Categories: Main Article

അരവിന്ദദര്‍ശനം; ഭാവിഭാരതത്തിന്റെ മാര്‍ഗ്ഗരേഖ; ഇന്ന് മഹര്‍ഷി അരവിന്ദന്റെ സമാധിദിനം

'ധനം നല്‍കിയില്ലെങ്കില്‍ വേണ്ട, അരവിന്ദ വചനങ്ങളുടെ ആത്മാവിനെ മാറ്റാനാവില്ല ' എന്ന് ആശ്രമത്തില്‍ നിന്ന് വ്യക്തമായി പറഞ്ഞു. അരവിന്ദന്റെ വിശ്വാസത്തിന്റെയും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളിലെ മൗലിക സിദ്ധാന്തങ്ങളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സാദ്ധ്യമല്ല.'

സി.എം. രാമചന്ദ്രന്‍

ശ്രീ ഗുരുജീ സാഹിത്യ സര്‍വ്വസ്വത്തിന്റെ രണ്ടാം ഭാഗത്തിലെ സമാവര്‍ത്തനം എന്ന അവസാന അധ്യായത്തില്‍ 1972 ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ഠാണേയില്‍ നടന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചിന്തന്‍ ബൈഠക്കില്‍ പൂജനീയ സര്‍സംഘചാലക് ശ്രീഗുരുജി നടത്തിയ ബൗദ്ധിക്കുകളാണുള്ളത്. ഇതില്‍ ‘നാം ഹിന്ദുക്കള്‍’ എന്ന ശീര്‍ഷകത്തില്‍ 1972 ഒക്ടോബര്‍ 29ന് ഗുരുജി നടത്തിയ ബൗദ്ധിക്കില്‍ ശ്രീഅരവിന്ദ സാഹിത്യത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഒരു അനുഭവം വിവരിക്കുന്നുണ്ട്. ‘മഹായോഗി അരവിന്ദന്റെ ജന്മശതാബ്ദി സമയത്ത് അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധം ചെയ്യുന്നതിന് സര്‍ക്കാരിന്റെ സഹായം സ്വീകരിക്കേണ്ട പ്രശ്‌നം വന്നപ്പോള്‍ ധനസഹായത്തിന് ഭാരത സര്‍ക്കാര്‍ അരവിന്ദാശ്രമത്തോട് രണ്ടു വ്യവസ്ഥകള്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നാമത് അരവിന്ദാശ്രമത്തില്‍ നിന്ന് അഖണ്ഡഭാരതത്തിന്റെ ചിത്രം നീക്കം ചെയ്ത് ഇന്നത്തെ രാഷ്‌ട്രീയ ഭാരതത്തിന്റെ ചിത്രം വെക്കണമെന്നും രണ്ടാമത്തേത് അരവിന്ദ സാഹിത്യത്തില്‍ ഹിന്ദു, സനാതന ധര്‍മ്മം, ഹിന്ദു രാഷ്‌ട്രം മുതലായ പരാമര്‍ശം വരുന്നത് പുതിയ പതിപ്പില്‍ ഉപേക്ഷിക്കണമെന്നും. രണ്ടു വ്യവസ്ഥകളും അരവിന്ദാശ്രമം അധികൃതര്‍ നിരാകരിച്ചു. മഹായോഗിയുടെ കൃപയും അരവിന്ദാശ്രമത്തിന്റെ ചേതനാ സ്വരൂപമായ മാതാജിയുടെ അന്തഃകരണത്തിന്റെ ദൃഢതയും കൊണ്ടാണിത് സാധിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ‘ധനം നല്‍കിയില്ലെങ്കില്‍ വേണ്ട, അരവിന്ദ വചനങ്ങളുടെ ആത്മാവിനെ മാറ്റാനാവില്ല ‘ എന്ന് ആശ്രമത്തില്‍ നിന്ന് വ്യക്തമായി പറഞ്ഞു. അരവിന്ദന്റെ വിശ്വാസത്തിന്റെയും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങളിലെ മൗലിക സിദ്ധാന്തങ്ങളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സാദ്ധ്യമല്ല.’

1972 ആഗസ്റ്റ് 15ന് ഭാരത സ്വാതന്ത്ര്യത്തിന്റെ 25-ാം വാര്‍ഷികവും ശ്രീ അരവിന്ദന്റെ ജന്മശതാബ്ദിയും ആഘോഷിച്ച സമയത്ത് നമ്മുടെ രാജ്യത്ത് നിലനിന്ന ദേശീയ വിരുദ്ധ, ഹിന്ദു വിരുദ്ധ അന്തരീക്ഷമാണ് ഗുരുജിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു കഴിഞ്ഞ് 50 വര്‍ഷങ്ങള്‍ കടന്നുപോയി. ഇപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷികവും ശ്രീഅരവിന്ദന്റെ 150-ാം ജന്മവാര്‍ഷികവും ഭാരതത്തിലുടനീളം സമുചിതമായി ആഘോഷിച്ചു വരികയാണ്. ഇത്തവണയും അരവിന്ദ സാഹിത്യത്തിന്റെ പ്രചരണം പരിഗണനയില്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു നിബന്ധനയുമില്ലാതെ അരവിന്ദ സാഹിത്യവുമായി ബന്ധപ്പെട്ട നാലു വാല്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള ധനസഹായം ലഭ്യമാക്കി. പോണ്ടിച്ചേരിയിലെ ശ്രീ അരവിന്ദാശ്രമം പ്രസ്സില്‍ നിന്ന് അച്ചടിച്ച ഈ വാല്യങ്ങള്‍ രാജസ്ഥാനിലെ ശ്രീ അരബിന്ദോ ഡിവൈന്‍ ലൈഫ് ട്രസ്റ്റ് മുഖേന  വിതരണം ചെയ്തു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള  സമിതിയാണ് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടൊപ്പം  ശ്രീഅരവിന്ദന്റെ 150-ാം ജന്മവാര്‍ഷികത്തിനും നേതൃത്വം നല്‍കുന്നത്. ശ്രീഅരവിന്ദനുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കാന്‍ രാജ്യത്തെ 75 സര്‍വ്വകലാശാലകളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

പോണ്ടിച്ചേരി ശ്രീ അരവിന്ദാശ്രമത്തില്‍ വെച്ച് 2022 ജനുവരി 24 ന് നടന്ന ശ്രീ അരവിന്ദന്റെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ആയിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ അറിയണമെങ്കില്‍ ശ്രീ അരവിന്ദ സാഹിത്യം വായിക്കണമെന്നും ഭാരതത്തെ സംബന്ധിച്ച അരവിന്ദ ദര്‍ശനം സാക്ഷാത്കരിക്കുന്നതിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീ അരവിന്ദന്‍ രാജ്യത്തിന്റെ മുന്നില്‍ സ്വരാജ് എന്ന ആശയം വെക്കുകയും ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഭാരതത്തിനുണ്ടെന്ന് കരുതുകയും ചെയ്തിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

ശ്രീ അരവിന്ദന്റെ സമ്പൂര്‍ണ്ണ സാഹിത്യത്തിന്റെ ഏറ്റവും പുതിയ പതിപ്പ് 37 വാല്യങ്ങളായാണ് ശ്രീ അരവിന്ദാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തിന്റെ ഭാവിയെ സംബന്ധിച്ച ഒട്ടനവധി വിഷയങ്ങള്‍ ഇവയിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു. 1909 മെയ് 30ന് ശ്രീ അരവിന്ദന്‍ നടത്തിയ പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗവും 1947 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആകാശവാണിയിലൂടെ നല്‍കിയ സന്ദേശവും 1948 ഡിസംബര്‍ 11ന് ആന്ധ്രാ സര്‍വ്വകലാശാലക്ക് നല്‍കിയ സന്ദേശവും സ്വതന്ത്ര ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ മാര്‍ഗ്ഗരേഖകളാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ക്ക് അരവിന്ദന്റേതു പോലുള്ള വിശാലമായ ലക്ഷ്യമോ സമഗ്ര കാഴ്ചപ്പാടോ ഉണ്ടായിരുന്നില്ല. അതുമൂലം ഭാരതം അനുദിനം ദുര്‍ബലമാകുകയാണ് ചെയ്തത്.  

സ്വാതന്ത്ര്യം ലഭിച്ച് അഞ്ചു പതിറ്റാണ്ടുകള്‍ക്കു ശേഷം അധികാരത്തില്‍ വന്ന വാജ്‌പേയി സര്‍ക്കാരും 2014 മുതല്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരുമാണ് ഭാരതത്തിന്റെ അസ്മിതയെ വീണ്ടെടുക്കാനാവശ്യമായ നടപടികള്‍ കൈക്കൊണ്ടത്. വാജ്‌പേയി ഭരണത്തില്‍ നടന്ന പൊഖ്‌റാന്‍ ആണവ പരീക്ഷണം ഭാരതം ഉണര്‍ന്നെണീക്കാന്‍ പോകുന്നു എന്നതിന്റെ ശക്തമായ സൂചനയായിരുന്നു. ശ്രീ അരവിന്ദന്‍ വിഭാവനം ചെയ്ത ഭാരതത്തിന്റെ ദേശീയൈക്യത്തിലേക്കുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രധാന ചുവടു വെയ്പുകളായിരുന്നു 370-ാം വകുപ്പിലൂടെ ജമ്മു കാശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവി റദ്ദാക്കിയതും നൂറ്റാണ്ടുകളായി പരിഹരിക്കാതെ കിടന്നിരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയുടെ പേരിലുള്ള തര്‍ക്കം സമാധാനപരമായി പരിഹരിക്കാന്‍ കഴിഞ്ഞതും. മോദി സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും ശ്രീ അരവിന്ദന്റെ വിദ്യാഭ്യാസ ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ചരിത്രത്തിലാദ്യമായി ജി20 ഉച്ചകോടി അടുത്ത വര്‍ഷം ഭാരതത്തില്‍ നടക്കാന്‍ പോകുന്നുവെന്നത് ഭാരതം ശ്രീ അരവിന്ദന്‍ വിഭാവനം ചെയ്തതുപോലെ ലോക നേതൃത്വത്തിലേക്ക് ഉയരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. കമ്മ്യൂണിസ്റ്റ് ചൈനയുടെ അക്രാമികമായ നീക്കങ്ങളെ കുറിച്ചു പോലും മുന്നറിയിപ്പു നല്‍കിയ ശ്രീ അരവിന്ദന്റെ വാക്കുകള്‍ ഭാവിഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക