കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തെ വരവേല്‍ക്കാന്‍ ഖത്തര്‍ ഒരുങ്ങി. ദോഹ നഗരത്തിന്റെ മുക്കിലും മൂലയിലും ലോകകപ്പ് ആവേശമാണ്. കിരീടത്തിന്റെ കൂറ്റന്‍ മാതൃകകള്‍ ഉയര്‍ത്തിയും പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍കൊണ്ട് തോരണം കെട്ടിയും ഖത്തര്‍ ലോകത്തെ ദോഹയിലേക്ക് ക്ഷണിക്കുന്നു. ലുസൈല്‍ നഗരത്തിലാണ് ഏറെ ആവേശം കണ്ടത്. ഖത്തറിലെ അറബികളും ലോകകപ്പ് കാണാനെത്തിയ സന്ദര്‍ശകരും ഇന്ത്യക്കാരും പ്രത്യേകിച്ച് മലയാളികളും ലുസൈല്‍ നഗരത്തില്‍ ആഹ്ലാദം പരത്തി അരങ്ങുതകര്‍ക്കുന്ന കാഴ്ച നയനാനന്ദകരമാണ്.
ഇനി ആഘോഷങ്ങളിലേക്ക്
ഖത്തറിന്റെ കളിമുറ്റമാണ് കോര്‍ണിഷ്. അറബിക്കടലിനോടു ചേര്‍ന്ന് ആവേശങ്ങള്‍ക്കൊരു അരങ്ങ്. ഇസ്ലാമിക് ആര്‍ട് മ്യൂസിയം മുതല്‍ ഷെറാട്ടണ്‍ ഹോട്ടല്‍ വരെ ആറുകിലോമീറ്ററിലേറെ ദൂരത്തിലാണ് ദൃശ്യചാരുതയോടെ വര്‍ണവിസ്മയം ഒരുക്കിയിട്ടുള്ളത്.
ഈന്തപ്പനയോലയുടെ ആകൃതിയില്‍ പ്രഭ പരത്തി കമനീയമായ തെരുവുവിളക്കുകള്‍. കളിയിലേക്കുള്ള സമയദൂരം അടയാളപ്പെടുത്തുന്ന കൗണ്ട്ഡൗണ്‍ ക്ലോക്കിനരികെ അര്‍ധരാത്രിയിലും ചിത്രം പകര്‍ത്താന്‍ വിവിധ രാജ്യക്കാരായ ആരാധകരുടെ തിരക്ക്. ഇരുമ്പില്‍ തീര്‍ത്ത ‘ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022’ എന്ന് ഇംഗ്ലീഷിലെ കൂറ്റന്‍ കട്ടൗട്ടിനുമുന്നിലും ആളുകളേറെ. അതേ മാതൃകയില്‍, വഴിയരികിലെ പുല്‍ത്തകിടിയില്‍ 32 ടീമുകളുടെയും പേരുകളെഴുതിയ കട്ടൗട്ടുകള്‍. കാഴ്ചകളുടെ വൈവിധ്യമൊരുക്കി കോര്‍ണിഷ് ലോകത്തെ എപ്പോഴേ ക്ഷണിച്ചുകഴിഞ്ഞു. പത്രക്കാര്‍ക്കായി ഒരുക്കിയ മീഡിയ സെന്ററും കാണേണ്ട കാഴ്ച തന്നെയാണ്. അതിവിശാലമാണ് മീഡിയ സെന്റര്‍. ഒരേസമയം മൂവായിരം പത്രക്കാര്‍ക്ക് ഒരുമിച്ചിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാണ് മീഡിയ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നതോടെ ഫുട്ബോളിന്റെ വിശ്വമാമാങ്കത്തിന് തുടക്കമാകും. പിന്നെയുള്ള 29 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഖത്തറിലേക്ക് ചുരുങ്ങും.
2010-ലാണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചുകൊടുക്കുന്നത്. അന്ന് മുതല്‍ ഖത്തര്‍ ഈ സ്വപ്നം അത്ഭുതമാക്കിമാറ്റി ലോകത്തെ കാണിച്ചുകൊടുക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു. അതിന്റെ ശുഭകരമായ പര്യവസാനത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യം മുഴുവന്‍. ഏറെ വിവാദങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഖത്തര്‍ എന്ന കൊച്ച് അറേബ്യന്‍ രാജ്യം ലോകകപ്പ് ഫുട്‌ബോളിനായി സര്‍വസജ്ജമായിട്ടുള്ളത്.
ഖത്തറിന്റെ കഠിനാധ്വാനം
കോഴ വിവാദം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്കാണ് ലോകകപ്പ് വിസ്മയമാക്കി മാറ്റി ഖത്തര്‍ മറുപടി നല്‍കുന്നത്. ഖത്തര്‍ രാജാവ് ഷെയ്ഖ് തമിം ബില്‍ ഹമദ് അല്‍ താനി നേരിട്ട് നേതൃത്വം വഹിച്ചാണ് രാജ്യത്തെ ഈ വിശ്വമാമാങ്കത്തിനായി തയ്യാറാക്കിയത്. അദ്ദേഹത്തിന്റെ കീഴില്‍ മന്ത്രിമാര്‍ 24 മണിക്കൂറും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും ഈ മഹാമേളക്കായി തയ്യാറെടുത്തു. ലോകത്തിലെ അതിപ്രഗ്ത്ഭരായ എഞ്ചിനീയര്‍മാര്‍ മുതല്‍ സാങ്കേതിക വിദഗ്ധരെ വരെ ഇതിനായി അവര്‍ രാജ്യത്തേക്ക് കൊണ്ടുവന്നു. നീണ്ട പത്ത് വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഒടുവിലാണ് ഖത്തര്‍ ലോകകപ്പിനായി ഒരുങ്ങിയിരിക്കുന്നത്.
ഖത്തറിന് ലോകകപ്പ് അനുവദിച്ചതിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടികൂടിയാണ് മഹാമേള നടത്തിപ്പിലൂടെ നല്‍കുന്നത്. ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് എണ്ണപ്പണത്തിന്റെ അഹങ്കാരത്തില്‍ കൈക്കൂലികൊടുത്താണ് ലോകകപ്പ് തങ്ങളുടെ മണ്ണിലേക്ക് ഖത്തര്‍ എത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം. യൂവേഫയും ലാറ്റിമേരിക്കന്‍ രാജ്യങ്ങളുമായിരുന്നു പ്രധാനമായും ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ അതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമായിരുന്നെന്ന് തെളിയിച്ചു ഖത്തര്‍.
അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ മറികടന്നായിരുന്നു ഖത്തറിനെ കാല്‍പ്പന്തുകളിയുടെ ലോക മാമാങ്കത്തിന് തെരഞ്ഞെടുത്തത്. അന്നുതൊട്ട് ഖത്തര്‍ ലോകകപ്പിനായി അണിഞ്ഞൊരുങ്ങുകയാണ്. ഏകദേശം 200 ബില്യണ്‍ ഡോളറിലേറെയാണ് ലോക ചാമ്പ്യന്‍ഷിപ്പിനായി ഖത്തര്‍ ചെലവഴിച്ചത്. എണ്ണപ്പണത്തിന്റെ അഹങ്കാരമാണ് ഖത്തര്‍ കാണിക്കുന്നതെന്ന ആരോപണവും ഉണ്ടായി. എന്നാല്‍ പത്ത് വര്‍ഷം മുന്‍പുള്ള ഖത്തറല്ല ഇന്നത്തേതെന്ന് ഇവിടെ ജോലിക്കായി എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരും തുറന്നു സമ്മതിക്കുന്നുണ്ട്. പുതിയ സ്റ്റേഡിയ നിര്‍മ്മാണം, നവീകരണം, റോഡ് വികസനം, കെട്ടിടങ്ങളും മറ്റ് അത്യാധുനിക സൗകര്യങ്ങളും ഒരുക്കല്‍ മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഇത്രയും തുക ചെലവഴിച്ചത്.
ഖത്തറിന്റെ ആതിഥേയത്വത്തിനെതിരെ, നേരത്തെ തന്നെ തുടങ്ങിവച്ച മുന്‍വിധികളും യൂറോപ്യന്‍ കുപ്രചാരണങ്ങളുമെല്ലാം ഈ ചെറിയ രാജ്യം, മഹാഫുട്‌ബോള്‍ കര്‍മ്മങ്ങളിലൂടെ തന്നെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. എങ്കിലും, 2010ല്‍ തുടങ്ങിയ കുതന്ത്രങ്ങളുടെയും തടസ്സവാദങ്ങളുടെയും അലയൊലികള്‍ ഇപ്പോഴും ചില കോണുകളില്‍ ഉയരുന്നുണ്ട്. വംശീയവിദ്വേഷവും മതവിദ്വേഷവും ഏഷ്യന്‍ അലര്‍ജിയും അറബ് വിരോധവും സ്വയം യജമാനന്മാരെന്ന ബോധവും ഉള്ളില്‍ തുടികൊട്ടുമ്പോള്‍, സാങ്കേതികതയുടെ പുറംതോട് കാണിച്ചായിരുന്നു യൂറോപ്യന്‍ മാധ്യമങ്ങള്‍ ദുഷ്പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നത്. സ്റ്റേഡിയം നിര്‍മ്മാണതൊഴിലാളികള്‍ക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിയും പരിസ്ഥിതി ആഘാതങ്ങള്‍ പെരുപ്പിച്ചുകാട്ടിയും ചൂട്, കാലാവസ്ഥാപ്രശ്‌നം ഉയര്‍ത്തിയും ഉള്ള മുറുമുറുപ്പുകള്‍ക്കും അതിന്റെ അയവിറക്കലുകള്‍ക്കുമെല്ലാം ഖത്തര്‍ ഇതിനകം മറുപടി നല്‍കിക്കഴിഞ്ഞു.
ഖത്തറിന്റെ മറുപടി
വര്‍ഷങ്ങള്‍ക്ക് മുന്‍പേ, 2006ല്‍ ഏഷ്യന്‍ ഗെയിംസും 2019-ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പും നടത്തി ലോകത്തെ ഞെട്ടിച്ചവരാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം. സംഘാടക മികവിന്റെ ഉത്തുംഗത ലോകം അന്നുതന്നെ നേരില്‍ കണ്ടു. ലോകകപ്പ് ഫുട്‌ബോള്‍തന്നെ നടത്തുക എന്നത്, തങ്ങള്‍ക്ക് ഒരു സാഹസമല്ലെന്നും, കാര്യശേഷിയുടെയും കര്‍ത്തവ്യബോധത്തിന്റെയും സ്വാഭാവികതയില്‍ത്തന്നെ തങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മഹാദൗത്യം മാത്രമാണതെന്നും സംഘാടക സമിതിയായ ‘സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി&ഡെലിവറി’ തെളിയിച്ചു കഴിഞ്ഞു. പ്രതിയോഗികളെയെല്ലാം അമ്പരപ്പിച്ചുകൊണ്ടും ഫിഫയെ അതിശയിപ്പിച്ചുകൊണ്ടും ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാം ഏഷ്യന്‍ രാജ്യവും ആദ്യ അറബ് രാജ്യവുമെന്ന ഖ്യാതി ഖത്തറിന് സ്വന്തമാണിപ്പോള്‍. ഈ ഭൂമിയിലെതന്നെ ഏറ്റവും ബൃഹത്തായ കായിക കലാമാമാങ്കമായ ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍, ഒരു ലോക മഹാത്ഭുതവും ആഘോഷവും ആയി അവതരിപ്പിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഖത്തര്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്ന് സാക്ഷ്യപ്പെടുത്തുന്നത് ഫിഫ തന്നെയാണ്.
കഴിഞ്ഞ 21 ലോകകപ്പുകളെയും കവച്ചുവെക്കുന്ന ഒരു ഫുട്‌ബോള്‍ മഹാമേളയായിരിക്കും ഖത്തര്‍ ഈ എട്ട് സ്റ്റേഡിയങ്ങളിലായി ലോകത്തിന് സമ്മാനിക്കുന്നത്. അടുത്തടുത്തുള്ള എട്ട് സ്റ്റേഡിയങ്ങളില്‍, മഹാമേരുവായ ലോകകപ്പ് ഫുട്‌ബോളിനെ, ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ചെറിയ രാജ്യമായ ഖത്തര്‍, വളര്‍ത്തിയെടുക്കുന്നത് ഒരു ബോണ്‍സായ് വൃക്ഷത്തെയെന്ന പോലെയാണ്. കാരണം പലപ്പോഴും ആയിരക്കണക്കിന് മൈലുകള്‍ തമ്മിലകലമുള്ള സ്റ്റേഡിയങ്ങളില്‍ അരങ്ങേറിയ കഴിഞ്ഞ ലോകകപ്പുകള്‍ക്ക് മുന്നില്‍ നടക്കുന്ന അത്ഭുതമേളയായിരിക്കും ഖത്തറില്‍ അരങ്ങേറുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉദ്ഘാടന ദിവസം എന്തൊക്കെ അത്ഭുതങ്ങളാണ് ഖത്തര്‍ ഒരുക്കി വച്ചിരിക്കുന്നത് എന്ന് മാത്രമാണ് ഇനി കണ്ടറിയാനുള്ളത്.
ഇത് ഒരതിശയം മാത്രമല്ല, കൊച്ചുരാജ്യമായ ഖത്തര്‍ ആരോപണങ്ങള്‍ക്ക് നല്‍കുന്ന മറുപടികൂടിയാണ്. ഖത്തര്‍ എന്ന ചെറിയ രാജ്യത്തിന്റെ കിഴക്കേ അറ്റത്ത്, മധ്യഭാഗത്തുള്ള തുറമുഖനഗരമായ തലസ്ഥാനനഗരം, ദോഹയുടെ പടിഞ്ഞാറും തെക്കും വടക്കുമായാണ് ഈ എട്ട് സ്റ്റേഡിയങ്ങളും പണിതിട്ടുള്ളത്. ഇനിയും അത്ഭുതങ്ങള്‍ ഏറെയുണ്ട് എണ്ണിപ്പറയാന്‍, പക്ഷേ അതെന്തൊക്കെയാണെന്ന്് ഖത്തര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: