മലയാളത്തിലെ മാജിക്കല്‍ റിയലിസത്തിന്റെ കുലപതിയാണ് സേതു. എല്ലാ ആധുനിക എഴുത്തുകാരെയുംപോലെ റിയലിസത്തിനും അതിഭാവുകത്വത്തിനും മുകളില്‍ മനുഷ്യജന്മത്തെ ആഴത്തില്‍ കണ്ട് ജീവിതത്തിലെ സങ്കീര്ണതകളേയും സന്ദിഗ്ധതകളേയും പുതിയ വെളിച്ചത്തില്‍ കണ്ട്, ഇഴപിരിക്കാനും അപഗ്രഥിക്കാനുമാണ് സേതു ശ്രമിക്കുന്നത്. ഒ.വി. വിജയനും ആനന്ദും സേതുവും പുനത്തിലും എം. മുകുന്ദനും കാക്കനാടനും പി. പത്മരാജനും സക്കറിയായും ടിആറും, മലയാളത്തിലെ ആധുനിക സാഹിത്യത്തിന്റെ ശില്പികളായി വിലയിരുത്തപ്പെടുന്നു. അസ്തിത്വദുഃഖവും അന്യതാബോധവും അപമാനവീകരണവും ആധുനികകൃതികളില് ആവോളമുണ്ട്.
പേടിസ്വപ്നങ്ങളുടെ ഘടനയും അനുഭവ സാന്ദ്രതയും പ്രകടമാക്കുന്ന സേതുവിന്റെ കഥകളും നോവലുകളും അതര്‍ഹിക്കുന്ന തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ആധുനികതയുടെ മധ്യാഹ്ന സൂര്യന് കത്തിനില്ക്കുമ്പോള് ‘പാണ്ഡവപുരം’ എന്ന നോവലിന്റെ വരവ് പുതിയ യുഗപ്പിറവിയായിരുന്നു. ജനാബ് കുഞ്ഞിമൂസ്സഹാജിയും, ദൂതും മലയാളത്തിലെ ഏറ്റവും മികച്ച കഥകളായി എണ്ണപ്പെടുന്നു. സമകാലീന ജീവിതത്തെ ആഴത്തില്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായ തലങ്ങള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാവുന്ന പ്രമേയം മലയാളത്തില്‍ കൊണ്ടുവന്നതുതന്നെ സേതുവാണ്.
ഭ്രമകല്പനകളും യാഥാര്‍ത്ഥ്യവും കൂട്ടിക്കലര്‍ന്ന് കഥപറയുന്ന ഗാര്‍സിയാ മാര്‍കേസിന്റെ രീതിയാണ് സേതുവിനുള്ളത്. നിത്യജീവിതത്തിന്റെ യുക്തിയെ തകര്‍ത്തുകൊണ്ട് കടന്നുവരുന്ന ആകസ്മികവും വിചിത്രവുമായ സംഭവങ്ങളെ മാജിക്കല്‍ റിയലിസത്തിലൂടെ വായനക്കാരുമായി പങ്കുവച്ച ഈ വലിയ എഴുത്തുകാരനെത്തേടി എഴുത്തച്ഛന് പുരസ്കാരം എത്തിയിരിക്കുന്നു.
വളരെ വൈകിയാണ് ഈ പുരസ്കാരം സേതുവിനെ തേടിയെത്തുന്നത്. ദേശീയ അവാര്‍ഡും വയലാര്‍ അവാര്‍ഡും വളരെ വൈകിയാണ് സേതുവിന് ലഭിച്ചത്. അദ്ദേഹത്തിന്റെ വായനക്കാര്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ”എന്തുകൊണ്ട് സേതുവിനെത്തേടി എഴുത്തച്ഛന് പുരസ്കാരം എത്തിയില്ല?” വ്യക്തിഗതമായ ദുഃസ്വപ്നങ്ങള്ക്കപ്പുറം ഒരു കാലഘട്ടത്തിന്റെ വിഹ്വലതകളും ഇരുണ്ട സ്വപ്നങ്ങളുമാണ് സേതു എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: