ഭാരതത്തിലേക്ക് ആയുധവുമായി എത്തിയ വിദേശശക്തി എന്ന നിലയ്ക്കാണോ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പോര്‍ച്ച്യുഗീസ് അധിനിവേശത്തേയും അവരുടെ പതാകയേയും വിമര്‍ശിച്ചത്? അങ്ങിനെയാണെങ്കില്‍ ഇംഗ്ലണ്ടും ഡച്ചും ഫ്രാന്‍സും ഒക്കെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ശക്തികളായിരുന്നല്ലൊ. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി എന്താണ് പോര്‍ച്ചുഗീസ് എതിര്‍പ്പ്?. അതും മലബാറിലെ സമസ്തയ്ക്ക് എന്നത് നാം പരിശോധിക്കേണ്ട വിഷയമാണ്. കേവലം ഫൂട്ബോള്‍ കളിയുടെ പേരിലുള്ള വിമര്‍ശനമല്ല അത്. മറിച്ച് അറബിക്കടലിലെ വ്യാപാരാധികാരം മുസ്ലീം കച്ചവടക്കാര്‍ക്ക് നഷ്ടപ്പെടുത്തിയ പറങ്കിപ്പടയെ അങ്ങിനെ മറക്കാന്‍ സാധിക്കില്ല, ഇന്നത്തെ മതകച്ചവടക്കാര്ക്ക്.
പത്താം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച അറേബ്യന്‍ വ്യാപാരം സാമൂതിരി പതിനഞ്ചാംനൂറ്റാണ്ടുവരെ തുടര്‍ന്നു. കേരളത്തിന്റെ കറുത്തപൊന്നും സുഗന്ധവിളകളും കടല്‍കടന്ന് ലോകം മുഴുവനെത്തി. കച്ചവടത്തിനു വന്ന അറബി മുസ്ലീങ്ങള്‍ കോഴിക്കോട് കടപ്പുറത്ത് സ്ഥിരതാമസക്കാരായി. അവര്‍ സാമൂതിരിയുടെ അടുത്തയാളുകളായി. മതപ്രചരണവും തുടങ്ങി. എഡി 1500 വരെയുള്ള കേരളത്തിലെ, വിശേഷിച്ച് മലബാറിലെ മുസ്ലീം ജീവിതത്തെ സുവര്‍ണ്ണ കാലഘട്ടം എന്നാണ് മുസ്ലീം ചരിത്രകാരന്മാര് വിശേഷിപ്പിച്ചിരുന്നത്. അറബികളുമായുള്ള സാമൂതിരിയുടെ ബന്ധം മുസ്ലീം പണ്ഡിത സമൂഹം നന്നായി ഉപയോഗിച്ചു. മതപരമായും സാമ്പത്തികമായും അവര്‍ ഉയര്‍ന്നു. പൊന്നാനി പോലുള്ള മുസ്ലീം കേന്ദ്രങ്ങള്‍ ആഗോള ശ്രദ്ധയില്‍ എത്തി. നിരവധി അറബി പണ്ഡിതര്‍ കേരളത്തിലെത്തി. ഒരു സംഘടിത മത സമൂഹം എന്ന നിലയില്‍ യാതൊരെതിര്‍പ്പും കൂടാതെ ഭരണകൂട- സാമ്പത്തിക ശക്തികളുടെ സഹായത്തോടെ മുസ്ലീം സമൂഹം മുന്നോട്ടു പോകുകയായിരുന്നു. പോര്‍ച്ചുഗീസ് വരവോടെ ഇല്ലാതായത് ആ സുവര്‍ണ്ണകാലഘട്ടമായിരുന്നു.
1498ല്‍ വാസ്കോഡെ ഗാമ കാപ്പാട് കപ്പല്‍ അടുപ്പിച്ചതോടെ അറബിക്കടലിന്റെ നിയന്ത്രണാധികാരം മുസ്ലീം കച്ചവടക്കാര്‍ക്ക് ഇല്ലാതാകും എന്ന് അവര്‍ മനസ്സിലാക്കി. നൂറ്റാണ്ടുകളായി അറേബ്യന്‍ കച്ചവടക്കാര്‍ കൈവശംവെച്ച കടല്‍വഴിയുള്ള വ്യാപാരം കൈവശപ്പെടുത്താന്‍ പറങ്കിപ്പട വാളെടുത്തു. തുടര്‍ന്ന് വന്ന പോര്‍ച്യുഗീസ് കപ്പലുകള്‍ മുസ്ലീം കച്ചവടക്കപ്പലുകളുമായി ഏറ്റുമുട്ടി, കോഴിക്കോട് കരയിലും കടലിലും യുദ്ധം നടന്നു. 1502ല്‍ ഗാമ കൂടുതല്‍ പടയുമായി എത്തി. അറബ് കച്ചവടക്കാര്‍ക്കെതിരെ ശക്തമായ ആക്രമണം ഉണ്ടായി. അറബികളെ പിന്തുണച്ച തദ്ദേശമുസ്ലീങ്ങളേയും പറങ്കികള്‍ ആക്രമിച്ചു. സാമൂതിരിയുമായി കച്ചവടക്കരാറില്‍ ഏര്‍പ്പെട്ടു. അറബികളെ ഒഴിവാക്കി സാമൂതിരി പറങ്കിപ്പടയുമായി ഉണ്ടാക്കിയ കരാറിനെതിരായി മുസ്ലീം സമൂഹം. കരാറില്‍ നിന്നും പിന്‍വാങ്ങാന്‍ സാമൂതിരിയെ നിര്‍ബന്ധിച്ചു അവര്‍.
ഈ ആക്രമണങ്ങളെക്കുറിച്ച് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വിവരിക്കുന്നു: ‘അവര്‍ മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ കൊള്ളചെയ്തു. അവരുടെ പള്ളികളും പട്ടണങ്ങളും തീവെച്ച് നശിപ്പിച്ചു. കപ്പലുകള്‍ പിടിച്ചെടുത്തു. ഖുര്‍ആനും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും ചവിട്ടിമെതിക്കുകയും തീവെയ്ക്കുകയും ചെയ്തു. ഹാജിമാരെ കൊല്ലുകയും മറ്റ് മുസ്ലീങ്ങളെ പീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു. ചിലരുടെ ശരീരത്തില്‍ തീവെച്ച് പീഡിപ്പിച്ചു. ചിലരെ അടിമകളാക്കി വിറ്റു. ഉന്നത കുടുംബങ്ങളില്‍പ്പെട്ട എത്രയെത്ര മുസ്ലീം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. അവരില്‍ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി. എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ച് ദേഹോപദ്രവം ചെയ്തു കൊന്നു. എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങള്‍ അവര്‍ ചെയ്തു. അതുവിവരിക്കാന് നാവു പൊങ്ങില്ല; പറയാന്‍ വെറുപ്പുള്ള സംഗതിയാണവയെല്ലാം'(കേരള മുസ്ലീം അധിനിവേശവിരുദ്ധ ചരിത്രം ഒരു തിരിഞ്ഞുനോട്ടം-ബഷീര്‍ തൃപ്പനച്ചി; സബ് എഡിറ്റര്‍, പ്രബോധനം).
ലേഖനം തുടരുന്നു:- സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന് അധിനിവേശ ശക്തിക്കെതിരെ മുസ്ലീങ്ങളോട് ജിഹാദിനാഹ്വാനം ചെയ്തു. മുസ്ലീങ്ങളില്‍ സമരാത്മകത ഇളക്കിവിടാന്‍ തന്റെ പ്രസിദ്ധ സമരകാവ്യമായ ‘തഹ്രീള്’ എന്ന ചുരുക്കപേരിലറിയപ്പെടുന്ന ‘തഹ്രീളു അഹ്ലുല്‍ ഈമാനി അലാ ജിഹാദി അബ്ദതിസ്സുല്‍ബാന്‍’ രചിച്ചത് ഈ സന്ദര്‍ഭത്തിലാണ്. പ്രസ്തുത കൃതിയുടെ ആയിരക്കണക്കിന് കോപ്പികള്‍ ശൈഖ് മഖ്ദൂം മുസ്ലീം മഹല്ലുകളില്‍ സ്വയം നടന്നുവിതരണം ചെയ്യുകയും അവരെ ജിഹാദിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടു കൂടി ഒറ്റയായും കൂട്ടമായും മുസ്ലീം സമൂഹം സൈനിക സജ്ജീകരണങ്ങളൊരുക്കി പ്രതിരോധത്തിന് മുന്നോട്ടുവന്നു.
കുരിശുദ്ധങ്ങളുടെ തുടര്‍ച്ചയാണ് മലബാറിലെ മുസ്ലീങ്ങളും പോര്‍ച്ചുഗീസ് ക്രിസ്ത്യന്‍ കപ്പല്‍ പടയുമായി നടന്നതെന്ന് വിശ്വസിക്കുന്നവരാണ് പഴയ/പുതിയകാല മുസ്ലീം പണ്ഡിതരും ചിന്തകന്മാരും. ചിര വൈരികളായ അബ്രഹാമിക് മതങ്ങള്‍ മലബാറില്‍ അധികാരത്തിനും മതത്തിനും വേണ്ടി യുദ്ധം ആരംഭിച്ചു. ആ പോരാട്ടം തുടര്‍ന്നവരാണ് സാമൂതിരിയെ ചതിച്ച കുഞ്ഞാലിമരക്കാറും കൂട്ടരും. പോര്‍ച്ചുഗീസുകാര്‍ വന്നില്ലായിരുന്നെങ്കില്‍ മലബാര്‍ എന്നേ മുസ്ലീം രാജ്യമായി മാറിക്കഴിഞ്ഞേനെ എന്നു ചിന്തിക്കുന്നവര്‍ ഇന്നുമുണ്ട്. 500 വര്‍ഷം തങ്ങള്‍ കൈവശം വെച്ചിരുന്ന വ്യാപാര- അധികാര നിയന്ത്രണമാണ് പറങ്കിപ്പട തകര്‍ത്തത്. ഈ ചരിത്രമാണ്സമസ്തയുടെ പണ്ഡിതന് മലബാറിലെ മുസ്ലീം ജനതയെ ഓര്‍മ്മിപ്പിച്ചത്. കേരളമണ്ണിലെ ആദ്യ ജിഹാദ് നടന്നത് ഈ പറങ്കികളോടായിരുന്നു. മതസ്ഥാപനത്തിനായുള്ള ആ ജിഹാദില്‍ ജീവന് നഷ്ടപ്പെട്ട പോരാളികളോടുള്ള ഇന്നത്തെ ജിഹാദിയുടെ ഐക്യപ്പെടല്‍ മാത്രമാണ് ഈ പോര്‍ച്ചുഗീസ് വിരുദ്ധത. ദേശസ്നേഹം കൊണ്ടുള്ള കേവലഅധിനിവേശ വിരുദ്ധതയല്ല, മറിച്ച് പച്ചയായ മതം തന്നെയാണ് സമസ്ത മുന്നോട്ടുവെക്കുന്നത്. ഫുട്ബോള്‍ ആയാലും സംഗീതം ആയാലും സ്ത്രീപക്ഷ അവകാശങ്ങളായാലും സമസ്തയുടെയും സക്കീര്‍ നായിക്കിന്റേയുമൊക്കെ അഭിപ്രായങ്ങള്‍ കേവലം മതഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ ഭരണഘടനയോ നാടിന്റെ മൂല്യങ്ങളേയോ ഉയര്‍ത്തിപിടിച്ചല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: