Categories: Varadyam

ശതരാഗ സൗന്ദര്യ ലഹരിയില്‍

ആദിപരാശക്തിയുടെ സൗന്ദര്യ സ്വരൂപത്തെ ഭക്തിരസ പ്രാധാന്യത്തോടെ 100 ശ്ലോകങ്ങളിലൂടെ വര്‍ണ്ണിച്ചിരിക്കുകയാണ് ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയിലൂടെ. സൗന്ദര്യ ലഹരിക്ക് ശതരാഗമാല കോര്‍ത്ത് ആദിപരാശക്തിയുടെ സൗന്ദര്യത്തിന് പുതുശ്രവ്യാനുഭവം പകര്‍ന്ന് മൂകാംബിക ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് കര്‍ണാടക സംഗീതജ്ഞനായ കോട്ടയം വീരമണി.

പൂര്‍ണിമ എസ്. നായര്‍

‘നാദഭേതി വേദം സാമവേദം ഇതി സംഗീതം’ എന്നതാണ് ഭാരതീയ ശാസ്ത്രീയ സംഗീതത്തെക്കുറിച്ചുള്ള സങ്കല്‍പ്പം. സംഗീതത്തിന്റെ പ്രധാനഘടകം ശബ്ദമാണെന്നും അതിനെ ലയാനുസാരിയായി ക്രമീകരിച്ചാണ് സംഗീതം ഉണ്ടാകുന്നതെന്നും പറയപ്പെടുന്നു. സംഗീതത്തിന്റെ പ്രധാന ഘടകമാണ് രാഗം. ആദ്യകാലങ്ങളില്‍ ജാതി എന്ന പദമാണ് രാഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചതെങ്കില്‍ പിന്നീട് അത് മാറിവരികയായിരുന്നു. ഭരതമുനിയുടെ നാട്യശാസ്ത്രത്തിന് ശേഷമാണ് രാഗമെന്ന പദം ഉണ്ടായതായി കരുതുന്നത്. എന്നാല്‍ ഇന്നത്തെ അര്‍ത്ഥത്തില്‍ രാഗമെന്ന പദം ശങ്കരാചാര്യര്‍ ‘സൗന്ദര്യ ലഹരി’യിലൂടെ ഉപയോഗിച്ചിരുന്നു.

ആദിപരാശക്തിയുടെ സൗന്ദര്യ സ്വരൂപത്തെ ഭക്തിരസ പ്രാധാന്യത്തോടെ 100 ശ്ലോകങ്ങളിലൂടെ വര്‍ണ്ണിച്ചിരിക്കുകയാണ് ശങ്കരാചാര്യര്‍ സൗന്ദര്യ ലഹരിയിലൂടെ. സൗന്ദര്യ ലഹരിക്ക് ശതരാഗമാല കോര്‍ത്ത് ആദിപരാശക്തിയുടെ സൗന്ദര്യത്തിന് പുതുശ്രവ്യാനുഭവം പകര്‍ന്ന് മൂകാംബിക ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് കര്‍ണാടക സംഗീതജ്ഞനായ കോട്ടയം വീരമണി. രാഗങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും എട്ട് വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു ശേഷം സൗന്ദര്യലഹരിയിലെ 100 ശ്ലോകങ്ങള്‍ക്ക് 100 രാഗങ്ങള്‍ നല്‍കി ‘ശതരാഗ സൗന്ദര്യലഹരി’ എന്ന കൃതി രചിച്ച് മകള്‍ മീനാക്ഷിയുടെ സ്വരമാധുര്യത്തില്‍ കീര്‍ത്തന രൂപേണ ചിട്ടപ്പെടുത്തിയ ഓഡിയോ ശ്രീശങ്കര ജയന്തി ദിനത്തില്‍ പുറത്തിറക്കുകയും ചെയ്തു. 2014ലെ ലളിതഗാന ശാഖയ്‌ക്കുള്ള കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌ക്കാര ജേതാവാണ് കോട്ടയം വീരമണി.

  • സംഗീത ലോകത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു? സംഗീതത്തിലെ ഗുരുക്കന്മാര്‍ ആരെല്ലാമായിരുന്നു?

ഞാന്‍ ഏഴു വയസ്സ് മുതല്‍ സംഗീതം പഠിച്ചു തുടങ്ങി. അന്ന് എന്റെ ദേശം കോട്ടയം ജില്ലയില്‍ അയ്മനം വില്ലേജിലെ പരിപ്പാണ്. കുട്ടിക്കാലം മുതല്‍ എനിക്ക് സംഗീതത്തോട് വാസനയുണ്ടായിരുന്നതുകൊണ്ട് അവിടെയുള്ള നാദസ്വരവിദ്വാന്‍ കുമരകം രാഘവ പണിക്കരുടെ ശിക്ഷണത്തില്‍ സംഗീതം പഠിക്കാന്‍ ആരംഭിച്ചു. എട്ടു വര്‍ഷത്തോളം അദ്ദേഹത്തിന്റെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. തുടര്‍ന്ന് പ്രീഡിഗ്രിക്ക് ശേഷം തൃപ്പൂണിത്തറ ആര്‍എല്‍വി സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസായി. 1983ല്‍ പരിപ്പ് മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു അരങ്ങേറ്റം. പിന്നീട് കച്ചേരികള്‍ അവതരിപ്പിച്ചു തുടങ്ങി.

ഗാനപ്രവീണ പഠിക്കുന്ന സമയത്ത് ഡോക്ടര്‍ മധുരൈ എസ് രാമനാഥന്‍, ഡി.കെ ജയരാമന്‍, ഓള്‍ ഇന്ത്യ റേഡിയോയിലെ ചീഫ് പ്രൊഡ്യൂസര്‍ ആയിരുന്ന തൃശ്ശൂര്‍ പി. രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്ന് സംഗീതം കൂടുതലായി പഠിക്കാന്‍ അവസരം ഉണ്ടായി. ഇവര്‍ മൂവരും സംഗീതത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു. ഡോക്ടര്‍ മധുരൈ എസ് രാമനാഥന്റെ പക്കല്‍ ശിഷ്യത്വം സ്വീകരിച്ചതിനുശേഷം സംഗീതത്തെക്കുറിച്ച് വിപുലമായ കാഴ്ചപ്പാട് എനിക്കുണ്ടായി. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലനിന്നിരുന്ന സംഗീതത്തെക്കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുന്ന ആളായിരുന്നു അദ്ദേഹം. സംഗീത ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്ന ഡി.കെ പട്ടമ്മാളിന്റെ സഹോദരനായ ഡി. കെ ജയരാമന്‍ ആയിരുന്നു മറ്റൊരു ഗുരുനാഥന്‍. ദീക്ഷിതര്‍ കൃതികളും പാപനാശം കൃതികളും പാടുന്നതിലും അദ്ദേഹം പ്രഗല്‍ഭനായിരുന്നു.

  • നാദത്തിന്റെ രൂപീകരണത്തെ ശാസ്ത്രീയമായി പഠിച്ച് തയ്യാറാക്കിയ ആദ്യ കൃതിയില്‍ നാദത്തിന്റെ എന്തൊക്കെ തലങ്ങളാണ് പ്രതിപാദിക്കുന്നത്?

സംഗീതത്തിന്റെ ആധാരം നാദമാണ്. നാദം, ശ്രുതി, സ്വരം, രാഗം എന്നിവയുടെ സമ്മേളനമാണ് സംഗീതം. നാദങ്ങള്‍ ചേര്‍ന്ന് ശ്രുതിയും, ശ്രുതികള്‍ ചേര്‍ന്ന് സ്വരവും, സ്വരങ്ങള്‍ ചേര്‍ന്ന് രാഗവും ഉണ്ടാകുന്നു. അതിനാല്‍ സംഗീതത്തിന്റെ ആദ്യ ചുവടുതന്നെ നാദത്തിന്റെ അടിസ്ഥാനത്തിലാണ്. ശാരങ്കദേവന്റെ സംഗീതരത്‌നാകരവും മാതങ്കന്റെ ബൃഹദ്ദേശിയും നാരദന്റെ സംഗീതമകരന്ദവും കൂടിച്ചേര്‍ന്നതാണ് എന്റെ ആദ്യ കൃതിയായ നാദസുധാരസം. ഇതിന്റെ രണ്ടാം ഭാഗത്തില്‍ ത്യാഗരാജ സ്വാമികളുടെ 24 നാദ മഹിമയുടെ കൃതികളും അതിന്റെ സാരങ്ങളും അടങ്ങിയിരിക്കുന്നു. നാദത്തെക്കുറിച്ച് മാത്രമുള്ള പുസ്തകങ്ങള്‍ ഞാന്‍ പലയിടങ്ങളില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ എനിക്ക് അവയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നാദത്തെക്കുറിച്ച് പഠിക്കണമെന്നും പുസ്തകം രചിക്കണമെന്നും ആഗ്രഹമായി. മൂന്ന് വര്‍ഷത്തെ പഠനത്തിനുശേഷം 2017ലാണ് ആദ്യ രചന പ്രസിദ്ധീകരിച്ചത്.

നാദങ്ങള്‍ രണ്ട് തരത്തിലുണ്ട് ആഹതം, അനാഹതം. കേള്‍ക്കാന്‍ കഴിയുന്ന നാദത്തെ ആഹതമെന്നും കേള്‍ക്കാന്‍ കഴിയാത്ത നാദത്തെ അനാഹതമെന്നും പറയുന്നു. ആഹതം അഞ്ചുവിധമുണ്ട് നഖജം, വായുജം, ചര്‍മജം, ലോഹജം, ശരീരജം. വീണപോലെ നഖങ്ങള്‍ കൊണ്ട് കമ്പി വലിച്ച് മീട്ടിയുണ്ടാകുന്ന നാദങ്ങളെ നഖജമെന്നും, വായു കടത്തിവിട്ട് ഉണ്ടാകുന്ന നാദങ്ങളെ വായുജമെന്നും, മൃഗങ്ങളുടെ ചര്‍മം ഉപയോഗിച്ച് നിര്‍മ്മിച്ച വാദ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന നാദങ്ങളെ ചര്‍മ്മജമെന്നും, ലോഹങ്ങള്‍ തമ്മില്‍ കൂട്ടി ഉരസ്സുമ്പോള്‍ ഉണ്ടാകുന്ന നാദങ്ങളെ ലോഹജം എന്നും, ശരീരത്തില്‍ നിന്നും ഉണ്ടാകുന്ന നാദത്തെ ശരീരജമെന്നും പറയുന്നു. ഇതില്‍ ശരീരജമായ നാദത്തെക്കുറിച്ചാണ് കൃതിയില്‍ കൂടുതലായും പരാമര്‍ശിക്കുന്നത്. മനുഷ്യ ശരീരത്തിലെ 72000 നാഡികള്‍ക്ക് കേന്ദ്രമായിരിക്കുന്ന ആറ് ഷഠാധാരങ്ങള്‍ ഉണ്ട്. മൂലാധാരം, സ്വാദിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ഷഠാധാരങ്ങളില്‍ തട്ടിയാണ് നാദം പ്രവഹിക്കുന്നത്. ഇതിനെ കുറിച്ചുള്ള ശാസ്ത്രമാണ് ഈ കൃതി.

  • കേള്‍ക്കാന്‍ സാധിക്കാത്ത നാദം എന്താണ്? നാദത്തിന്റെ രണ്ടാം വിഭാഗമായ അനാഹതത്തെ എങ്ങനെയാണ് തിരിച്ചറിയാന്‍ സാധിക്കുന്നത്?

നാദം കണ്ഠത്തില്‍ എത്തുമ്പോള്‍ മാത്രമാണ് അതിനെ ശ്രവിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ കണ്ഠത്തില്‍ എത്തുന്നതിനു മുന്‍പുള്ള നാദത്തിന്റെ അവസ്ഥയെയാണ് അനാഹതമെന്ന് പറയുന്നത്. സൂക്ഷ്മതമം, സൂക്ഷ്മതരം, സൂക്ഷ്മം അഥവാ പര, പശ്യന്തി, മധ്യമം എന്നിങ്ങനെ മൂന്ന് അവസ്ഥകളാണുള്ളത്. നാദത്തിന്റെ നാലാമത്തെ അവസ്ഥയാണ് വൈഖരി. ഷഠാധാരങ്ങള്‍ വഴി നാദം സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനാഹതം. സാധാരണ ആളുകള്‍ക്ക് നാദത്തിന്റെ ഈ അവസ്ഥയെ കേള്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ യോഗികള്‍ക്ക് ഇതിനെ കേള്‍ക്കാനും അനുഭവിക്കാനും സാധിക്കുമെന്ന് കരുതപ്പെടുന്നു.

മൂലാധാരത്തിലെ കുണ്ഡലിനിയില്‍ നിന്നുമാണ് നാദത്തിന്റെ ഉത്ഭവം. മൂലാധാരത്തില്‍ മൂന്നര ചുറ്റില്‍ സര്‍പ്പാകൃതിയിലുള്ള സ്വരൂപമാണ് കുണ്ഡലിനി. ആ കുണ്ഡലിനി എന്ന ശക്തിവിശേഷത്തെ ഉണര്‍ത്താനാണ് നാദോപാസനം ചെയ്യുന്നത്. യോഗികള്‍ അവയെ ഉണര്‍ത്തിയാണ് അമാനുഷികമായ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പറയപ്പെടുന്നു. ഉണര്‍ന്നുവരുന്ന ആ നാദം എന്തെന്നില്ലാത്ത അനുഭൂതിയാണ് ഉണ്ടാക്കുന്നത്. കുണ്ഡലിനി എന്ന് പറയുന്നത് ശക്തിയാണ്. ശക്തി സ്വരൂപിണിയായ ദേവിയുടെ സൗന്ദര്യത്തിന്റെ ലഹരിയാണ് ശങ്കരാചാര്യര്‍ സൗന്ദര്യലഹരിയിലെ 100 ശ്ലോകങ്ങളിലൂടെ പ്രകീര്‍ത്തിക്കുന്നത്.

  • എന്താണ് സൗന്ദര്യലഹരി? ദേവിയുടെ സൗന്ദര്യത്തെ എങ്ങനെയെല്ലാമാണ് ശങ്കരാചാര്യര്‍ വര്‍ണ്ണിച്ചിരിക്കുന്നത്?

ശക്തിസ്വരൂപിണിയായ പാര്‍വതി ദേവിയുടെ ആന്തരിക സൗന്ദര്യത്തെക്കുറിച്ചും ബാഹ്യ സൗന്ദര്യത്തെക്കുറിച്ചും 100 ശ്ലോകങ്ങളില്‍ വര്‍ണിച്ചിരിക്കുകയാണ് ശങ്കരാചാര്യര്‍ തന്റെ കൃതിയായ സൗന്ദര്യലഹരിയിലൂടെ. നൂറില്‍ 41 ശ്ലോകങ്ങളില്‍ ദേവിയുടെ ആന്തരിക സൗന്ദര്യത്തെക്കുറിച്ചും 59 ശ്ലോകങ്ങളില്‍ ബാഹ്യ സൗന്ദര്യത്തെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. ആദ്യ 41 ശ്ലോകങ്ങള്‍ ആനന്ദ ലഹരിയെന്നും 59 ശ്ലോകങ്ങള്‍ സൗന്ദര്യലഹരിയെന്നും അറിയപ്പെടുന്നു. ആന്തരിക സൗന്ദര്യത്തെക്കുറിച്ചുള്ള ഭാഗത്തിലാണ് ഷഠാധാരങ്ങള്‍ പ്രതിപാദിക്കുന്നത്. മഹാദേവന്‍ സഹസ്രാരപത്മത്തിലാണ് ഇരിക്കുന്നതെന്നും കുണ്ഡലിനിയാകുന്ന ദേവി ഉണര്‍ന്ന് ഷഠാധാരങ്ങളിലൂടെ സഞ്ചരിച്ച് സഹസ്രാരത്തിലെത്തി മഹാദേവനുമായി സംഗമിക്കുമ്പോഴാണ് പരമാനന്ദവും, പ്രപഞ്ചത്തില്‍ സൃഷ്ടിയും ഉണ്ടാകുന്നത്. സൗന്ദര്യലഹരിയിലെ ആദ്യ ശ്ലോകം തന്നെ അതിനെക്കുറിച്ചാണ്.

‘ശിവശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും’

ശിവനും ശക്തിയും ചേരാതെ പ്രപഞ്ചത്തില്‍ ഒരു ചലനവും സംഭവിക്കില്ല. ശിവന് തനിച്ച് കര്‍മ്മങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ശിവന്‍ ബ്രഹ്മാവസ്ഥയില്‍ ഇരിക്കുന്ന ആളാണ്. ചലനമില്ലാതെ ഇരിക്കുന്ന ആളോട് മായയാകുന്ന ശക്തി ചേരുമ്പോഴാണ് പ്രപഞ്ചത്തില്‍ ചലനം ഉണ്ടാകുന്നതും സൃഷ്ടി സംഭവിക്കുന്നതും. ദേവിയാണ് സര്‍വ്വവും എന്ന് തെളിയിക്കുന്ന കൃതിയാണ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരി. ഇതിലെ ഓരോ ശ്ലോകത്തിനും ഓരോ ഫലങ്ങള്‍ ഉണ്ട്. മനുഷ്യ ജീവിതത്തിലെ ഐശ്വര്യത്തിനും ഉന്നതിക്കും വേണ്ട എല്ലാ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ശതരാഗ സൗന്ദര്യലഹരിയുടെ ഉത്ഭവം എങ്ങനെയായിരുന്നു?

കൊല്ലൂര്‍ മൂകാംബികയിലാണ് എന്റെ മകള്‍ മീനാക്ഷിക്ക് ആദ്യാക്ഷരം കുറിച്ചത്. അവിടുത്തെ മൂന്ന് മേല്‍ശാന്തിമാരില്‍ ഒരാളായ ഗോവിന്ദ അഡിഗയാണ് മകളെ എഴുത്തിനിരുത്തിയത്. ഞങ്ങള്‍ തമ്മില്‍ ആത്മബന്ധമാണുള്ളത്. എന്റെ മകളെ അദ്ദേഹത്തിന്റെ മകളെ പോലെയാണ് കാണുന്നത്. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഡിസംബറില്‍ കഷായ ദീപാരാധനയ്‌ക്ക് ശേഷം ഗോവിന്ദ അഡിഗയുടെ ഗൃഹത്തില്‍ പോയി ഭക്ഷണം കഴിഞ്ഞ് ഇരിക്കുന്ന വേളയില്‍ അദ്ദേഹം എന്റെ മകളോടുള്ള സംഗീത വാത്സല്യത്തില്‍ അവളെ പണ്ഡിറ്റ് ഭീം സെന്‍ ജോഷിയുടെയും രാജന്‍ മിശ്ര-സാജന്‍ മിശ്ര സഹോദരങ്ങളുടേയും ഹിന്ദുസ്ഥാനി ഹയാലുകള്‍ കേള്‍പ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ഭാര്യ ആശയും അതിനൊപ്പം ചേര്‍ന്നു. ഇതിനിടെ മീനാക്ഷിക്ക് സൗന്ദര്യലഹരിയിലെ ശ്ലോകങ്ങള്‍ പറഞ്ഞു കൊടുക്കണമെന്നും അവ നിത്യവും ചൊല്ലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സകല അഭിവൃദ്ധിക്കായി ഒന്നാമത്തെയും നൂറാമത്തെയും ശ്ലോകവും വിദ്യയ്‌ക്കായി മൂന്നാമത്തെ ശ്ലോകവും സംഗീതത്തിനായി അറുപതാംശ്ലോകവും അദ്ദേഹം ഉപദേശിച്ചു.

സൗന്ദര്യലഹരി എന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍പോലും ശ്രദ്ധപതിക്കാത്ത ഒരു സ്‌തോത്രകാവ്യമായിരുന്നു അത്. ആധ്യാത്മിക മാര്‍ഗ്ഗത്തില്‍ നിത്യോപാസനയ്‌ക്ക് സൗന്ദര്യലഹരിയെ സ്വീകരിക്കുന്നവരുണ്ട്. തന്ത്രശാസ്ത്ര പ്രകാരം സൗന്ദര്യലഹരി മന്ത്രശബ്ദങ്ങളാണ്. ഓരോ ശ്ലോകത്തിനും ബീജമന്ത്രവും യന്ത്രവും അവയെ സംയോജിപ്പിക്കുന്ന തന്ത്രവും ഗുരുശിഷ്യ സമ്പ്രദായത്തിലൂടെ കൈമാറി വരുന്നതാണ്.

ഗോവിന്ദ അഡിഗ മകളെക്കൊണ്ട് ദിവസേന ശ്ലോകം ചൊല്ലിപ്പിക്കണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവള്‍ക്ക് പ്രയാസമില്ലാതെ ചൊല്ലാന്‍ വേണ്ടിയാണ് ശ്ലോകങ്ങള്‍ക്ക് ഞാന്‍ ഈണം കൊടുത്തത്. ആദ്യമൊക്കെ അദ്ദേഹം പറഞ്ഞ ശ്ലോകത്തിന് മാത്രമായിരുന്നു ഈണം പകര്‍ന്നത്. എന്നാല്‍ 100 ശ്ലോകങ്ങളില്‍ 66-ാം ശ്ലോകത്തില്‍ അമ്മയുടെ വാഗ്‌സൗന്ദര്യത്തിനും 69-ാം ശ്ലോകത്തില്‍ സംഗീതജ്ഞാനത്തിനുമായി മാറ്റിവെച്ചിരുന്നു ശങ്കരാചാര്യര്‍. ഈ രണ്ട് ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ശതരാഗ സൗന്ദര്യ ലഹരി എന്ന ആശയം എന്നില്‍ ഉടലെടുത്തത്. സൗന്ദര്യലഹരിയാകെ ഒരു മന്ത്രശാസ്ത്രമാണ്. അതിലെ ഓരോ ശ്ലോകവും ശക്തിമത്തായ ഓരോ മന്ത്രമാണെന്ന് മനസ്സിലാക്കി ജപിച്ചാല്‍ ഓരോ രാഗത്തിനും വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  • ഓരോ ശ്ലോകങ്ങള്‍ക്കും അനുയോജ്യമായ രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത് എങ്ങനെയായിരുന്നു?

ശ്ലോകങ്ങള്‍ക്ക് അനുസരിച്ചാണ് രാഗങ്ങള്‍ ചിട്ടപ്പെടുത്തിയത്. ചില ശ്ലോകങ്ങള്‍ക്ക് അവയുടെ അര്‍ത്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റു ചിലതിനാകട്ടെ അവയുടെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് രാഗങ്ങള്‍ കണ്ടെത്തിയത്. സൗന്ദര്യലഹരിയിലെ ആറാം ശ്ലോകമായ

‘ധനുഃ പൗഷ്പം മൗര്‍വ്വീ മധുകരമയീ, പഞ്ച വിശിഖാ

വസന്തഃ സാമന്തോ, മലയമരുദായോധനരഥഃ

തഥാപ്യേകഃ സര്‍വ്വം ഹിമഗിരിസുതേ! കാമപി കൃപാ-

മപാംഗാത്തേ ലബ്ധ്വാ ജഗദിദമനംഗോ വിജയതേ’

പുത്രനില്ലാത്തവര്‍ക്ക് പുത്രന്‍ ഉണ്ടാകുമെന്നാണ് ഈ ശ്ലോകത്തിന്റെ ഫലസിദ്ധി. ഇതിനായി ഞാന്‍ ഏത് രാഗം തെരഞ്ഞെടുക്കും എന്നതായിരുന്നു എന്റെ ചിന്ത. മാസങ്ങളോളം ആലോചിച്ച ശേഷമാണ് ഒരു രാഗം കണ്ടെത്താന്‍ സാധിച്ചത്. ഇതിനായി രാഗങ്ങള്‍ തേടിയപ്പോഴാണ് മുത്തുസ്വാമി ദീക്ഷിതരുടെ ഒരു കൃതി മനസ്സിലേക്ക് എത്തിയത്. അദ്ദേഹം വംശവതി എന്ന രാഗത്തിലാണ് ഒരു കൃതി രചിച്ചിട്ടുള്ളത്. സന്താനദായിനിയായ അമ്മയെ പ്രകീര്‍ത്തിക്കാന്‍ വംശവതി രാഗത്തിലും ശ്രേഷ്ഠമായ മറ്റൊരു രാഗം എനിക്ക് കണ്ടെത്താന്‍ സാധിച്ചില്ല. അതിനാല്‍ ഈ ശ്ലോകം ഞാന്‍ വംശവതി രാഗത്തില്‍ ചിട്ടപ്പെടുത്തി.

33-ാം ശ്ലോകം ഉപാസന ചെയ്താല്‍ ധനം ഉണ്ടാകുമെന്നാണ് ഫലം. അതിനായി ഞാന്‍ ധനപാലിനി രാഗം കണ്ടെത്തി. എന്നാല്‍ ഈ രാഗത്തില്‍ കൃതികള്‍ ഇല്ലായിരുന്നു. കൃതികള്‍ ഇല്ലാത്ത ഏഴ് രാഗങ്ങള്‍ ഏഴ് ശ്ലോകങ്ങള്‍ക്കായി ഞാന്‍ നല്‍കിയിട്ടുണ്ട്. സമാന രീതിയിലാണ് ഞാന്‍ ഓരോ ശ്ലോകത്തിനും രാഗങ്ങള്‍ നല്‍കിയത്. വെറുമൊരു രാഗവിന്യാസം അനായാസം സാധിക്കും. എന്നാല്‍ ഓരോ ശ്ലോകത്തിനും അര്‍ത്ഥതലങ്ങളുമായും ഫലസിദ്ധിയുമായും ബന്ധപ്പെടുത്തി രാഗങ്ങള്‍ കണ്ടെത്തിയതിനാല്‍ എട്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ഞാന്‍ ശതരാഗ സൗന്ദര്യലഹരി പൂര്‍ത്തിയാക്കിയത്.

  • കൃതികളില്ലാത്ത ഏഴ് രാഗങ്ങളെ എങ്ങനെയാണ് ശ്ലോകവുമായി ബന്ധിപ്പിച്ചത്?

പ്രാചീനകാലത്തുള്ള സംഗീത ആചാര്യന്മാര്‍ ഓരോ രാഗത്തിന്റെയും ആരോഹണവും അവരോഹണവും നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിലവില്‍ ഇതുവരെ കൃതികള്‍ രചിക്കപ്പെട്ടിരുന്നില്ല. ആരോഹണം അവരോഹണം ഓരോ രാഗത്തിനും പ്രധാനമാണ്. അത് അനുസരിച്ചാണ് ഒരു രാഗത്തിന്റെ സഞ്ചാരം. അങ്ങനെയുള്ള രാഗങ്ങള്‍ക്ക് ഞാന്‍ തന്നെ വീണ മീട്ടി അതിന്റെ ഗമഗങ്ങളെ കണ്ടെത്തി. അവയ്‌ക്ക് ഈണം നല്‍കി ശ്ലോകത്തിനായി പ്രയോജനപ്പെടുത്തി. സമാനമായ ഏഴ് രാഗങ്ങളും ഒരു കൃതി മാത്രമുള്ള രാഗങ്ങളും രണ്ടോ മൂന്നോ കൃതികള്‍ ഉള്ള രാഗങ്ങളും ശതരാഗ സൗന്ദര്യലഹരിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള രാഗങ്ങളില്‍ ചിലതാണ് ധനപാലിനി, മോക്ഷദായിനി, ജനനി, വേദസ്വരൂപി, മോഹനാങ്കി, വംശവതി, ബിന്ദുമാലിനി, ഭവാനി, ശിവശക്തി, രുദ്രപ്രിയ, ചന്ദരജ്യോതി, കര്‍ണ്ണരഞ്ജിനി, ഹംസവിനോദിനി, മംഗളനായകി, സൂത്രധാരി എന്നിവ.

  • ശതരാഗ സൗന്ദര്യലഹരിയുടെ പിന്നിലുള്ള ഗവേഷണ തലങ്ങള്‍ എന്തെല്ലാമായിരുന്നു?

ഈ കൃതി രചിക്കാനായി ധാരാളം വായനയും രാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ആവശ്യമായി വന്നു. എന്നാല്‍ എന്റെ ഗവേഷണത്തിന് ആഴങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച വ്യക്തിയാണ് ബാലരമ എഡിറ്റര്‍ ഹരിശങ്കര്‍ സാറിന്റെ അമ്മയായ സരസ്വതി വാര്യര്‍. കാഞ്ചി കാമകോടിപീഠം ശങ്കരാചാര്യ മഠത്തിലെ ചന്ദ്രശേഖര സരസ്വതിയാണ് സൗന്ദര്യലഹരിയെക്കുറിച്ച് ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ തമിഴിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് അത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വ്യക്തിയാണ് സരസ്വതി വാര്യര്‍. സരസ്വതി അമ്മയുടെ വിവര്‍ത്തനമാണ് എന്റെ കൃതിക്ക് മാര്‍ഗ്ഗദര്‍ശിയായത്.

  • നൂറു രാഗങ്ങളിലുള്ള ശ്ലോകങ്ങള്‍ മീനാക്ഷിയെ പഠിപ്പിച്ചത് എങ്ങനെയായിരുന്നു?

എന്റെ മനസ്സിലേക്ക് ഒരു രാഗം കടന്നുവന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ ശ്ലോകമായി കോര്‍ത്തിണക്കുമായിരുന്നു. ഓരോ ശ്ലോകത്തിനും രാഗങ്ങള്‍ നല്‍കുമ്പോള്‍ തന്നെ മകളിലേക്ക് അത് പകര്‍ന്നു നല്‍കി. അവള്‍ വേഗത്തില്‍ തന്നെ എല്ലാം പഠിച്ചെടുത്തു. രാഗങ്ങളും ഈണങ്ങളും പിന്നീട് മറന്നിരുന്നില്ല. എനിക്ക് സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ പഠിച്ചെടുത്ത രാഗങ്ങളെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചിരുന്നത് മീനാക്ഷിയായിരുന്നു. എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവള്‍ ഹൃദിസ്ഥമാക്കിയ രാഗങ്ങള്‍ മറക്കാതെ തന്നെ രാഗശുദ്ധിയോടെ പാടിയത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: kottayam