ലോകകപ്പില്‍ ഓരോ മത്സരത്തിനു മുന്‍പും ഒരു ചടങ്ങുണ്ട്. നുറുകണക്കിന് വോളന്റിയര്‍മാരാണ് ഇതിനുള്ളത്. അതില്‍ നിരവധി മലയാളികളുമുണ്ട്.
സ്റ്റേഡിയം 974ലെ ഫിഫ ഇവന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഒരു മലയാളിയാണ്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ എമില്‍ അഷറഫ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെക്കപ്പെട്ട് സ്റ്റേഡിയം 974 ല്‍ നിയോഗിക്കപ്പെട്ട ഫിഫ ഇവന്റ് വോളന്റിയര്‍മാരുടെ ടീം ലീഡറാണ് എമില്‍.
വളരെ ചിട്ടയോടെയും ക്രമീകരണങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ചെയ്യേണ്ട ഒന്നാണ് മത്സരമുന്നോടിയായി നടക്കുന്ന ചടങ്ങുകളെന്ന് എമില്‍ പറയുന്നു. 130 അംഗ സംഘമാണ് 974 ലെ കാര്യങ്ങള്‍ നോക്കുന്നത്. അതുപോലെ തന്നെ എല്ലാ സ്റ്റേഡിയങ്ങളിലും ഓരോ സംഘങ്ങളുണ്ട്.
മത്സരം തുടങ്ങുന്നതിനു മുമ്പുള്ള അഞ്ച് മിനിറ്റ് ഈ സംഘത്തിന്റേതാണ്. കോ-ഓര്‍ഡിനേഷന്‍ പാളിയാല്‍ എല്ലാം തകിടം മറിയും. ഇമ്പമുള്ള സംഗീതത്തിന്റെ അകമ്പടിയോടെ 72 വോളന്റിയര്‍മാര്‍ വലിയ തുണി മടക്കി തോളിലേന്തി മൈതാനത്തു പ്രവേശിക്കുന്നതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. പിന്നാലെ 20 പേര് ചുറ്റും നിന്ന് ലോകകപ്പിന്റെ കൂറ്റന്‍ മാതൃക തള്ളിക്കൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കും. വൃത്താകൃതിയില്‍ മൈതാനത്ത് മധ്യത്തില്‍ വച്ച തുണിയുടെ മധ്യത്തില്‍ ഭീമാകാരമായ ലോകകപ്പ് മാതൃക വയ്ക്കും.
മറ്റു ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ് 30 അടിയോളം ഉയരമുള്ള ലോകകപ്പാണ് വോളന്റിയര്‍മാര്‍ മൈതാനത്തെത്തിക്കുന്നത്. എന്തെങ്കിലും വീഴ്ചയുണ്ടായില്‍ പിന്നോട്ടു വലിക്കാന്‍ വലിയ കയറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മാതൃക ഒരു വലിയ സ്റ്റാന്‍ഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇത് മൈതാന മധ്യത്തില്‍ എത്തുന്നതോടെ വൈദ്യുതവിളക്കുകളെല്ലാം അണയും. ആ സമയം കാണികള്‍ മൊബൈലിലെ ടോര്‍ച്ച് തെളിക്കും. പിന്നെ വര്‍ണക്കാഴ്ചകളുടെ വിസ്മയം. ലോകകപ്പന്റെ മാതൃക സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡില്‍ നിന്ന് പൂത്തിരികളും മറ്റു വര്‍ണങ്ങളും വാരിവിതറും. പിന്നാലെ മത്സരിക്കുന്ന രാജ്യങ്ങളുടെ പതാകകളുമായി വോളന്റിയര്‍മാരെത്തും. ഒപ്പം ഫിഫയുടെ ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നു എന്ന പതാകയും. പിന്നീട് വൈദ്യുത വിളക്കുകള്‍ തെളിയും. ഇതോടെ കുരുന്നുകളുടെ കൈയും പിടിച്ച് ഇരു രാജ്യങ്ങളുടെയും താരങ്ങള്‍ വരിവരിയായി മൈതാനത്തു പ്രവേശിക്കും. അവര്‍ നിരന്നു നിന്നാല്‍ പിന്നെ അതതു രാജ്യങ്ങളുടെ ദേശീയ ഗാനം.
എമിലിന്റെയും സംഘത്തിന്റെയും ആദ്യ അവതരണം മെക്സിക്കോ- പോളണ്ട് മത്സരത്തിനു മുമ്പായിരുന്നു. റഹ്ന താഹിര്‍, ഇലിയാസ്, ഇസുദ്ദീന്‍, വിപിന്‍, ഫഹദ്, അനീസ്, ഷബീര്‍, അനീഷ, ജിഷാന, വിനു, അര്‍ഷാദ് ഹാന്‍ബല്‍ എന്നീ മലയാളികളും സംഘാംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: