ഡോ. സന്തോഷ് മാത്യു
(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സെന്റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ആന്റ് സോഷ്യല്‍ സയന്‍സില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
ഈജിപ്തിലെ ശറമുശൈഖില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടി ആരംഭിക്കുമ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ പുതു തലമുറയ്ക്ക് ഒട്ടും പ്രത്യാശ നല്‍കുന്നതല്ല. ഇന്നലെ ആരംഭിച്ച ഉച്ചകോടി(കോപ്-27-കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്) വ്യത്യസ്ത സമ്മേളനങ്ങളുമായി 18വരെയാണ് നടക്കുക. ഇന്നും നാളെയും ലോക നേതാക്കളുടെ ഉച്ചകോടിക്കും ഈജിപ്ത് ആതിഥേയത്വം വഹിക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുള്‍പ്പെടെ 90 രാഷ്ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, കോപ്-27 ല്‍ 18 അംഗ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കും.
കാലാവസ്ഥാ വ്യതിയാന ഭീഷണിക്ക് ആഗോള പ്രതികരണം ശക്തിപ്പെടുത്തുന്നതിനായി 190 ലധികം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ആയിരക്കണക്കിന് ചിന്തകരും ഗവേഷകരും പൗരന്മാരും ഒത്തുചേരും. ലോകം ഒത്തുചേരാനും കാലാവസ്ഥാ പ്രവര്‍ത്തന പദ്ധതി ത്വരിതപ്പെടുത്താനും ഇത് ഒരു സുപ്രധാന പ്രസ്ഥാനമാണ്. ഈ വര്‍ഷം നടക്കുന്നത് 27 -ാമത് സമ്മേളനം ആയതിനാലാണ് കോപ്-27 എന്ന പേര് വന്നത്. സിഒപി അംഗങ്ങള്‍ 1995 മുതല്‍ എല്ലാ വര്‍ഷവും യോഗം ചേരുന്നുണ്ട്. യുഎന്‍എഫ്‌സിസിസിക്ക് ഇന്ത്യ, ചൈന, യുഎസ്എ എന്നിവയുള്‍പ്പെടെ 198 അംഗങ്ങള്‍ ഉണ്ട്. ആദ്യത്തെ സമ്മേളനം 1995ല്‍ ബെര്‍ലിനില്‍ നടന്നു. 1997ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ നടന്ന കോപ്-3 ല്‍, പ്രസിദ്ധമായ ക്യോട്ടോ പ്രോട്ടോക്കോള്‍ സ്വീകരിച്ചു. ഹരിതഗൃഹ വാതക പുറംതള്ളല്‍ പരിമിതപ്പെടുത്തുന്നതിനോ കുറയ്‌ക്കുന്നതിനോ ഇത് അംഗരാജ്യങ്ങളെ ചുമതലപ്പെടുത്തുന്നു. 2005 ഫെബ്രുവരി 16ന് ഇത് പ്രാബല്യത്തില്‍ വന്നു, ക്യോട്ടോ പ്രോട്ടോക്കോളില്‍ 192 രാജ്യങ്ങള്‍ ഒപ്പു വച്ചിട്ടുണ്ട്. നമ്മള്‍ അധിവസിക്കുന്ന ഭൂമി താമസിക്കാന്‍ കൊള്ളാത്ത ഇടമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. 87 ലക്ഷം ജീവജാലങ്ങളില്‍ ഒരേയൊരു വര്‍ഗം നമ്മളോരോരുത്തരുമുള്‍ക്കൊള്ളുന്ന മനുഷ്യകുലം മാത്രമാണ് ഇവ്വിധം വിനാശങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍. ചുഴലിക്കാറ്റ്, മഴക്കുറവ്, വരള്‍ച്ച, പ്രളയം, ഉഷ്ണക്കാറ്റ് എന്നിങ്ങനെ ദുരന്തങ്ങള്‍ വരിവരിയായി നില്‍ക്കുന്നു. ഓരോ വര്‍ഷവും കടല്‍ കരയെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുക്കം സമുദ്രനിരപ്പ് വര്‍ധിക്കുന്നതിന് ആക്കംകൂട്ടും. കാലാവസ്ഥമാറ്റം വിശകലനം ചെയ്യുന്ന ഐക്യരാഷ്‌ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ (ഐപിസിസി) കഴിഞ്ഞ ദിവസം പുറത്തുവിട്ട ആറാം റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം നാളെയെക്കുറിച്ചു നടുക്കമുളവാകുന്നതു തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി ഐക്യരാഷ്‌ട്ര സംഘടനക്ക് കീഴില്‍ 1988ല്‍ സ്ഥാപിതമായ സംഘടനയാണ് ഇത്.
ആറുപതിറ്റാണ്ടു മുമ്പ് ജനിച്ചവരുമായി തട്ടിച്ചുനോക്കുമ്പോള്‍ 2020ല്‍ പിറന്ന കുഞ്ഞുങ്ങള്‍ ശരാശരി മൂന്നിരട്ടിയോളം പ്രകൃതിദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിനൊപ്പം കാഠിന്യവും ഉയരുകയാണ്. പഴയ തലമുറ ജീവിതത്തില്‍ ശരാശരി നാല് ഉഷ്ണതരംഗങ്ങളാണ് കണ്ടതെങ്കില്‍ പുതുതലമുറയ്‌ക്ക് 30 എണ്ണം കാണേണ്ടിവരും. 195 രാജ്യങ്ങളിലെ കാലാവസ്ഥ പ്രവണതകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത്, 14,000ത്തിലേറെ റിപ്പോര്‍ട്ടുകള്‍ അപഗ്രഥിച്ച് 234 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ അഭിപ്രായമായാണ് വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ കണക്കാക്കുന്നത്.
1980നും 2009നും ഇടയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന ദിനങ്ങളുടെ ശരാശരി 14 ആയിരുന്നു. എന്നാല്‍, 2010നും 2019നും ഇടയില്‍ ഇതു പ്രതിവര്‍ഷം 26 ദിവസങ്ങളായി വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് റെക്കോഡ് താപനിലകള്‍ ഇറ്റലിയിലും (48.8 ഡിഗ്രി സെല്‍ഷ്യസ്) കാനഡയിലും (49.6 ഡിഗ്രി സെല്‍ഷ്യസ്) റിപ്പോര്‍ട്ടുചെയ്തിരുന്നു. ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതാണ് താപനില ഉയരാനുള്ള പ്രധാന കാരണം. സഹ്യപര്‍വതത്തില്‍ ഇപ്പോള്‍ തന്നെ കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞു പോയ നാലു വര്‍ഷങ്ങളിലും മേഘസ്‌ഫോടനം പോലെയുള്ള വലിയ മഴ ചുരുങ്ങിയ മണിക്കൂറില്‍ പെയ്യുന്ന പ്രവണതയുണ്ട്. സഹ്യപര്‍വതത്തിന്റെ ഒരു തുടര്‍ച്ച മാത്രമാണ് യഥാര്‍ത്ഥത്തില്‍ കേരളം. സഹ്യപര്‍വതത്തില്‍ നിന്ന് തുടങ്ങുന്ന നദികള്‍ സമാന്തരമായി ഒഴുകുന്നതിനിടയിലുള്ള ചെറിയ ഒരു പ്രദേശം. ഇവിടെ ചെറിയ വെള്ളപ്പൊക്കവും വലിയ നാശം സൃഷ്ടിക്കും.
ഗ്രീസിലും അമേരിക്കയിലും ആളിപ്പടരുന്ന കാട്ടുതീകളും ജൂലായിലെ അപ്രതീക്ഷിത പ്രളയത്തിന്റെ കെടുതികളൊഴിഞ്ഞിട്ടില്ലാത്ത ജര്‍മനിയും ലോകത്തെ ശീതമേഖലകളെ പൊള്ളിപ്പഴുപ്പിച്ച ഉഷ്ണവാതവും തെളിവുകളായി മുന്നില്‍നില്‍ക്കുമ്പോഴാണ് പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ എട്ടുകൊല്ലമെടുത്ത് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ ചൂടിനെ പിടിച്ചുനിര്‍ത്തുന്ന തരം ഹരിതഗൃഹ വാതകങ്ങളുടെ വിസര്‍ജനം വന്‍തോതില്‍ വര്‍ധിച്ചതാണ് ആഗോളതാപനമെന്ന പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഓസോണ്‍ കവചത്തെ സംരക്ഷിക്കുന്നതിനു പ്രതിജ്ഞയെടുത്ത 1987ലെ മോണ്‍ട്രിയല്‍ ഉടമ്പടിക്കു ശേഷം പരിസ്ഥിതി അവബോധത്തില്‍ മുന്നേറാനായെങ്കിലും ആഗോള താപനം അതീവ ആശങ്കാജനകമാകുകയാണ്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രനിരപ്പില്‍ രണ്ട് മീറ്ററോളം വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 12 ഇന്ത്യന്‍ നഗരങ്ങള്‍ ഈ നൂറ്റാണ്ട് അവസാനത്തോടെ മൂന്നടി വരെ വെള്ളത്തിലാകുമെന്നാണ് ഐപിസിസി റിപ്പോര്‍ട്ട് അവലോകനം ചെയ്ത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ‘നാസ’ മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ മാറ്റത്തെ നിയന്ത്രിക്കാനായില്ലെങ്കില്‍ കൊച്ചിയും മുംബൈയും ഉള്‍പ്പെടെ നഗരങ്ങളാണ് വന്‍ പ്രതിസന്ധി നേരിടുക. ഇവ കൂടാതെ കാണ്ട്‌ല, ഒഖ, ഭാവ്‌നഗര്‍, മോര്‍മുഖാവ്, മംഗളൂരു, പാരദ്വീപ്, ഖിദിര്‍പൂര്‍, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി എന്നീ നഗരങ്ങളിലേക്കാണ് സമുദ്രം കടന്നു കയറുകയെന്ന് നാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതാപന വര്‍ധന 1.5 ഡിഗ്രീ സെല്‍ഷ്യസിന് താഴെ നിലനിര്‍ത്തുകയെന്ന സ്വപ്‌നലക്ഷ്യം 2040 ആകുമ്പോഴേക്കും കൈവിട്ടുപോകുമെന്നാണ് മുന്നറിയിപ്പ്. മറ്റ് സമുദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂടേറുകയാണ്.
ശീതയുദ്ധ കാലഘട്ടത്തില്‍ ദുര്‍ബലമായ പസഫിക് സമുദ്ര ആവാസവ്യവസ്ഥയുടെ നാശവും കണ്ടു. 1947 നും 1962 നും ഇടയില്‍, മാര്‍ഷല്‍ ദ്വീപുകളില്‍ വെള്ളത്തിനടിയിലുള്ള ആണവ പരീക്ഷണങ്ങള്‍ നൂറുതവണ യുഎസ് നടത്തി. 1960 നും 1992 നും ഇടയില്‍, ഫ്രാന്‍സ് 179 ആണവ പരീക്ഷണങ്ങള്‍ നടത്തി. ദുര്‍ബലമായ സമുദ്ര ആവാസവ്യവസ്ഥയില്‍ ആണവ പരീക്ഷണത്തിന്റെ അനന്തരഫലങ്ങള്‍ ദൂരവ്യാപകമാണ്. പ്ലൂട്ടോണിയം, സ്‌ട്രോണ്‍ഷ്യം, സീസിയം എന്നിവയുടെ റേഡിയോ ആക്ടീവ് ഐസോടോപ്പുകള്‍ സമുദ്ര പരിസ്ഥിതിയിലേക്ക് പുറന്തള്ളപ്പെട്ടു. ഇത് എല്ലാ ജീവജാലങ്ങള്‍ക്കും ദോഷം ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ലൈനുകളാണ് പസഫിക് വ്യാപാര റൂട്ടുകള്‍. പസിഫിക് മേഖലയിലെ കനത്ത സമുദ്ര ഗതാഗതം കാരണം പസഫിക് വിനാശകരമായ എണ്ണ ചോര്‍ച്ച സഹിച്ചു വരികയാണ്. സമുദ്രത്തിലെ കനത്ത ഗതാഗതം കാരണം, ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പസഫിക്കില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വലിയ പസഫിക് മാലിന്യത്തിന്റെ വലുപ്പം ഏകദേശം 2.7 ലക്ഷം ചതുരശ്ര മൈലാണ്. ഇത് അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ ടെക്‌സാസിന്റെ വലുപ്പത്തിന് തുല്യമാണ്. കഴിഞ്ഞ നൂറ്റാണ്ടു മുതല്‍ പസഫിക് പതുക്കെ ലോകത്തിലെ മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. സമുദ്ര പരിസ്ഥിതിശാസ്ത്രം ജീവന്റെ തൊട്ടിലാണ്. ഓസ്‌ട്രേലിയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളുടെ ഇടത്താവളമാണ്. സമുദ്ര ഗതാഗതവും മലിനീകരണവും മൂലം ഈ പ്രദേശം ഇതിനകം സമ്മര്‍ദ്ദത്തിലാണ്. സമുദ്രപാതകളുടെ നിയന്ത്രണം സംബന്ധിച്ച പ്രാദേശിക ശക്തികള്‍ക്കിടയില്‍ വരാനിരിക്കുന്ന ‘ശീതയുദ്ധം’ ഈ പ്രദേശത്തെ ഇതിനകം സമ്മര്‍ദ്ദത്തിലായ സമുദ്ര ആവാസവ്യവസ്ഥയെ തകര്‍ക്കും.
ലോകത്തിലെ മൂന്നാമത്തെ വലിയ മലിനീകരണ വാതകങ്ങളുടെ ഉറവിടം ഇന്ത്യയാണ്. ഇന്ത്യയില്‍ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും 17 മീറ്റര്‍ വീതം കടല്‍ കരയിലേക്ക് കയറാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തീരദേശത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുക. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് എവിടെ, എന്തൊക്കെ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടാന്‍ ആസൂത്രിതമായ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനാകണം. ആഗോളതാപനത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ബഹിര്‍ഗമനം കുറയ്‌ക്കുകയാണ് വേണ്ടത്. ഇതിന് അനുയോജ്യമായ വ്യവസായങ്ങളിലേക്കും ഗതാഗത സംവിധാനങ്ങളിലേക്കും നാം വേഗത്തില്‍ മാറേണ്ടിയിരിക്കുന്നു. ഒപ്പം ഫോസില്‍ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്‌ക്കുകയും വേണം. ഇത്തരം നടപടികള്‍ക്ക് ഇന്ത്യ തുടക്കമിട്ടിട്ടുണ്ടെങ്കിലും വേഗത കൂറെക്കൂടി വര്‍ധിപ്പിക്കണമെന്നാണ് മുന്നറിയിപ്പ്.
ലോക അന്തരീക്ഷ പഠനകേന്ദ്രം (ഡബ്ല്യുഎംഒ.) തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത് 2050ഓടെ ലോകമെമ്പാടും 500 കോടിയിലധികം പേര്‍ ജലക്ഷാമം നേരിടുമെന്നാണ്. 2018ല്‍ 360 കോടി പേര്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവിക്കേണ്ടി വന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് പ്രതിവര്‍ഷം ഒരു സെന്റിമീറ്റര്‍ എന്ന തോതില്‍ കുറയുന്നുണ്ട്. അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലന്‍ഡിലുമാണ് ഏറ്റവും കുറയുന്നത്. 2000ത്തിനുശേഷം ജലവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളില്‍ 137 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വരള്‍ച്ചയുടെ എണ്ണത്തിലും കാലയളവിലും 29 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. വരള്‍ച്ച കാരണമുണ്ടായ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ആഫ്രിക്കയിലാണെന്നും കണക്കുകള്‍ പറയുന്നു
ഇന്ത്യയില്‍ ജനിതക മാറ്റം വരുത്തിയ കടുക് (ജി.എം കടുക്) വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള ജനിറ്റിക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മിറ്റി (ജിഇഎസി) അനുമതി നല്‍കിയിരിക്കകയാണ്. 20 വര്‍ഷം മുന്നേതതന്നെ, ജിഎം വിളകളുടെ കൃഷിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഭക്ഷ്യവിളക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് അനുമതി ലഭിക്കുന്നത്. ഇന്ത്യന്‍ കടുകിനമായ ‘വരുണ’യും പൂര്‍വ യൂറോപ്പില്‍നിന്നുള്ള മറ്റൊരു കടുകു വര്‍ഗവും തമ്മില്‍ സങ്കരണം നടത്തി വികസിപ്പിച്ച ‘ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് 11’ എന്ന ജിഎം വിത്താണ് വിപണിയിലെത്താന്‍ പോകുന്നത്. അമേരിക്കയില്‍നിന്ന് പി.എല്‍ 480 ഗോതമ്പുകള്‍ക്കൊപ്പം ഇവിടെയെത്തിയ കുളവാഴ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിനകംതന്നെ ചര്‍ച്ചയായതാണ്. ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനത്തിന് അനുമതി ലഭിച്ച ബിടി പരുത്തിയുടെ കാര്യമെടുത്താലും ഇതുതന്നെ സ്ഥിതി. പരുത്തിച്ചെടിയുടെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ച നൂറുകണക്കിന് കന്നുകാലികള്‍ ആന്ധ്രയില്‍ ചത്തുവീണ സംഭവവും ഇതോടുചേര്‍ത്തുവായിച്ചാല്‍, ജിഎം വിളകളുടെ അപകടങ്ങളെക്കുറിച്ച് വ്യക്തത വരും. കടുകിനുശേഷം ജനിതകമാറ്റം വരുത്തിയ വാഴപ്പഴം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉത്പാദനത്തിനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കാര്‍ഷിക മേഖലയിലും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളാകും. വരാന്‍പോകുന്ന അത്തരം പ്രതിഭാസങ്ങളെ മുന്‍കൂട്ടി കണ്ടുകൂടിയാകണം ആ മേഖലയിലും തീരുമാനങ്ങളെടുക്കേണ്ടത്.
ആഗോള താപനവും അതു മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കാന്‍ മനുഷ്യര്‍ വിചാരിച്ചാല്‍ കഴിയുക തന്നെ ചെയ്യും. ഈജിപ്തിലെ ശറമുശൈഖില്‍ ചേരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അതിനാവശ്യമായ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉരുത്തരിഞ്ഞുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഏതായാലും ഒന്നുറപ്പ് കൊവിഡ് മഹാമാരിയെക്കാളും ലോകയുദ്ധങ്ങളെക്കാളും എത്രയോ മടങ്ങു മാരകമായ ദുരന്തമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപത്തില്‍ മനുഷ്യരെ കാത്തിരിക്കുന്നത് എന്നറിയുമ്പോള്‍ മുന്‍കരുതല്‍ ഉണ്ടാവുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: