ദോഹ: വീണ്ടുമൊരു വന്‍ വീഴ്ച… ഇത്തവണ മൂക്കുകുത്തിയത് ലോക റാങ്കിങ്ങിലെ രണ്ടാമന്മാരും കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളുമായ ബെല്‍ജിയം. ആഫ്രിക്കന്‍ കരുത്തുമായെത്തിയ മോറോക്കോ ആര്‍ത്തിരമ്പിയപ്പോള്‍ ബെല്‍ജിയം വീണത് എതിരില്ലാത്ത രണ്ടു ഗോളിന്. ജയത്തോടെ രണ്ട് കളിയില്‍ നാല് പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് എഫില്‍ മുന്നിലെത്തി. പകരക്കാരായി ഇറങ്ങിയ സാബിരിയും സക്കറിയ അബുഖ്ലാലുമാണ് മൊറോക്കോയ്ക്കുവേണ്ടി ലക്ഷ്യം കണ്ടത്.
ബെല്‍ജിയം നിരയില്‍ സഹോദരങ്ങളായ ഹസാര്‍ഡ് സഹോദരന്മാര് നായകന് ഈഡന് ഹസാര്‍ഡും അനുജന് തോര്‍ഗന്‍ ഹസാര്‍ഡും ആദ്യ ഇലവനില്‍ ഒന്നിച്ച് അണിനിരന്നു. 4-2-3-1 എന്ന ശൈലിയിലാണ് ബെല്‍ജിയം കോച്ച് ടീമിനെ വിന്യസിച്ചത്. മൊറോക്കോ 4-3-3 ശൈലിയിലും കളത്തിലിറങ്ങി.
തുടക്കം മുതല്‍ ബെല്‍ജിയമാണ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത്. ഇതെല്ലാം മൊറോക്കോ പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് മൊറോക്കോയുടെ ഹക്കിം സിയെച്ച് ബെല്‍ജിയത്തെ ഞെട്ടിച്ച് വല തുളച്ചു. വാര് പരിശോധനയില്‍ ഓഫ് സൈഡാണെന്നു തെളിഞ്ഞതോടെ ഗോള്‍ അനുവദിച്ചില്ല.
രണ്ടാം പകുതിയിലും ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. ഡി ബ്രൂയന് മെനഞ്ഞെടുത്ത മുന്നേറ്റങ്ങളിലൂടെ ഹസാര്‍ഡും ബാറ്റഷ്യുയിയും നിരവധി തവണ എതിര് ബോക്സില്‍ പന്തെത്തിച്ചെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. 73-ാം മിനിറ്റില്‍ അബ്ദുള്‍ഹമിദ് സാബിരി ബെല്‍ജിയത്തിന്റെ ഹൃദയം പിളര്‍ന്നു. ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് സാബിരി എടുത്ത സുന്ദരമായ ഫ്രീകിക്ക് ബെല്‍ജിയം ഗോളി തിബോ കുര്‍ട്ടോയിസിനെ കീഴടക്കി വല തുളച്ചു. ഇഞ്ചുറി സമയത്തേക്ക് കടന്നതോടെ ബെല്‍ജിയം ഹൃദയത്തില്‍ രണ്ടാമത്തെ ആണിയും മൊറോക്കോ അടിച്ചുകയറ്റി. ഗോളിയില്‍നിന്ന് പന്ത് അബുഖ്ലാലിലേക്ക്. അബുഖ്ലാല്‍ പന്ത് ഹക്കീമിനു നല്കി കുതിച്ചു. ഹക്കീം തിരിച്ച് അബുഖ്ലാലിനു തന്നെ നല്കി. പ്രതിരോധം ദുര്‍ബലമായ ബെല്‍ജിയം പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ അബുഖ്ലാലിന് ആയാസപ്പെടേണ്ടണ്ടണ്ടി വന്നില്ല.
ഡിസംബര്‍ ഒന്നിന് അവസാന മത്സരത്തില്‍ ക്രൊയേഷ്യ ബെല്‍ജിയത്തേയും കാനഡ മൊറോക്കോയേയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: