കരുത്തിന്റെയും കൃത്യതയുടെയും ആള്‍രൂപമായിരുന്നു വെള്ളിത്തിരയിലെ ബാഹുബലി. അപജയങ്ങള്‍ പോലും വിജയമാക്കി മാറ്റുന്ന ശക്തിമാന്‍. അതുകൊണ്ടാണ് ബാഹുബലി സകല കളക്ഷന്‍ റിക്കാര്‍ഡുകളും തകര്‍ത്തെറിഞ്ഞ് ചരിത്രം തിരുത്തിക്കുറിച്ചത്. പേരിലെ ആ കരുത്തു തന്നെയാവണം ഐഎസ്ആര്‍ഒയുടെ ഭീമന്‍ റോക്കറ്റായ ‘ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-മൂന്നി’ നെ ബാഹുബലിയെന്ന് ചെല്ലപ്പേരിട്ട് വിളിക്കാന്‍ കാരണം.
ഭാരതം വിക്ഷേപിച്ച വലിയ റോക്കറ്റ് എന്നതാണ് ലോഞ്ച് വെഹിക്കിള്‍-മാര്‍ക്ക് മൂന്നിന്റെ വിശേഷണം. ഭാരം 644 ടണ്‍. ഉയരം 43.5 മീറ്റര്‍. പത്ത് ടണ്‍ വരെ ഭാരം ചുമന്ന് ഭ്രമണപഥത്തിലെത്തിക്കാനുള്ള കരുത്ത്. ഈ റോക്കറ്റാണ് 36 ഉപഗ്രഹങ്ങളെയും വഹിച്ച് 2022 ഒക്ടോബര്‍ 23 ഞായറാഴ്ച പുലര്‍ച്ചെ ആകാശത്തേക്ക് കുതിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും 601 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥം തൊടാന്‍ ഈ റോക്കറ്റിന് വേണ്ടിവന്നത് കേവലം അരമണിക്കൂര്‍.
ലോകമെങ്ങും ഉപഗ്രഹ അധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം. ബ്രിട്ടണ്‍ കേന്ദ്രമായ ‘വണ്‍വെബ്’ എന്ന കമ്പനിയുടെ ഈ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിലൂടെ ഭാരതത്തിന് ലഭിക്കുക ആയിരം കോടി രൂപ. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡിന്റെ ആദ്യ വമ്പന്‍ വാണിജ്യ ഇടപാട് കൂടിയാണിത്.
ഡിഷ് ആന്റിനയിലൂടെ നമ്മുടെ ടെലിവിഷനില്‍ ടിവി സിഗ്നലുകള്‍ എത്തിച്ചേരുന്ന അതേ മാതൃകയില്‍ അതിവേഗ ഇന്റര്‍നെറ്റ് ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുകയെന്നതാണ് വണ്‍ വെബ് കമ്പനിയുടെ ലക്ഷ്യം. അറുന്നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ ആകാശത്ത് ചുറ്റുന്ന ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് എത്തുന്ന ഇന്റര്‍നെറ്റ്. കരയിലും കടലിലും മരുഭൂമിയിലുമൊക്കെ ആവശ്യാനുസരണം മൊബൈലില്‍ നെറ്റ് ലഭിക്കുന്ന അവസ്ഥ. കേബിളോ വയറോ ടവറോ ഒന്നും കൂടാതെ എപ്പോഴും എവിടെയും അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്ന അവസ്ഥ ആലോചിച്ച് നോക്കുക.
സഹസ്രകോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കാണ് ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനത്തില്‍ കേമന്‍. ഇറിഡിയം, വയാസാറ്റ്, ഗ്ലോബല്‍ സ്റ്റാര്‍ തുടങ്ങിയ കമ്പനികളും ഈ മേഖലയിലുണ്ട്. ഇവരുടെ കുത്തക തകര്‍ക്കാനാണ് ബ്രിട്ടന്‍ ആസ്ഥാനമായുള്ള ‘വണ്‍വെബ്’ ശ്രമിക്കുന്നത്. ഏതാണ്ട് അന്‍പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള സ്റ്റാര്‍ലിങ്കിന് സ്വന്തമായി 2300 കൃത്രിമ ഉപഗ്രഹങ്ങളുണ്ട്. വണ്‍ വെബ് ലക്ഷ്യമിടുന്നത് 648 ഉപഗ്രഹങ്ങളാണ്. അതിന്റെ ഭാഗമായി അവര്‍ ഇതേവരെ വിക്ഷേപിച്ചത് 464 ഉപഗ്രഹങ്ങള്‍. അടുത്തവര്‍ഷം അവസാനത്തോടെ പരമാവധി രാജ്യങ്ങളില്‍ തങ്ങളുടെ സേവനം എത്തിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ കമ്പനിയില്‍ ഇന്ത്യയിലെ ഭാരതി എയര്‍ടെല്ലിന് ഗണ്യമായ പങ്കാളിത്തം ഉണ്ടെന്നുകൂടി പറയട്ടെ.
പിഎസ്എല്‍വി എന്ന് വിളിച്ചിരുന്ന പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളുകള്‍ കൊണ്ട് വിക്ഷേപണം നടത്തി ആരംഭിച്ച ഐഎസ്ആര്‍ഒ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് കൈവരിച്ചിരിക്കുന്നത്. കേവലം ഒന്നേമുക്കാല്‍ ടണ്‍ വേ ലോഡ് വഹിച്ചുകൊണ്ട് പോകുന്നിടത്തുനിന്നും പത്ത് ടണ്‍ ഭാരം ഉയര്‍ത്തി ഭ്രമണപഥത്തില്‍ എത്തിക്കുന്ന അവസ്ഥയിലേക്ക്. ദീപാവലി വേളയില്‍ നടത്തിയ വിക്ഷേപണത്തില്‍ നമ്മുടെ ജിഎസ്എല്‍വി റോക്കറ്റ് വഹിച്ചത് 8000 കിലോ ഭാരമായിരുന്നു. ഭാരതത്തിന്റെ അഭിമാനമായ ‘ചന്ദ്രയാന്‍’ വിക്ഷേപണത്തിനുപയോഗിച്ചതും ഇതേ മാതൃകയിലുള്ള റോക്കറ്റ് തന്നെ. ഏതാണ്ട് മൂന്ന് ഡസന്‍ രാജ്യങ്ങളുടെ 350 ല്‍ പരം കൃത്രിമ ഉപഗ്രഹങ്ങള്‍ ഇതിനോടകം ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
വണ്‍ വെബിന്റെ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നത് കസാക്കിസ്ഥാനിലെ ബെയ്‌ക്കന്നൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ്. എന്നാല്‍ റഷ്യയുടെ ഉക്രൈന്‍ ആക്രമണവും തുടര്‍ന്നുണ്ടായ ഉപരോധവും സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. വണ്‍ വെബിന്റെ കരാര്‍ ഭാരതത്തിന് ലഭിക്കുകയും ചെയ്തു. അമേരിക്കയില്‍ നിര്‍മിച്ച ഉപഗ്രഹങ്ങള്‍ ~ോറിഡയില്‍ നിന്ന് പടുകൂറ്റന്‍ ചരക്കുവിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. ആദ്യം ചെന്നൈയിലും അവിടെനിന്ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിലും.
നട്ടെല്ല് ഉള്ളവര്‍ അറിയാന്‍
നട്ടെല്ലുള്ള ജീവിവംശങ്ങളുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ നട്ടെല്ലുള്ള ജീവികളുടെ എണ്ണം 70 ശതമാനമയി കുറഞ്ഞുവെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (ഡബ്ല്യു ഡബ്ല്യു എഫ് ) പറയുന്നു. വ്യാവസായിക മലിനീകരണം, വനനശീകരണം, പ്രകൃതി ചൂഷണം, ആഗോളതാപനം എന്നിവയാണത്രേ മുഖ്യകാരണക്കാര്‍. തെരഞ്ഞെടുത്ത 5320 ജീവി വര്‍ഗങ്ങളെ ഉള്‍പ്പെടുത്തി 1970-2018 കാലത്ത് നടത്തിയ സര്‍വേയുടെതാണ് ഈ കണ്ടെത്തലെന്ന് ലിവിങ് പ്ലാനറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിവര്‍ഗത്തിന്റെ എണ്ണത്തില്‍ ആശങ്കാജനകമാംവണ്ണം ശോഷണം സംഭവിച്ചത് ലാറ്റിനമേരിക്ക-കരീബിയന്‍ മേഖലകളിലാണെന്നും പഠനം വ്യക്തമാക്കുന്നു.
മരുഭൂമി, പൊടിഭൂമി
ലോകത്തിലെ ഏറ്റവും ചൂടുള്ള മരുഭൂമി ഏതെന്ന് ചോദിച്ചാല്‍ ‘സഹാറ’ എന്ന ഉത്തരം കിട്ടാന്‍ ഒട്ടും വൈകില്ല. ലോകത്തില്‍ ഏറ്റവുമധികം പൊടിപടലം ഉല്‍പ്പാദിപ്പിക്കുന്ന ഭൂവിഭാഗം ഏതെന്ന ചോദ്യത്തിനും അതേ ഉത്തരം തന്നെ-സാക്ഷാല്‍ സഹാറ. ഏതാണ്ട് 92 ലക്ഷം ചതുരശ്ര മീറ്ററാണ് സഹാറയുടെ വിസ്തീര്‍ണം. ഏതാണ്ട് അമേരിക്കയുടെ വലിപ്പം. സഹാറ പ്രതിവര്‍ഷം അന്തരീക്ഷത്തിലേക്ക് അടിച്ചുപറത്തുന്ന പൊടിപടലം 400 ദശലക്ഷം ടണ്‍ എന്ന് ശാസ്ത്രജ്ഞര്‍ കണക്ക് കൂട്ടുന്നു. അതായത് നാലായിരം ലക്ഷം ടണ്‍പൊടി. ജപ്പാനിലും സ്‌കാന്റിനേവിയന്‍ രാജ്യങ്ങളിലും മുതല്‍ ആമസോണ്‍ തടങ്ങളില്‍ വരെ ഈ പൊടിപടലം പറത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ പൊടിപടലം ഭൂമിയുടെ ജീവശാസ്ത്രം, അന്തരീക്ഷം, സസ്യവളര്‍ച്ച, കാലാവസ്ഥ തുടങ്ങി മനുഷ്യാരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങള്‍ അപകടകരമാംവിധം വര്‍ധിക്കാനും ഈ പൊടിപടലങ്ങള്‍ ഇടവരുത്തുമത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: