കൊച്ചി: നടരാജ് പെന്‍സില്‍ കമ്പനിയുടെ പേരില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പെന്‍സിലുകള്‍ വീട്ടിലിരുന്ന് പാക്ക് ചെയ്ത് കൊടുത്താല്‍ മാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാമെന്നാണ് വാഗ്ദാനം.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കുകയാണ് തട്ടിപ്പിന്റെ രീതി. വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്. ഉയര്‍ന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് 520 രൂപ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. ഗൂഗിള്‍ പേ വഴിയോ ഫോണ്‍പേ വഴിയോ തുക നല്‍കാന്‍ ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. പിന്നീട് മേല്‍വിലാസം വെരിഫൈ ചെയ്യാന്‍ 1400 രൂപ വീണ്ടും ആവശ്യപ്പെടും. ഈ 1920 രൂപ റീഫണ്ട് ചെയ്യുമെന്നും കമ്പനി പറയും. പിന്നീട് കൊറിയല്‍ ചാര്‍ജ്ജായി 2000 രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ അരൂര്‍ സ്വദേശി കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ ക്രൈം പൊലീസ് തട്ടിപ്പ് സംഘത്തില്‍ നിന്നും അരൂര്‍ സ്വദേശി നല്‍കിയ 1920 രൂപ തിരിച്ച് വാങ്ങിക്കൊടുത്തു.
ഇയാള്‍ നല്‍കിയ തുക ഉത്തര്‍പ്രദേശിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അക്കൗണ്ട് ഉടമയെ വിളിച്ച് തുക തിരിച്ച നല്‍കാന്‍ ആവശ്യപ്പെട്ട ഉടന്‍ തട്ടിപ്പ് സംഘം തുക തിരിച്ചുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക