Categories: Samskriti

നചികേതസ് : ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യം; ‘നിന്നെ ഞാന്‍ മൃത്യുവിന്നാണ് ദാനം ചെയ്യുന്നത് !’

കാമപൂരണത്തിനുംഅര്‍ത്ഥപൂര്‍ത്തിക്കും വേണ്ടിയുള്ള യത്‌നങ്ങള്‍ തികച്ചും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ മാത്രമേ ചെയ്യാവൂ . എങ്കിലേ മരണശേഷം നമുക്ക് സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാവൂ.

Published by

പ്രഖ്യാതമായ ദശോപനിഷത്തുക്കള്‍, ‘ഈശം കേനം, കഠം പ്രശ്‌നം, മുണ്ടാകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം’ എന്നിവയാണ്. അവയില്‍ ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതും ഹൃദയാവര്‍ജ്ജകവുമായ ഒന്നാണ് കഠോപനിഷത്ത്. നചികേതസ് എന്ന പന്ത്രണ്ടു വയസ്സുള്ള ബാലന്‍ നടത്തുന്ന ആത്മീയയാത്രയുടെപ്രചോദനാത്മകമായ കഥയാണിത്. ധര്‍മ്മരാജാവായ

യമദേവനില്‍ നിന്നും ആത്മജ്ഞാനം കേവലം ഒരറിവായി സിദ്ധിച്ച നചികേതസില്‍ അത് നിതാന്തമായ ഉണര്‍വ്വായി മാറിയ കഥ വേദാന്തത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരിലും

വിസ്മയമുളവാക്കുന്ന ഒന്നാണ്. ആശയത്തിന്റെ കാര്യത്തില്‍ എല്ലാ വേദാന്ത ഗ്രന്ഥങ്ങളും ചെന്നെത്തുന്നത് ഏകാത്മകതയെന്ന ഒരേയൊരു നിര്‍ണ്ണയത്തിലാണ്.  

കാഴ്ച,കാണുന്നവന്‍, കാണുക എന്ന പ്രക്രിയ, എന്നീ ത്രിപുടികള്‍ മുടിഞ്ഞ് ഏകമായ പരംപൊരുളിനെ തിരിച്ചറിയുന്ന ഉള്ളുണര്‍വ്വിലേയ്‌ക്കാണ് ഈ ഗ്രന്ഥങ്ങള്‍ എല്ലാം നമ്മെ നയിക്കുന്നത്. അറിവ് ആര്‍ജിക്കുന്നത് എന്നത് കേവലമായ ജ്ഞാനസമ്പാദനമാണെങ്കില്‍ ഉണര്‍വ്വ് ആജ്ഞാനത്തിന്റെ ജാജ്വല പ്രഭയില്‍ നിതാന്തമായി നിലകൊള്ളുക എന്നതാണ്.

കഠോപനിഷത്തിലെ ഗുരുശിഷ്യ സംവാദത്തില്‍ അറിവിനെ ഉണര്‍വ്വാക്കുന്ന അത്യന്തം പ്രചോദനാത്മകമായ ആത്മീയതയാണ് നമുക്ക് കാണാനാവുക. കഠോപനിഷത്തില്‍ക്കൂടി നാം പഠിക്കുന്ന ആത്മീയതയുടെപാഠങ്ങള്‍ നിത്യജീവിതത്തിലെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും സധീരം നേരിടാനുള്ള സാദ്ധ്യതകളായാണ് വായനക്കാരില്‍ എത്തുന്നത്. 

പുതിയൊരു ശൈലിയില്‍, എന്നാല്‍ ഉപനിഷത്തിലെ കാതലായ അംശങ്ങളില്‍ യാതൊരു മാറ്റവും വരുത്താതെ ആശയങ്ങള്‍ ആധുനീക യുഗത്തിലെ യുവാക്കള്‍ക്കു കൂടി എളുപ്പത്തില്‍ മനസ്സിലാവുന്ന തരത്തിലാണ് ‘നചികേതസ് ഉള്ളുണര്‍വ്വിന്റെ നിതാന്ത സാന്നിദ്ധ്യം’ എന്ന ഈ ലേഖന പരമ്പര എഴുതിയിട്ടുള്ളത് .

ആത്മീയ ചിന്തകനും മദ്രാസ്‌ഐ.ഐ.ടിയിലെ പ്രഗത്ഭനായ എന്‍ജിനീയറിംഗ് പ്രഫസറുമായ ഡോ.ദേവദാസ് മേനോനാണ്. കാനഡയില്‍ ഒരന്താരാഷ്‌ട്രകമ്പനിയിലെ ചീഫ് എന്‍ജിനിയറായ ഡോ. സുകുമാര്‍ കാനഡ ഇത് മലയാളത്തിലേയ്‌ക്ക് സ്വതന്ത്ര വിവര്‍ത്തനം ചെയ്തിരിക്കുന്നു.  

ഡോ. ദേവദാസ് മേനോന്‍ /  ഡോ. സുകുമാര്‍ കാനഡ

അദ്ധ്യായം 1

എന്താണീ ജീവിതത്തിന്റെ ലക്ഷ്യം?

എന്റെയുള്ളില്‍ ഈ സന്ദേഹം തോന്നിത്തുടങ്ങുമ്പോള്‍ എനിക്ക് ഏഴോ എട്ടോ വയസ്സുണ്ടാവും. പലവിധ കാര്യസാദ്ധ്യങ്ങള്‍ക്കായി യാഗശാലയില്‍ വേദമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് അഗ്‌നിയില്‍ ഹവിസ്സ് അര്‍പ്പിച്ച് അച്ഛന്‍ ഹോമം ചെയ്യുന്നത് കാണുമ്പോഴൊക്കെ ഈയൊരു ചോദ്യം എന്നില്‍ ഉയര്‍ന്നുവരും. എന്നാല്‍ ഞാനത് ചോദിക്കുമ്പോഴെല്ലാം അച്ഛന്‍ പറയും. ‘മകനേ നചികേതസേ, നീയിപ്പോള്‍ ഒരു കുഞ്ഞല്ലേ? വലുതാകുമ്പോള്‍ നിനക്കത്താനേ മനസ്സിലാവും’

ഇപ്പോഴെനിക്ക് പന്ത്രണ്ടു വയസ്സായി. ഞാനിപ്പോഴും കുട്ടിതന്നെയാണ്, സമ്മതിച്ചു. പക്ഷേ വേദശാസ്ത്രങ്ങള്‍ഒരുവിധം ഞാന്‍ പഠിച്ചിട്ടുണ്ട്. എന്റെ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ എന്റെയുള്ളില്‍ത്തന്നെ തെളിഞ്ഞു

തുടങ്ങിയിരിക്കുന്നു. ചെറുപ്രായത്തിലേ എനിക്ക് ഇതുമായി ബന്ധപ്പെട്ട ഉള്‍ക്കാഴ്ചയും ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊന്നും മറ്റാരോടും പറയാനാവുന്നത്ര തെളിമയുള്ള കാര്യങ്ങള്‍ അല്ലായിരുന്നു. ആലോചിക്കുന്തോറും എനിക്ക് ഏതാണ്ട് തീര്‍ച്ചയായത് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം മോക്ഷമാണെന്നാണ്. അതായത് തികച്ചും സ്വതന്ത്രമായ, സകലവിധ പരിമിതികള്‍ക്കും അതീതമായ, എല്ലാ ആശകള്‍ക്കും ദു:ഖങ്ങള്‍ക്കും ഉപരിയായ, അജ്ഞാനത്തില്‍ നിന്നും മുക്തമായ ഒരു ജീവിതം. തികഞ്ഞ ആത്മാവബോധത്തിന്റെ നിറവിലുള്ള ജീവിതം. ഈ ഉദാത്തമായ നേരറിവ് ‘തത്വമസി’ എന്ന മഹാവാക്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നുണ്ടല്ലോ. ‘നീ അത് ആകുന്നു.’ എന്നാണതിന്റെ വാച്യാര്‍ത്ഥം. എന്നാലും ആ വാക്യത്തിന്റെ ശരിയായ സാംഗത്യംഎന്താണ്? തത്ത്വമസി വാക്യത്തിന്റെ ആന്തരാര്‍ത്ഥം എന്നില്‍ ശാശ്വതമായ ആത്മസാക്ഷാത്കാരത്തിന്റെ നിറവാകാന്‍, എനിക്ക് അതിനുള്ള യോഗ്യതയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഗുരുവിനെ എനിക്ക് ഇപ്പോള്‍ത്തന്നെ കിട്ടിയേ തീരൂ എന്ന ഒരദമ്യമായ ആഗ്രഹം എന്നില്‍ ഉണരാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. ഇതിനുവേണ്ടി പ്രായപൂര്‍ത്തിയാവുന്നതുവരെ കാത്തിരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ചുറ്റുപാടുമുള്ള മുതിര്‍ന്നവരെ കാണുമ്പോള്‍ എനിക്ക് മനസ്സിലായത്, അവരില്‍ പലര്‍ക്കും വേണ്ടത്ര

അറിവുണ്ടെങ്കിലും ആ അറിവ് അവരില്‍ സത്യസാക്ഷാത്ക്കാരത്തിന്റെ നിറവായിട്ടില്ല എന്നാണ്. അവര്‍ ഇപ്പോഴും ലൗകീകജീവിതത്തിലെ പല കാര്യങ്ങളുടേയും പുറകേ തന്നെയാണ്. വയസ്സാവുമ്പോള്‍ മരണഭയം കൊണ്ട്അവര്‍ സ്വര്‍ഗ്ഗാദി മോഹങ്ങള്‍ക്ക് വശംവദരാവുന്നുമുണ്ടല്ലോ.

മുതിര്‍ന്നവരില്‍ ഏറ്റവും യോഗ്യനായി ഞാന്‍ കാണുന്നത് അച്ഛന്‍ വാജശ്രവസിനെത്തന്നെയാണ്. അദ്ദേഹം അറിവിന്റെയും ധാര്‍മ്മികതയുടെയും ദാനശീലത്തിന്റെയും കാര്യത്തില്‍ ഏറെ പ്രശസ്തനാണ്. അദ്ദേഹത്തിന്

യാഗകര്‍മ്മങ്ങളുടെ ശക്തിയില്‍ അളവറ്റ ശ്രദ്ധയും വിശ്വാസവുമുണ്ടായിരുന്നു. യാഗാഗ്‌നിയില്‍ അര്‍പ്പിക്കുന്ന ആഹുതികള്‍ കൊണ്ട് നമുക്ക് ആവശ്യമുള്ളവയെല്ലാം നേടാമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അത് സുഖസൗകര്യങ്ങള്‍ക്കായുള്ള കാമമാവട്ടെ, സമ്പത്തും അധികാരവും നിറഞ്ഞ അര്‍ത്ഥമാവട്ടെ, എല്ലാം നേടാന്‍ ശാസ്ത്രയുക്തമായിത്തന്നെ യാഗകര്‍മ്മങ്ങള്‍ ചെയ്യണംഎന്നദ്ദേഹം കാണിച്ചു തന്നു.

കാമപൂരണത്തിനുംഅര്‍ത്ഥപൂര്‍ത്തിക്കും വേണ്ടിയുള്ള യത്‌നങ്ങള്‍ തികച്ചും ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ മാത്രമേ ചെയ്യാവൂ എന്നദ്ദേഹം നിഷ്‌ക്കര്‍ഷിച്ചു. എങ്കിലേ മരണശേഷം നമുക്ക് സ്വര്‍ഗ്ഗപ്രാപ്തിയുണ്ടാവൂ.

എന്റെ അച്ഛനു പ്രായമേറിവരുന്നു. അദ്ദേഹത്തിന് വയസ്സുകാലത്തുണ്ടായ ഏക സന്തതിയാണു ഞാന്‍. അടുത്തയിടയ്‌ക്ക് ഞങ്ങളെ തികച്ചും ദു:ഖത്തിലാഴ്‌ത്തിയ ഒരു സംഭവമുണ്ടായി. എന്റെ അമ്മ, അച്ഛന്റെ പ്രിയപ്പെട്ട സഹധര്‍മ്മിണി, ദിവംഗതയായി. അതിനു ശേഷമാണ് അച്ഛന്‍ പ്രായേണ കാഠിന്യമേറിയ വിശ്വജിത്ത് എന്ന യാഗം ചെയ്യാന്‍ തീരുമാനിച്ചത്. സ്വര്‍ഗ്ഗപ്രാപ്തി, അതായത് മരണശേഷം ദേവലോകത്തേയ്‌ക്ക് എത്താനുള്ള മാര്‍ഗ്ഗമാണ് ഈ യാഗം ചെയ്താല്‍ ഹോതാവിന് തുറന്നു കിട്ടുന്നത്. യാഗത്തിന്റെ ഭാഗമായിട്ട് തന്റേതായ എല്ലാവിധ സ്വത്തുക്കളും യജ്ഞകര്‍ത്താവ് ദാനം ചെയ്യേണ്ടതായുണ്ട്. അച്ഛന്‍ നടത്തുന്ന വിശ്വജിത്തില്‍ പങ്കെടുക്കാന്‍ അനേകം ബ്രാഹ്മണപുരോഹിതന്‍മാര്‍ സന്നിഹിതരായിരുന്നു. യാഗത്തിനായുള്ള വിപുലമായ ഒരുക്കങ്ങള്‍ നടന്നു. യാഗത്തിനു വന്നുചേര്‍ന്ന ഈ ബ്രാഹ്മണര്‍ക്കാണ് അച്ഛന്‍ ദാനമായി തന്റെ സ്വത്തുക്കള്‍

എല്ലാം കൊടുക്കാന്‍ പോവുന്നത്.

യാഗകര്‍മ്മങ്ങള്‍ ഏതാണ്ട് അവസാനിക്കാറായപ്പോഴാണ് അച്ഛന്‍ സമ്പാദ്യങ്ങളെല്ലാം ദാനം ചെയ്യാന്‍ ആരംഭിച്ചത്. ആദ്യം കൈവശമുണ്ടായിരുന്ന ഭൂമി മുഴുവനും ബ്രാഹ്മണര്‍ക്ക് ദാനം നല്‍കി. പിന്നീട് സ്വര്‍ണ്ണം, അവസാനമായി ഗോദാനം ചെയ്യാനുള്ള സമയമായി. ഞാന്‍ നോക്കുമ്പോള്‍ ഗോശാലയില്‍ ഉള്ള പശുക്കളെല്ലാം മെലിഞ്ഞുണങ്ങി എല്ലുന്തിയവയായിരുന്നു. വേണ്ടത്ര ഭക്ഷണം കിട്ടാത്തതിനാല്‍ അവയ്‌ക്ക് നാലുകാലില്‍ നില്‍ക്കാനുള്ള ശക്തിപോലും ഇല്ലായിരുന്നു. മൃതപ്രായരായ അവയ്‌ക്ക് പ്രസവിക്കാനോപാല് നല്‍കാനോ തീര്‍ച്ചയായും കഴിയില്ല.

ഇങ്ങിനെയുള്ള പശുക്കളെ, അതും ഈ പുണ്യകര്‍മ്മം അവസാനിക്കുമ്പോള്‍, ദാനം ചെയ്യാന്‍ മഹാനായ അച്ഛന് എങ്ങിനെ മനസ്സു വരുന്നു എന്ന് ഞാന്‍ ആകുലപ്പെട്ടു. എല്ലാവിധ സമ്പത്തും ദാനം ചെയ്യണം എന്നാണ് ശാസ്ത്രവിധി. ശരിയാണ്. എങ്കിലും ദാനം ചെയ്യുന്ന വസ്തു അത് കിട്ടുന്നയാള്‍ക്ക് ഉപകാരപ്രദമാവണമല്ലോ? ഉപകാരമില്ലാത്ത എന്തെങ്കിലും കിട്ടിയിട്ട് അവരതുകൊണ്ട് എന്തു ചെയ്യാനാണ്. ഗോക്കളെ കിട്ടിയ ബ്രാഹ്മണര്‍ക്ക് എന്താണ് തോന്നുക? അവര്‍ക്കത് അപമാനമായിത്തോന്നി അച്ഛനെ ശപിക്കാനും സാദ്ധ്യതയുണ്ട്. ഈ ദാനം കൊണ്ടു പുണ്യമൊന്നും കിട്ടുകയില്ല എന്നു മാത്രമല്ല, അച്ഛനില്‍ അത് ദോഷമായി ഭവിക്കുകയും ചെയ്‌തേക്കാം. അങ്ങിനെയാണെങ്കില്‍ അദ്ദേഹം ആഗ്രഹിച്ച, മരണശേഷമുള്ള സ്വര്‍ഗ്ഗപ്രാപ്തി നടക്കാതെ പോകും.

അച്ഛന്റെ പിറകില്‍ ഞാന്‍ നിസ്സഹായനായി നിന്നു.അദ്ദേഹത്തെ ഈ ഗോദാന കര്‍മ്മത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ഇനി സമയം ഇല്ലാതാനും. അച്ഛന്‍ ചെയ്യുന്ന ഈ തെറ്റിന് പരിഹാരമായി മകനെന്ന നിലയില്‍ എനിക്കെന്തു ചെയ്യാനാകും എന്ന് ആലോചിച്ചപ്പോള്‍ എനിക്ക് ഒരാശയം തോന്നി.

ഞാന്‍ പിറകില്‍ നിലക്കുന്നുണ്ടെന്നറിഞ്ഞ അച്ഛന്‍ ചോദിച്ചു. ‘കുഞ്ഞേ, നചികേതസേ, നിന്റെ മനസ്സിലെന്താണ്? പറയൂ’ ഞാന്‍ പൊടുന്നനെ ചോദിച്ചു: ‘അച്ഛാ സമ്പാദ്യങ്ങള്‍ എല്ലാം ദാനം ചെയ്യുമെന്നാണല്ലോ  

യാഗാരംഭത്തില്‍ അങ്ങ് ചെയ്തപ്രതിജ്ഞ? അങ്ങേയ്‌ക്ക് സ്വന്തമായുള്ള അവസാനത്തെ സ്വത്ത്, പുത്രനായ ഈ ഞാന്‍ തന്നെയല്ലേ? എന്നെ ആര്‍ക്കാണ് അച്ഛന്‍ ദാനം ചെയ്യാന്‍ പോവുന്നത്?’

അച്ഛന്‍ പെട്ടെന്ന് രൂക്ഷമായി എന്നെയൊന്നു നോക്കി. ഒരക്ഷരം ഉരിയാടാതെ പുറംകൈവീശി എന്റെ ചോദ്യത്തെ അദ്ദേഹം അവഗണിച്ചു കളഞ്ഞു. അപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു. ‘എന്നെ ആര്‍ക്ക് ദാനം ചെയ്യാനാണ് അച്ഛന്‍  ഉദ്ദേശിക്കുന്നത്?’ അച്ഛന്‍ വീണ്ടും കൈവീശി എന്നെ അവഗണിച്ചു. ഇത്തവണ എന്നെ നോക്കിയത് പോലുമില്ല. എന്താണദ്ദേഹം ആലോചിക്കുന്നത്? വീണ്ടും ധൈര്യം സംഭരിച്ച് ഞാന്‍ മൂന്നാമതും ചോദ്യം ആവര്‍ത്തിച്ചു. ‘അച്ഛാ പറയൂ, എന്നെ ആര്‍ക്കാണ് ദാനം ചെയ്യാന്‍ പോവുന്നത്?’

ഇത്തവണ അച്ഛന്‍ ദേഷ്യത്തോടെ എന്നെ തിരിഞ്ഞുനോക്കി ആക്രോശിച്ചു. ‘നിന്നെ ഞാന്‍ മൃത്യുവിന് കൊടുക്കാനാണ് പോവുന്നത്!’

ഡോ. ദേവദാസ് മേനോന്‍ /  ഡോ. സുകുമാര്‍ കാനഡ

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക