില്‍ തൃശ്ശൂരിനെ പ്രതിനിധീകരിച്ച് 14 ജില്ലകളുടെയും പ്രത്യേകതകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച സംഘനൃത്തം അതിഗംഭീരമായിരുന്നു. പക്ഷെ ആ നൃത്തത്തില്‍ കണ്ണൂര്‍ ജില്ലയുടെ പ്രത്യേകതയായി ചെങ്കൊടി പിടിച്ചു കൊണ്ട് വിപ്ലവമണ്ണെന്ന് വിശേഷിപ്പിച്ചത് അരോചകവും അനാവശ്യവുമായി. കുട്ടികള്‍ക്കുള്ളില്‍ രാഷ്ട്രീയാതിപ്രസരം സൃഷ്ടിക്കുന്നതരത്തിലായി അത്. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ശൈലി എന്താണെന്ന് എല്ലാപേര്‍ക്കും അറിയാം. ചെങ്കൊടി പാറുന്ന ഗ്രാമങ്ങള്‍ എന്ന നിലയില്‍ ഒരു ജില്ലയെ അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയാതിപ്രസരത്തിന്റെ മേലങ്കിയണിഞ്ഞ അണിയറയിലെ അജ്ഞാതന്‍ നല്കുന്ന സന്ദേശമെന്ത്. ചെങ്കൊടിക്കു പകരം മറ്റെതെങ്കിലും ജില്ലക്ക് മറ്റൊരു കൊടി പിടിച്ചിരുന്നുവെങ്കില്‍ പ്രതികരണക്കാരുടെ നിലപാടെന്താകുമായിരുന്നു. കണ്ണൂര്‍ ജില്ലയെ വിശേഷിപ്പിക്കാന്‍ ചെങ്കൊടിയെ കൂട്ടുപിടിച്ചവര്‍ കണ്ണൂരിന്റെ സാംസ്കാരിക തനിമയെ അവഹേളിക്കുകയായിരുന്നു.
ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്ക്കാരത്തിന്റെ പേരിലുണ്ടാക്കുന്ന വിവാദം വരാന്‍ പോകുന്ന നാളുകളിലേക്കുള്ള ചൂണ്ടുപലകയാണ്. നിലനില്‍പ്പു തന്നെ അപകടത്തിലായ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷ്മദര്‍ശിനി വെച്ച് ഇഴ കീറി ഓരോന്നും പരിശോധിച്ച് വിവാദമുണ്ടാക്കും എന്നതിന്റെ സൂചനയുമാണത്.
കലോത്സവത്തില്‍ ആവര്‍ത്തനമുള്ള നിരവധി മത്സരങ്ങളുണ്ട്. അത്തരം മത്സരങ്ങള്‍ ഏകീകരിച്ച് നടത്തേണ്ടതുണ്ട്. ജില്ലാ തലത്തില്‍ എ-ഗ്രേഡ് നേടുന്നവര്‍ക്ക് ചെറിയ ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണിച്ചാല്‍ അപ്പീല്‍ പ്രളയം ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. എന്തായാലും സാമൂതിരിയുടെ തട്ടകത്തില്‍, ബേപ്പൂര്‍ സുല്‍ത്താന്റെ നാട്ടില്‍ 5 ദിവസം നീണ്ടു നിന്ന കലാ മാമാങ്കം ജനപങ്കാളിത്തം കൊണ്ട് അത്ഭുതം സൃഷ്ടിച്ചു. സംഘനൃത്തം നടന്ന ദിവസം വിക്രം മൈതാനിയില്‍ ഒഴുകിയെത്തിയ ജനത്തിന് രാഷ്ട്രീയ ഭേദമില്ല. കേരളത്തിന്റെ കലാസാംസ്കാരിക പാരമ്പര്യത്തിന്റെ പതാകവാഹകരാണവര്. അടുത്തമേള നടക്കുമ്പോഴേക്കെങ്കിലും അനഭലഷണീയകാര്യങ്ങള് അരങ്ങിനു പുറത്താകുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: