”ഇത്രയേറെ ദുര്‍ബലമായ ഹൈക്കമാന്റിന് അശോക് ഗെഹ്‌ലോട്ട് എന്ന അതികായനെ യാതൊന്നും ചെയ്യാനാവില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം. ആവശ്യമറിഞ്ഞ് അതെത്തിക്കാന്‍ ഇന്ന് പാര്‍ട്ടിയില്‍ ഗെഹ്‌ലോട്ട് മാത്രമേയുള്ളൂ. അദ്ദേഹത്തെ പിണക്കി ദേശീയ നേതൃത്വത്തിന് മുന്നോട്ടുപോകാനാവില്ല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ഫണ്ട് എത്തിക്കാന്‍ ഗെഹ്‌ലോട്ടിനെ ആശ്രയിക്കേണ്ടതുണ്ട്. വല്ലാത്തൊരു ഗതികേടിലാണ് ഹൈക്കമാന്റ്”, ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖനായ ഒരു കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിയുടെ അവസ്ഥകളെപ്പറ്റി പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കമാന്റിനെയും പാര്‍ട്ടിയുടെ പാരമ്പര്യത്തെയും അപമാനിച്ച ഗെഹ്‌ലോട്ടിനെതിരെ യാതൊരു നടപടിക്കും സാധ്യമല്ലാത്ത വിധം ദുര്‍ബലമാണിന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയേക്കാള്‍ സുപ്രധാനം രാജസ്ഥാന്‍ മുഖ്യമന്ത്രി പദമാണെന്ന് ഗെഹ്‌ലോട്ട് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ ചിലരെങ്കിലും കരുതിയത് ഗെഹ്‌ലോട്ടിനെതിരെ ഹൈക്കമാന്റ് നടപടി ഉണ്ടാവുമെന്നുതന്നെയാണ്. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കുന്ന ഗെഹ്‌ലോട്ടിനെ തൊടാന്‍ പോയിട്ട് ഒരു വിശദീകരണം ചോദിക്കാന്‍ പോലുമുള്ള ശേഷി ഇന്ന് ഹൈക്കമാന്റിനില്ല. ഹിമാചല്‍ പ്രദേശിലേക്കും ഗുജറാത്തിലേക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണമെത്തിക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി തന്നെ കനിയേണ്ടതുണ്ട്. ഇതിനു പുറമേയാണ് ദേശീയ, പ്രാദേശിക മാധ്യമങ്ങളെ കോടികളുടെ പരസ്യം നല്‍കി വിലയ്‌ക്കെടുക്കുന്ന ഗെഹ്‌ലോട്ട് തന്ത്രം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ക്കടക്കം എല്ലാ ദിവസവുമെന്ന പോലെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പരസ്യം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക പരസ്യങ്ങളും നല്‍കുന്നു. ഇതിനിടെ സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ വാര്‍ത്തയാക്കുന്ന രാജസ്ഥാനിലെ മൂന്നാമത്തെ വലിയ ദിനപ്പത്രമായ രാഷ്‌ട്രദൂതിന് മാസങ്ങളായി സര്‍ക്കാര്‍ പരസ്യം നിഷേധിക്കുകയാണ്. തങ്ങള്‍ക്കനുകൂലമായി വാര്‍ത്ത നല്‍കിയാല്‍ മാത്രമേ പരസ്യം അനുവദിക്കൂഎന്നാണ് ഗെഹ്‌ലോട്ടിന്റെ നിലപാട്. പ്രസ് കൗണ്‍സിലിനെ അടക്കം രാഷ്‌ട്രദൂത് മാനേജ്മെന്റ് സമീപിച്ചിട്ടും ഗെഹ്‌ലോട്ട് പരസ്യനിഷേധം തുടരുകയാണ്.
ഗുജറാത്തില്‍ കനത്ത മത്സരം നടത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്ന നൂറിലേറെ സീറ്റുകളിലേക്ക് ആളും അര്‍ത്ഥവും എത്തുന്നത് തൊട്ടടുത്ത സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നാണ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഴുവന്‍ ചുമതലയും ഗെഹ്‌ലോട്ടിനാണ്. വിജയ സാധ്യതയുള്ള സീറ്റുകളിലേക്ക് ഫണ്ട് നല്‍കുന്നതടക്കം എല്ലാ ചുമതലയും ഗെഹ്‌ലോട്ട് തന്നെയാണ് നിര്‍വഹിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് ഗുജറാത്തിലേക്ക് തിരിഞ്ഞു നോക്കാതെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടുപോകുമ്പോള്‍ ഗെഹ്‌ലോട്ട് ഗുജറാത്തിലും ഹിമാചലിലും അടക്കം നേതൃത്വഗുണം കാണിക്കുന്നുമുണ്ട്. ഗുജറാത്തിലേക്ക് രാഹുല്‍ഗാന്ധി തിരിഞ്ഞുനോക്കാത്തത് വലിയ വിവാദമായി മാറിയപ്പോള്‍ ഒരു ദിവസം പ്രചാരണത്തിന് വരേണ്ടിവന്നതിന് പിന്നിലും ഗെഹ്‌ലോട്ടിന്റെ ഇടപെടലാണ്.
അശോക് ഗെഹ്‌ലോട്ട് വേണ്ടെന്ന് വെച്ച ദേശീയ അധ്യക്ഷ പദവിയില്‍ സോണിയാ കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ഇന്നിരിക്കുന്നത് മല്ലികാര്‍ജ്ജുന ഖാര്‍ഗെയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലോ ഗുജറാത്തിലോ യാതൊരു സ്വാധീനമുണ്ടാക്കാനോ പ്രചാരണത്തിന് നേതൃത്വം നല്‍കാനോ സാധിക്കാതെ നിസ്സഹായനായി നില്‍ക്കേണ്ടിവരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ ദേശീയ തലത്തില്‍ തന്നെ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രതിബിംബമാണ്. തെരഞ്ഞെടുപ്പ് റാലികളിലോ പ്രചാരണ പ്രവര്‍ത്തനങ്ങളിലോ ഖാര്‍ഗെയ്‌ക്ക് സജീവമാകാന്‍ സാധിക്കുന്നില്ല. പാര്‍ട്ടിയുടെ ഏകോപനങ്ങള്‍ നിര്‍വഹിക്കേണ്ടിവരുന്ന സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലും കമ്യൂണിക്കേഷന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയറാം രമേശും രാഹുല്‍ഗാന്ധിക്കൊപ്പം വടക്കേയിന്ത്യയിലൂടെ നീങ്ങുന്ന ജോഡോ യാത്രയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടെന്നറിയാമായിട്ടും ജോഡോ യാത്ര ഗുജറാത്ത് വഴി കടന്നുപോകാത്തതിന് പിന്നില്‍ കെ.സി വേണുഗോപാലിന്റെ പിടിപ്പു കേടാണെന്നാണ് ഗുജറാത്ത് നേതൃത്വത്തിന്റെ പരാതി. ഹൈക്കമാന്റിന്റെ ഇത്തരം വീഴ്ചകള്‍ക്കെല്ലാം ഗെഹ്‌ലോട്ടിനെ അനുകൂലിക്കുന്നവര്‍ വലിയ പ്രചാരണവും നല്‍കുന്നുണ്ട്. കാരണം ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ഗെഹ്‌ലോട്ടിനെതിരെ ഹൈക്കമാന്റ് നീക്കം ശക്തമാക്കുമെന്നാണ് അഭ്യൂഹം. ഇതിനെതിരെ പരസ്യമായ നീക്കം നടത്താനും കരുത്തനാണ് ഗെഹ്‌ലോട്ട് എന്നു തെളിയിക്കുന്ന കാഴ്ചകളാണ് രാജസ്ഥാനില്‍ നിന്ന് ദൃശ്യമാകുന്നത്. സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് പരസ്യമായി വിളിച്ചുകൊണ്ട് സംസ്ഥാന രാഷ്‌ട്രീയത്തിലെ പോര് ഗെഹ്‌ലോട്ട് വീണ്ടും ആളിക്കത്തിച്ചിട്ടുണ്ട്. ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റിനെ ഗെഹ്‌ലോട്ട് ആറുതവണയാണ് ചതിയനെന്ന് വിളിച്ചത്. പത്ത് എംഎല്‍എമാരുടെ പിന്തുണ പോലുമില്ലാത്ത ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ലെന്ന് ഗെഹ്‌ലോട്ട് തുറന്നടിച്ചു. നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കി സര്‍ക്കാരിനെ മറിച്ചിടാന്‍ നോക്കിയയാളാണ് സച്ചിന്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ നീക്കം നടത്തിയ സംസ്ഥാന അധ്യക്ഷനെന്ന വിശേഷണവും സച്ചിനുണ്ട്, ഗെഹ്‌ലോട്ട് അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നു.
മറുപക്ഷവും ഗെഹ്‌ലോട്ടിനെതിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ തടയുമെന്നാണ് ഗുജ്ജര്‍ സമുദായ നേതാവ് വിജയ് സിങ് ബെയിന്‍സ്ലയുടെ ഭീഷണി. അവസാന ഒരു വര്‍ഷം സച്ചിനെ മുഖ്യമന്ത്രിയാക്കില്ലെങ്കില്‍ ജോഡോ യാത്രയെ എതിര്‍ക്കുമെന്ന ബെയിന്‍സ്ലയുടെ ഭീഷണിയെ പ്രതിരോധിക്കാന്‍ ഹൈക്കമാന്റിന് സാധിക്കുന്നുമില്ല. 2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റുമ്പോള്‍ ഹൈക്കമാന്റ് നല്‍കിയ വാക്കാണ് ഗുജ്ജര്‍ സമുദായത്തില്‍ നിന്നൊരാള്‍ക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്നതെന്ന വെളിപ്പെടുത്തലും ബെയിന്‍സ്ല നടത്തിയിട്ടുണ്ട്. അടുത്തവര്‍ഷം ഒക്ടോബറിലാണ് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇത്തരത്തിലുള്ള ദുര്‍ബല നിലപാടുകളാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് തുടരുന്നതെങ്കില്‍ ദയനീയമായ പരാജയമാവും രാജസ്ഥാനില്‍ സംഭവിക്കുകയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രവചിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: