ജി 20യിലൂടെ ലോകത്തെ വസുധൈവ കുടുംബകത്തിലേയക്ക് നയിക്കുകയാണ് ഇന്ത്യ. അടുത്ത വര്‍ഷം ഇന്ത്യയില്‍ ജി 20 ഉച്ചകോടി അരങ്ങേറുമ്പോള്‍ പൗരാണികമായ ഭാരതത്തിന്റെ ഈ മന്ത്രമാകും ലോകത്തെ നയിക്കുക. ഇനി ലോകത്തിന് വഴികാട്ടിയാവുക ഇന്ത്യയുടെ ചിന്താധാരകളായിരിക്കുമെന്നതിന്റെ സവിശേഷമായ പ്രഖ്യാപനം കൂടിയാവുകയാണ് ഇത്.
കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ബാലിയില്‍ സമാപിച്ച ജി20 ഉച്ചകോടി ശ്രദ്ധയമായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെയായിരുന്നു. ലോകത്തിന്റെ നേതൃത്വം ഇന്ത്യ ഏറ്റെടുക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തത്തിനാണ് ഏവരും സാക്ഷ്യം വഹിച്ചത്. ഇന്ത്യയുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നു. ഏവര്‍ക്കും സ്വീകാര്യമാകുന്നു. ഇന്ത്യ എന്തുപറയുന്നുവെന്ന് ആകാംക്ഷയോടെ ഏവരും കാതോര്‍ക്കുന്നു. ഇത്തരത്തിലൊരു സാഹചര്യം ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പല പ്രധാനമന്ത്രിമാരും ഉച്ചകോടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അവരൊന്നും ആരാലും ശ്രദ്ധിക്കപ്പെടാതെ തിരിച്ചെത്തുകയായിരുന്നു പതിവ്. എന്നാല്‍ നരേന്ദ്ര മോദി യുഗം എന്നും വ്യത്യസ്തമായിരുന്നു.
ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിനപ്പുറം അത് ലോകനേതൃത്വം ഏറ്റെടുക്കുന്നതിനു തുല്യമായിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും മറ്റ് രാഷ്‌ട്ര നേതാക്കളുമെല്ലാം മോദിയോട് സൗഹൃദം പുലര്‍ത്താനും സംസാരിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുമുള്ള മത്സരമായിരുന്നു. മറ്റൊരു രാഷ്‌ട്ര നേതാവുമായി സംസാരിക്കുന്നതിനിടയില്‍ അങ്ങോട്ടേയ്‌ക്ക് എത്തുന്ന ജോ ബൈഡന്‍ അകലെ നിന്നു തന്നെ മോദിയെ അഭിവാദ്യം ചെയ്യുന്നതും ശ്രദ്ധേയവും ഏറെ കൗതുകകരവുമായിരുന്നു. ലോകമാധ്യമങ്ങളാകട്ടെ മോദിയെന്ത് പറയുന്നു, എന്ത് ചെയ്യുന്നുവെന്നത് ഒപ്പിയെടുക്കാനുള്ള തിരക്കിലുമായിരുന്നു.
കൊവിഡ് മഹാമാരിക്കുശേഷം ലോകരാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത അതിപ്രധാനമായ ഉച്ചകോടിയായിരുന്നു ബാലിയില്‍ നടന്നത്. അതുപോലെ തന്നെ റഷ്യ ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലവും ഉച്ചകോടിയെ ഏറെ ഗൗരവതരമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കരുത്തരായ രാഷ്ട്രങ്ങളുടെ കൂട്ടായ്മായാണ് ജി 20. പത്തൊമ്പത് രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി 20. ലോകജനസംഖ്യയുടെ 65 ശതമാനവും ലോക ജിഡിപിയുടെ 85 ശതമാനവും ആഗോള ബിസിനസ്സിന്റെ 75 ശതമാനവും കൈയാളുന്നത് ജി 20 രാഷ്‌ട്രങ്ങളാണെന്നതും ഈ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. ഇത്തരമൊരു ഗ്രൂപ്പിന്റെ നേതൃത്വമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്ക്കുമ്പോഴും ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിക്കാന്‍ തയ്യാറായത് ശുഭസൂചകമായിട്ടാണ് ഏവരും വിലയിരുത്തുന്നത്. ജി 20 പ്രഖ്യാപനം ഇന്ത്യയുടെ നിലപാടുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. റഷ്യ ഉക്രൈന്‍ യുദ്ധം പരിഹരിക്കേണ്ടത് നയതന്ത്രചര്‍ച്ചകളിലൂടെയാണെന്ന ഇന്ത്യന്‍ നിലപാടും പ്രധാനമന്ത്രിയുടെ പരാമര്‍ശവും ഉള്‍പ്പെടുത്തിയുള്ള ജി20 പ്രഖ്യാപനത്തിന് ഉച്ചകോടി അംഗീകാരം നല്‍കുകയായിരുന്നുവെന്നതും ശ്രദ്ധേയമാണ്.
റഷ്യ-ഉക്രൈന്‍ യുദ്ധം
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ നേരത്തെ സ്വീകരിച്ച നിലപാട് തന്നെ ഒരിക്കല്‍ കൂടി ഉറച്ച ശബ്ദത്തില്‍ ബാലിയില്‍ വ്യക്തമാക്കുവാന്‍ മോദിക്ക് മടിയുണ്ടായില്ല. റഷ്യ ഉക്രൈന്‍ യുദ്ധം സംബന്ധിച്ച് ഷാങ്ഹായി ഉച്ചകോടിയില്‍ വച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. റഷ്യയെയോ ഉക്രൈനെയോ പിന്തുണയ്‌ക്കുകയോ ഏതെങ്കിലും ഒരു ചേരിയില്‍ നില്‍ക്കുകയോ ചെയ്യാതെ ഇന്ത്യയുടെ നിലപാട് അന്ന് വ്യക്തമാക്കിയത്. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ലെന്ന് സ്‌നേഹത്തോടെയും എന്നാല്‍ ശാന്ത ഗംഭീരമായുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് ഷാങ്ഹായി സമ്മേളനവേദിയില്‍ വച്ച് തുറന്നു പറഞ്ഞത്. ലോകം അമ്പരക്കുകയും ഒപ്പം വിസ്മയം കൊള്ളുകയും ചെയ്ത മുഹൂര്‍ത്തമായിരുന്നു അത്. മോദി പുടിനെ ശാസിച്ചുവെന്ന തരത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെ വാര്‍ത്ത ആഘോഷിച്ചപ്പോള്‍ ഇന്ത്യ തനതായ ശൈലിയുള്ള കര്‍ത്തവ്യ നിര്‍വഹണമായിരുന്നു നടത്തിയത്.
ലോകത്തെ സംഭവവികാസങ്ങളില്‍ ഉറച്ച ശബ്ദത്തില്‍ പക്ഷപാതരഹിതമായി നിലപാട് വ്യക്തമാക്കുവാന്‍ സാധിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് പ്രഖ്യാപനം കൂടിയായിരുന്നു അത്. അത് ഇന്ത്യക്ക് മാത്രം കഴിയുന്നതായിരുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്തെ രണ്ടാമത്തെ വന്‍ ശക്തിയുടെ മുഖത്തുനോക്കി യുദ്ധം അവസാനിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അവരത് സ്വീകരിച്ചതും ഇന്ത്യന്‍ നേതൃത്വത്തിന്റെ വിജയമായിരുന്നു. സാധാരണ ചൈനയുടെ അപ്രമാദിത്വം കാണിക്കാനുള്ള വേദിയാവുമായിരുന്ന ഷാങ്ഹായി ഉച്ചകോടി ഇന്ത്യയുടേതാക്കി മാറ്റുവാനും മോദിക്കായി. ഈ നിലപാട് തന്നെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലും മോദി ആവര്‍ത്തിച്ചപ്പോള്‍ ലോകം അംഗീകരിക്കുകയായിരുന്നു.
ലോകത്തെ സംഭവവികാസങ്ങളില്‍ ഇന്ത്യക്ക് സ്വന്തമായ അഭിപ്രായങ്ങളും താത്പര്യങ്ങളും ഉണ്ടെന്ന് നേരത്തെ തന്നെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും തുറന്നടിച്ചിട്ടുണ്ട്. ഉക്രൈന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ താത്പര്യത്തിനനുസൃതമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ യൂറോപ്യന്‍ രാഷ്‌ട്രങ്ങളുടെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുകയും ചെയ്തിരുന്നു.
മോദി പ്രഭാവം
ഇതാദ്യമല്ല മോദി പ്രഭാവം ലോകത്ത് അംഗീകരിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ മോദിയുടെ അമേരിക്കന്‍, ഐക്യരാഷ്‌ട്രസഭ, ക്വാഡ് ഉച്ചകോടി സന്ദര്‍ശനങ്ങളിലെല്ലാം ഈ പ്രഭാവം ലോകം ദര്‍ശിച്ചതും അംഗീകരിച്ചതുമാണ്. അന്ന് നൂറിലേറെ രാഷ്‌ട്ര തലവന്‍മാര്‍ ന്യൂയോര്‍ക്കിലുണ്ടിയിരുന്നു. എല്ലാവരും കാത്തിരുന്നത് മോദിയെയായിരുന്നുവെന്നത് ലോകനേതൃനിരയിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയായിരുന്നു. ലോകത്തെ നയിക്കാന്‍ ശക്തനായ നേതാവെന്ന തിരിച്ചറിവിലേയ്‌ക്ക് ലോകം എത്തിച്ചേര്‍ന്ന നിമിഷങ്ങളായിരുന്നു അത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മോദിയെ കേന്ദ്രീകരിച്ചായിരുന്നു ലോക നേതാക്കളുടെ സംഗമം എന്ന് പറയാം. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയായിരുന്നു മറ്റൊരു പ്രത്യേകത. അഫ്ഗാനിസ്ഥാന്‍ വിഷയവും ചൈനീസ് ഭീഷണിയുമെല്ലാം ക്വാഡ് നേതാക്കളുടെ ചര്‍ച്ചയില്‍ വിഷയങ്ങളായി. ഈ ഭീഷണിയെല്ലാം മുന്നില്‍ നിന്ന് നയിക്കാന്‍ കരുത്തുറ്റ നേതാവ് എന്ന നിലയിലാണ് നരേന്ദ്ര മോദിയെ ക്വാഡ് രാഷ്‌ട്രതലവന്‍മാര്‍ കണ്ടത്.
ക്വാഡ് ഉച്ചകോടിക്കെതിരെ ചൈന രംഗത്തുവന്നതുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. ഈ ക്വാഡ് സംഘത്തിന് ഒരിടത്തും പിന്തുണ ലഭിക്കില്ലെന്നുമുള്ള ചൈനയുടെ വിദേശകാര്യവക്താവ് സാവോ ലിജിയന്‍ വിമര്‍ശിച്ചതു തന്നെ അവരെ ഇത് എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ടെന്നതിന്റെ സൂചനയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുടെ ഒത്തുചേരല്‍ ഇന്ത്യയുടെ പ്രഭാവം അംഗീകരിക്കുന്നതാണ്. അതിര്‍ത്തികടന്നതടക്കം എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും അമര്‍ച്ച ചെയ്യണമെന്ന ഇന്ത്യയുടെ നിലപാട് ലോകം അംഗീകരിക്കുകയായിരുന്നു.
യുഎന്‍ പൊതുസഭയിലെ മോദിയുടെ അഭിസംബോധനയും ലോകനേതാക്കള്‍ ശ്രദ്ധയോടെയാണ് കേട്ടത്. ഭീകരതയെ താലോലിക്കുന്ന പാകിസ്ഥാന്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ജനാധിപത്യത്തിന്റെ മാതാവായാണ് ഇന്ത്യ അറിയപ്പെടുന്നതെന്നാണ് യുഎന്‍ പൊതുസഭയിലെ പ്രസംഗത്തില്‍ അര്‍ത്ഥശങ്കക്കിടയാകാത്ത തരത്തില്‍ വ്യക്തമാക്കിയത്. ഇന്ത്യ വളരുമ്പോള്‍ ലോകം വളരും. ഇന്ത്യ പരിഷ്‌കരണങ്ങള്‍ നടത്തുമ്പോള്‍ അത് ലോകത്ത് പരിവര്‍ത്തനമുണ്ടാക്കും.
വസുധൈവ കുടുംബകം ഇനി ഇന്ത്യയില്‍
വസുധൈവ കുടുംബകം എന്നതാവും ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ജി 20 സമ്മേളനത്തിന്റെ വിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് ഇതിന്റെ അര്‍ത്ഥം. മോദിയുടെ അധ്യക്ഷതയില്‍ ഇന്ത്യയില്‍ ജി 20 ഉച്ചകോടി നടക്കുമ്പോള്‍ അതൊരു ചരിത്രമായിമാറുകയാണ്. ജി ഉച്ചകോടിയുടെ ലോഗോ തന്നെ ഭാരതത്തിന്റെ പൗരാണികതയും സംസ്‌കാരവും ശാസ്ത്രസാങ്കേതിക വളര്‍ച്ചയും വിളിച്ചോതുന്നതാണ്. ഇതിനെയാണ് കോണ്‍ഗ്രസ് വിവാദമാക്കാന്‍ ശ്രമിച്ചത്. താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണ്. ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്നതാണ് താമര. വെല്ലുവിളികളെ അതിജീവിച്ച് വിജയം നേടുന്നതിന്റെ പ്രതീകം. ലോഗോയിലെ താമരയുടെ ഏഴ് ഇതളുകള്‍ ഏഴു സമുദ്രങ്ങളെയും ഏഴ് ഭൂഖണ്ഡങ്ങളെയും പ്രതിനിധീകരിക്കുന്നു. ഭൂമിയുടെ പ്രതീകമാണ് താമര. തികച്ചും പ്രകൃതിയോടിണങ്ങിയുള്ള വസുധൈവ കുടുംബക സങ്കല്പ്പമാണ് ഇന്ത്യയിലെ ജി 20യില്‍ സാര്‍ത്ഥകമാകുന്നത്.
മോദിയുഗത്തില്‍ ലോകത്തിന്റെ നേതൃത്വം ഭാരതത്തിനാകുമെന്ന വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എല്ലാ രാജ്യങ്ങളുടെയും പിന്തുണയോടെ ആഗോള ക്ഷേമത്തിനുള്ള പ്രവര്‍ത്തനത്തിന് ജി20 ഒരു പ്രേരകശക്തിയായി മാറ്റാന്‍ സാധിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആര്‍ഷ ഭാരതത്തില്‍ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ അടുത്ത ഉച്ചകോടി നടക്കുമ്പോള്‍ സമാധാനത്തിന്റെ ശക്തമായ സന്ദേശം നല്‍കുകയാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: