പറങ്കിപ്പടയുടെ മുന്നേറ്റത്തിന് മൊറോക്കോന്‍ യോദ്ധാക്കളുടെ പ്രതിരോധം. പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ലോകകപ്പ് ഫുട്ബോളിന്റെ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന ചരിത്ര നേട്ടവുമായി മൊറോക്കോയുടെ വീരഗാഥ. 42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരിയാണ് വിജയ ഗോള്‍ നേടിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് പോര്‍ച്ചുഗല്‍ കോച്ച് സാന്റോസ് ടീമിനെ ഇറക്കിയത്. തുടക്കത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. മൊറോക്കോയും ഒപ്പം പിടിച്ചതോടെ കളി ആവേശകരമായി. എങ്കിലും പന്തടക്കത്തിലും പാസിങ്ങിലും പോര്‍ച്ചുഗല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതിയില്‍ അവസരങ്ങളിലേറെ ലഭിച്ചതു മൊറോക്കോയ്ക്ക്. ഒടുവില്‍ 42-ാം മിനിറ്റില്‍ കാത്തിരുന്ന ഗോള്‍ പിറന്നു. നിരവധി അവസരങ്ങള്‍ പാഴാക്കിയ യൂസഫ് എന്‍ നെസിരിയാണ് പോര്‍ച്ചുഗല്‍ വല കുലുക്കിയത്. യഹിയ എല്‍ ഇദ്രിസിയുടെ പാസില്‍ നിന്നായിരുന്നു ഗോളിയെയും മറികടന്ന് ഉയര്‍ന്നു ചാടിയുള്ള നെസിരിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍.
രണ്ടാംപകുതി തുടങ്ങി ഏറെ കഴിയും മുന്‍പേ നെവസിന് പകരം ക്രിസ്റ്റ്യാനോയെ കളത്തിലിറക്കി. സമനിലയ്ക്കായി പോര്‍ച്ചുഗല്‍ കളം നിറഞ്ഞെങ്കിലും മൊറോക്കോ പ്രതിരോധക്കോട്ട കെട്ടി മുന്നേറ്റങ്ങളെല്ലാം വിഫലമാക്കി. മൊറോക്കോ ഗോളി ബൗനോയുടെ മിന്നുന്ന രക്ഷപ്പെടുത്തലും കൂടിയായപ്പോള്‍ പോര്‍ച്ചുഗലിന്റെ നീക്കങ്ങളെല്ലാം ലക്ഷ്യത്തില്‍ നിന്നകലെയായി. കളി ഇഞ്ചുറി സമയത്തേക്ക് കടന്നപ്പോള്‍ മൊറോക്കോയുടെ വാലിദ് ചെദീര രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പു കാര്‍ഡും കണ്ടു. പിന്നീടുള്ള സമയം പത്തു പേരുമായാണ് അവര്‍ കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: