പനാജി: അമ്പത്തിമൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് ഇന്ന് ഗോവയില്‍ തുടക്കം. 79 രാജ്യങ്ങളില്‍ നിന്നുള്ള 280 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. തെലിഗാവിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 5മണിക്ക് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള മേള ഉദ്ഘാടനം ചെയ്യും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍, സഹമന്ത്രി എല്‍. മുരുകന്, സിനിമാമേഖലയിലെ പ്രമുഖരായ അജയ് ദേവഗണ്‍, മനോജ് വാജ്പേയി, നവാസുദ്ദീന്‍ സിദ്ദിഖി, ശേഖര്‍ കപൂര്‍, എ.ആര് റഹ്മാന്, മണി രത്നം തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
ഡയ്റ്റര് ബര്‍ണര്‍ സംവിധാനം ചെയ്ത ആസ്ത്രിയന്‍ ചിത്രം അല്‍മ ആന്റ് ഓസ്ക്കാര്‍ ആണ് ഉദ്ഘാടന ചിത്രം. പനാജിയിലെ ഇനോക്സ് വണ്ണില്‍ ആദ്യ പ്രദര്‍ശനം നടക്കും. 24 ഫീച്ചര്‍ ഫിലിമുകളും 19 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. 183 ചിത്രങ്ങളാണ് അന്താരാഷ്ട്ര വിഭാഗത്തിലുള്ളത്. മലയാളിയായ കമലകണ്ണന് സംവിധാനം ചെയ്ത കുരങ്ങുപെഡല്, വിവേക് അഗ്നിഹോത്രിയുടെ ദി കാശ്മീര്‍ ഫയല്‍സ് അടക്കം15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഇത്തവണ മത്സരിക്കുന്നത്. 12 അന്താരാഷ്ട്ര സിനിമകളും 3 ഇന്ത്യന്‍ സിനിമകളുമാണ് ഈ വിഭാഗത്തില്‍ മത്സരത്തിനായി ഉള്ളത്. നവംബര്‍ 28ന് മേള സമാപിക്കും.
കലയുടെ ലോകത്തെ പുത്തന്‍ അറിവുകള്‍ പങ്കുവെയ്ക്കാന്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ആഗോള തലത്തില്‍ ഇന്ത്യന്‍ സിനിമകളും അന്താരാഷ്ട്ര ചലച്ചിത്ര മേളയും പുതിയ ഇടം കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ക്ക് അന്താരാഷ്ട്ര ആസ്വാദകര്‍ വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ഗോവന്‍ മേള സമ്മാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: