കൊല്ലം: മതപരമായ ചടങ്ങുകള്‍ക്ക് ആനകളെ രാജ്യത്തിനകത്ത് കൈമാറ്റം ചെയ്യുന്നതിനും ഗതാഗതത്തിനും അനുവദിക്കുന്ന നിയമ ഭേദഗതി രാജ്യസഭ പാസാക്കിയതോടെ ക്ഷേത്രങ്ങള്‍ക്കുള്ള ആനകളെ വാങ്ങി നടയ്‌ക്കിരുത്തല്‍ തടസ്സങ്ങള്‍ നീങ്ങി.
ആനകളുടെ കൈമാറ്റവും ഗതാഗതവും എങ്ങനെയായിരിക്കണം എന്നതുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളുടെ ഉത്തരവ് രണ്ടാഴ്ചയ്‌ക്കുള്ളില്‍ സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡര്‍മാര്‍ക്കു ലഭിക്കും. 1973ലെ കേന്ദ്ര വനം-വന്യജീവി വകുപ്പിലെ നിയമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉപവകുപ്പു ചേര്‍ത്തിരിക്കുന്നത്.
2010നു ശേഷം കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകളെ നടയ്ക്കിരുത്തുന്നത് പൂര്‍ണമായും നിലച്ചിരുന്നു. വാണിജ്യപരമായി ആനകളുടെ കൈമാറ്റ നിരോധനമുള്ളതിനാലായിരുന്നു നടയ്ക്കിരുത്തല്‍ ഇല്ലാതിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ആനകളെ എത്തിക്കുന്നതും തടഞ്ഞിരുന്നു.
ഇഷ്ട ദാനമായോ സമ്മാനമായോ ആനകളെ കൈമാറുന്നതിന് മുമ്പും വിലക്കില്ലായിരുന്നെങ്കിലും ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പ്രശ്നങ്ങളുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനോട് പാറമേക്കാവ് ദേവസ്വം ഉള്‍പ്പെടെ പത്തോളം മേജര്‍ ക്ഷേത്രങ്ങള്‍ ആനകളെ വാങ്ങി നടയ്‌ക്കിരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആന കൈമാറ്റവും ഗതാഗതവും നിയമമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ആനകള്‍ എത്തുന്നതോടെ നിലവിലെ എഴുന്നെള്ളത്തു പ്രതിസന്ധിക്ക് പരിഹാരമാകും.
ഇപ്പോള്‍ സംസ്ഥാനത്ത് ഇരുനൂറിന് മുകളില്‍ ആനകളാണ് എഴുന്നെള്ളത്തിനു യോജ്യമായവ. ശിവരാത്രി, കുംഭ ഭരണി, കുംഭത്തിരുവാതിര, മീന ഭരണി ദിവസങ്ങളില്‍ ആനകളില്ലാത്തതിനാലും ഏക്കത്തുകയില്‍ വന്‍ വര്‍ധനയായതോടെയും പല ക്ഷേത്രങ്ങളിലും ആചാരത്തിന്റെ ഭാഗമായുള്ള എഴുന്നെള്ളത്ത് പ്രതിസന്ധിയുണ്ട്.
സര്‍ക്കാര്‍ അധീനതയിലെ ആനക്കൊട്ടിലുകളില്‍ നിന്നു രണ്ടു കുട്ടിയാനകളെ ഗുരുവായൂര്‍ ദേവസ്വത്തിനു നല്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനയുണ്ട്. നിയമ സാധുതയുണ്ടാകുന്നതോടെ ആനകളെ കൈമാറാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്തിമ തീരുമാനമെത്തേണ്ടത്. നിലവില്‍ ഗുരുവായൂര്‍ ആനത്താവളത്തില്‍ കുട്ടിയാനകളില്ല. ആന പരിപാലനം കൃത്യമായി നടക്കുന്ന ഗുരുവായൂര്‍ ആനത്താവളത്തിലേക്ക് ആനകളെ കൈമാറുന്നതിനു മറ്റു തടസ്സങ്ങളുണ്ടാകില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക