സൂഖ് വാഖിഫിലെ ആര്‍ട്ട് സെന്ററില്‍ നിന്നാണ് ഇവരെ പരിചയപ്പെട്ടത്. ലോബിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഇരുന്ന് ചിത്രം വരയ്ക്കുന്നു. ദോഹയിലെ പുരാതന തെരുവായ സൂഖ് വാഖിഫിനെ കേട്ടറിഞ്ഞ വിവരങ്ങള്‍ വച്ച് അതീവശ്രദ്ധയോടെ കാന്‍വാസിലേക്ക് പകര്‍ത്തുന്ന തിരക്കിലാണ് അവര്‍. നേരത്തെ വരച്ച് പൂര്‍ത്തിയാക്കിയ മനോഹര ചിത്രങ്ങളും സമീപമുണ്ട്.
ഏകദേശം 40 വയസ് പ്രായമുള്ള സ്ത്രീ. ഒരു പലായനത്തിന്റെ കഥ അവരുടെ മുഖത്തു നിന്ന് വായിച്ചെടുക്കാം. ആഭ്യന്തര യുദ്ധവും മറ്റും കാരണം സിറിയയില്‍ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്ത് ഖത്തറിലെത്തിയതാണ് അവര്‍. ഒരു കൗതുകത്തിനാണ് അവരോട് സംസാരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെന്നു പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ഏറെ സന്തോഷം. കേരളത്തെക്കുറിച്ച് കേട്ടിട്ടുമുണ്ട് അവര്‍. സംസാരിക്കുമ്പോള്‍ ഒരു നിബന്ധന മുന്നോട്ടുവച്ച, പേര് എഴുതുരുതെന്ന്.
ആറ് വര്‍ഷം മുന്‍പ് ആഭ്യന്തര യുദ്ധം രൂക്ഷമായ സമയത്താണ് ഖത്തറിലെത്തിയത്. സംസാരം രാജ്യവും അനുഭവങ്ങളും കടന്ന ശേഷം ഫുട്ബോളിലെത്തി. ലോകകപ്പ് ഫുട്ബോളിനെ ഏറെ ആവേശത്തോടെ സമീപിക്കുന്ന അവരുടെ പ്രിയപ്പെട്ട താരങ്ങള്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ്. ഇവരെ ഒരുതവണ നേരിട്ടു കാണണമെന്നാണ് ആഗ്രഹം, അതോടൊപ്പം ലോകകപ്പിലെ ഒരു മത്സരവും. അവരൊക്കെ സൂഖ് വാഖിഫിലെത്തി തന്റെ ചിത്രങ്ങള്‍ കാണുമെന്നും പ്രതീക്ഷയുണ്ട്.
ഭയം നിഴലിക്കുന്ന മുഖമെങ്കിലും തന്റെ സ്വപ്നങ്ങളും ചിന്തകളും പെയിന്റ് ഉപയോഗിച്ച് കാന്‍വാസിലേക്കു പകര്‍ത്തി ജീവിതം ആസ്വദിക്കുന്നു. സിറിയയില്‍ ഒരു മനുഷ്യായുസ് മുഴുവന്‍ പേടിച്ച് ജീവിക്കാനായിരുന്നു വിധി. ഖത്തറിലെത്തിയ ശേഷമുള്ള ജീവിതം സമ്മാനിച്ചത് വര്‍ണശോഭയുള്ള സ്വപ്നങ്ങളാണെന്ന് അവര്‍ പറഞ്ഞു. യാത്ര പറഞ്ഞിറങ്ങിയതിന് പിന്നാലെ അവര്‍ ശ്രദ്ധയോടെ തന്റെ ചിത്രം വര തുടരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: